04 October Wednesday

കവി, കാലം, കാവ്യം

ഡോ. ആനന്ദ് കാവാലംUpdated: Sunday Mar 26, 2017

കേരളീയസമൂഹം കടന്നുപോയ പരിവര്‍ത്തനത്തിന്റേതായ ഒരു കാലഘട്ടത്തിനു സാക്ഷിയാകാനും അതോടൊപ്പം അതിന്റെയൊരു ഭാഗമായി നിലകൊള്ളാനും ആ മാറ്റങ്ങളെ സ്വാധീനിക്കാന്‍ പോന്നവണ്ണമുള്ള സര്‍ഗാത്മകമായ സംഭാവനകള്‍ നല്‍കാനും ഭാഗ്യം സിദ്ധിച്ച ഒരു വിശിഷ്ടവ്യക്തിത്വത്തിന് ഉടമയാണ് ഒ എന്‍ വി കുറുപ്പ്. കൂടാതെ, ഏഴുപതിറ്റാണ്ടോളം നിരന്തരമായി കാവ്യസപര്യ അനുഷ്ഠിക്കാനുള്ള അപൂര്‍വ സൌഭാഗ്യം കൈവന്ന പ്രതിഭയുമായിരുന്നു അദ്ദേഹം. ഇക്കാലയളവില്‍ മലയാളകവിതാരംഗവും അത്ഭുതകരമാംവിധം വികാസപരിണാമങ്ങള്‍ക്കും അതോടൊപ്പം അപചയത്തിനും വിധേയമാവുകയുണ്ടായി. അപ്പോഴൊക്കെ അചഞ്ചലനായി താന്‍ സ്വാംശീകരിച്ച ഒരു കാവ്യസംസ്കാരത്തോട് കൂറുപുലര്‍ത്തിക്കൊണ്ട് അനുവാചകരോട് സംവദിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

അതില്‍ നാട്ടുതനിമയുടെയും ഗ്രാമീണസംസ്കാരത്തിന്റെയും കേരളീയ ഭാവുകത്വത്തിന്റെയും ഭാരതീയ കാവ്യസംസ്കൃതിയുടെയും വിശ്വമാനവികതാ ബോധത്തിന്റെയും സാമൂഹിക യാഥാര്‍ഥ്യങ്ങളുടെയും നേര്‍ക്കാഴ്ചകള്‍ ഉള്‍ച്ചേര്‍ന്നിരുന്നു. കൂടാതെ, നിസ്വജീവിതങ്ങളുടെ വേദനയുടെയും വിയര്‍പ്പിന്റെയും കദനഭാരങ്ങള്‍ കലര്‍ന്ന രചനകളും സമത്വസുന്ദരമായ നാളെയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ കാഴ്ചവയ്ക്കുന്ന സ്വപ്നഗീതങ്ങളും അതിനുവേണ്ടി പോരാടാനാഹ്വാനംചെയ്ത പടപ്പാട്ടുകളും വൈയക്തികമോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും വിഷാദഗീതങ്ങളും ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പുതന്നെ ഇല്ലാതായേക്കാമെന്ന ആശങ്ക അവതരിപ്പിക്കുന്ന ജൈവവീക്ഷണങ്ങളും വിശ്വസാഹോദര്യത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പങ്കിടുന്ന സാര്‍വലൌകികബോധത്തിന്റെ ദര്‍ശനവും ശുദ്ധലാവണ്യാനുഭൂതി നല്‍കുന്ന മായികവും അജ്ഞേയവും അവ്യാഖ്യേയവുമായ കാല്‍പ്പനിക ഗീതികളും അടങ്ങുന്നു. ഒ എന്‍ വി കവിതയുടെ വിശാലമായ ഭൂമികയുടെ സവിശേഷതകള്‍ ഏറെക്കുറെയെങ്കിലും വ്യക്തമാക്കാനാണ് ഇത്രയും വിശദീകരിച്ചത്. അതിനാല്‍ത്തന്നെ ആ കാവ്യവ്യക്തിത്വത്തിന്റെ വൈപുല്യം മനസ്സിലാക്കാന്‍ വിവിധ കോണുകളിലൂടെയും മാനങ്ങളിലൂടെയുമുള്ള ഗഹനവും വൈവിധ്യമാര്‍ന്നതുമായ സമീപനങ്ങള്‍ അനിവാര്യമാണ്.

