29 March Friday

കൊതിപ്പിച്ച എഴുത്ത്‌, ചൊടിപ്പിച്ച രാഷ്‌ട്രീയം...നൊബേൽ പുരസ്‌ക്കാരം

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2019

സ്‌റ്റോക്‌ഹോം>രണ്ടുവർഷത്തെ സാഹിത്യ നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ ആദരിക്കപ്പെട്ടത്‌ എഴുത്തിനൊപ്പം രാഷ്ട്രീയനിലപാടുകളിലൂടെയും ശ്രദ്ധേയരായ രണ്ടുപേർ. 2018ലെ പുരസ്‌കാരത്തിനർഹയായ പോളിഷ്‌ എഴുത്തുകാരി ഓൾഗ തൊക്കോർചുക് സസ്യഭുക്കും പരിസ്ഥിതിവാദിയുമാണ്‌. പോളണ്ടിലെ വലതുപക്ഷ സർക്കാരിന്റെ നിശിതവിമർശക. തുറന്നതും സഹിഷ്‌ണുതയുള്ളതുമായ പോളണ്ട്‌ കെട്ടുകഥയായെന്ന്‌ സർക്കാർ മാധ്യമത്തോട്‌ തുറന്നടിച്ചതിനെ തുടർന്ന്‌ 2015ൽ ഇവർക്ക്‌ വധഭീഷണി ഉണ്ടായിരുന്നു. തുടർന്ന്‌ കുറച്ചുനാൾ പ്രസാധകർ പ്രത്യേക സുരക്ഷ ഏർപ്പെടുത്തി.

യാഥാർഥ്യത്തെ അജ്ഞേയതയുമായി കൂട്ടിയിണക്കിയുള്ള രചനാശൈലിയാണ്‌ ഓൾഗയുടെ സവിശേഷത. 2007ൽ എഴുതിയ ഫ്ലൈറ്റ്‌സ്‌ എന്ന നോവലിന്റെ ഇംഗ്ലീഷ്‌ വിവർത്തക ജെന്നിഫർ ക്രോഫ്‌റ്റുമായി 2017ലെ മാൻ ബുക്കർ പ്രൈസ്‌ പങ്കിട്ടു. പോളണ്ടിലെ ഏറ്റവും ആകർഷകമായ നൈക്‌ സാഹിത്യപുരസ്‌കാരം രണ്ടുവട്ടം നേടിയിട്ടുണ്ട്‌. ഇവരുടെ രചനകൾ നാടകങ്ങളും സിനിമകളുമായിട്ടുണ്ട്‌. ഇന്ത്യൻ ഭാഷകളടക്കം 25 ഭാഷകളിൽ ഓൾഗയുടെ കൃതികളുടെ വിവർത്തനമുണ്ട്‌. ദി ജേണി ഓഫ്‌ ദി പീപ്പിൾ ഓഫ്‌ ദി ബുക്‌(1993) ആണ്‌ ആദ്യ കൃതി. ഏഴ്‌ രാജ്യങ്ങളിലും അഞ്ച്‌ ഭാഷകളിലും മൂന്ന്‌ മതങ്ങളിലുമായി വ്യാപിച്ച കഥ പറയുന്ന ‘ദി ബുക്‌ ഓഫ്‌ ജേക്കബ്‌’ മറ്റൊരു ശ്രദ്ധേയകൃതിയാണ്‌.

രണ്ടാംലോക യുദ്ധാനന്തരം യൂറോപ്പിലുണ്ടായ ഏറ്റവും സ്വാധീനശേഷിയുള്ള എഴുത്തുകാരിൽ ഒരാളാണ്‌ ഈ വർഷത്തെ സാഹിത്യ നൊബേൽ നേടിയ പീറ്റർ ഹാൻകെ. നൊബേൽ പുരസ്‌കാരം അവസാനിപ്പിക്കേണ്ടതാണെന്ന്‌ അഞ്ച്‌ വർഷം മുമ്പ്‌ അഭിപ്രായപ്പെട്ട ഹാൻകെയിലേക്ക്‌ ആ പുരസ്‌കാരമെത്തുന്നത്‌ സാഹിത്യചരിത്രത്തിലെ കൗതുകങ്ങളിൽ ഒന്നായി.

1929ൽ നൊബേൽ പുരസ്‌കാരം നേടിയ ജർമൻ സാഹിത്യത്തിലെ അതികായൻ തോമസ്‌മൻ വളരെ മോശം എഴുത്തുകാരനാണെന്ന ഹാൻകെയുള്ള വിമർശം ഏറെ കോളിളക്കമുണ്ടാക്കിയതാണ്‌. സ്‌കൂൾ മാഗസിനിലെ രചനകളിലൂടെയാണ്‌ സാഹിത്യലോകത്തേക്ക്‌ പിച്ചവച്ചത്‌. 1966ൽ പുറത്തിറങ്ങിയ ദി ഹോർണെറ്റ്‌സ്‌ എന്ന നോവലാണ്‌ ആദ്യ കൃതി. അതേ വർഷം ഇറങ്ങിയ ഒഫെന്റിങ്‌ ദി ഓഡിയൻസ്‌ (പ്രേക്ഷകരെ പ്രകോപിപ്പിക്കുക) എന്ന നാടകവും ആസ്വാദകശ്രദ്ധ നേടിയതോടെ നിയമപഠനം ഉപേക്ഷിച്ച്‌ മുഴുവൻസമയ എഴുത്തിലേക്ക്‌ കടന്നു. ജർമൻ സംവിധായകനായ വിം വെൻഡേഴ്‌സിന്റെ നിരവധി സിനിമകളിൽ സഹകരിച്ചു.

ജർമൻ സൈനികന്റെയും ഓസ്‌ട്രിയയിലെ സ്ലൊവേനിയൻ ന്യൂനപക്ഷ വിഭാഗക്കാരിയുടെയും മകനായി 1942ലായിരുന്നു ജനനം. 1990കളിൽ യൂഗോസ്ലാവ്യ വിഘടിച്ചതിനെ തുടർന്ന്‌ സെർബിയക്കെതിരെ നാറ്റോ നടത്തിയ കടന്നാക്രമണത്തിന്റെ നിശിതവിമർശകനായിരുന്നു ഹാൻകെ. നാറ്റോ തടവറയിൽ ദുരൂഹസാചര്യത്തിൽ മരിച്ച സെർബിയ പ്രസിഡന്റ്‌ സ്ലോബോദൻ മിലോസെവിച്ചിന്റെ  ചരമശുശ്രൂഷാവേളയിൽ നടത്തിയ പ്രസംഗം സാഹിത്യരംഗത്തും ചലനങ്ങളുണ്ടാക്കി.

എൽഫ്രിദി യെലിനിക്കിനെ പോലുള്ളവർ ഇദ്ദേഹത്തിന്റെ നിലപാടിനെ അനുകൂലിച്ചപ്പോൾ സൽമാൻ റുഷ്‌ദി, സൂസൻ സൊണ്ടാഗ്‌ തുടങ്ങി ചിലർ എതിർത്തു. 2014ൽ ഇബ്‌സൻ പുരസ്‌കാരം വാങ്ങാൻ നോർവെയിൽ എത്തിയപ്പോൾ ഇദ്ദേഹത്തിനെതിരെ പ്രകടനമുണ്ടായി. രാഷ്ട്രീയകാരണങ്ങളാൽ ചില പുരസ്‌കാരങ്ങൾ അദ്ദേഹം തിരിച്ചുനൽകിയിട്ടുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top