11 June Sunday

ആ നായയുടെ പേര്‌ പൂച്ച എന്നായിരുന്നു!

വെബ് ഡെസ്‌ക്‌Updated: Sunday May 20, 2018
പ്രതിഭാസതുല്യമായ അനന്യതയാണുള്ളത്‌, ഇരുപതാം നൂറ്റാണ്ടിലെ ലോകചിത്രകലയുടെ ചരിത്രത്തിൽ പാബ്ലോ പിക്കാസോ എന്ന പരീക്ഷണോത്സാഹിയായ ചിത്രകാരന്‌. അതുവരെയുള്ള കലാചരിത്രത്തെ തന്റെ ധീരമായ സർഗാത്മക ഇടപെടലിലൂടെ ക്യൂബിസത്തിനുമുമ്പും പിമ്പുമെന്ന്‌ രണ്ടായി പിളർത്താൻ അദ്ദേഹത്തിനായി. ചിത്രകലയിൽനിന്ന്‌ വേറിട്ടൊരു ജീവചരിത്രം പിക്കാസോയ്‌ക്കോ പിക്കാസോയെ ഒഴിവാക്കിക്കൊണ്ടൊരു ജീവചരിത്രം ചിത്രകലയ്‌ക്കോ ഇല്ല. വിഗ്രഹഭഞ്‌ജകനായ ആ മഹാകലാകാരന്റെ ജീവിതത്തിലെ നാൾവഴികളെ അവധാനതയോടെ പിന്തുടരുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ജീവചരിത്രമാണ്‌ മിലേസ്‌ ജെ അൺഗർ രചിച്ച ‘പിക്കാസോയും ലോകത്തെ നടുക്കിയ ചിത്രവും ((Picasso and the Painting that Shocked the World)' എന്ന ബൃഹദ്‌ഗ്രന്ഥം. പിക്കാസോയെ പറ്റിയും ക്യൂബിസത്തെ പറ്റിയും ഏറെ എഴുതപ്പെട്ടു കഴിഞ്ഞു. വമ്പിച്ച വിശദാംശസമൃദ്ധിയോടും സൂക്ഷ്‌മതയോടും വിവരണാത്മകതയോടുംകൂടി ആ ജീവിതത്തെയും കലാപ്രവർത്തനത്തെയും സമീപിക്കുന്നു എന്നതാണ്‌ അൺഗറുടെ പുസ്‌തകത്തിന്റെ സവിശേഷത. ജീവചരിത്രത്തെ ഒരാഖ്യാന ശിൽപ്പമെന്നോണം ഘടനപ്പെടുത്തിയിരിക്കുകയാണ്‌, അൺഗർ. ഒപ്പം ജീവിതാഖ്യാനമെന്ന കേവലധർമത്തിനപ്പുറം കടന്ന്‌ പിക്കാസോയുടെ കലാകാരവ്യക്തിത്വത്തിന്റെ വികാസപരിണാമങ്ങളെ കണിശമായി പിന്തുടരുകയുംചെയ്യുന്നു. പിക്കാസോയുടെ ജീവിതകഥ എന്നത്‌ ക്യൂബിസത്തിന്റെ പിറവിയുടെയും വികാസത്തിന്റെയും ചരിത്രമാണ്‌. ആ അർഥത്തിൽ കലാചരിത്രത്തിലെ അവിസ്‌മരണീയമായ ഒരേടിനെ പിക്കാസോയുടെ ജീവിതത്തിലൂടെ വായിക്കുകയാണ്‌ ജീവചരിത്രകാരൻ.
 
നാടകീയഭംഗിയാർന്ന ഒരു സവിശേഷസന്ദർഭത്തിലാണ്‌ ജീവചരിത്രത്തിന്റെ തുടക്കം. പിക്കാസോയുടെ ജീവിതത്തിലെ പല സ്‌ത്രീസാന്നിധ്യങ്ങളിൽ ഒന്നായ ഫ്രാങ്കോയിസ്‌ ഗിലോട്ടി(എൃമിരീശലെ ഏശഹീ)നെ കാത്തുനിൽക്കുകയാണ്‌ അറുപത്തിനാലുകാരനായ ചിത്രകാരൻ. തുടർന്ന്‌ ആ ബന്ധത്തിലെ സങ്കീർണതകളിലേക്കും വാർധക്യത്തിൽനിന്ന്‌ യൗവനാരംഭത്തിലേക്ക്‌ തന്റെ പ്രണയഭാജനത്തോടൊപ്പം യാത്രചെയ്‌ത ചിത്രകാരന്റെ ഭൂതാതുരതയിലേക്കും കടക്കുകയാണ്‌ വിവരണം. ‘നഷ്ടകാലത്തെ തേടി’ എന്ന ഉചിതവും വ്യഞ്‌ജകവുമായ ശീർഷകമാണ്‌ നൽകപ്പെട്ടിരിക്കുന്നത്‌, ആ അധ്യായത്തിന്‌. ഒരർഥത്തിൽ ജീവചരിത്ര രചനയെന്നാൽ നഷ്ടകാലത്തിന്റെ വീണ്ടെടുപ്പാണ്‌. താൻ ജീവിച്ച കാലത്തെയല്ല ഗ്രന്ഥകാരന്‌ വീണ്ടെടുക്കേണ്ടത്‌. മറ്റൊരു മഹാവ്യക്തിത്വത്തോടൊപ്പം സഞ്ചരിച്ച്‌ അയാളുടെ നഷ്ടകാലങ്ങൾ വീണ്ടെടുക്കുകയാണ്‌ ജീവചരിത്രകാരൻ. ആ വീണ്ടെടുപ്പ്‌ അങ്ങേയറ്റം കണിശമായും സുന്ദരമായും നിർവഹിക്കുന്നുണ്ട്‌, മിലേസ്‌ ജെ അൺഗർ എന്ന എഴുത്തുകാരൻ.
 
