24 April Wednesday

മണ്ണിലിറങ്ങിയ സ്വപ്നപാത,,, അറിയാം മെട്രോ വിശേഷങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 17, 2017

തിങ്കളാഴ്ച മുതല്‍ പൂര്‍ണമായും യാത്രാസജ്ജമാകുന്ന കൊച്ചി മെട്രോയെ കുറിച്ച് അറിയാം വിശേഷങ്ങള്‍. ഇങ്ങനെയെല്ലാമാണ് നമ്മുടെ മെട്രോ
തറയോടുകള്‍ വഴികാട്ടും
കാഴ്ചയില്ലാത്തവര്‍ക്ക് കൊച്ചി മെട്രോയില്‍ പ്രത്യേക പരിഗണന. ടിക്കറ്റ് എടുക്കുന്നതുമുതല്‍ തിരിച്ചറിങ്ങുന്നതുവരെ പരസഹായം വേണ്ട. ആവശ്യമെങ്കില്‍ വളന്റിയറുടെ സേവനവും ഉണ്ടാകും.
 പ്രത്യേകതരം ടാക്ടൈല്‍ ആണ് ഇവര്‍ക്കായി വിരിച്ചിട്ടുള്ളത്. കാഴ്ചയില്ലാത്തവര്‍ക്ക് കാല്‍കൊണ്ടോ വാക്കിങ്സ്റ്റിക് കൊണ്ടോ സ്പര്‍ശിച്ച് വ്യത്യാസമറിയാം. മിനുസമില്ലാത്തതാണ് ടൈലുകള്‍. ചില ഡിസൈനുകള്‍ ഉയര്‍ന്നുനില്‍ക്കുന്നുണ്ട്.
അല്‍പ്പം വട്ടത്തിലുള്ള ഡിസൈനുകള്‍ക്ക് നില്‍ക്കൂ, ശ്രദ്ധിക്കൂ എന്നാണ് അര്‍ഥം. സ്റ്റേഷന്‍കവാടത്തിലെ പടി കടന്നാല്‍ ഈ ടൈലുകളുണ്ട്. അതിലൂടെ മുന്നോട്ടുപോയാല്‍ നീളത്തില്‍ വരകള്‍ പൊങ്ങിനില്‍ക്കുന്ന നടപ്പാതയിലേക്കു കയറാം. ടിക്കറ്റ് കൌണ്ടറുകളിലേക്കും പരിശോധനാ കേന്ദ്രങ്ങളിലേക്കും ഉപഭോക്തൃ സേവനകേന്ദ്രത്തിലേക്കുമെല്ലാം നയിക്കുന്നത് ഇത്തരം ടൈലുകളാണ്. പ്രത്യേക ശൌചാലയങ്ങളിലേക്കും ലിഫ്റ്റിനു മുന്നിലേക്കും ഈ ടൈല്‍ വിരിച്ചിട്ടുണ്ട്. വൃത്തത്തില്‍ ഡിസൈനുള്ള നാല് ടൈലുകള്‍ ഒന്നിച്ചു പതിപ്പിട്ടുണ്ടെങ്കില്‍ അതൊരു സംഗമസ്ഥലമാണ്. അവിടെനിന്ന് വഴികള്‍ പിരിയുന്നുണ്ടെന്നാണ് അടുത്ത സിഗ്നല്‍.
തൂണുകളിലെ വിലാസം
മെട്രോവഴികളിലെല്ലാം തൂണുകളുണ്ട്. ആലുവയിലെ ആദ്യ തൂണുമുതല്‍ നമ്പറിട്ടുകഴിഞ്ഞു. ആലുവമുതല്‍ വൈറ്റിലവരെ  തൂണുകളുടെ എണ്ണം 1300. തൂണുകളിലെ നമ്പര്‍ നോക്കി നഗരത്തിലെ വീടോ വഴിയോ കടയോ കണ്ടെത്താം.
ഒരോ സ്റ്റേഷനിലും രണ്ടു തൂണ്‍വീതം വെര്‍ടിക്കല്‍ ഉദ്യാനത്തൂണുകളാണ്. ആലുവമുതല്‍ പാലാരിവട്ടംവരെ ഇത്തരം 22 തൂണുകള്‍. സ്റ്റേഷന്റെ പേരും ഉദ്യാനത്തൂണിന്റെ നമ്പറും പറഞ്ഞാല്‍ എളുപ്പം തിരിച്ചറിയാം.
