23 September Saturday

ഐജാസ് അഹമ്മദിന്റെ ബൌദ്ധിക വ്യാപാരങ്ങളിലൂടെ ഒരു സാർത്ഥക സഞ്ചാരം

ശ്രേയസ് വത്സൻUpdated: Monday Mar 14, 2022

ഐജാസ് അഹമ്മദും വിജയ് പ്രഷാദും Photo: twitter.com

അടുത്തിടെ അന്തരിച്ച വിഖ്യാത മാർക്സിസ്‌റ്റ്‌ പണ്ഡിതൻ ഐജാസ് അഹമ്മദുമായി വിജയ് പ്രഷാദ്‌ നടത്തിയ അഭിമുഖം “Homo sum, humani nihil a me alienum puto.” (“Nothing Human is Alien to me.”) ലെഫ്‌റ്റ്‌‌വേഡ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പുസ്‌തകത്തെപ്പറ്റി ശ്രേയസ് വത്സൻ എഴുതുന്നു.

റോമൻ റിപ്പബ്ലിക്കിൽ ഒരു അടിമയായി തന്റെ ജീവിതം ആരംഭിക്കുകയും പിന്നീട് Terence എന്ന പേരിൽ പ്രസിദ്ധനാവുകയും ചെയ്ത നാടകകൃത്തിന്റെ ‘Heauton Timorumenos’ എന്ന നാടകത്തിലെ വരികളാണിത്. എന്നാൽ ടെറെൻസിനേക്കാളേറെ ഈ വരികൾ ചേർത്തു വായിക്കപ്പെട്ടിട്ടുള്ളത് കാൾ മാർക്സിനോടൊപ്പമാകാം. 1865-ൽ തന്റെ മക്കൾക്കായി എഴുതിവെച്ച കത്തിലാണ് മാർക്സ് മനുഷ്യസംബന്ധമായതൊന്നും തനിക്കന്യമല്ലെന്ന് കുറിക്കുന്നത്. മാർക്സിന്റെ ഏറ്റവും പ്രിയങ്കരമായ വരികളായി ഇത് പരിഗണിക്കപ്പെടുന്നു.

ഇന്ത്യയിലെ പ്രസിദ്ധനായ മാർക്സിസ്റ്റ് ഇന്റലക്ച്വലുകളിൽ ഒരാളായ Aijaz Ahmad-ുമായി Vijay Prashad നടത്തിയ അഭിമുഖസംഭാഷണങ്ങൾ പുസ്തകമാക്കിയപ്പോൾ അതിനു പേരായി നൽകിയത് മാർക്സിന്റെ പ്രിയങ്കരമായ ഈ വരികളാണ്. എന്തുകൊണ്ടാണ് പുസ്തകത്തിന് ഈ പേരു നൽകിയതെന്ന് വിജയ് പ്രസാദ് തന്നെ തന്റെ ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. കാരണം, ‘ഐജാസ് അഹമ്മദിന്റെ സുദീർഘമായ ജീവിതത്തിലെ വിഷയവ്യാപനത്തിന്റെ വ്യാപ്തി അളന്നുചെന്നാൽ അത് വ്യവസ്ഥിതിയുടെ തടവിലാക്കപ്പെട്ടവരോ അതിനോട് പോരാടുന്നവരോ ആയ മുഴുവൻ മനുഷ്യവംശത്തിന്റേയും സാധ്യതകളിലേക്ക് നീണ്ടുപോകുന്നു’. പരിഭാഷയും അല്ലാത്തതുമായ നിരവധി ഉറുദു കവിതകളും മിർസാ ഗാലിബിന്റെ വരികളുടെ ഇംഗ്ലീഷ് പരിഭാഷയും തൊട്ട് വിരലിലെണ്ണാവുന്ന ചെറുകഥകളും ആനുകാലികങ്ങളിലെ സ്ഥിരം ലേഖനങ്ങളും തത്വചിന്താപരമായ രാഷ്ട്രീയ വിശകലനങ്ങളും വരെ അളവറ്റ പുസ്തകങ്ങൾ, ഫാസിസത്തേയും സാമ്രാജ്യത്വത്തേയും സംബന്ധിച്ച ചിന്തകളടക്കം തന്റെ കാലത്തെ ഒട്ടുമിക്ക സംഭവവികാസങ്ങളോടുമുള്ള ആഴത്തിലുള്ള സംവാദങ്ങൾ, ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ഏകാധിപത്യ പ്രവണതകൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ മുതൽ അമേരിക്കയിലെ വിയറ്റ്നാം യുദ്ധത്തിനും വംശീയതയ്ക്കും എതിരായ ജനരോഷങ്ങളിൽ വരെയുള്ള പങ്കാളിത്തം, ഇങ്ങനെ നീളുന്നു ഐജാസ് അഹമ്മദ് എന്ന മാർക്സിസ്റ്റ് ബുദ്ധിജീവിയുടെ ജീവിതം. ഇന്ത്യയിൽ ജനിച്ച്, പാക്കിസ്ഥാനിലേക്ക് കുടിയേറി, ഐക്യനാടുകളിലും കാനഡയിലുമായി പ്രവർത്തിച്ച് പിന്നീട് ഇന്ത്യയിലേക്ക് തന്നെ തിരികെയെത്തിയ ഐജാസ് അഹമ്മദിന്റെ സമഗ്രമായ ബൌദ്ധിക വ്യാപാരങ്ങളിലൂടെയുള്ള സഞ്ചാരമാണ് വിജയ് പ്രസാദ് നടത്തിയ ഈ അഭിമുഖഭാഷണം.

