29 September Friday

പുതുലോകത്തിന് ഒരു പുസ്തകം

ബി അബുരാജ്Updated: Sunday Feb 28, 2016

മനുഷ്യകുലത്തിന്റെ നിത്യസങ്കടങ്ങളും പ്രതിസന്ധികളും പരിണാമവും പുരോഗതിയും കാലത്തിന്റെ കുഴമറിച്ചിലുകളില്‍ പെട്ടുപോകുന്ന ജീവിതങ്ങളും പ്രമേയമാക്കി മൌലികമായ അവതരണത്തിലൂടെ മലയാളവായനയെ സമ്പന്നമാക്കിയിട്ടുള്ള എഴുത്തുകാരനാണ് കെ പി രാമനുണ്ണി. സൂഫി പറഞ്ഞ കഥയും ജീവിതത്തിന്റെ പുസ്തകവും എക്കാലത്തെയും മികച്ച നോവലുകളുടെ ഗണത്തില്‍പെടുന്നു. അദ്ദേഹത്തിന്റെ പുതിയ നോവല്‍ നമുക്കുമുന്നിലുണ്ട് – 'ദൈവത്തിന്റെ പുസ്തകം'.

രതിയെയും രാഷ്ട്രീയത്തെയുംവരെ അപ്രതീക്ഷിതമായ പരിണാമങ്ങള്‍ക്ക് വിധേയമാക്കുംവിധം കഴിഞ്ഞ രണ്ടുമൂന്ന് ദശാബ്ദങ്ങളില്‍ സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നു. ജൈവഭാവങ്ങളും നൈതികതയും നഷ്ടപ്പെട്ട്സഹജീവിയെ അപകടകാരിയായ അപരനായിമാത്രം കാണുംവിധം സങ്കുചിതചിന്ത വളര്‍ന്നു. ദൈവങ്ങളെ മതങ്ങള്‍ അപഹരിച്ചെടുത്ത വര്‍ത്തമാനകാലത്ത് നഷ്ടമാകുന്ന വെളിച്ചത്തെ തെരയുകയാണ് കെ പി രാമനുണ്ണി ദൈവത്തിന്റെ പുസ്തകത്തില്‍. പ്രാപഞ്ചികശാസ്ത്രവും ഇതിഹാസവും വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളും സമന്വയിപ്പിക്കാനുള്ള നോവലിസ്റ്റിന്റെ ശ്രമം വിജയംകാണുന്നു.

അഞ്ച് ഭാഗങ്ങള്‍. അറുനൂറ്റെണ്‍പതില്‍പരം അച്ചടിച്ച പേജുകള്‍. കൃഷ്ണനും നബിയും മാര്‍ക്സും ഗാന്ധിയും ഹിറ്റ്ലറും ഹെഡ്ഗേവാറുമൊക്കെ കഥാപാത്രങ്ങള്‍. മഥുരമുതല്‍ മെക്കവരെയുള്ള വിവിധ നാടുകളില്‍ ജീവിക്കുന്നവര്‍. ദ്വാപരയുഗംമുതല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടുവരെയുള്ള കാലപ്പരപ്പ്. ബഹിരാകാശംവരെ നീളുന്ന കഥാസ്ഥലി.
സ്വന്തം മക്കളുടെ കബന്ധങ്ങള്‍ കാണാന്‍ സര്‍വാലങ്കാരവിഭൂഷിതയായി വരുന്ന ഗാന്ധാരിമുതല്‍ പൂരപ്പറമ്പിലെ അമിട്ടുപോലെ നിരപരാധികളുടെമേല്‍ ബോംബുവര്‍ഷിക്കുന്ന ആധുനികഭരണകൂടങ്ങളും തീവ്രവാദികളുംവരെ ഇതില്‍ വിമര്‍ശിക്കപ്പെടുന്നു. ജവാഹര്‍ലാലിനെ തിരുത്താന്‍ കഴിഞ്ഞില്ലെന്ന ഗാന്ധിയുടെ ആത്മവിമര്‍ശവും തീവ്രം.

ഇരുപത്തൊന്നാംനൂറ്റാണ്ടില്‍ അമേരിക്കയിലെ കേപ് കാനവറിലെ ബഹിരാകാശവിക്ഷേപണത്തറയിലാണ് നോവല്‍ തുടങ്ങുന്നത്. ബഹിരാകാശഗവേഷണത്തില്‍ ബഹുദൂരം മുന്നിലായ നാസയുടെ അത്ലാന്റിക് ഏഴിന്റെ വിക്ഷേപണം പക്ഷേ ദുരന്തമായി. സമസ്ത ഊര്‍ജനിയമങ്ങളെയും അപ്രസക്തമാക്കുന്ന തമോഗര്‍ത്തത്തിന്റെ സ്വാധീനമാണ് ഇത്തരം പരാജയങ്ങള്‍ക്ക് ഹേതു. ഇന്ത്യന്‍ ശാസ്ത്രജ്ഞരായ ഹസന്‍കുട്ടിക്കും കുട്ടിശങ്കരനും ഇതറിയാം. പക്ഷേ പുറത്ത് പറഞ്ഞാലുള്ള പ്രത്യാഘാതം എന്തായിരിക്കും. സയന്‍സ് ഫിക്ഷനാണോ ഇതെന്ന് വായനക്കാര്‍ തുടക്കത്തില്‍ സംശയിക്കും. പക്ഷെ അങ്ങനെയല്ല.

