06 October Thursday

പ്രത്യാശയുടെ ഉച്ചമരപ്പച്ച

സാജൻ എവുജിൻUpdated: Sunday Jun 30, 2019

കീമോയെടുത്ത‌് വീട്ടിൽ വിശ്രമിക്കുന്ന ദിവസങ്ങളിലൊന്നിലാണ‌് അയൽപറമ്പിലെ അയണിമരത്തിന്റെ കൊമ്പുകൾ വെട്ടിയിറക്കുന്നത‌് കണ്ടത‌്. വൃക്ഷത്തിന‌് എല്ലാ ശിഖരങ്ങളും നഷ്ടപ്പെട്ടു. ഇലകളില്ലാതെ ആകാശം നോക്കിനിൽക്കുന്ന മരം എഴുത്തുകാരനെ വല്ലാതെ വേദനിപ്പിച്ചു. ഇതുപോലെ ജീവിതത്തിന്റെ പച്ചിലകൾ കൊഴിഞ്ഞു പോയവരാണല്ലോ ക്യാൻസർ രോഗികൾ

 

വീണ്ടും തളിർക്കാൻ വെമ്പൽകൊള്ളുന്ന ഉണക്കമരം പോലെയാണ‌് ഓരോ ക്യാൻസർരോഗിയുമെന്ന‌് ഓർമപ്പെടുത്തുന്ന പുസ‌്തകമാണ‌് ‘ഉച്ചമരപ്പച്ച’. കത്തിനിന്ന ജീവിതമധ്യാഹ‌്നത്തിൽ  രോഗത്തിന്റെ പിടിയിലമർന്ന‌് കരിഞ്ഞുണങ്ങിയപ്പോൾ പ്രതീക്ഷ നൽകിയത‌് ഒരു വൃക്ഷത്തിന്റെ  അതിജീവനത്തിന്റെ കാഴ‌്ചയാണെന്ന‌്  ഗ്രന്ഥകർത്താവായ ഷാനവാസ‌് പോങ്ങനാട‌് സാക്ഷ്യപ്പെടുത്തുന്നു. രോഗപീഡകളുടെ വിവരണം  എന്നതിലുപരി പ്രത്യാശയും പരസ‌്നേഹത്തിന്റെ പ്രതീകങ്ങളുടെ നിതാന്തസാന്നിധ്യവുമാണ‌് ഈ പുസ‌്തകത്തെ ശ്രദ്ധേയമാക്കുന്നത‌്.

പച്ചമരങ്ങളെയും ഉണക്കമരങ്ങളെയും പ്രഭാതസൂര്യനെയും ചന്ദ്രനെയുമെല്ലാം നാം നിത്യവും കാണുന്നുണ്ട‌്. ആരോഗ്യത്തോടെ കഴിയുമ്പോൾ ഇതിലൊന്നും പുതുമയില്ല. ജീവിതത്തിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന ഘട്ടം വരുമ്പോഴാണ‌് ഓരോ കാഴ‌്ചയിലും നവഭംഗി അനുഭവപ്പെടുകയെന്ന‌് എഴുത്തുകാരൻ വർണിക്കുന്നു.  കീമോയെടുത്ത‌് വീട്ടിൽ വിശ്രമിക്കുന്ന ദിവസങ്ങളിലൊന്നിലാണ‌് അയൽപറമ്പിലെ അയണിമരത്തിന്റെ കൊമ്പുകൾ വെട്ടിയിറക്കുന്നത‌് കണ്ടത‌്. വൃക്ഷത്തിന‌് എല്ലാ ശിഖരങ്ങളും നഷ്ടപ്പെട്ടു. ഇലകളില്ലാതെ ആകാശം നോക്കിനിൽക്കുന്ന മരം എഴുത്തുകാരനെ വല്ലാതെ വേദനിപ്പിച്ചു. ഇതുപോലെ ജീവിതത്തിന്റെ പച്ചിലകൾ കൊഴിഞ്ഞുപോയവരാണല്ലോ ക്യാൻസർ രോഗികൾ.   സ്വന്തം അവസ്ഥ മരത്തിൽ ദർശിക്കുകയാണ‌്  എഴുത്തുകാരൻ. 

ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിസ‌്മയകരമായ കാഴ‌്ച. മരത്തിൽ പച്ചിലനാമ്പുകൾ വീണ്ടും തലപൊക്കുന്നു. ഇളംകാറ്റിൽ അവ തലയാട്ടുന്നു. എല്ലാ ക്യാൻസർ രോഗികളും ഇത്തരത്തിൽ വീണ്ടും  പച്ചിലച്ചാർത്തുള്ള വൻമരങ്ങളായി മാറണം. അതു സാധ്യമാകുമെന്ന  തന്റെ പ്രതീക്ഷ എഴുത്തുകാരൻ പങ്കിടുന്നു. രോഗത്തെ കീഴടക്കിയശേഷം ലോകത്തെ കാണുന്നത‌് കുട്ടികളുടെ കൗതുകത്തോടെയാണ‌്. മൂലകോശങ്ങൾ മാറിയതോടെ വീണ്ടും കുഞ്ഞായി പിച്ചവച്ചു പുതിയ മനുഷ്യനായി മാറിയെന്ന‌് ഷാനവാസ‌് എഴുതുന്നു.
 
