04 December Monday
പുനഃപ്രസിദ്ധീകരണം 45–--ാം വർഷത്തിൽ

ആധുനികനായ പി കൃഷ്ണപിള്ള ; ജെൻഡർ പാഠങ്ങൾമുതൽ മുന്നണി രാഷ്‌ട്രീയംവരെ

ദിനേശ്‌വർമUpdated: Friday Aug 18, 2023


തിരുവനന്തപുരം
ആധുനികനും ദീർഘദർശിയും ത്യാഗസമ്പന്നനുമായ സഖാവ്‌ പി കൃഷ്ണപിള്ളയുടെ ജീവിതത്തിലൂടെ കേരളത്തിന്റെ സമരചരിത്രം പറയുന്ന പുസ്തകം വീണ്ടും വായനക്കാരിലേക്ക്‌. ‘സഖാക്കളെ മുന്നോട്ട്‌’ എന്ന പുസ്‌തകമാണ്‌ രചനയുടെ 45 വർഷത്തിനിപ്പുറവും വായനക്കാരെ തേടിയെത്തുന്നത്‌.

കോൺഗ്രസുകാരനായും കോൺഗ്രസ്‌ സോഷ്യലിസ്റ്റായും കമ്യൂണിസ്റ്റായും ജീവിച്ച ഘട്ടങ്ങളിൽ കൃഷ്‌ണപിള്ള ഉയർത്തിപ്പിടിച്ച നിലപാടുകളുടെ അത്ഭുതപ്പെടുത്തുന്ന തെളിമ വ്യക്തമാക്കുന്നതാണ്‌ പുസ്‌തകം. മനുഷ്യത്വം ജ്വലിക്കുന്ന ചടുലനീക്കങ്ങളിലൂടെ അപരന്റെ മനസ്സ്‌ കവരുന്ന നിമിഷങ്ങളും അദ്ദേഹം സൃഷ്ടിച്ചു. അത്തരമൊരു നിമിഷത്തെപ്പറ്റി ‘പരദുഃഖത്തിൽ കേഴുന്ന മനസ്സ്‌ ’ എന്ന അധ്യായത്തിൽ കെ ടി കുഞ്ഞിക്കേളപ്പൻ നമ്പ്യാർ ഇങ്ങനെ കുറിക്കുന്നു:

‘രാത്രി ലോഡ്ജിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, ശബ്ദകോലാഹലം കേട്ട്‌ പുറത്തിറങ്ങി, അകലെയായി ആകാശത്തിൽ തീജ്വാല. കൃഷ്ണപിള്ള കൈകഴുകാൻപോലും നിൽക്കാതെ ഓടി ഇരുട്ടിൽ മറഞ്ഞു. കുറച്ചുകഴിഞ്ഞ്‌ എറണാകുളം കായൽക്കരയ്ക്കടുത്തായി ഞങ്ങളും ചെന്നു. അപ്പോൾ കണ്ടത്‌ കത്തിയെരിഞ്ഞു നിലംപതിച്ച സിനിമാ ഷെഡിന്റെ ഇടയിൽനിന്ന്‌ കരിപുരണ്ട്‌, വാടിത്തളർന്നുവരുന്ന കൃഷ്ണപിള്ളയെ ആയിരുന്നു. തീയിൽനിന്ന്‌ ചിലരെ രക്ഷപ്പെടുത്താനും കത്തി നശിക്കുന്നതിൽനിന്ന്‌ പല സാധനങ്ങളും വീണ്ടെടുക്കാനും സാധിച്ചതിൽ ഞങ്ങളുടെ സ്നേഹിതന്‌ വളരെ കൃതാർഥതയുള്ളതായി കണ്ടു’ –- 1929ൽ ഉണ്ടായ സംഭവമാണ്‌ ഇത്‌.

‘പ്രവർത്തനാനുഭവങ്ങളിൽനിന്ന്‌ എങ്ങനെയാണ്‌ സിദ്ധാന്തപരമായ നിഗമനങ്ങളിലേക്ക്‌ കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം എത്തിച്ചേർന്നതെന്ന്‌ മനസ്സിലാക്കാം ’ – പുസ്‌തകത്തിന്റെ- മുഖവുരയിൽ എസ്‌ രാമചന്ദ്രൻപിള്ള എഴുതി. മൗലികമായ കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉള്ളപ്പോഴും പൊതുവായ ലക്ഷ്യത്തിനുവേണ്ടി എങ്ങനെ ഒന്നിച്ചുപ്രവർത്തിക്കാമെന്ന്‌ ‘രാഷ്‌ട്രീയ ശത്രുത്വം ഐക്യഅണിക്ക്‌ വിരുദ്ധമല്ല ’ എന്ന ലേഖനത്തിൽ കൃഷ്ണപിള്ള വിശദമാക്കുന്നു. ജെൻഡർ വിഷയങ്ങളിൽ കാര്യമായ ശ്രദ്ധ കൊടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അക്കാലത്തേ അദ്ദേഹം ഊന്നിപ്പറഞ്ഞു. എന്നിരിക്കിലും കൃഷ്ണപിള്ള മരിച്ചപ്പോൾ ഒരു ‘നിഷ്‌പക്ഷ ’പത്രം റിപ്പോർട്ട്‌ ചെയ്തത്‌, ‘ഒളിവിലിരുന്ന കമ്യൂണിസ്റ്റ്‌ ഭീകരൻ പാമ്പുകടിയേറ്റു മരിച്ചു’ എന്നായിരുന്നു.

പി കൃഷ്ണപിള്ളയുടെ 30–-ാം ചരമവാർഷികത്തിന്‌ 1978ൽ ഇ എം എസിന്റെ നിർദേശപ്രകാരം ആണ്ടലാട്ടാണ്‌ കൃതികൾ സമാഹരിച്ചത്‌. 75–-ാം വാർഷികത്തിൽ ചിന്ത പബ്ലിഷേഴ്‌സ്‌ രണ്ട് വോള്യവും ചേർത്ത്‌ പ്രസിദ്ധീകരിക്കുകയാണ്‌. 758 പേജുള്ള പുസ്തകത്തിന്‌ 970 രൂപയാണ്‌ എങ്കിലും പ്രീ പബ്ലിക്കേഷൻ നിരക്ക്‌ 680 രൂപയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top