തമോഗര്‍ത്തത്തിന്റെ സ്വാധീനത്താല്‍ ദ്വാപരയുഗത്തിന്റെ ഒരു ഖണ്ഡം മഥുരയിലും ആറാംനൂറ്റാണ്ടിന്റെ ഒരുഭാഗം മെക്കയിലും വന്നുവീഴുന്നു. കൃഷ്ണനും നബിയും വീണ്ടും ഭൂമിയില്‍. പഴയ കൃഷ്ണനല്ല പുനരവതരിച്ച കൃഷ്ണന്‍. വര്‍ത്തമാനകാലത്തിലേക്ക് ഒളിച്ചുകടക്കുന്ന കൃഷ്ണന്‍ കീഴാളകൃഷ്ണനാണ്. നബി സമകാലീനഭീകരവാദത്തിനെതിരായ കാരുണ്യസ്വരൂപവും. ഇവരെ നാം ഓരോ മതത്തിന്റെ കളങ്ങളിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.  പുതിയ കൃഷ്ണനും നബിയും മതങ്ങളുടെ ചതുരംഗപ്പലകകള്‍ വിട്ട് പുറത്തേക്ക് നടക്കുന്നു. നാം നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുന്ന സമകാലീനപ്രശ്നങ്ങളെ തൊടുന്നു. മുതലാളിത്തചൂഷണത്തിന്റെ ഭീകരതയറിഞ്ഞ് ഞെട്ടുന്നു. തങ്ങളുടെ തത്വങ്ങള്‍ ദുര്‍വ്യാഖ്യാനംചെയ്ത് പരസ്പരം കഴുത്തറക്കുന്നവരെ കണ്ട് ഹൃദയം തകര്‍ന്നവരാകുന്നു.

മതതീവ്രവാദത്തെപ്പറ്റി അവിനാശ് എന്ന കഥാപാത്രം കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ട്.
'പണ്ട് ഹിന്ദുക്കളെയും മുസ്ളിങ്ങളെയും വിയോജിപ്പിച്ചുകൊണ്ടുള്ള നാട് നശിപ്പിക്കലായിരുന്നു. ഇപ്പോള്‍ ഹിന്ദുതീവ്രവാദികളെയും മുസ്ളിംതീവ്രവാദികളെയും യോജിപ്പിച്ചുകൊണ്ടുള്ള നാട് നശിപ്പിക്കലാണ്''.

കെ പി രാമനുണ്ണി തന്റെ എല്ലാ കൃതികളിലും പുലര്‍ത്തിപോകുന്ന മതനിരപേക്ഷ സമീപനത്തിന്റെ ഉദ്ഘോഷണം തന്നെയാണ് അവിനാശ് നടത്തുന്നത്. നോവലിലുടനീളം പടര്‍ന്ന് ജീവിതരതിയുടെ നേര്‍ത്ത നിലാവെളിച്ചമുണ്ട്. രാധ–കൃഷ്ണന്മാരുടെ, നബിയുടെ, എന്തിന് ഗാന്ധിയുടെപോലും പ്രണയാനുഭവങ്ങള്‍. പുതിയ കാലത്തിലേക്കെത്തുമ്പോള്‍ മനുഷ്യന്‍ രതിശരീരംപോലുമല്ലാതെയാകുന്നു. പരസ്പരം കൂടിച്ചേരേണ്ടതില്ല. പകരം വെര്‍ച്വല്‍ റിയാലിറ്റി മതിയല്ലോ. പ്രണയിയുടെ ശരീരം ക്യാന്‍സര്‍രോഗബാധിതമാണെന്നറിഞ്ഞ നിമിഷംതന്നെ അയാളെ ഉപേക്ഷിച്ച് സുഹൃത്തിനെ ചുംബിക്കുന്ന ബെത്ത് ഫെലിക്സും അതില്‍ പകപൂണ്ട് അംബരചുംബിയായ ഒരു കെട്ടിടംതന്നെ തകര്‍ത്ത് കാമുകിയും കൂട്ടുകാരനുമടക്കം നൂറുകണക്കിനാളുകളെ കൊന്നൊടുക്കുന്ന ഡേവിഡ് ഹോപ്പെന്ന ആര്‍ക്കിടെക്ടും പുതിയകാല ജീവിതവീക്ഷണത്തെ പ്രതിനിധാനംചെയ്യുന്നു.

മനോഹരമായ ഫാന്റസിയാണ് ദൈവത്തിന്റെ പുസ്തകം . അതില്‍ നിറയുന്നതാകട്ടെ വര്‍ത്തമാനകാലജീവിതവും രാഷ്ട്രീയവും.  ഈ കൃതി മുന്നോട്ട് വയ്ക്കുന്നത് ആശയത്തെക്കാളുപരി ആഗ്രഹമാണ്. ലോകം നവീകരിക്കപ്പെടെണമെന്ന എഴുത്തുകാരന്റെ അദമ്യമായ ഇച്ഛ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top