29 March Friday

മലയാളനോവലിന്റെ വികാസപരിണാമങ്ങള്‍

ബി അബുരാജ്Updated: Sunday Apr 23, 2017

സ്വയം ആര്‍ജിച്ച അപക്വതയില്‍നിന്നുള്ള മനുഷ്യന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പായി ജ്ഞാനോദയത്തെ കണ്ടത് യൂറോപ്യന്‍ ചിന്തകരാണ്. പ്രത്യേകിച്ച് പതിനെട്ടാം നൂറ്റാണ്ടില്‍ ഇമ്മാനുവല്‍ കാന്റ്. മനുഷ്യയുക്തിയും ബുദ്ധിയും മറ്റൊരാളുടെ സഹായമില്ലാതെ ഉപയോഗിക്കാനുള്ള ധൈര്യമില്ലായ്മയെയാണ് കാന്റ് പക്വതയില്ലായ്മയായി വിലയിരുത്തിയത്. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില്‍ കേരളത്തില്‍ ഉരുത്തിരിഞ്ഞുവന്ന സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങളെ നമുക്ക് ഈ കാഴ്ചപ്പാടിന്റെ പശ്ചാത്തലത്തില്‍ നോക്കിക്കാണാനാകും. അറിവിന്റെയും തിരിച്ചറിവിന്റെയും ദീപക്കാഴ്ചകള്‍ ഒരുക്കാന്‍ വഴികാട്ടികളില്ലാത്തതിനാല്‍ ആത്മധൈര്യം ലഭിക്കാത്ത സമൂഹത്തിന് ഒരുപിടി നായകന്മാരെ ആ കാലഘട്ടത്തില്‍ ലഭിച്ചു. ഇതിന്റെ തുടര്‍ച്ചയായി സാഹിത്യമടക്കമുള്ള ഭാവനാപരിശ്രമങ്ങളില്‍ കാര്യമായ ഉണര്‍വുണ്ടായി. ഭാഷാപരവും സര്‍ഗാത്മകവുമായ ശേഷികളില്‍ ഉന്നതരായവരാണ് കേരള നവോത്ഥാനത്തിന്റെ പതാകവാഹകര്‍. എന്നാല്‍, നവോത്ഥാനവും തുടര്‍ന്ന് സൃഷ്ടിക്കപ്പെട്ട സവിശേഷമായ സാംസ്കാരിക പരിസരവും സൂക്ഷ്മമായി വായിക്കപ്പെടേണ്ടതുണ്ട്. നിരൂപകനും സാഹിത്യാധ്യാപകനുമായ എസ് രാജശേഖരന്റെ നവോത്ഥാനാനന്തര നോവല്‍ എന്ന പഠനഗ്രന്ഥത്തില്‍ കേരളസംസ്കാരത്തെ സ്വാധീനിച്ച ധൈഷണികാശയങ്ങളെയും വൈകാരികാനുഭൂതികളെയും അന്വേഷിക്കുന്നു.

എം പി പോളിന്റെ 'നോവല്‍ സാഹിത്യവും' കേസരിയുടെ 'നോവല്‍ പഠനങ്ങളും'പോലെ എണ്ണപ്പെട്ട രചനകള്‍ നമുക്ക് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ ലഭിച്ചിട്ടുണ്ട്. കേരളീയനവോത്ഥാനത്തിന് അടിത്തറയിട്ട പല ആശയങ്ങളും ജാതിക്കതീതമായ മാനവികത, സ്വതന്ത്രബോധം, അന്ധവിശ്വാസങ്ങളോടുള്ള നിരാകരണം, ഉയര്‍ന്ന സാമൂഹ്യബോധം തുടങ്ങിയവഎം പി പോള്‍ അക്കാല നോവലുകളില്‍ കണ്ടെത്തുകയുണ്ടായി. ഇതിനുമപ്പുറത്തേക്ക് മലയാള നോവല്‍ കടന്നുചെല്ലുന്നതിന്റെ ആശയപരിസരം എസ് രാജശേഖരന്‍ തന്റെ കൃതിയില്‍ എടുത്തുകാട്ടുന്നു. മലയാളത്തിലെ ഏതാനും പ്രമുഖ കൃതികള്‍ അദ്ദേഹം പഠനവിധേയമാക്കുന്നു. ചന്തുമേനോന്റെ ഇന്ദുലേഖ, തകഴിയുടെ രണ്ടിടങ്ങഴി, സി വി രാമന്‍പിള്ളയുടെ കൃതികള്‍, കേശവദേവിന്റെ അയല്‍ക്കാര്‍, ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പൊറ്റെക്കാടിന്റെ വിഷകന്യക, ചെറുകാടിന്റെയും പാറപ്പുറത്തിന്റെയും രചനകള്‍, ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി, ഉറൂബിന്റെ ഉമ്മാച്ചു, എം ടിയുടെ രണ്ടാമൂഴം, പി കെ ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെ, വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, സി രാധാകൃഷ്ണന്റെ ഇവിടെ എല്ലാവര്‍ക്കും സുഖംതന്നെ, മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍, കെ സുരേന്ദ്രന്റെ മരണം ദുര്‍ബലം, വി കെ എന്നിന്റെ പിതാമഹന്‍, പെരുമ്പടവത്തിന്റെ അഷ്ടപദി, ജോര്‍ജ് ഓണക്കൂറിന്റെ ഇല്ലം, ഇ വാസുവിന്റെ വന്ദേമാതരം തുടങ്ങിയ നോവലുകളെ മുന്‍നിര്‍ത്തിയാണ് നവോത്ഥാനാനന്തരകാലത്തെ മലയാള നോവലിന്റെ വികാസപരിണാമങ്ങള്‍ അദ്ദേഹം വായനക്കാര്‍ക്ക് കാട്ടിക്കൊടുക്കുന്നത്.

