21 September Thursday

അടുത്തറിയാം ചട്ടമ്പിസ്വാമിയുടെ ജീവിതം

പെണ്ണുക്കര കെ ജി രാധാകൃഷ്ണന്‍Updated: Sunday Mar 27, 2016

ചട്ടമ്പിസ്വാമികളുടെ ജീവിതത്തിലേക്കും ദര്‍ശനത്തിലേക്കും തുറന്ന കിളിവാതിലാണ് പ്രൊഫ. സി ശശിധരക്കുറുപ്പിന്റെ 'ചട്ടമ്പിസ്വാമികള്‍ ജീവിതവും പഠനവും' എന്ന ഗ്രന്ഥം. മഹാവൃക്ഷത്തെ ഉള്ളില്‍ വഹിക്കുന്ന ആലിന്റെ അരിപൊലെ ഗരിമയുള്ള രചന.


'ഭക്തിയെ അന്ധവിശ്വാസതമസ്സില്‍നിന്ന് പരമമായ അറിവിന്റെ സൂര്യപ്രഭാവിതമായ നിത്യഭാസുരനഭസ്സിലേക്ക് ഉയര്‍ത്തിയ ഒരു മഹായോഗിയുടെ ആത്മാവിലൂടെ ഏത് ലൌകികനെയും കൈപിടിച്ച് നടത്തിയനുഗ്രഹിക്കാന്‍ പര്യാപ്തമാണ് ഈ ഗ്രന്ഥം. രചനയില്‍ ഇംപ്രഷനിസ്റ്റിക് സമീപനമാണ് പ്രൊഫ. ശശിധരക്കുറുപ്പ് സ്വീകരിച്ചിട്ടുള്ളത്' എന്ന് അവതാരികയില്‍ ഒ എന്‍ വി ചൂണ്ടിക്കാട്ടുന്നു.


കേരളം കണ്ട മഹാകര്‍മയോഗികളായ  ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ലോകക്ഷേമതല്‍പ്പരതയെപ്പറ്റി സമഭാവനയോടെ ഗ്രന്ഥകാരന്‍ വിവരിക്കുന്നു. രണ്ട് മഹാമനീഷികളെയും വേര്‍പിരിക്കാനും തൂക്കംനോക്കി സ്വാഭിപ്രായം വിളിച്ചുകൂവാനും തയ്യാറാകുന്നില്ല. മറിച്ച്, രണ്ട് മഹാമനീഷികളെയും തുല്യരായി കണ്ട് അവരുടെ പ്രയത്നത്തിന്റെ ആന്തരാര്‍ഥങ്ങളിലേക്ക് വായനക്കാരെയും ശിഷ്യപരമ്പരകളെയും കൂട്ടിക്കൊണ്ടുപോകുന്നു.
1916ല്‍ ശ്രീനാരായണഗുരുദേവന്‍ പ്രബുദ്ധകേരളം മാസികയിലൂടെ ഒരു വിളംബരം നടത്തി. 'നാം ജാതിഭേദം വിട്ടിട്ട് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അതു ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിനുവിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗത്തില്‍നിന്നും മേല്‍പ്രകാരം ഉള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാശ്രമത്തില്‍ ചേര്‍ത്തിട്ടുള്ളൂ എന്നും മേലും ചേര്‍ക്കുകയുള്ളൂവെന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു.''


ഇതേ നയംതന്നെ ചട്ടമ്പിസ്വാമികളും സ്വീകരിച്ചതായി കാണാം. ആചാര്യസ്ഥാനം ഏറ്റെടുക്കണമെന്ന നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നിര്‍ദേശം സ്വാമികള്‍ സമര്‍ഥമായി നിരസിച്ച കഥ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. ഹിന്ദുക്കള്‍ക്ക് ഒരു സംഘടന വേണമെന്നും സ്വാമി സ്ഥിരമായി ഒരിടത്ത് താമസിച്ച് നിര്‍ദേശങ്ങള്‍ തന്നാല്‍മതിയെന്നും ബോധേശ്വരന്‍ ചട്ടമ്പിസ്വാമികളോട് അപേക്ഷിക്കുകയുണ്ടായി. 'എനിക്ക് ഈ ചിങ്ങമാസത്തില്‍ ഒരു കെരവപ്പിഴ ഉണ്ടെന്ന് നമ്മുടെ പരമഹംസന്‍ (തീര്‍ഥപാദ പരമഹംസന്‍) പറഞ്ഞു. പരമഹംസന്‍ നല്ല ഒരു ജ്യോത്സ്യന്‍ ആണ്. പറഞ്ഞാല്‍ സാധാരണ തെറ്റാറില്ല. അതുകഴിയട്ടെ. വേണ്ടതുപോലെ ആലോചിക്കാം'' എന്നുപറഞ്ഞ് സ്വാമി ഒഴിയുകയായിരുന്നു. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മേല്‍വിലാസത്തില്‍ അറിയപ്പെടാനോ ആരാധ്യരാകാനോ അവര്‍ ആഗ്രഹിച്ചില്ലെന്ന് ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.


ചട്ടമ്പിസ്വാമിയുടെ മഹാസമാധി അറിഞ്ഞ് ശ്രീനാരായണഗുരുസ്വാമി എഴുതിയ രണ്ട് അനുഷ്ടുപ്പ് ശ്ളോകങ്ങള്‍ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. വെറും എട്ടുവരിയില്‍ ഒരു മഹാഗുരു മറ്റൊരു മഹാഗുരുവിന്റെ ജീവചരിത്രം രചിക്കുകയായിരുന്നെന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു.


ചട്ടമ്പി–ശ്രീനാരായണഗുരുസ്വാമികളെക്കുറിച്ചുള്ള ചില വികലമായ ധാരണകളെയും ഗ്രന്ഥകാരന്‍ പൊളിച്ചെഴുതുന്നു. അതാകട്ടെ ഒരധ്യാപകന്റെ നിഷ്പക്ഷമായ പാഠക്കുറിപ്പിന്റെ ശൈലിയില്‍ സൌമ്യമായ ഭാഷയിലാണുതാനും. അതുകൊണ്ടുതന്നെ പ്രൊഫ. സി ശശിധരക്കുറുപ്പിന്റെ രചന സമീപകാലത്ത് വെളിച്ചംകണ്ടിട്ടുള്ള ജീവചരിത്ര–സ്മരണ–പഠനങ്ങളില്‍ എന്തുകൊണ്ടും മികച്ചതാകുന്നു.


'ചട്ടമ്പിസ്വാമിയുടെ ജീവചരിത്രങ്ങള്‍ പലതുണ്ടായിട്ടുണ്ട്. പഠനങ്ങള്‍ വേറെയും. പ്രൊഫ. ശശിധരക്കുറുപ്പിന്റെ ഈ പഠനഗ്രന്ഥമാകട്ടെ അവയില്‍നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. കുട്ടിക്കൃഷ്ണമാരാരുടെ വ്യാസന്റെ ചിരി എന്ന പ്രബന്ധംപോലെതന്നെ ചട്ടമ്പിസ്വാമികളുടെ ചിരി എന്ന ലേഖനമടങ്ങുന്ന 'ചട്ടമ്പിസ്വാമികള്‍: ജീവിതവും പഠനവും' എന്ന ഈ പഠനഗ്രന്ഥം മലയാളത്തിന് കൈവന്ന വിശിഷ്ടമായ ഒരു ഉപലബ്ധിയാണെന്ന് ഒ എന്‍ വി അവതാരികയില്‍ ശരിയായി ചൂണ്ടിക്കാട്ടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top