20 April Saturday

കവിതയുടെ മനുഷ്യദര്‍ശനം

ആലങ്കോട് ലീലാകൃഷ്ണന്‍Updated: Sunday May 1, 2016

അപരിഗ്രഹം പ്രഭാവര്‍മ്മ കാവ്യസമാഹാരം മാതൃഭൂമി ബുക്സ് വില: 200

മനുഷ്യജീവിതം എന്നും വൈരുധ്യാധിഷ്ഠിതമാണെന്നും വൈരുധ്യമില്ല എന്നു തോന്നുന്നിടത്ത് അസത്യമോ കാപട്യമോ ഉണ്ടെന്നും തിരിച്ചറിഞ്ഞിട്ടുള്ള കവിയാണ് പ്രഭാവര്‍മ്മ. സമഗ്ര കാവ്യസൌന്ദര്യവും ചരിത്രബോധവും ദര്‍ശനവുമുള്ള മലയാളത്തിലെ വിരലിലെണ്ണാവുന്ന നല്ല കവികളിലൊരാള്‍. 'അപരിഗ്രഹം' എന്ന പ്രഭാവര്‍മ്മയുടെ പുതിയ കാവ്യസമാഹാരം എല്ലാ അര്‍ഥത്തിലും പ്രഭാവര്‍മ്മക്കവിതകളുടെ ആ സമ്യക്സംസ്കൃതി അടയാളപ്പെടുത്തുന്നു.

'അപരിഗ്രഹം' എന്ന കവിതയിലെ അവസാനവരികളില്‍ പ്രഭാവര്‍മ്മ തന്റെ കാവ്യപ്രത്യയശാസ്ത്രം ഇങ്ങനെ വെളിപ്പെടുത്തുന്നുണ്ട്:

"എന്റെ കയ്യിലെയോടത്തില്‍
എണ്ണനിന്നുതുളുമ്പവേ
എണ്ണ വറ്റിക്കെടാന്‍ പാടി–
ല്ലൊരു കൈത്തിരിനാളവും!''

ഇവിടെ 'എണ്ണ' എന്ന ശബ്ദത്തിന് 'സ്നേഹ'മെന്നും അര്‍ഥമുണ്ട്. തന്നില്‍ സ്നേഹം നിറഞ്ഞുനില്‍ക്കുമ്പോള്‍ സ്നേഹം ലഭിക്കാതെ ഒരു ജീവനും അനാഥമാക്കപ്പെടുകയില്ല– ഈ നിശ്ചയദാര്‍ഢ്യത്തില്‍ കവി പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയവിശ്വാസത്തിന്റെ സര്‍ഗവിശുദ്ധിയുണ്ട്.

"ഒന്നിനുമല്ലാതൊരു പൂവിനെ സ്നേഹിച്ചവന്‍
എന്തിനാകിലും കൊല്ലുകില്ലൊരു മനുഷ്യനെ''
എന്ന വരികളിലാകട്ടെ മനുഷ്യസ്നേഹത്താല്‍ സ്ഫുടംചെയ്തെടുത്ത ജീവിതധീരതയുടെ ദര്‍ശനസ്ഥൈര്യവുമുണ്ട്. സത്യത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഹൃദയഭാഷയാകുന്നു പ്രഭാവര്‍മ്മയ്ക്ക് കവിത.

"ക്രൂശില്‍ പിടയുന്ന നേരത്തിടംവലം
നോക്കിലങ്ങാരാരുമില്ല.
പിന്നീടിറക്കിക്കിടത്താന്‍ മടിത്തടം
നീര്‍ത്താനുമാരാരുമില്ല''

എന്ന കവിതയില്‍ അത് കൂടുതല്‍ പ്രകടമാകുന്നു. ഇല്ലാതാകല്‍പോലും ആത്യന്തികമായി ഉണ്‍മയാകുന്നത് പരാര്‍ഥമായിത്തീരുന്ന ഈ കര്‍മധന്യതയിലാണ്. അതാണ് പ്രഭാവര്‍മ്മയുടെ യഥാര്‍ഥ രാഷ്ട്രീയം.

