13 July Saturday

എത്ര ദീര്‍ഘമാണ് സമൃദ്ധിയിലേക്കുള്ള പാത

ഡോ. യു നന്ദകുമാര്‍Updated: Sunday Sep 18, 2016

ജവാഹര്‍ലാല്‍ നെഹ്റു മരിച്ചത് 1964ലാണ്. അതിനുശേഷമുള്ള 50 വര്‍ഷത്തെ ഇന്ത്യന്‍ സമ്പദ്ഘടനയുടെ ചരിത്രം പഠിക്കുന്നത് വിചിത്രമായ അനേകം അനുഭവങ്ങളാകും നമുക്ക് നല്‍കുക.

ചുരുങ്ങിയ കാലത്തെ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ഭരണത്തെ പ്രതികൂലമായി സ്വാധീനിച്ച രണ്ടുഘടകങ്ങള്‍ പാകിസ്ഥാനുമായുള്ള യുദ്ധവും കൊടുംവരള്‍ച്ചയുമാണ്. എന്നാല്‍, അദ്ദേഹത്തിന്റെ സര്‍വപ്രധാനമായ സംഭാവന ഹരിതവിപ്ളവത്തിന് സുശക്തമായ അടിത്തറ നല്‍കിയെന്നതാണ്. പുതിയ വിത്തിനങ്ങളും നവീന സാങ്കേതികവിദ്യകളും നമ്മുടെ കാര്‍ഷികമേഖലയിലേക്ക് അന്നാണ് കടന്നുവന്നത്. 1965ലും '66ലുമുണ്ടായ കൊടുംവരള്‍ച്ചകള്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെത്തന്നെ ബാധിക്കാന്‍ പോന്നതായിരുന്നു. അന്നു പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെമേല്‍ അന്താരാഷ്ട്ര നാണ്യനിധി, ലോകബാങ്ക്, അമേരിക്കന്‍ സര്‍ക്കാര്‍ എന്നിവരുടെ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു, സാമ്പത്തിക നവീകരണത്തിന്. ഈ സമ്മര്‍ദത്താല്‍ '66ല്‍ രൂപയുടെ വിലയില്‍ വന്‍ മൂല്യശോഷണം ഏര്‍പ്പെടുത്തി. എന്നാല്‍, രൂപയുടെ മൂല്യശോഷണത്തിനുശേഷം പ്രതീക്ഷിച്ചിരുന്ന വിദേശനിക്ഷേപം രാജ്യത്തിലേക്ക് പ്രവഹിക്കാതായപ്പോള്‍ രൂപയില്‍ നടത്തിയ പരിഷ്കാരം സാമ്പത്തികവും രാഷ്ട്രീയവുമായ അനര്‍ഥമായി പരിണമിക്കുകയും ചെയ്തു. എഴുപതുകളിലെ സാമ്പത്തികചരിത്രത്തിലെ പ്രധാന സംഭവങ്ങള്‍, ആവര്‍ത്തിച്ചുവന്ന വരള്‍ച്ചകളും യുദ്ധവും എണ്ണവിലയിലുണ്ടായ വന്‍ വര്‍ധനയും പണപ്പെരുപ്പവും ഒക്കെയാണ്.

എന്തുകൊണ്ടാണ് 1950–80 കാലഘട്ടത്തില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ചപോലെയുള്ള വികസനം ആര്‍ജിക്കാന്‍ കഴിയാത്തത്? ഈ ചോദ്യത്തിന്റെ സങ്കീര്‍ണതകളിലേക്ക് വ്യാപരിക്കുകയാണ് വിജയ് ജോഷി തന്റെ 'ഇന്ത്യയുടെ അതീദീര്‍ഘപാത: അഭിവൃദ്ധിക്കായുള്ള അന്വേഷണം' എന്ന പുസ്തകത്തില്‍. ഓക്സ്ഫോര്‍ഡില്‍ അധ്യാപന– ഗവേഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ജോഷി പല കാലഘട്ടങ്ങളിലായി ഇന്ത്യയിലെ ധനമന്ത്രാലയവും റിസര്‍വ് ബാങ്കുമൊക്കെയായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. വിപുലമായ ഗവേഷണം, അവശ്യം വേണ്ടുന്ന സ്ഥിതിവിവരക്കണക്കുകളുടെ പട്ടികകള്‍, അനുബന്ധം, വിശദീകരണക്കുറിപ്പുകള്‍ എന്നിവയൊക്കെയായി തയ്യാറാക്കിയ പുസ്തകമാണ് ഇത്. ഇന്ത്യയുടെ രാഷ്ട്രീയ സാമ്പത്തിക നയങ്ങള്‍ പഠിക്കുന്ന ഏവര്‍ക്കും വായിക്കാവുന്ന പുസ്തകമായി ഇതിനെ കാണണം. ഗൌരവമായ വായന ആവശ്യപ്പെടുന്ന പുസ്തകമാണ് ഇത്.