ലോങ് സ്റ്റോപ്പ് റിക്വസ്റ്റ് ബട്ടണ്‍
വീല്‍ചെയറിലെത്തുന്നവര്‍ക്ക് മെട്രോ ട്രെയിനില്‍നിന്ന് പുറത്തിറങ്ങാന്‍ കൂടുതല്‍ സമയം വേണമെങ്കില്‍ 'ലോങ് സ്റ്റോപ്പ് റിക്വസ്റ്റ് ബട്ടണ്‍' അമര്‍ത്താം. ട്രെയിനിനകത്ത് വീല്‍ചെയര്‍ ലോക്കിന് സമീപമാണ് ബട്ടണ്‍. ട്രെയിന്‍ നിര്‍ത്തുമ്പോള്‍, വീല്‍ചെയറിലിരിക്കുന്നയാള്‍ ഈ ബട്ടണ്‍ അമര്‍ത്തിയാല്‍ അയാള്‍ക്ക് സമീപമുള്ള വാതില്‍ മാത്രം കൂടുതല്‍ സമയം തുറന്നിരിക്കും. വീല്‍ചെയറിലെ വ്യക്തി പുറത്തിറങ്ങിയെന്ന് ഉറപ്പാക്കിയശേഷമേ ട്രെയിന്‍ യാത്ര തുടരൂ.
ശൌചാലയം ഫ്രീ സോണില്‍
സ്റ്റേഷനുകളിലെ ശൌചാലയങ്ങള്‍ യാത്രക്കാരല്ലാത്തവര്‍ക്കും ഉപയോഗിക്കാം. പെയ്ഡ് സോണിനു മുമ്പുള്ള ഫ്രീ സോണുകളിലാണ് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായി പ്രത്യേകം ശൌചാലയങ്ങള്‍. ആവശ്യമെങ്കില്‍ ടിക്കറ്റെടുക്കാതെ ഈ സൌകര്യം പ്രയോജനപ്പെടുത്താം. ട്രെയിനില്‍ ശൌചാലയങ്ങളില്ല.
ടിക്കറ്റ്.. ടിക്കറ്റ്
കൂടുതല്‍ യാത്രകള്‍ക്കായി സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം ഉണ്ടാകും. 'കൊച്ചി വണ്‍ കാര്‍ഡ്' എന്ന പേരില്‍ എടിഎം കാര്‍ഡ് മാതൃകയിലാണിവ. ആക്സിസ് ബാങ്കാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. കൊച്ചി വണ്‍ എന്ന മൊബൈല്‍ അപ്ളിക്കേഷന്‍ ഇതിനൊപ്പം ഉപയോഗിച്ചാല്‍ ടിക്കറ്റ് ബുക്കിങ്ങും ട്രെയിന്‍ ടൈംടേബിള്‍ഉള്‍പ്പെടെ മറ്റ് സൌകര്യങ്ങളും ലഭ്യമാകും. ബാങ്ക് അക്കൌണ്ടുമായി സ്മാര്‍ട്ട് കാര്‍ഡിനെ ആവശ്യക്കാര്‍ക്ക് ബന്ധിപ്പിക്കാം. സ്റ്റേഷനുകളിലെ കൌണ്ടറുകളില്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യാനുള്ള മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ചാല്‍ ടിക്കറ്റ് നിരക്കില്‍ 20 ശതമാനത്തോളം കുറവുമുണ്ടാകും.
പറക്കാം 5 മുതല്‍ 10 വരെ
കൊച്ചി മെട്രോയുടെ ആദ്യ സര്‍വീസ് തുടങ്ങുന്നത് പുലര്‍ച്ചെ അഞ്ചുമുതല്‍. അവസാന സര്‍വീസ് രാത്രി 10ന്.  തിരക്കുള്ളപ്പോള്‍ 10 മിനിറ്റിന്റെയും തിരക്കില്ലാത്തപ്പോള്‍ 10-15 മിനിറ്റിന്റെയും ഇടവേളകളില്‍ രണ്ടു ദിശകളിലേക്കും സര്‍വീസ്.
30 മിനിറ്റില്‍ മുഴുദൂരം
ആലുവയില്‍നിന്ന് പാലാരിവട്ടംവരെ എത്താനെടുക്കുന്ന സമയം അരമണിക്കൂര്‍. ആദ്യവും അവസാനവുമുള്ള സ്റ്റോപ്പുകളൊഴിച്ചാല്‍ ഓരോ സ്റ്റേഷനിലും നിര്‍ത്തുന്നത് രണ്ടു മിനിറ്റ് മാത്രം. ആലുവമുതല്‍ പാലാരിവട്ടംവരെ 11 സ്റ്റേഷന്‍.
വേഗം 80 കി.മീ.
മെട്രോ ട്രെയിനുകള്‍ പരമാവധി 80 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കുതിക്കുക. ഓരോ സ്റ്റേഷനിലും 30 സെക്കന്‍ഡ്  നിര്‍ത്തും.
