18 April Thursday

'അതെ, ഒന്നും മറക്കാൻ പോകുന്നില്ല'...ജാമിയയിലെ പൊലീസ്‌ അതിക്രമത്തിന്റെ നേർചിത്രമായി പുസ്‌തകം

അഞ്ജലി ഗംഗUpdated: Friday Feb 11, 2022

നെഹാൽ അഹമ്മദ്‌ പുസ്‌തകവുമായി

ലൈബ്രറിയിൽ പുസ്തകം വായിച്ചുകൊണ്ടിരുന്ന വിദ്യാർഥികളെ പെട്ടെന്ന് വാതിൽ തള്ളിത്തുറന്നു വരുന്ന ഒരുകൂട്ടം പോലീസുകാർ ആക്രമിക്കുക. കുറ്റം ചെയ്തവരെ പൊലെ കൈകളുയർത്തി അവരോട് അവിടം വിട്ടിറങ്ങാൻ പറയുക. പ്രതികരിക്കാൻ ശേഷിയില്ലാതെ ആകുന്നത് വരെ തല്ലി ചതയ്ക്കുക. കണ്ടു മറന്ന ഒരു സിനിമയുടെയും തുടക്കമല്ലിത്. ഡിസംബർ 15ന്‌ ജാമിയാ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ ഡൽഹി പൊലീസ് അഴിച്ചു വിട്ട ആക്രമണമാണ്‌. ഡൽഹിയിലെ പൗരത്വ ഭേദഗതി ബില്ലിനെതിരെ ജാമിയയിൽ നടന്ന സമരത്തില്‍ പങ്കാളിയും  പിന്നീട് നടന്ന പൊലീസ് അതിക്രമത്തിനു സാക്ഷിയുമായ  നെഹാൽ അഹമ്മദ്‌ തന്റെ പുസ്തകമായ  ‘നതിങ് വിൽ ബി ഫോർഗോട്ടൻ’ എന്ന പുസ്തകത്തിൽ വാക്കുകളിലൂടെ വരച്ചിടുന്ന ചിത്രമാണിത്. അതിക്രൂരമായ ആക്രമണം നേരിട്ട് കണ്ട നെഹാൽ സമരത്തിലൂടെ തനിക്കുണ്ടായ വളർച്ചയും തിരിച്ചറിവുകളും പുസ്തകത്തിൽ പ്രതിപാദിക്കുന്നു.
 
1920ൽ ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള നിസ്സഹരണ പ്രസ്ഥാനത്തിന് വേദിയായ അതെ ജാമിയ വർഷങ്ങൾക്ക് ശേഷം രാജ്യത്തെ ഭരണാധികാരികൾ നടത്തുന്ന  മതവിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചതിന്റെ നേർചിത്രമാണ് ഈ പുസ്തകം. ജനിച്ചുവളർന്ന സ്വന്തം രാജ്യത്ത്  വർധിച്ചു വരുന്ന ഇസ്ലാം വിരുദ്ധതയ്ക്ക് മുൻപിൽ തന്റെ ചിന്തകളും ആശയങ്ങളും ഉടച്ചുവാർക്കേണ്ടി വരുന്ന ഒരു വിദ്യാർഥിയുടെ ആത്മരോഷവും പുസ്‌തകത്തിലൂടെ വായിച്ചറിയാം.
 
രാഷ്ട്രീയ സമരങ്ങൾക്ക് അധികം വേദിയാകാതിരുന്ന ഒരു സർവകലാശാലയിൽ ഇസ്രായേൽ പ്രതിനിധി 2019 ഓക്‌ടോബറിൽ കോൺഫെറൻസിനായി വരുമ്പോൾ ആരംഭിക്കുന്ന സമരം മുതൽ ഷഹീൻ ബാഗിലെ സമര പോരാട്ടം വരെയാണ് പുസ്തകത്തിൽ  ഉൾക്കൊള്ളിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സമരങ്ങളിൽ പൊതു ഇടങ്ങളിൽ നിന്ന് മാറ്റിനിർത്തിയിരുന്ന മുസ്ലീം സ്ത്രീകൾ തന്നെ സമരത്തിന് നേതൃത്വം കൊടുത്തതിലെ സുന്ദരമായ കാഴ്‌ച തനിക്ക്‌ കാണാനായെന്ന്‌ നേഹാൽ പറയുന്നു.
 