വാഴ്വെന്ന നിത്യജാഗ്രതയുടെ  കനല്‍ ആവോളം ജ്വലിച്ചുനില്‍പ്പുണ്ട് 'അപരിഗ്രഹ'ത്തിലെ കവിതകളില്‍. വാഴ്വും മരണവും സത്യവും മിഥ്യയും വിശ്വാസവും യാഥാര്‍ഥ്യവും വൃഷ്ടിയും സമഷ്ടിയും വൈരുധ്യാധിഷ്ഠിതമായിത്തന്നെ പരസ്പരപൂരകമായി പ്രവര്‍ത്തിക്കുന്നതിലെ ബലതന്ത്രമായിത്തീരുന്നു പ്രഭാവര്‍മ്മയ്ക്ക് കവിത.

"സത്യമേതാണ് പാട്ടിന്റെ ലോകമോ?
വന്നു പാട്ടിലുയിര്‍ക്കുന്ന ലോകമോ!''

എന്ന, 'തിരുവാതിരസ്മൃതി' എന്ന കവിതയിലെ സന്ദേഹം മിസ്റ്റിക് കാവ്യസങ്കല്‍പ്പമോ വിശ്വാസമോ അല്ല. ആത്യന്തികമായ ഒരു വസ്തുസ്ഥിതി യാഥാര്‍ഥ്യമാണ്. രക്തസാക്ഷിയാക്കപ്പെട്ട ഒരു മകന്റെ അമ്മയാണ് പാട്ടിലുയിര്‍ത്ത സ്വപ്നത്തിന്റെ ലോകത്തിലെ നെഞ്ചുകീറുന്ന യാഥാര്‍ഥ്യം. ആ മകനെയും അമ്മയെയും കണ്ടിട്ടുള്ള കവിക്ക് കവിത നേരിനുവേണ്ടിയുള്ള പോരാട്ടവും മരണവുമായിത്തീരുന്നു. എല്ലാ മനുഷ്യരുടെയും പ്രാണനും വികാരങ്ങളും ഒന്നാണെന്ന് 'ഒരേ തീയ്' എന്ന കവിതയില്‍ ജി പറഞ്ഞതുപോലെ 'കൂവളക്കായ' എന്ന കവിതയില്‍ മനുഷ്യനുവേണ്ടി പ്രഭാവര്‍മ്മ ജീവിതയുക്തികൊണ്ട് മരണത്തെ ഇങ്ങനെ നേരിടുന്നു:

"ഒറ്റപ്പെടുന്നതായ് തോന്നുകില്ലേ ഭൂവില്‍–
നിന്നങ്ങടര്‍ന്നുപോകേ?''
എന്ന ചോദ്യത്തിന് കവി പറയുന്ന ഉത്തരംതന്നെയാണ് വാഴ്വിന്റെ സത്യം.
"പൊക്കിള്‍ക്കൊടിയടര്‍ന്നല്ലി നീ ഭൂമിയില്‍
വീണത,ന്നാ നിമിഷം
തോന്നാതിരുന്ന പകപ്പു ഞെട്ടറ്റു നീ
പോകവേ,യെങ്ങനുണ്ടാം?''

വൈകാരികമായ ചില ദാര്‍ശനികസന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച് ജീവിതത്തിന്റെ അഗാധതയില്‍നിന്നുള്ള ചില വലിയ സമാധാനങ്ങളിലേക്കു സഞ്ചരിക്കുന്ന അസാധാരണ കാവ്യനിമിഷങ്ങളാല്‍ സമ്പന്നമാണ് 'അപരിഗ്രഹം.' പ്രഭാവര്‍മ്മ സ്വന്തം അനുഭവങ്ങളില്‍ നിന്നും മനുഷ്യവര്‍ഗത്തിന്റെ പ്രാചീനമായ സമരവികാരപടലങ്ങളില്‍നിന്നും ഒരേസമയം ശക്തി സംഭരിക്കുന്ന കവിയാണ്. മനുഷ്യനുമായി ബന്ധപ്പെട്ട യാതൊന്നും കവിക്ക് അന്യമല്ല എന്നതിന് ഈ സമാഹാരത്തിലെ ചിത്രശാല, അച്ഛനെപ്പോലൊരാള്‍, ആരാച്ചാര്‍, വംശവിരാമം, ബന്ധകാരസ്കരം, കോയിക്കല്‍ കൊട്ടാരത്തില്‍, ശ്വസിതം, ദേഹമന്ദിരം തുടങ്ങിയ കവിതകള്‍ സാക്ഷ്യമാകുന്നു.

