30 November Thursday

എഴുത്തിന്റെ സാക്ഷി

അമ്മിണി കാക്കനാടന്‍Updated: Sunday Oct 30, 2016

ദില്ലിയിലെ അമര്‍ കോളനി. ബേബിച്ചായനുമായുള്ള എന്റെ വിവാഹം കഴിഞ്ഞതേയുള്ളൂ. ബേബിച്ചായന്‍ എന്നുപറഞ്ഞാല്‍ കുറെ വായനക്കാര്‍ക്കെങ്കിലും അറിയാമായിരിക്കും, നിങ്ങളുടെ പ്രിയപ്പെട്ട കാക്കനാടന്‍. പേര് മുഴുവനായി പറഞ്ഞാല്‍ ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍.

ബേബിച്ചായനന്ന് റെയില്‍വേ മിനിസ്ട്രിയിലാണ് ജോലി. അമര്‍ കോളനിയില്‍ താമസം. അവിടത്തെ ആര്‍ഭാടങ്ങളില്ലാത്ത ഞങ്ങളുടെ പാര്‍പ്പിടത്തിലിരുന്നാണ് അദ്ദേഹം തന്റെ ആദ്യനോവലായ സാക്ഷി എഴുതിയത്. മലയാളനോവല്‍ സാഹിത്യത്തിലെ നാഴികക്കല്ലുകളിലൊന്നായി അതിനെ നിരൂപകര്‍ വിലയിരുത്തിയിട്ടുണ്ട്.

ബേബിച്ചായന്റെ എല്ലാ രചനകളും എനിക്ക് പ്രിയപ്പെട്ടതാണ്. നോവലിന്റെ ഓരോ അധ്യായവും പൂര്‍ത്തിയാകുമ്പോള്‍ എന്നെ വായിച്ചുകേള്‍പ്പിക്കും. സാക്ഷി, വസൂരി, ഉഷ്ണമേഖല, ഏഴാംമുദ്ര, കോഴി, അജ്ഞതയുടെ താഴ്വര, കാവേരിയുടെ വിളി, ബര്‍സാത്തി, ഇന്നലെയുടെ നിഴല്‍, മറ്റൊരു മുഖം, അന്ത്രയോസ് എന്ന പാപി, പറങ്കിമല, ഒറോത, അടര്‍ന്നുവീണടിയുന്ന നക്ഷത്രങ്ങള്‍, ആരുടെയോ നഗരം, രണ്ടാംപിറവി... എല്ലാം. കേള്‍ക്കുമ്പോള്‍ അഭിപ്രായങ്ങളൊക്കെ പറയും. അതനുസരിച്ച് അവിടവിടെ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് വസൂരിയില്‍. 'ഞാനെഴുതുന്നത് മനുഷ്യനെക്കുറിച്ചാണ്. മനുഷ്യജീവിതം. അത് ഇങ്ങനെയൊക്കെയാണ്. നിനക്ക് അത്ര അറിയാത്തതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്' എന്നൊക്കെയാവും മറ്റു ചില സന്ദര്‍ഭങ്ങളില്‍ മറുപടി.

'എങ്കിലും ഇത്രയ്ക്കൊക്കെ വേണോ' എന്ന് വീണ്ടും ചോദിച്ചിട്ടുണ്ട്. 'ഞാന്‍ പച്ചമനുഷ്യനായി ജീവിക്കാനാഗ്രഹിക്കുന്നു. അതുകൊണ്ട് പച്ചയായി എഴുതുന്നു. മറ്റുള്ളവര്‍ അങ്ങനെയായിരിക്കില്ല'. ബേബിച്ചായന്‍ നിലപാട് വ്യക്തമാക്കും.

സാക്ഷിയില്‍ത്തന്നെ ഈ സമീപനം കാണാം. അച്ഛനും മകനുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. മരുമക്കത്തായത്തിന്റെ കെട്ടുപാടുകള്‍ തകര്‍ത്ത് പ്രണയിച്ച പെണ്ണുമായി തറവാട് വിട്ടുപോയ അച്ഛന്‍ – കോയിക്കല്‍ കിട്ടുക്കുറുപ്പ്. അയാളുടെ മകനാണ് നാരായണന്‍. പതിനൊന്നുവര്‍ഷംമുമ്പ് വീടുവിട്ടുപോയ നാരായണന്‍ കിട്ടുക്കുറുപ്പിന്റെ മരണദിനത്തില്‍ മടങ്ങിയെത്തുന്നു.

ജീവിതത്തെയും മരണത്തെയും ബേബിച്ചായന്‍ ഈ കൃതിയില്‍ മുഖാമുഖം നിര്‍ത്തുന്നതായി എനിക്ക് തോന്നുന്നു. ഓര്‍മയുടെ കണ്ണികള്‍ ഇടയ്ക്കിടെ മുറിയുന്നുണ്ട്. എങ്കിലും കിട്ടുക്കുറുപ്പിന്റെ മരണദിവസം എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു. ചില വരികള്‍ കല്ലില്‍ കൊത്തിവച്ചതുപോലെ. കാറ്റിന് പെണ്ണിന്റെ മണം എന്ന വരിയോടെയാണ് തുടക്കം. കാറ്റിന് കള്ളിന്റെ മണമുണ്ടെന്നും കാറ്റിന് മരണത്തിന്റെ മണമുണ്ടെന്നും ബേബിച്ചായന്‍ വായിച്ചുകേള്‍പ്പിച്ചപ്പോള്‍ ഞാന്‍ അങ്ങനെയൊക്കെയുണ്ടോ എന്ന് നിഷ്കളങ്കമായി സംശയിച്ചു. 'പിന്നേ നിനക്കറിയാഞ്ഞിട്ടാണ്' ബേബിച്ചായന്‍ പറഞ്ഞുചിരിച്ചു. സാക്ഷിയുടെ രചനാ സന്ദര്‍ഭങ്ങള്‍കൂടി ഞാനിങ്ങനെ ഓര്‍ത്തുപോവുകയാണ്. രാവിലെയും രാത്രിയുമാണ് എഴുത്ത്. പകല്‍ ജോലിക്കുപോകും. മദ്യപാനം കാര്യമായി ഉണ്ടായിരുന്നില്ല.