ടിക്കറ്റ് മുകളിലും  താഴെയും
ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശേരി ടൌണ്‍, കൊച്ചിന്‍ യൂണിവേഴ്സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം എന്നിവയാണ് സ്റ്റേഷനുകള്‍. പാലാരിവട്ടം, ചങ്ങമ്പുഴ പാര്‍ക്ക്, ഇടപ്പള്ളി സ്റ്റേഷനുകളില്‍ താഴത്തെ നിലയിലാണ് ടിക്കറ്റ് കൌണ്ടറുകള്‍. മറ്റ് എട്ട് സ്റ്റേഷനുകളിലും ഒന്നാം നിലയിലും.
മിനിമം10
കുറഞ്ഞ നിരക്ക് 10 രൂപ. കൂടിയ നിരക്ക് 40. ആദ്യവസാനമുള്ള യാത്രയ്ക്കാണ് 40 രൂപ. പാലാരിവട്ടംമുതല്‍ ആലുവവരെയോ തിരിച്ചോ ഈ തുകയാകും. ക്യൂ ആര്‍ കോഡ് ടിക്കറ്റുകളാണ് ആദ്യദിവസങ്ങളില്‍ കിട്ടുക. ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് കാര്‍ഡുകള്‍ സര്‍വീസ് തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കിട്ടും.
പിടി വീണാല്‍ പിഴ
ക്യൂ ആര്‍ കോഡ് ടിക്കറ്റ്, ടിക്കറ്റ് സ്കാനറില്‍ സ്കാന്‍ ചെയ്യണം. സ്കാനിങ് കഴിഞ്ഞാല്‍ ഗേറ്റ് താനേ തുറക്കും. ഏത് സ്റ്റേഷനിലേക്ക് ടിക്കറ്റെടുത്താലും ആവശ്യമെങ്കില്‍ അതിനിടയ്ക്കുള്ള സ്റ്റേഷനുകളില്‍ യാത്രക്കാരന് ഇറങ്ങാം. ഇറങ്ങണമെങ്കിലും ഈ ടിക്കറ്റ് കാണിക്കണം. ടിക്കറ്റുള്ള സ്റ്റേഷന്‍ കഴിഞ്ഞാണ് ഇറങ്ങുന്നതെങ്കില്‍ പുറത്തുകടക്കാന്‍ പിഴയടച്ചേ മതിയാകൂ.
136 സീറ്റ് 975 യാത്രികര്‍
മൂന്നു കോച്ചുകള്‍ ചേര്‍ന്നതാണ് ഒരു മെട്രോ ട്രെയിന്‍. 136 സീറ്റാണ് ഒരു ട്രെയിനില്‍. ഇരുന്നും നിന്നുമായി 975 പേര്‍ക്ക് സഞ്ചരിക്കാം. എല്ലാ കോച്ചും ശീതീകരിച്ചതാണ്.
വി ഹെല്‍പ്
സീറ്റുകളില്‍ സ്ത്രീ-പുരുഷ വേര്‍തിരിവില്ല. എന്നാല്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കായി 36 സീറ്റുണ്ട്. പ്രായമായവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിയുള്ളവര്‍, വീല്‍ചെയറില്‍ സഞ്ചരിക്കുന്നവര്‍ എന്നിവരാണ് പരിഗണന അര്‍ഹിക്കുന്നവര്‍. ഇളം പച്ച നിറത്തിലാണ് ഇവരുടെ സീറ്റുകള്‍. ഇതില്‍ നാല് സീറ്റ് കുഷ്യനുള്ളതാണ്. ഗര്‍ഭിണികള്‍ക്കുള്ളതാണിവ. ഭിന്നശേഷിക്കാര്‍ക്കും വീല്‍ചെയര്‍ സഞ്ചാരികള്‍ക്കും ഡ്രൈവറുടെ ക്യാബിന് തൊട്ടുപിന്നിലാണ് ഇരിപ്പിടം. എലിവേറ്റര്‍ വാതിലിനു മുന്നില്‍ത്തന്നെയാകും പ്ളാറ്റ്ഫോമില്‍ പ്രത്യേക പരിഗണനക്കാര്‍ക്കുള്ള കോച്ച് വന്നുനില്‍ക്കുക. ഇവരെ ട്രെയിനില്‍ കയറാനും ഇറങ്ങാനും ഓപ്പറേറ്റര്‍മാര്‍ സഹായിക്കും.
ചവയ്ക്കല്ലേ, മുറുക്കല്ലേ
മെട്രോ ട്രെയിനിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ച്യൂയിങ് ഗം, മുറുക്കാന്‍ തുടങ്ങിയവയും ഉപയോഗിക്കാന്‍പാടില്ല.
എമര്‍ജന്‍സി എക്സിറ്റ്
ഒരു ട്രെയിനില്‍ ആറ് എമര്‍ജന്‍സി എക്സിറ്റ് വാതിലുകള്‍. സ്റ്റേഷനുകളുടെ ഇടയില്‍ ട്രെയിന്‍ നിന്നുപോയാല്‍ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാനാണിത്.