"ഇദം ശരീരം കൌന്തേയ
ക്ഷേത്രമിത്യഭിധീയതേ'' എന്ന ശ്ളോകത്തെ മുന്‍നിര്‍ത്തി, മന്ദിരം താന്‍ ശരീരം; ശരീരമേ മന്ദിരം; ഭേദമില്ലതിനേതുമേ' എന്ന് പുതിയൊരു ഭൌതികസാഹചര്യത്തില്‍ കുറിക്കാന്‍ നമ്മുടെ പുരോഗമനകവികളില്‍ പ്രഭാവര്‍മ്മയ്ക്കുമാത്രമേ കഴിയൂ. ഈ വഴിയില്‍ ഒ എന്‍ വി തന്നെയാണ് പ്രഭാവര്‍മ്മയ്ക്ക് ഗുരു. ലോകത്തിലെ എല്ലാ പൈതൃകങ്ങളും പാരമ്പര്യങ്ങളും നാട്ടറിവുനാനാര്‍ഥങ്ങളും വിശ്വാസസൌന്ദര്യങ്ങളും മനുഷ്യവര്‍ഗത്തിനുമുഴുവന്‍ അവകാശപ്പെട്ടതാണെന്നും വിവേചനവിവേകത്തോടെ അവയില്‍നിന്ന് പുതിയ ശക്തിസൌന്ദര്യങ്ങള്‍ മനുഷ്യവര്‍ഗ മുന്നേറ്റത്തിനുവേണ്ടി ചേറിക്കൊഴിച്ചെടുക്കുന്നവനാണ് കാലത്തിന്റെ കവി എന്നും പ്രഭാവര്‍മ്മ ആഴത്തില്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ചരിത്രത്തെ അറിയാന്‍ മാത്രമല്ല, ചരിത്രത്തെ മാറ്റിമറിക്കുവാന്‍കൂടി വാക്കിനു കഴിയുമെന്ന് ബോധ്യപ്പെടുത്തുന്ന മൌലികസര്‍ഗപ്രകാശമുള്ള കവിതകളാണ് 'അപരിഗ്രഹ'ത്തിലേത്. അതില്‍ വ്യക്തിപരമായി എന്നെ ആഴത്തില്‍ സ്പര്‍ശിച്ച 'പുറപ്പാട്' എന്ന കവിതയെക്കുറിച്ചുകൂടി സൂചിപ്പിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ഈ കവിതയ്ക്ക് എന്തെങ്കിലും സമാനതകള്‍ മുമ്പ് മലയാളത്തിലുണ്ടായിട്ടുണ്ടെങ്കില്‍ അത് പിയുടെ 'കളിയച്ഛന്‍' മാത്രമാണ്. പിയില്‍നിന്ന് വ്യത്യസ്തനായി ഈ കവിതയിലെ നായകനായ കഥകളിനടന്‍ അസാധാരണമായ ആത്മബോധത്തെ പ്രകാശിപ്പിക്കുന്നു. പിയിലെ ആത്മനിന്ദയോ ആത്മനിരാസമോ ആത്മവിലാപമോ അല്ല; അസാധാരണമായ ആത്മനിര്‍ണയവും സാമൂഹ്യബോധവുമാണ് ഈ കഥയിലെ നായകനെ കരുത്തുറ്റവനാക്കുന്നത്്.

"കരിയായ്, മിനുക്കായി–
    ത്താടിയായ്, അപൂര്‍വമായ്
ചിലനാള്‍ മഹാരൌദ്ര–
    ത്തിന്റെ കത്തിയായെന്നാല്‍
അതിനൊത്തുയര്‍ന്നീല–
    മേള, മാകയാല്‍ തെല്ലും
വിരിയാതെപോയ് മനോ–
    ധര്‍മഭാവ സാകല്യം!''

ഈ വരികളില്‍ പ്രഭാവര്‍മ്മ എന്ന, തന്നെയറിഞ്ഞ കവിയുണ്ട്.പശ്ചാത്തലമില്ലെങ്കില്‍ താനില്ല എന്നുതന്നെയാണിവിടെ ആത്മദര്‍ശനം. തന്റെ ശക്തിയും ദൌര്‍ബല്യവും കവിക്കറിയാം. ഒപ്പം തന്നെ നിര്‍ണയിക്കുന്നത് മനുഷ്യവര്‍ഗശക്തിയും സാമൂഹ്യബലവുമാണെന്നുമറിയാം. ഈ തിരിച്ചറിവാണ് 'അപരിഗ്രഹ'ത്തെ ഈകാലഘട്ടത്തിലെ സമഗ്രബലമുള്ള കാവ്യസമ്പുടമാക്കിത്തീര്‍ക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top