എതിര്‍പ്പുകളെ വെല്ലുവിളിച്ചാണ് കിട്ടുക്കുറുപ്പ് ജീവിച്ചത്. അയാള്‍ അധ്വാനിയായിരുന്നു. സ്വാഭാവികമായും സമ്പന്നനും പ്രമാണിയുമായി. നാല് പുത്തനുണ്ടായപ്പോള്‍ ബന്ധുക്കള്‍ തേടിവന്നു. പക്ഷേ, അയാള്‍ തറവാട്ടിലേക്ക് തിരിച്ചുപോയില്ല. തന്റേടിയായി ജീവിച്ചു. ആ മനുഷ്യന്റെ മരണശയ്യക്കരികില്‍നിന്ന് മകന്‍ മനസ്സിലാക്കുന്നു– യാഥാര്‍ഥ്യം ഒന്നേയുള്ളൂ, മരണം. അച്ഛന്റെ മരണം കാത്തിരുന്ന് നാരായണന് ബോറടിക്കുന്നു. സ്വപ്രയത്നത്താല്‍ ജീവിതം കരുപ്പിടിപ്പിച്ച കിട്ടുക്കുറുപ്പിനോട് അയാള്‍ക്ക് ബഹുമാനമേയുള്ളൂ. എങ്കിലും ഇരുന്ന് മടുത്ത് അയാള്‍ ഇറങ്ങിനടന്നു. മടങ്ങിയെത്തുമ്പോഴേക്കും കിട്ടുക്കുറുപ്പ് അന്ത്യശ്വാസം വലിച്ചുകഴിഞ്ഞിരുന്നു. വീട്ടില്‍നിന്നുയരുന്ന അലമുറകള്‍.

അടുത്തകാലത്തായി ഞാന്‍ ബേബിച്ചായന്റെ മറ്റൊരു പുസ്തകം വീണ്ടും വായിച്ചു. കോഴി. ബ്രാഹ്മണസമുദായത്തില്‍പെട്ടവര്‍ കോഴിക്കച്ചവടം നടത്തുന്നതാണ് നോവലിന്റെ പശ്ചാത്തലം. ദില്ലിയില്‍ ഇ എം എസിന്റെ മൂന്ന് അനന്തരവന്മാര്‍ ഒരു കോഴിഫാം നടത്തിക്കൊണ്ടിരുന്നു. അവര്‍ ഞങ്ങളുടെ സുഹൃത്തുക്കള്‍. കോഴിഫാം കാണാന്‍ ബേബിച്ചായനും ഞാനുംകൂടി പോയി. തിരിച്ചുവന്നശേഷം അദ്ദേഹം ദീര്‍ഘമായ ആലോചനയിലാണ്ടിരുന്നു. പിന്നെ എഴുതിത്തുടങ്ങി. ഞങ്ങള്‍പോയ കോഴിഫാമുമായി നോവലിലെ പ്രമേയത്തിന് ബന്ധമൊന്നുമില്ല. ആ യാത്ര രചനയ്ക്ക് നിമിത്തമായെന്നുമാത്രം. പൂര്‍ണമായും ഭാവനാസൃഷ്ടിയാണ് കോഴി. നോവലിലെ പ്രധാന കഥാപാത്രമായ ഐക്കരമഠത്തിലെ ദേവദത്തന് ഞങ്ങളുടെ സുഹൃത്തുക്കളുമായി ബന്ധമൊന്നുമില്ല.

ആഴത്തിലുള്ള ജീവിതസത്യങ്ങളാണ് ബേബിച്ചായന്റെ കൃതികളിലുള്ളത്. ഞാന്‍ നിരൂപണം നടത്തുകയല്ല. സാധാരണവായനക്കാരില്‍നിന്ന് ഒട്ടും അകന്നുനില്‍ക്കുന്നതല്ലല്ലോ അദ്ദേഹത്തിന്റെ രചനകള്‍. മലയാളത്തില്‍ ആധുനികത കൊണ്ടുവന്നവരില്‍ പ്രധാനിയായി ബേബിച്ചായന്‍ വിലയിരുത്തപ്പെടുന്നുണ്ട്. അതിനെല്ലാമുപരിയായി സാധാരണമനുഷ്യരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നതാണ് വലിയ കാര്യം.

ആ മനസ്സില്‍ കാലുഷ്യങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ട് മനസ്സുനിറഞ്ഞ് ചിരിക്കാന്‍ സാധിച്ചു. അഞ്ചുകൊല്ലംമുമ്പ് ഈ മാസമായിരുന്നു ബേബിച്ചായന്റെ വേര്‍പാട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top