29 January Sunday

നരേന്ദ്രപ്രസാദ് ഒരു സമഗ്രനാടകം

ബി അബുരാജUpdated: Sunday Sep 18, 2016

നരേന്ദ്രപ്രസാദ് ഒരു സമഗ്രനാടകം സമാഹരണം: അലക്സ് വള്ളികുന്നം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വില: 150

പുതുവിചാരങ്ങളുടെ മേഘസ്ഫോടനങ്ങള്‍ നവഭാവുകത്വത്തിന്റെ പ്രളയം സൃഷ്ടിച്ച എഴുപതുകളുടെ അരങ്ങിലേക്ക് ചിന്താതാരുണ്യത്തിന്റെ ഊര്‍ജവുംപേറി ഒരു യുവാവ് കടന്നുവന്നു. ആകസ്മികതയും യാദൃച്ഛികതയുമാണ് നാടകീയത സൃഷ്ടിക്കുന്നതെങ്കില്‍, പലവേഷങ്ങളില്‍ അയാള്‍ നിറഞ്ഞാടി, തീര്‍ത്തും നാടകീയത നിറഞ്ഞ ഒരു ജീവിതം. തിരശ്ശീല താഴ്ന്ന് മടങ്ങുമ്പോള്‍ അവശേഷിപ്പിച്ചത് വര്‍ണപ്പകിട്ടിന്റെ വിസ്മയങ്ങളായിരുന്നില്ല, കാലത്തിന്റെ ഉരകല്ലില്‍ മാറ്റുതെളിയിക്കാന്‍ പോന്ന വാക്കുകളും ചിന്തകളുമായിരുന്നു. അത് നരേന്ദ്രപ്രസാദ്. നാടകകൃത്ത്, സംവിധായകന്‍, അധ്യാപകന്‍, സാഹിത്യവിമര്‍ശകന്‍, ചലച്ചിത്രനടന്‍ തുടങ്ങി കൈവച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലി.

സാഹിത്യനിരൂപകനെന്ന നിലയിലാണ് അദ്ദേഹം തുടക്കത്തില്‍ ശ്രദ്ധേയനായത്. ആധുനികതയുടെ വക്താവ്. ക്ഷോഭത്തിന്റെ സുവിശേഷകന്‍. 1975ല്‍ മുപ്പതുവയസ്സെത്തുംമുമ്പ് പ്രസിദ്ധീകരിച്ച 'ഭാവുകത്വം മാറുന്നു' എന്ന ഗ്രന്ഥത്തില്‍ത്തന്നെ പരമ്പരാഗത നിരൂപണശൈലിയില്‍നിന്ന് മാറിനടക്കാനുള്ള ശ്രമം നരേന്ദ്രപ്രസാദ് നടത്തി. കലാസൃഷ്ടി സ്വാതന്ത്യ്രത്തിന്റെ ഉല്‍പ്പന്നമാണെന്നദ്ദേഹം പ്രഖ്യാപിച്ചു. അങ്ങനെ ഇംഗ്ളീഷ് അധ്യാപകനായും സാഹിത്യനിരൂപകനായും പ്രശസ്തിയിലേക്കുയര്‍ന്നുവരുന്ന സന്ദര്‍ഭത്തിലാണ് 1978ല്‍ കോളേജധ്യാപകര്‍ക്കായി തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ സംഘടിപ്പിച്ച ഒരു ശില്‍പ്പശാലയില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അലിയാരുടെ നിര്‍ബന്ധത്തിനു വഴങ്ങി നരേന്ദ്രപ്രസാദ് പങ്കെടുക്കുന്നത്. അവിടെവച്ച് അദ്ദേഹം തന്റെ വഴി നാടകമാണെന്ന് തിരിച്ചറിഞ്ഞു. 1979ല്‍ എഴുതിയ മൂന്ന് പ്രഭുക്കന്മാരിലൂടെ നാടകരംഗത്തേക്ക് പ്രവേശിച്ചു. കുമാരന്‍ വരുന്നില്ല, റാണി അമ്മച്ചി, സതീര്‍ഥ്യന്‍, ഇര, മഴ, രക്ഷക്കല്ല്, സൌപര്‍ണിക, മാര്‍ത്താണ്ഡവര്‍മ എങ്ങനെ രക്ഷപ്പെട്ടു, അവസാനത്തെ അത്താഴം, ഉത്തരം, താലപ്പൊലി, വെള്ളിയാഴ്ച, മരങ്ങള്‍, പൂവിളി, പടിപ്പുര, സ്വര്‍ണസിംഹാസനം, മുറജപത്തിനു പോയ രണ്ടു സഞ്ചാരികള്‍, അവര്‍, താരാട്ട് എന്നിങ്ങനെ ആകെ 20 നാടകങ്ങള്‍ ആ തൂലികയില്‍നിന്ന് പിറവികൊണ്ടു. ബെക്കറ്റിന്റെ വെയ്റ്റിങ് ഫോര്‍ ഗോഥോയും എഡ്വാര്‍ഡ് ആല്‍ബിയുടെ സൂം സ്റ്റോറിയും വോള്‍ സോയിങ്കയുടെ സ്വാംപ് ഡ്വല്ലേഴ്സും ശ്രീകണ്ഠന്‍നായരുടെ ലങ്കാലക്ഷ്മിയും സംവിധാനംചെയ്തു. തിരുവനന്തപുരം കേന്ദ്രമായി നാട്യഗൃഹമെന്ന തിയറ്റര്‍ ഗ്രൂപ്പ് തുടങ്ങി. അതിനിടെ 'നിഷേധികളെ മനസ്സിലാക്കുക'പോലുള്ള വിമര്‍ശന ഗ്രന്ഥങ്ങള്‍ രചിച്ചു. ഒടുവില്‍ സിനിമാഭിനയവും– 114 സിനിമകളില്‍. മരണാനന്തരവും നരേന്ദ്രപ്രസാദ് നമ്മുടെ സാഹിത്യ– നാടക– സിനിമാ ലോകത്ത് സജീവസാന്നിധ്യം.