ഏതൊരു രാജ്യത്തിനും മുന്നേറണമെങ്കില്‍ സാമ്പത്തികഭദ്രത ആര്‍ജിക്കേണ്ടതുണ്ട്. നമ്മുടെ ക്രമസമാധാനം, പ്രതിരോധം എന്നിവപോലെതന്നെ പ്രധാനമാകുന്നു സാമ്പത്തികഭദ്രത. പുരോഗതിയുടെ കാര്യത്തില്‍ 1991 മുതല്‍ 2007 വരെ നമ്മുടെ നില ശക്തമായിരുന്നു– ഒമ്പത് ശതമാനത്തിലധികം വളര്‍ച്ച, അഞ്ച് ശതമാനത്തില്‍ താഴെ പണപ്പെരുപ്പം. തുടര്‍ന്നുള്ള ആറുവര്‍ഷം പണപ്പെരുപ്പം 10 ശതമാനത്തിലേക്ക് കുതിക്കുകയും ധനകമ്മി ക്രമാതീതമായി ഉയരുകയും ചെയ്തു. പലരും ഈ കാലഘട്ടത്തിലെ നമ്മുടെ സ്ഥിതി 2008ലെ ആഗോള സാമ്പത്തികപ്രതിസന്ധിമൂലമാണെന്ന് കരുതുന്നുണ്ട്. എന്നാല്‍, വിജയ് ജോഷി കരുതുന്നത് ഇത് സാമ്പത്തികസുസ്ഥിതിക്ക് ആവശ്യമായ ആന്തരിക സന്തുലിതാവസ്ഥ ഉറപ്പാക്കാന്‍ സാധിക്കാത്തതിനാലാണെന്നുതന്നെ. പണപ്പെരുപ്പം 2008– 13 കാലഘട്ടത്തില്‍ ഉദ്ദേശം 10 ശതമാനമായിരുന്നെങ്കില്‍, പിന്നീടുള്ള ആറുവര്‍ഷക്കാലം അത് എട്ട് ശതമാനം വച്ചായിരുന്നു. ഇന്ത്യയെ ഇപ്പോള്‍ പണപ്പെരുപ്പം കുറഞ്ഞ രാജ്യമായി നിക്ഷേപകര്‍ കാണുന്നില്ലെന്നതാണ് സത്യം. ഈ കാലഘട്ടത്തില്‍ വികസിതരാജ്യങ്ങളില്‍ പണപ്പെരുപ്പം 1.9 ശതമാനവും വികസ്വരരാജ്യങ്ങളില്‍ ശരാശരി 6.6 ശതമാനവും മാത്രമായിരുന്നു. പല കാരണങ്ങള്‍ ഇതിലേക്ക് നയിച്ചിട്ടുണ്ട്. കൃഷിയിലുണ്ടായ തകര്‍ച്ച, രൂപയുടെ മൂല്യശോഷണം, എണ്ണവിലയിലുണ്ടായ വര്‍ധന, നികുതിനടത്തിപ്പുകളിലെ ശുഷ്കാന്തിക്കുറവ്, കോര്‍പറേറ്റുകളുടെ അനിയന്ത്രിതമായ വായ്പയെടുക്കല്‍, റിസര്‍വ് ബാങ്കിന്റെ മൃദുസമീപനം എന്നിങ്ങനെ പലതും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2016 മുതല്‍ പണപ്പെരുപ്പം ആറ് ശതമാനമായി ചുരുങ്ങിയിട്ടുണ്ട്, ഇനിവരും വര്‍ഷങ്ങളില്‍ നാല് ശതമാനത്തിനടുത്ത് ലക്ഷ്യംവയ്ക്കണമെന്നാണ് സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും ധാരണ.