*****
സാധ്യമായിടത്തോളം നാൾവഴിക്രമത്തിൽ തന്നെ ഐജാസ് അഹമ്മദിന്റെ ജീവിതത്തിലൂടെയും പുസ്തകങ്ങളിലൂടെയും കടന്നുപോകാനാണ് വിജയ് പ്രസാദ് ശ്രമിക്കുന്നത്.

ഇന്ത്യയിലെ കുട്ടിക്കാലം, സ്കൂൾ പഠനം, പാക്കിസ്ഥാനിലെ കോളേജ് പഠനം, അക്കാലയളവിലെയെല്ലാം വായനകൾ, രാഷ്ട്രീയ സൌഹൃദങ്ങൾ;
പിന്നീട് അമേരിക്കയിലെ അധ്യാപനകാലം, അക്കാലയളവിൽ വികസിച്ച ‘Anti-Imperialism’, ‘Post Colonialism’ തുടങ്ങിയ ആശയങ്ങളുമായുള്ള സംവാദങ്ങൾ; ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്, നവ ലിബറലിസവും ഫാസിസവും അടക്കമുള്ള ഇന്ത്യൻ സാഹചര്യങ്ങളോടുള്ള പ്രതികരണം;
‘In Theory: Classes, Nations, Literatures’; ‘Iraq, Afghanistan and The Imperialism of Our Times’; ‘Reflections on Our Times’; ‘On Communalism and Globalization: Offensives of the Far Right’ എന്നീ പുസ്തകങ്ങളേയും ‘Socialist Register’-ലെ 4 essay കളേയും മുൻനിർത്തിയുള്ള സംസാരങ്ങൾ - എന്നിവയാണ് അഭിമുഖത്തിൽ കടന്നു വരുന്ന പ്രധാന വിഷയങ്ങൾ.

വിവിധ കാലയളവിലെ ഐജാസ് അഹമ്മദിന്റെ വിശാലമായ വായനാലോകത്തേക്ക് പുസ്തകത്തിലുടനീളം വിജയ് പ്രസാദിന്റെ ചോദ്യങ്ങൾ കടന്നുചെല്ലുന്നുണ്ട്. “Tell us a little bit about the books you read in your youth.” എന്നു ചോദിച്ചുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നതു തന്നെ. നിറയെ ഫിക്ഷനുകൾ വായിച്ചുകൊണ്ടിരുന്ന കുട്ടിക്കാലത്തു നിന്നും രാഷ്ട്രീയ വായനകളിലേക്ക് കടക്കുന്നതും ഒരു ഉറുദു കവിയാവാൻ ആഗ്രഹിച്ചിരുന്ന ലാഹോറിലെ ചെറുപ്പക്കാലത്തു നിന്നും ഇംഗ്ലീഷിൽ ലേഖനങ്ങളെഴുതി തുടങ്ങുന്നതും എല്ലാം ഈ വായനാലോകത്തോട് ചേർന്നു പറഞ്ഞു പോകുന്നു.

സമകാലീനരായ നിരവധി ഇന്റലക്ച്വലുകളോടുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും ഇവിടെ ദൃശ്യമാണ്. Fredric Jameson, Edward Said തുടങ്ങിയ ദാർശനികരോടുള്ള വിമർശങ്ങൾ ‘In Theory’ എന്ന പുസ്തകത്തെ മുൻനിർത്തി ചർച്ച ചെയ്യുന്നുണ്ട്. ദാർശനികർക്കപ്പുറത്തേക്ക് കടന്ന് സോവിയറ്റ് തിരസ്കരണത്തിനു ശേഷമുള്ള മാർക്സിസത്തിന്റെ പാശ്ചാത്യധാരയും കോളനിരാജ്യങ്ങളിലെ വിമോചനസ്വഭാവവുമുള്ള മറ്റൊരു ധാരയും തമ്മിലുള്ള സംവാദമായും ഈ ആലോചനകൾ വികസിക്കുന്നു. ചുരുക്കത്തിൽ ഐജാസ് അഹമ്മദിന്റെ മാർക്സിസ്റ്റ് ദർശനത്തിലൂന്നിയുള്ള സമഗ്രമായ ലോകവീക്ഷണത്തിലേക്ക് വെളിച്ച വീശുകയാണ് ഈ പുസ്തകം.