1990 ഒക്ടോബറിനൊടുവിൽ പാരീസ്‌ നഗരത്തിൽ ഒരു മൂന്നാം ക്ലാസ്‌ റെയിൽവേ കംപാർട്‌മെന്റിൽ യാത്രചെയ്‌തു വന്നിറങ്ങുകയാണ്‌ ഒരേ പോലെ വേഷം ധരിച്ച രണ്ടു ചെറുപ്പക്കാർ. ഒരുവൻ വിഷാദിയും വിവശനും. മറ്റേയാൾ തിളങ്ങുന്ന കണ്ണുകളുള്ള ഊർജസ്വലൻ. അത്‌ പിക്കാസോ ആയിരുന്നു. അപ്പോൾ പിക്കാസോയ്‌ക്ക്‌ വയസ്സ്‌ പത്തൊമ്പത്‌. അയാളുടെകൂടെ ഉണ്ടായിരുന്നത‌് സുഹൃത്തും കവിയും കലാവിദ്യാർഥിയുമായ കാർലോസ്‌ കാസെഗെമാസ്‌ (Carlose Casegemas). ഈ കാസെഗെമാസിന്‌ പിക്കാസോയുടെ കലാജീവിതത്തിലുണ്ടായിരുന്ന വൈകാരികപ്രസക്തിയാണ്‌ ആ സഹയാത്രികനെ അത്രമേൽ ശ്രദ്ധേയനാക്കുന്നത്‌. അനന്തരവർഷങ്ങളിലൊന്നിൽ അധികം വൈകാതെതന്നെ, പാരീസിൽ വച്ച്‌ കാസെഗെമാസ ആത്മഹത്യചെയ്‌തു. അയാളുടെ ആത്മഹത്യയുണർത്തിവിട്ട വിഷാദവും മൃത്യുബോധവുമായിരുന്നു പിക്കാസോയുടെ കലാജീവിതത്തിലെ ‘ശ്യാമദശ’ ((Blue Period)യുടെ പിന്നിലെ പ്രധാന പ്രചോദനം. സുഹൃത്തിന്റെ മരണശേഷം പാരീസിൽ മടങ്ങിയെത്തി, പ്രണയം തിരസ്‌കരിച്ച്‌ അയാളെ മരണത്തിലേക്ക്‌ തള്ളിവിട്ട സ്‌ത്രീയോടൊപ്പം അതേ മുറിയിൽ സഹശയനം ചെയ്‌തുകൊണ്ടാണ്‌ പിക്കാസോ തന്റെ നീലാഭമായ ചിത്രങ്ങൾ വരച്ചതെന്ന അസാധാരണമായ വസ്‌തുതയുമുണ്ട്‌.
 