നരേന്ദ്രപ്രസാദിന്റെ സംഭാവനകള്‍ സമഗ്രമായി രേഖപ്പെടുത്താനുള്ള ശ്രമമാണ് 'നരേന്ദ്രപ്രസാദ് ഒരു സമഗ്രനാടക'മെന്ന പുസ്തകം. 2015 നവംബറില്‍ നാട്യഗൃഹം സംഘടിപ്പിച്ച സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളുടെയും നാടകേതരമേഖലയിലെ നരേന്ദ്രപ്രസാദിന്റെ ഇടപെടലുകളെക്കുറിച്ചുള്ള പഠനങ്ങളുടെയും സമാഹാരം. വളരെ ഗൌരവത്തോടെ ഓരോ വിഷയത്തെയും സമീപിച്ച് സൂക്ഷ്മതയോടെ തയ്യാറാക്കിയ ലേഖനങ്ങളാണ് ഇതിലുള്ളത്. വെറുമൊരോര്‍മപ്പുസ്തകത്തിനപ്പുറം മലയാള നാടകവേദിയെപ്പറ്റി പഠിക്കുന്നവര്‍ക്ക് ഒഴിവാക്കാനാകാത്ത റഫറന്‍സാണ് 'നരേന്ദ്രപ്രസാദ് ഒരു സമഗ്രനാടകം.'

പ്രബന്ധങ്ങള്‍ സമാഹരിച്ച് അവതരിപ്പിച്ചിരിക്കുന്ന അലക്സ് വള്ളികുന്നം അറിയപ്പെടുന്ന നാടകചരിത്രകാരനും നടനും സംവിധായകനുമാണ്. ദീര്‍ഘമായ അവതരണപാഠത്തിനൊപ്പം അരങ്ങിലെ പൊരുളുകള്‍ എന്ന ലേഖനവും അലക്സിന്റേതായി ഉള്‍പ്പെടുത്തിയിരിക്കുന്നു.

പ്രൊഫ. എം കൃഷ്ണന്‍നായര്‍, കെ വേലപ്പന്‍, പ്രൊഫ. അലിയാര്‍, പി കെ രാജശേഖരന്‍, ബിയാട്രീസ് അലക്സിസ്, അജയപുരം ജ്യോതിഷ്കുമാര്‍, പി എ എം റഷീദ്, എം ചന്ദ്രപ്രകാശ്, സുധീര്‍ പരമേശ്വരന്‍, ടി എം എബ്രഹാം, സുരേഷ്ബാബു, കെ എ മുരളീധരന്‍, എം കെ ഗോപാലകൃഷ്ണന്‍, സുധീര്‍ പരമേശ്വരന്‍, വി വി കുമാര്‍, എസ് രാധാകൃഷ്ണന്‍, പി എസ് പ്രദീപ്, എം വി ഗോപകുമാര്‍, നൂറനാട് സുകു, ആര്‍ ബി രാജലക്ഷ്മി തുടങ്ങിയവരാണ് പ്രബന്ധകര്‍ത്താക്കള്‍. പുസ്തകത്തിന്റെ ആദ്യഭാഗത്ത് നരേന്ദ്രപ്രസാദിന്റെ നാടകങ്ങള്‍ ഒന്നൊന്നായി വിശകലനംചെയ്യുന്നു. സമഗ്രം എന്ന തലക്കെട്ടില്‍ രണ്ടാംഭാഗത്ത് നാടകേതര മേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നു. ഇവിടെ പി കെ രാജശേഖരന്‍ 'ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയും ആജ്ഞാകരനും അതികാമിയും അനിയന്ത്രിതനുമെന്നപോലെ ദുര്‍ബലനുമായ' നരേന്ദ്രപ്രസാദെന്ന വ്യക്തിയെയും പാഠപുസ്തകത്തിനപ്പുറത്തേക്ക് തന്റെ ക്ളാസുമുറികളെ കൊണ്ടുപോയ അധ്യാപകനെയും വരച്ചിടുന്നു.

നരേന്ദ്രപ്രസാദിലെ കവിയെയും നോവലിസ്റ്റിനെയും കഥാകൃത്തിനെയും പരിചയപ്പെടുത്തുന്നു പ്രദീപ് പനങ്ങാട്. 1974ല്‍ നരേന്ദ്രപ്രസാദ് എഴുതിയ 'അലഞ്ഞവര്‍ അന്വേഷിച്ചവര്‍' എന്ന നോവല്‍ രചയിതാവുതന്നെ പിന്നീട് പിന്‍വലിക്കുകയാണുണ്ടായത്. എം എന്‍ രാജന്‍ ഈ നോവലിനെക്കുറിച്ച് എഴുതുന്നു. നിരൂപകനായ നരേന്ദ്രപ്രസാദിനെ വിശകലനംചെയ്യുകയാണ് എം ചന്ദ്രപ്രകാശും അജയപുരം ജ്യോതിഷ്കുമാറും.

നാടകാവതരണങ്ങളുടെയടക്കം നിരവധി ഫോട്ടോഗ്രാഫുകളും കണ്ടെത്തി പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. കാവാലം എഴുതിയ മുഖശ്രീയും എം ആര്‍ തമ്പാന്റെ പ്രവേശികയും ഹ്രസ്വമെങ്കിലും ആശയസമ്പുഷ്ടവും ഹൃദ്യവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top