എമര്‍ജന്‍സി ഇന്റര്‍കോം
അടിയന്തരഘട്ടത്തില്‍ ഈ സംവിധാനം ഉപയോഗിച്ച് ട്രെയിന്‍ ഓപ്പറേറ്ററുമായി യാത്രക്കാര്‍ക്ക് സംസാരിക്കാം. ഒരു കോച്ചില്‍ നാല് എന്ന കണക്കില്‍ ഒരു ട്രെയിനില്‍ 12 പാസഞ്ചര്‍ എമര്‍ജന്‍സി ഇന്റര്‍കോമുണ്ട്. ഇന്റര്‍കോമിന്റെ മധ്യഭാഗത്തെ ബട്ടണ്‍ അമര്‍ത്തി ഓപ്പറേറ്ററുമായി സംസാരിക്കാം. ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഇന്റര്‍കോം സംവിധാനത്തിലെ ക്യാമറക്കണ്ണ് സംസാരിക്കുന്നയാള്‍ക്കുനേരെ തുറക്കും. ഓപ്പറേറ്റര്‍ക്ക് ആളെ കണ്ട് സംസാരിക്കാം.
സ്മോക് ഡിറ്റക്ടര്‍
ട്രെയിനില്‍ പുകയുണ്ടായാല്‍ പുക സെന്‍സിറ്റീവ് ഉപകരണം ഘടിപ്പിച്ച ഡിറ്റക്ടര്‍ സജീവമാകും. വാല്‍വുകളിലൂടെ അത് പുക പുറത്തുകളയും.
അഗ്നിശമന സംവിധാനം
-
ഒരു ട്രെയിനില്‍ 12 അഗ്നിശമന ഉപകരണമുണ്ടാകും. അത്യാവശ്യമെങ്കില്‍ അത് വച്ചിട്ടുള്ള ഗ്ളാസ്ഡോര്‍ തകര്‍ത്ത് യാത്രക്കാരനോ മെട്രോ ഉദ്യോഗസ്ഥര്‍ക്കോ ഉപകരണം ഉപയോഗിക്കാം.
സിസി ടിവി
ഓരോ കോച്ചിലും നാലുവീതം സിസി ടിവി ക്യാമറകളുണ്ട്. സ്റ്റേഷനിലും കൌണ്ടറുകള്‍ക്കുനേരെയും ഇത്തരം ക്യാമറകളുണ്ട്. ട്രെയിനിലെ ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ ട്രെയിന്‍ ഓപ്പറേറ്റുടെ ക്യാബിനിലും കണ്‍ട്രോള്‍റൂമിലും നിരീക്ഷിക്കും.
മെട്രോ സൈക്കിള്‍
കെഎംആര്‍എല്‍ ലോഗോ പതിച്ച 30 സൈക്കിളാണ് തുടക്കത്തിലുള്ളത്. കലൂര്‍ ബസ് സ്റ്റാന്‍ഡിന് എതിര്‍വശം, സൌത്ത് റെയില്‍വേ സ്റ്റേഷന് സമീപം വിവേകാനന്ദ റോഡ്, നോര്‍ത്ത് പാലത്തിനടിയില്‍, മേനകയില്‍  കെടിഡിസിക്ക് സമീപം, കലൂര്‍-കടവന്ത്ര റോഡ് എന്നിവിടങ്ങളില്‍ സൈക്കിള്‍ റാക്കുകള്‍ സജീവം.
താല്‍പ്പര്യമുള്ളവര്‍ ആദ്യം 'അഥീസ്' സൈക്കിള്‍ ക്ളബ്ബില്‍ പേര്‍ രജിസ്റ്റര്‍ചെയ്യുക. മെട്രോ സ്റ്റേഷനുകളിലേക്ക് സൈക്കിളില്‍ പോകാന്‍ സൌകര്യമൊരുക്കും. സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും സൈക്കിള്‍  റാക്കുകളുണ്ടാകും. മാസം 100 മണിക്കൂര്‍വരെ സവാരിചെയ്യാം. ഏതു റാക്കില്‍നിന്നെടുത്ത സൈക്കിളായാലും മറ്റൊരു റാക്കില്‍ തിരിച്ചേല്‍പ്പിക്കാം.
സൈക്കിള്‍ ക്ളബ് മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കും. അംഗത്വമെടുക്കുന്നതിന് പേര്, വിലാസം, ഇ-മെയില്‍ വിലാസം, ജോലി എന്നിവ വ്യക്തമാക്കി 9645511155 എന്ന നമ്പറിലേക്ക് സന്ദേശം അയക്കണം. സവാരി സൌജന്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top