പത്രപ്രവർത്തകനും എഴുത്തുകാരനും പ്രസാധകനുമായ ഷാനവാസ‌് പോങ്ങനാടിനെ ആക്രമിച്ചത‌് എല്ലിനെ ബാധിക്കുന്ന മൾട്ടിപ്പിൾ മൈലോമ ഇനത്തിലുള്ള ക്യാൻസർരോഗമാണ‌്. ഇടുപ്പെല്ലിന്റെ വേദനയായിരുന്നു ലക്ഷണം. രക്തം പരിശോധിച്ചപ്പോൾ ഇഎസ‌്ആർ ഉയർന്നുനിൽക്കുകയായിരുന്നു. ടിബിയുള്ളവർക്ക‌് ഇങ്ങനെ സംഭവിക്കാം.  ശ്രീചിത്രമെഡിക്കൽ സെന്ററിലെയും തിരുവനന്തപുരം മെഡിക്കൽ കോളേജ‌് ആശുപത്രിയിലെയും ഡോക്ടർമാർ പ്രകടിപ്പിച്ച സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടർപരിശോധനകളിലാണ‌് ക്യാൻസർ സ്ഥിരീകരിച്ചത‌്. ആർസിസിയിലെ പരിശോധനയിലാണ‌് മൾട്ടിപ്പിൾ മൈലോമയാണെന്ന‌് വ്യക്തമായത‌്. ഈ പരിശോധനകളുടെ ഓരോ ഘട്ടത്തിലും എഴുത്തുകാരൻ അനുഭവിച്ച വേദനയും ഉൽക്കണ‌്ഠയും വായനക്കാരോട‌് വികാരതീവ്രമായി പങ്കിടുന്നു. ബോൺമാരോ പരിശോധനയ‌്ക്ക‌ുശേഷം എഴുന്നേറ്റപ്പോൾ ‘തിരുമ്മിയ തുണിപോലെ ശരീരം ഉലഞ്ഞുപോയി’ എന്നാണ‌് അനുഭവസാക്ഷ്യം.
 
ചികിത്സയുടെ രണ്ടാംഘട്ടമായി മജ്ജ മാറ്റിവച്ചശേഷം, ശരീരം പുതിയ അതിഥികളെ  സ്വീകരിക്കുന്നതിന്റെ കെടുതികൾ ഭീകരമായിരുന്നു. അവയെല്ലാം പങ്കിടുന്നതിൽ ഷാനവാസ‌് മടിയൊന്നും കാണിക്കുന്നില്ല.  വെല്ലൂർ ക്രിസ‌്ത്യൻ മെഡിക്കൽ കോളേജ‌് ആശുപത്രിയിൽവച്ചാണ‌് മജ്ജ മാറ്റിവയ‌്ക്കൽ നടത്തിയത‌്. അവിടെ ചെലവിട്ട ഓരോ മണിക്കൂറും കൃത്യമായി ഓർത്ത‌് എഴുതിയിട്ടുണ്ട‌്. ആശുപത്രി ജീവനക്കാർ, ഡോക്ടർമാർ, സഹായഹ‌സ‌്തം നീട്ടിയ നാട്ടുകാർ എന്നിവരെയെല്ലാം ഓർക്കുന്നു. പിന്നിട്ട അസഹനീയമായ ചികിത്സഘട്ടങ്ങ‌ളുടെ വിശദാംശങ്ങൾ ഒന്നുപോലും മറന്നുപോകാതെ സഹജീവികളെ അറിയിക്കുന്നതിൽ എഴുത്തുകാരൻ അങ്ങേയറ്റം ശ്രദ്ധപുലർത്തിയിരിക്കുന്നു. 
 
പീഡാനുഭവത്തിന്റെ  കാലത്ത‌്  സഹായിക്കുകയും സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ‌്തവരെ ഷാനവാസ‌് സ‌്നേഹപൂർവം ഓർക്കുന്നു.
‘അർബുദത്തോട‌് പൊരുതുന്നവർക്ക‌്’ സമർപ്പിച്ചിരിക്കുന്ന ഈ പുസ‌്തകത്തിന്റെ പ്രസാധകർ മെലിൻഡ ബുക‌്സാണ‌്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top