ഈയൊരു സമീപനത്തിലധിഷ്ഠിതമായ ഒരു ഗവേഷണ  സപര്യയില്‍ ഒരേസമയം സൌമ്യവും ഗഹനവുമായ കാവ്യശബ്ദത്തിനുടമയായ പ്രഭാവര്‍മ്മ 'തന്ത്രീലയസമന്വിതം' എന്ന ഗ്രന്ഥത്തില്‍ നടത്തുന്ന വിവിധ പഠനങ്ങള്‍, അവയുടെ മുഖ്യമായ സവിശേഷതകള്‍ ആദ്യമേതന്നെ ചൂണ്ടിക്കാട്ടാന്‍ ആഗ്രഹിക്കുന്നു. അതിലൊന്ന് ഈ വിശകലനങ്ങളൊന്നും കേവലമായ അക്കാദമിക് സമീപനത്തോടെ നിര്‍വഹിക്കപ്പെട്ട സൈദ്ധാന്തികജടിലമായ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ളതല്ല. മറിച്ച് ഒ എന്‍ വി കവിത പ്രദാനംചെയ്യുന്ന വൈകാരികവും സൌന്ദര്യാത്മകവുമായ ഭാവുകത്വത്തെ ഉചിതമാംവിധം ചൂണ്ടിക്കാട്ടി വായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്ന ഒരു മാതൃക അവലംബിക്കുന്നതാണ്. സ്വയം ഒരു പ്രതിഭാധനനായ കവിയായതുകൊണ്ടും ഒ എന്‍ വി കവിതയുടെ ഭാവമണ്ഡലത്തിന്റെ സമഗ്രസൌന്ദര്യം നെഞ്ചിലേറ്റു വാങ്ങിയ വ്യക്തിത്വത്തിനുടമയായതുകൊണ്ടും മാത്രമല്ല, ആ വിപുലമായ കാവ്യലോകത്തിന്റെ ആഴങ്ങളും മാനങ്ങളുമെല്ലാം വളരെ സൂക്ഷ്മമായി ഉള്‍ക്കൊള്ളുകയും സ്വാംശീകരിക്കുകയും ചെയ്തതിന്റെകൂടി ഫലമായിട്ടാണ് ഈ പഠനം നിര്‍വഹിച്ചിരിക്കുന്നതെന്ന് ഉറപ്പിച്ചുപറയാം. ഇതില്‍നിന്ന് വ്യക്തമാകുന്നത് രണ്ടു വസ്തുതകളാണ്. അവ പ്രഭാവര്‍മ്മ ഈ അപഗ്രഥനങ്ങളില്‍ പുലര്‍ത്തുന്ന സത്യസന്ധതയും ആധികാരികതയുമാണ്. ഈ രണ്ടു ഘടകങ്ങളുടെയും ഭാവാത്മകമായ കൂടിച്ചേരലുകളാണ് ഈ പഠനത്തെ ഒരു മൌലികഗ്രന്ഥമാക്കുന്നത് എന്ന് അസന്ദിഗ്ധമായിത്തന്നെ പറയാം.

ഈ സമാഹാരത്തില്‍ ഒ എന്‍ വി കവിതയെ സാമാന്യമായും സമഗ്രമായും അപഗ്രഥനവിഷയമാക്കുന്ന പഠനങ്ങളുണ്ട്. അതുകൂടാതെ ഉജ്ജയിനി എന്ന ദീര്‍ഘകാവ്യത്തെ വളരെ സൂക്ഷ്മതയോടെ സവിസ്തരം പ്രതിപാദിക്കുന്ന ഒരു പഠനവുമുണ്ട്. മറ്റൊരു സവിശേഷത അദ്ദേഹത്തിന്റെ ഗാനശാഖയെ മുന്‍നിര്‍ത്തിയുള്ള ഗഹനമായ നിരീക്ഷണങ്ങളുടെ അവതരണമാണ്. ഇതോടൊപ്പം ഒ എന്‍ വിയുടെ ലേഖനങ്ങളെക്കുറിച്ചുള്ള ഒരു വിശകലനവുമുണ്ട്. അതില്‍ ഒ എന്‍ വി കേരളത്തിലും ഇന്ത്യയുടെ മറ്റു വിവിധ പ്രദേശങ്ങളിലും അതിനു പുറമെ അന്തര്‍ദേശീയതലത്തിലുമുള്ള സാംസ്കാരികരംഗത്തെ വിശിഷ്ടവ്യക്തിത്വങ്ങളെ എങ്ങനെ നിരീക്ഷിച്ചു, അവരില്‍ പലരുമായും എങ്ങനെ ബന്ധം പുലര്‍ത്തി എന്നുമുള്ള വിശകലനങ്ങളാണുള്ളത്. ഇതുകൂടാതെ ഒ എന്‍ വിയുടെ കാവ്യവ്യക്തിത്വം, സര്‍ഗാത്മകത എന്നിവ എങ്ങനെ സമഗ്രശോഭയോടെ തന്റെ കാലഘട്ടത്തെയും സമൂഹത്തെയും ഉള്‍ക്കൊണ്ടു, അവയോട് എങ്ങനെ അദ്ദേഹം കാവ്യാത്മകമായി സംവദിച്ചു എന്നൊക്കെ സൂക്ഷ്മമായി നിരീക്ഷണം നടത്തിക്കൊണ്ട് അദ്ദേഹത്തിന്റെ ആത്മബോധവും കാവ്യബോധവും തമ്മിലുള്ള പാരസ്പര്യത്തെ സൂക്ഷ്മമായി കാട്ടിത്തരുന്ന പഠനങ്ങളുമുണ്ട്. ഒ എന്‍ വിയുടെ സര്‍ഗവൈഭവത്തെയും വ്യക്തിപ്രഭാവത്തെയും ഇത്രമാത്രം വിപുലമായി അതും കാലദേശ പശ്ചാത്തലങ്ങളെ മുന്‍നിര്‍ത്തി അപഗ്രഥിച്ച് ഒരു പഠനമെന്ന നിലയ്ക്ക് കാവ്യാസ്വാദകര്‍ക്കും ഗവേഷകര്‍ക്കും ഒരുപോലെ പ്രയോജനംചെയ്യുന്ന ഒരു വിലപ്പെട്ട ഗ്രന്ഥമായി ഈ സമാഹാരത്തെ നിസ്സംശയം പരിഗണിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top