അഭിമുഖത്തിലൊരിടത്ത് വിജയ് പ്രസാദ് തന്നെ സൂചിപ്പിക്കുന്ന പോലെ വർഗ വിശകലനവും വർഗ ബന്ധങ്ങളും എല്ലാമടങ്ങുന്ന രാഷ്ട്രീയ സമ്പദ്ഘടനയുടെ ഭാഷയിലാണ് ഐജാസ് അഹമ്മദ് ഉടനീളം സംസാരിക്കുന്നത്. പുതിയ കാലത്തിന്റെ രാഷ്ട്രീയസംവാദത്തിൽ കൈമോശം വന്നുവോയെന്ന് സംശയിക്കുന്ന സമഗ്രവും സങ്കീർണവുമായ വിശകലനത്തിന്റെ ഭാഷയാണത്. ഉരു ഉദാഹരണം നോക്കാം.

“താൻ ജനിക്കുന്നത് Village Gentry എന്നു വിശേഷിപ്പിക്കാവുന്ന ഇന്ത്യയിലെ ചെറുകിട ഭൂവുടമസ്ഥരുടെ വർഗത്തിലാണ്, അക്കാലത്തെ ഏറ്റവും പുരോഗമനവും വിപ്ലവകരവുമായ ആശയങ്ങളുമായി അടുത്തിടപെഴുകാനും അവയെക്കുറിച്ചെല്ലാം ഏറെ വായിക്കാനും കാരണമായത് ആ Class Position തന്നെയാകണം. കാരണം ദരിദ്രരായ കർഷകരേക്കാൾ പുതിയ ആശയങ്ങളെ അടുത്തറിയാൻ അത് അവസരങ്ങൾ സൃഷ്ടിക്കുകയും ധനികരായ ഭൂപ്രഭുക്കന്മാരെപ്പോലെ പഴയ ലോകത്തെ താങ്ങി നിർത്തേണ്ട ബാധ്യത തങ്ങൾക്കില്ലാതിരിക്കുകയും ചെയ്യുന്നു. ഇത് പെറ്റി ഭൂവുടമകളെന്ന വർഗത്തിന്റെ സ്ഥിരസ്വഭാവമായി കാണാനാകില്ല, വ്യവസ്ഥിതികൾ മാറിത്തുടങ്ങുന്ന വലിയ സാമൂഹിക മാറ്റങ്ങളുടെ കാലഘട്ടത്തിൽ അറിവ് നേടാനും അതിനെ പുതിയ ആശയങ്ങളോട് ചേർത്തുനിർത്തി പ്രയോഗിക്കാനും അവർക്ക് കൂടുതൽ അവസരം കൈവരുന്നു എന്നു മാത്രം.”

സാമ്പത്തിക പ്രതിസന്ധികളുടെ സാഹചര്യത്തിൽ തീവ്ര വലതുപക്ഷത്തിന്റേയും ഫാസിസത്തിന്റേയും വരവിനെ ബൂർഷ്വാസിയും ഭൂവുടമസ്ഥ വർഗവും സ്വീകരിക്കുന്നത് എന്തുകൊണ്ടാകാമെന്നും, സാമ്രാജ്യത്വത്തോടുള്ള ദേശീയ ബൂർഷ്വാസിയുടെ സമീപനമെന്തായിരിക്കുമെന്നെല്ലാമുള്ള നിരവധി വിശകലനങ്ങളിലും ഐജാസിന്റെ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധത ദൃശ്യമാണ്.

മാർക്സിസം അപൂർണമായൊരു തത്വശാസ്ത്രമാണെന്ന് താൻ വിശ്വസിക്കുന്നെങ്കിലും അത് വികസിപ്പിക്കപ്പെടേണ്ടത് മാർക്സിസ്റ്റ് ദർശനത്തിന്റെ ഇരുമ്പു ചട്ടക്കൂടിനു അകമേ നിന്നുതന്നെയാകണമെന്നു ഉറപ്പിച്ചു പറയാനും ഐജാസ് അഹമ്മദ് മടിക്കുന്നില്ല. മാർക്സിസ്റ്റ് വിശകലനത്തിന്റെ ഈ രീതിശാസ്ത്രത്തെ പ്രതിയുള്ള സംസാരത്തിൽ ലൂക്കാച്ചിന്റെ ഒരു നിരീക്ഷണത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഐജാസ് അഹമ്മദ് തന്റെ രാഷ്ട്രീയമെന്തെന്ന് വ്യക്തമാക്കുന്നു.

“I am reminded of Lukacs who said that method is the only thing that is truly orthodox in Marxism. That makes me an orthodox Marxist and an Orthodox Marxist is by definition a Communist.”


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top