മലയാള നോവലിന്റെ ഭാവുകത്വപരിണാമങ്ങളെ ദീര്‍ഘമായ ആദ്യലേഖനത്തില്‍ വിശദമായി പരിശോധിക്കുന്നു. ഈ പുസ്തകത്തിന്റെ പൊതുസ്വഭാവത്തെപ്പറ്റി ഏകദേശ ധാരണ ഇവിടെനിന്നുതന്നെ നമുക്ക് ലഭിക്കും. ആധുനികതയുടെ ഉപോല്‍പ്പന്നമാണ് നോവലെന്നും ഓരോ കാലഘട്ടത്തിലെയും ജീവിതരീതികള്‍ മനസ്സിലാക്കാന്‍ ആ കാലഘട്ടത്തിലെ നോവലുകള്‍ വായിച്ചാല്‍ മതിയാകുമെന്നുമുള്ള ധാരണ ഇതില്‍ പ്രബലമായി നില്‍ക്കുന്നു. ഇതര സാഹിത്യരൂപങ്ങള്‍ ആവിഷ്കാരത്തിന്റെ ചെറുവട്ടങ്ങള്‍ തീര്‍ക്കുമ്പോള്‍ നോവലിന്റെ ക്യാന്‍വാസ് വളരെ വലുതാണ്. ആ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതെങ്ങനെ എന്ന് ഇതിലെ ഓരോ ലേഖനവും വ്യക്തമാക്കിത്തരുന്നു.

ചരിത്രത്തിന്റെയും വസ്തുനിഷ്ഠ ഭൌതിക സാഹചര്യങ്ങളുടെയും സാന്നിധ്യം പ്രമേയത്തിലും ഘടനയിലും ഇഴുകിച്ചേര്‍ന്നിരിക്കുന്നത് തിരിച്ചറിയാന്‍ സോഷ്യലിസ്റ്റ് റിയലിസത്തിന്റെയും മറ്റും വിശകലനരീതി കൈക്കൊള്ളുമ്പോഴും ഉപയോഗിക്കുമ്പോഴും സൃഷ്ടിപരതയുടെ സ്വാതന്ത്യ്രങ്ങളെ അംഗീകരിക്കാന്‍ രാജശേഖരനിലെ പ്രത്യയശാസ്ത്രബദ്ധനായ നിരൂപകന്‍ മടികാണിക്കുന്നില്ല. വിമര്‍ശനത്തിലെ ഈ ജനാധിപത്യബോധംതന്നെയാണ് നവോത്ഥാനാനന്തര നോവലിന്റെ പ്രധാന മേന്മ.

 കയ്യൂര്‍സമരത്തെ അധികരിച്ച് കന്നട സാഹിത്യകാരനായ നിരഞ്ജന എഴുതിയ ചിരസ്മരണ, മുല്‍ക്ക് രാജ് ആനന്ദിന്റെ കൂലി, അനന്തമൂര്‍ത്തിയുടെ സംസ്കാര എന്നിവയും ഇതില്‍ പഠനവിധേയമാക്കുന്നു.

കേവലം അക്കാദമിക് പഠനങ്ങളല്ല ഈ പുസ്തകത്തിലുള്ളത്. രചനാകാലഘട്ടത്തിലെ ഉല്‍പ്പാദനബന്ധങ്ങളെയും വ്യക്തിജീവിതങ്ങളെയും പരസ്പരം ചേര്‍ത്തുവച്ച് വായിക്കുന്നതിനൊപ്പം എഴുത്തുകാരന്റെ വ്യക്തിപരമായ സ്വഭാവങ്ങളെക്കൂടി ഇടയ്ക്കിടെ കണ്ണിചേര്‍ക്കുന്നു. സി വി രാമന്‍പിള്ളയെക്കുറിച്ചുള്ള വ്യത്യസ്തമായ വായന ഇവിടെ എടുത്തുപറയേണ്ടതുണ്ട്. തികഞ്ഞ രാജഭക്തനും ദൈവഭക്തനുമായ അദ്ദേഹം നായര്‍സമുദായ വക്താവും മലയാളി മെമ്മോറിയല്‍ നായകനുമെന്ന നിലയില്‍ ഉല്‍പ്പതിഷ്ണുവായി കണക്കാക്കപ്പെടണമെന്ന അഭിപ്രായം പ്രസക്തമാണ്.

സാഹിത്യത്തെയും സാഹിത്യപഠനങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന ഇ എം എസിന്റെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ള പണ്ഡിതനാണ് രാജശേഖരന്‍.

അദ്ദേഹത്തിന്റെ 'നോവലിന്റെ വിതാനങ്ങള്‍' എന്ന ആദ്യകാല പുസ്തകത്തെക്കുറിച്ച് ഇ എം എസ് ദേശാഭിമാനി വാരികയിലെ തന്റെ പംക്തിയില്‍ എഴുതിയിട്ടുണ്ട്. ഈ കുറിപ്പ് അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.

aburaj@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top