ഷഹീൻ ബാഗ്‌ സമരത്തിന്‌ ഐക്യദാർഢ്യമറിയിച്ച്‌ പഞ്ചാബിൽ നിന്നെത്തിയ കർഷകർ  സമരക്കാർക്ക്‌ ഭക്ഷണമുണ്ടാക്കി കൊടുക്കുന്നതും കുഞ്ഞുങ്ങൾക്ക്‌ അവരുടെ ഇഷ്‌ട്ടപ്രകാരം തലപ്പാവ്‌ കെട്ടിക്കൊടുക്കുന്നതുമൊക്കെ മനുഷ്യത്വം വറ്റാത്ത ഒരു ജനത ഇവിടെയുണ്ടെന്ന പ്രത്യാശ നൽകുന്നുണ്ടെന്നും  എഴുത്തുകാരൻ പറയുന്നു. ഷഹീൻ ബാഗ്‌ ആക്രമിക്കുമെന്ന്‌ മത തീവ്രവാദികൾ ഭീഷണി മുഴക്കിയപ്പോൾ അവർക്ക്‌ കരുത്തായി ഒഴുകിയെത്തിയ മനുഷ്യർ പ്രതീക്ഷയുടെ നാമ്പാണെന്നും നെഹാൽ പറയുന്നു.
 
വിദ്യാർഥികൾ നടത്തിയ സമരത്തിൽ നുഴഞ്ഞുകയറി കലാപശ്രമം നടത്തിയതിന്റെ സത്യാവസ്ഥയും വടക്കൻ ഡൽഹിയിലുണ്ടായ മുസ്ലിം വിരുദ്ധ കലാപവുമെല്ലാം പുസ്‌തകത്തിൽ പരാമർശിക്കുന്നുണ്ട്‌. ഫൈസ്‌ അഹമ്മദ്‌ ഫൈസ്‌, കബീർ, ഖുഷ്‌വന്ത്‌ സിങ്‌, മിർസ ഖലീബ്‌ തുടങ്ങി നിരവധി കവികളുടെ കവിതകളിലൂടെയാണ്‌ സമരത്തിലുടെനീളമുള്ള ഓരോ സന്ദർഭങ്ങളും നെഹാൽ വിവരിക്കുന്നത്‌.
 
‘ഞങ്ങൾ ഞങ്ങളുടെ പേനയും കടലാസും നിരന്തരം പോഷിപ്പിക്കും, എന്തു പ്രതിസന്ധി നേരിടേണ്ടി വന്നാലും ഞങ്ങൾ എഴുത്ത്‌ തുടർന്നുകൊണ്ടേയിരിക്കും’ ഫൈസ്‌ അഹമ്മദിന്റെ ഈ വരികൾ നെഹാലിന്റെ പുസ്‌തകത്തോട്‌ ചേർത്ത്‌ വായിക്കാനാകും.  സത്യാനന്തര കാലത്ത്‌ ജാമിയയിലെ സമരം മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തതിനോട്‌ കടുത്ത അമർഷവും എഴുത്തുകാരനുണ്ട്‌. അതിനാൽ തന്നെ സത്യം വിളിച്ചു പറയേണ്ട കാലത്തോളം താൻ നേരിട്ട്‌ അനുഭവിച്ച കാര്യങ്ങൾ ലോകത്തോട്‌ വിളിച്ചു പറയാൻ തന്റെ പേന നിരന്തരം ചലിപ്പിക്കുമെന്ന്‌ നെഹാൽ പറയുന്നു. പിങ്ക്‌ ഫ്ലോയിഡിലെ ഗായകൻ റോജർ വാട്ടേഴ്‌സ്‌ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന സമരത്തിന്‌ ഐക്യദാർഢ്യമറിയിച്ച്‌ ചൊല്ലിയ അമീർ അസീസിന്റെ ‘സബ്‌ യാദ്‌ രഖാ ജായേഗാ’ (എല്ലാം ഓർത്തിരിക്കും) എന്ന കവിതയിൽ നിന്ന്‌ ഉൾക്കൊണ്ടാണ്‌ പുസ്‌തകത്തിന്റെ പേര്‌ സ്വീകരിച്ചിരിക്കുന്നത്‌. 250 രൂപ വിലയുള്ള പുസ്‌തകത്തിന്റെ പ്രസാദകർ ലഫ്‌റ്റ്‌വേർഡാണ്‌. ലഫ്‌റ്റ്‌വേർഡിന്റെ വെബ്‌സൈറ്റിലും ആമസോണിലും പുസ്‌തകം ലഭ്യമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top