പണപ്പെരുപ്പം ഇന്ത്യയിലെ ഏറ്റവും ദരിദ്രരായിട്ടുള്ള ജനങ്ങളെയാണ് കൂടുതല്‍ ബാധിക്കുക. അതിനാല്‍ ദാരിദ്യ്രനിര്‍മാര്‍ജനംകൂടി സുപ്രധാന ലക്ഷ്യമാണ് സര്‍ക്കാരുകള്‍ക്ക്. ഏറ്റവും ദരിദ്രരായിട്ടുള്ളവരെ ലക്ഷ്യമിടുന്ന പദ്ധതികളാണ് വിജയ് ജോഷി സര്‍വപ്രധാനമായി കാണുന്നത്. രണ്ട് വിദഗ്ധര്‍, തെണ്ടുല്‍ക്കര്‍, രംഗരാജന്‍ എന്നിവര്‍ വ്യത്യസ്തമായ പഠനങ്ങള്‍ ഈ ദിശയില്‍ നടത്തുകയുണ്ടായി. തെണ്ടുല്‍ക്കര്‍ റിപ്പോര്‍ട്ടനുസരിച്ച് 21.9 ശതമാനംപേര്‍ (26.9 കോടി ജനങ്ങള്‍) ദാരിദ്യ്രരേഖയുടെ ഏറ്റവും താഴെത്തട്ടിലുള്ളതായി കണ്ടു. എന്നാല്‍, രംഗരാജന്‍ റിപ്പോര്‍ട്ട് 29.8 ശതമാനം (36.3 കോടി ജനങ്ങള്‍) ഏറ്റവും ദരിദ്രരായിട്ടുണ്ടെന്നു കണ്ടെത്തി. തീര്‍ച്ചയായും ഇത് ദാരിദ്യ്രത്തിന്റെ രേഖ വരച്ചതിലുണ്ടായ വ്യതിയാനമാണ്. ജോഷിയുടെ അഭിപ്രായത്തില്‍ ഇപ്പറയുന്ന 26.9 കോടി ജനങ്ങള്‍ക്കും അടിസ്ഥാനവരുമാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍നയമുണ്ടാകണം. ഇത് ഇന്നത്തെ സാമ്പത്തികനിലയനുസരിച്ച് സാധ്യമാണെന്ന് അദ്ദേഹം കണക്കുകള്‍കൊണ്ട് നമ്മുക്ക് കാട്ടിത്തരുന്നു. ഇതിന് മൊത്തത്തിലുള്ള ചെലവ് ജിഡിപിയുടെ 0.76 ശതമാനമാണ് ആകുക. ഇതില്‍നിന്നുണ്ടാകുന്ന സാമൂഹികമുന്നേറ്റവും ജീവിതഗുണമേന്മയിലെ വര്‍ധനയുംകൂടി പരിഗണിച്ചാല്‍ ഇതത്ര വലിയ സാമ്പത്തികബാധ്യതയല്ലെന്ന് കരുതാം. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള ഓരോ വ്യക്തിക്കും തെണ്ടുല്‍ക്കര്‍ കണ്ട രേഖയ്ക്കുമുകളിലെത്താന്‍ ആവശ്യമുള്ള പണം അടിസ്ഥാനവേതനമായി ഡയറക്ട് പേമെന്റ് വ്യവസ്ഥയില്‍ എത്തിക്കുക എന്നതാണ് അദ്ദേഹം ശുപാര്‍ശ ചെയ്യുന്ന വഴി.

സാമ്പത്തികവികസനം നടക്കണമെങ്കില്‍ നിക്ഷേപം രാജ്യത്തിലെത്തണം. ലോകബാങ്ക് അടുത്തകാലത്ത് ലോകത്തെമ്പാടുമുള്ള സുഗമമായ ബിസിനസ് സാഹചര്യത്തെ (ഋമലെ ീള ഉീശിഴ ആൌശിെല) അവലോകനം ചെയ്യുകയുണ്ടായി. ഇതില്‍ ഇന്ത്യയുടെ നില 189 രാജ്യങ്ങളില്‍ 134 എന്നായിരുന്നു. ഒരു സംരംഭം തുടങ്ങാന്‍ 12 വ്യത്യസ്ത ഓഫീസ് ഇടപെടലുകളും 27 ദിവസവും വേണ്ടിവരും. കെട്ടിടനിര്‍മാണത്തിന് 35 ഓഫീസ് ഇടപെടലുകളും 168 ദിവസങ്ങളും വേണ്ടിവരും. വൈദ്യുതി ലഭിക്കാന്‍ 67 ദിവസങ്ങളും ആധാരം രജിസ്ട്രാക്കാന്‍ 44 ദിവസങ്ങളും എന്നിങ്ങനെ ഒരു നവസംരംഭകനെ കാത്തിരിക്കുന്നത് സര്‍ക്കാരിന്റെ അനന്തമായ ചുവപ്പുനാടയില്‍ കുടുങ്ങിയ ബ്യൂറോക്രാറ്റിക് സംവിധാനമാണ്. എല്ലാ സംസ്ഥാനങ്ങളിലും ഇതെല്ലാം ശരിയാകണമെന്നില്ല, പൊതുരീതി ഇങ്ങനെയാണെന്നു മാത്രം.

