20 April Saturday

ലേഡീസ് കംപാർട്ട്‌മെന്റ് പ്രകാശിപ്പിച്ചു; ഇന്ന് 15 പുസ്തകങ്ങളുടെ പ്രകാശനം

വെബ് ഡെസ്‌ക്‌Updated: Friday Jan 13, 2023

ബിജു മുത്തത്തി എഴുതിയ ലേഡീസ് കംപാർട്ട്മെന്റ് എന്ന പുസ്തകം സരസ്വതി നാഗരാജന് നൽകി മന്ത്രി ആർ ബിന്ദു പ്രകാശനം ചെയ്യുന്നു. ജോൺ ബ്രിട്ടാസ് എംപി സമീപം

 

തിരുവനന്തപുരം> കൈരളി ന്യൂസിലെ ന്യൂസ് എഡിറ്റർ ബിജു മുത്തത്തിയുടെ ലേഡീസ് കംപാർട്ട്‌മെന്റ്  മന്ത്രി ആർ ബിന്ദു  ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റർ സരസ്വതി നാഗരാജന് നൽകി  പ്രകാശിപ്പിച്ചു. ജോൺബ്രിട്ടാസ് എംപി പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടിഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. പ്രവീൺ കുമാർ സ്വാഗതവും ബിജു മുത്തത്തി നന്ദിയും പറഞ്ഞു.കൈരളി ന്യൂസിൽ ഒരു പതിറ്റാണ്ടുകാലം സംപ്രേഷണം ചെയ്ത കേരള എക്സ്പ്രസിൽനിന്നും തെരഞ്ഞെടുത്ത 41 സ്ത്രീകളെക്കുറിച്ചാണ് പുസ്തകം. മാതൃഭൂമി ബുക്സാണ് പ്രസാധകർ.

പുസ്തകോത്സവത്തിന്റെ അഞ്ചാം ദിനമായ വെള്ളിയാഴ്ച 15 പുസ്തകം പ്രകാശിപ്പിക്കും. സി പി സുരേന്ദ്രൻ എഡിറ്റ് ചെയ്ത ‘ആരാണ് മാഗ്സസെ' സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  പ്രകാശിപ്പിക്കും

ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ് എഴുതിയ ‘കത്തുന്ന തലയണ' ജോർജ് ഓണക്കൂറും രേഖ ആർ താങ്കൾ എഴുതിയ ‘പഴമൊഴിച്ചെപ്പ്'  പി സി വിഷ്ണുനാഥും പ്രകാശിപ്പിക്കും. കെ രാജഗോപാൽ എഴുതിയ ‘പതികാലം' മന്ത്രി സജി ചെറിയാൻ പ്രകാശിപ്പിക്കും.
 
എസ് കമറുദ്ദീൻ എഴുതിയ ‘പറക്കാൻ കൊതിക്കുന്ന പക്ഷികൾ' കെ വി മോഹൻകുമാർ പ്രകാശിപ്പിക്കും. സുകു പാൽക്കുളങ്ങര എഴുതിയ ‘ഗാന്ധിജിയുടെ ഖാദിയാത്ര' ജോർജ് ഓണക്കൂറും പി വിജയകൃഷ്ണൻ എഴുതിയ ‘ലോകസിനിമയുടെ കഥ’ ശ്യാമപ്രസാദും പ്രകാശിപ്പിക്കും. 
 
കുമാരനാശാന്റെ ചണ്ഡാല ഭിക്ഷുകി കാവ്യത്തിന്റെ 100-–-ാം വാർഷികവും പുതിയ പതിപ്പിന്റെ പ്രകാശനവും സി ദിവാകരൻ എഴുതിയ ‘അടിച്ചമർത്തപ്പെട്ടവരുടെ സമരഗാഥ' പ്രകാശനവും  നടക്കും. ബൈജു ചന്ദ്രൻ രചിച്ച ‘ജീവിതനാടകം' എന്ന പുസ്തകം പ്രകാശിപ്പിക്കുന്നത് അടൂർ ഗോപാലകൃഷ്ണനാണ്. വി കെ ബാബുപ്രകാശ് എഴുതിയ ‘നീതിയുടെ പ്രതിസ്പന്ദം' എന്ന പുസ്തകം സ്പീക്കർ എ എൻ ഷംസീർ പ്രകാശിപ്പിക്കും.
 
കെ ജയകുമാർ എഴുതിയ ‘സൗപർണികാമൃതം' എന്ന ഗാനസമാഹാരം രവി മേനോൻ പ്രകാശിപ്പിക്കും. പി രവികുമാർ എഴുതിയ നചികേതസും  പി കെ അനിൽ കുമാറിന്റെ  പ്രസംഗകലയുടെ രസതന്ത്രം, കുഴൂർ വിൽസൺ എഴുതിയ മിഖായേൽ എന്ന കവിതാ സമാഹാരം എന്നിവയും പ്രകാശിപ്പിക്കും. പൊതുജനങ്ങൾക്കായി ക്വിസ് മത്സരവും അഞ്ചാം ദിനം സംഘടിപ്പിച്ചിട്ടുണ്ട്.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top