അസാധാരണ തത്വങ്ങളുടെ ഒരു പരമ്പരയായിരുന്നു പിക്കാസോയുടെ ജീവിതം. (മേൽ പരാമർശിച്ച ജെർമെയ്‌ൻ പിഷോ(Germaine Pichot) എന്ന സ്‌ത്രീയായിരുന്നു പിൽക്കാലം പിക്കാസോയുടെ ‘ആവിഞ്ഞോണിലെ സുന്ദരികൾ’ എന്ന ചിത്രത്തിലെ സ്‌ത്രീ രൂപങ്ങളിലൊന്നിന്‌ മോഡലായത്‌!) സ്‌പെയിനിലെ ബാർസലോണയിൽ കുടിയേറിയ, ചിത്രകാരനായ ഡോൺ ജോസിന്റെ മകനായി ജനിക്കുകയും അദ്ദേഹത്തിനുകീഴിൽ ചിത്രകലാപരിശീലനം തുടങ്ങുകയും ചെയ്‌ത പിക്കാസോ തന്റെ പിതാവിന്റെ കലാഭിരുചിയുടെ ശരാശരിത്വത്തിനെതിരെയാണ്‌ ഏറ്റവുമധികം പോരടിച്ചത്‌. ‘കലാകാരൻ തന്റെ പിതാവിനെ കൊന്നുകളയണം’  ((In art, one must kill one's father)  എന്നൊരു വാക്യം പിക്കാസോയുടേതായി ഉദ്ധരിക്കപ്പെടുന്നുണ്ട്‌ ഈ പുസ്‌തകത്തിൽ. ഈ പ്രതീകാത്മക പിതൃഹത്യക്ക്‌ ഒരു മറുവശം കൂടിയുണ്ട്‌. സൗന്ദര്യബോധപരമായി പിക്കാസോയുടെ പിതൃത്വം, അങ്ങനെയൊന്നുണ്ടെങ്കിൽ! ‐ചിത്രകാരനായ ‘എൽ ഗ്രെക്കോ’യ്‌ക്കായിരുന്നു എന്ന്‌ ജീവചരിത്രകാരൻ രേഖപ്പെടുത്തുന്നു. എൽ ഗ്രെക്കോയായിരുന്നു പിക്കാസോയെ ഏറ്റവും ഗാഢമായി സ്വാധീനിച്ച, പ്രചോദിപ്പിച്ച ചിത്രകാരൻ. പോൾ ഗോഗിനോടും വലിയ ആദരവുണ്ടായിരുന്നു പിക്കാസോയ്‌ക്ക്‌. ‘പോൾ പിക്കാസോ’ എന്നെഴുതി തന്റെ ചിത്രത്തിൽ ഒപ്പിടുകപോലുമുണ്ടായിട്ടുണ്ട്‌, ഒരിക്കൽ യുവാവായ പിക്കാസോ.   

ജീവിതാരംഭത്തിലെ ദുഷ്‌കരഘട്ടങ്ങളിലൊന്നും മൗലികതയ്‌ക്കായുള്ള നിസ്‌തന്ദ്രമായ   അന്വേഷണത്തിൽനിന്ന്‌ അണുവിടപോലും പിന്മാറുകയുണ്ടായില്ല പ്രതിഭാശാലിയായ ഈ ചിത്രകാരൻ. അതുവരെയുള്ള ഏതു കലാശൈലിയും തനിക്ക്‌ അനായാസം വഴങ്ങുമെന്നിരിക്കെ, അങ്ങനെ ഒരിക്കൽപോലും ചെയ്യാതെ, മൗലികവും നൂതനവുമായ ചിലതു സൃഷ്ടിക്കാനുള്ള സർഗാത്മകസമരം പിക്കാസോ തുടർന്നു. അതിന്റെ അന്തിമവിജയമായിരുന്നു അവിഞ്ഞോണിലെ സുന്ദരികൾ  (Les Demoiselles d' Avignon, 1907) എന്ന ചിത്രത്തിന്റെ പിറവിയും അതിലൂടെ ക്യൂബിസത്തിന്റെ ആവിർഭാവവും. ആ അത്യസാധാരണ ചിത്രമാണ്‌ ഈ പുസ്‌തകത്തിന്റെ ശീർഷകത്തിൽ പരാമർശിക്കപ്പെടുന്ന ‘ലോകത്തെ നടുക്കിയ ചിത്രം’. 
 
പന്ത്രണ്ട്‌ അധ്യായങ്ങളിലും നാനൂറിൽപരം പേജുകളിലുമായി നീണ്ടു പരന്നുകിടക്കുന്ന പിക്കാസോയുടെ സമഗ്ര ജീവചരിത്രമാണ്‌ അൺഗറുടെ ‘പിക്കാസോയും ലോകത്തെ നടുക്കിയ ചിത്രവും’  കൗതുകകരവും അമൂല്യവുമായ അനവധി വിശദാംശങ്ങളുടെ അക്ഷയഖനി. സങ്കീർണ വ്യക്തിത്വമുള്ള കലാകാരന്റെ സരസതയും സാരള്യവും വ്യക്തമാക്കുന്ന, അക്കൂട്ടത്തിലൊരു പരാമർശമിതാ‐ വളർത്തുമൃഗങ്ങളോട്‌ എന്നും വലിയ മമതയുണ്ടായിരുന്ന പിക്കാസോ പോറ്റിയിരുന്ന നായ്‌ക്കളിലൊന്നിന്റെ പേര്‌ ‘പൂച്ച’ എന്നായിരുന്നു!
sajaykv@yahoo.com

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top