ഇതോടൊപ്പം ചേര്‍ത്തുകാണേണ്ടതാണ് അഴിമതിയും കുറ്റവാസനയും. 1969ല്‍ കോര്‍പറേറ്റുകള്‍ രാഷ്ട്രീയപാര്‍ടികള്‍ക്ക് നല്‍കുന്ന സംഭാവന നിയമവിരുദ്ധമായി പ്രഖ്യാപിച്ചതുമുതലാണ് നമ്മുടെ സമ്പദ്ഘടനയില്‍ കള്ളപ്പണം ക്രമാതീതമായി വര്‍ധിച്ചത്. 1985ല്‍ ഈ നിയമം എടുത്തുകളഞ്ഞു എങ്കിലും ഇതിനകംതന്നെ കള്ളപ്പണം, അഴിമതി, ക്രിമിനല്‍ ഇടപെടലുകള്‍ എന്നിവ സര്‍വസാധാരണമായി കഴിഞ്ഞു. 2010 മുതലുള്ള കാലഘട്ടം കുംഭകോണങ്ങളുടേതായിരുന്നല്ലോ. ഇതുകൂടാതെ ഏറ്റവും താഴത്തെ തലത്തിലും അഴിമതി അനുസ്യൂതം തുടരുന്നതായി കാണാന്‍ കഴിയും. മറിയാന്‍ ബര്‍ട്രാന്‍ഡ് ഡല്‍ഹിയില്‍ നടത്തിയ പഠനത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതില്‍പ്പോലും വ്യാപകമായ അഴിമതി നിലനില്‍ക്കുന്നതായി കണ്ടെത്തി. ഇത്തരം അഴിമതിയുടെ വ്യാപ്തി വളരെ വലുതാണ്. ഉദാഹരണത്തിന് തൊഴിലുറപ്പുപദ്ധതിയിലെ ചോര്‍ച്ച 25 ശതമാനമെന്ന് കരുതിയാല്‍ രാജ്യത്തിനുണ്ടാകുന്ന നഷ്ടം 20,000 കോടി രൂപയാണ്. സ്കൂളുകളില്‍നിന്ന് അധ്യാപകര്‍ വിട്ടുനില്‍ക്കുന്നതുവഴി ഉണ്ടാകുന്ന നഷ്ടം 10,000 കോടി വരും. സത്യത്തില്‍ അഴിമതി വര്‍ധിക്കുന്നത് സ്റ്റേറ്റ് ദുര്‍ബലമാകുന്നതിന്റെ ലക്ഷണമാണ് കാട്ടുന്നത്.

സാമ്പത്തിക അടിത്തറയില്‍ വികാസം സിദ്ധിക്കണമെങ്കില്‍ ജീവസ്സുറ്റ വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ ഉണ്ടാകണം. ഈ രണ്ട് മേഖലകളും ഗുണമേന്മയുടെ കാര്യത്തില്‍ വളരെ പിന്നിലാണെന്ന് പറയാതെ വയ്യ. എല്ലാ ദിവസവും പഠനം നടക്കുന്നുണ്ടെങ്കിലും വിദ്യാര്‍ഥികളിലെ പഠനഫലത്തില്‍ ഇത് പ്രതിഫലിക്കാറില്ല. 2014ലെ സര്‍വേഫലമനുസരിച്ച് അഞ്ചാംക്ളാസില്‍ പഠിക്കുന്ന 74 ശതമാനം കുട്ടികള്‍ക്ക് ലഘുവായ ഗണിതം വശമില്ലായിരുന്നു. പല സര്‍വേകളിലും ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ അന്താരാഷ്ട്രതലത്തില്‍തന്നെ പ്രകടമായ പിന്നോക്കാവസ്ഥയിലാണ്. ആരോഗ്യരംഗത്തും സ്ഥിതി മെച്ചമല്ല. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനത്തിന് ഗുണമേന്മ വളരെ പുറകിലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

പുസ്തകത്തിന്റെ അവസാന അധ്യായം, എന്താണ് പരിഹാരം? നമ്മുടെ മുന്നില്‍ എന്താണ്? എന്നീ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. വ്യാപകമായ നയവ്യതിയാനങ്ങളാണ് പുസ്തകം മുന്നോട്ടുവയ്ക്കുന്നത്. വിദേശ ഏജന്‍സികളുമായുള്ള സാമ്പത്തിക കൊടുക്കല്‍ വാങ്ങല്‍, കമ്പോളത്തിന്റെയും ഉടമസ്ഥതയുടെയും മുകളിലുള്ള നിയന്ത്രണം, ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും കാലാവസ്ഥയിലും വേണ്ടുന്ന നിക്ഷേപം എന്നിങ്ങനെ പല സാമ്പത്തികനയങ്ങളിലൂടെ പുസ്തകം കടന്നുപോകുന്നു. അതാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top