24 April Wednesday

വായനയുടെ വരപ്രസാദം

ടി ആര്‍ ശ്രീഹര്‍ഷന്‍Updated: Sunday Jun 19, 2016

മലയാള സാഹിത്യ വിമര്‍ശനശാഖയുടെ മുറ്റത്ത് എം കൃഷ്ണന്‍നായര്‍ വലിച്ചിട്ടിരുന്ന കസേര ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ആ സിംഹാസനം ഒഴിഞ്ഞുകിടക്കുന്നതുകണ്ടുതന്നെ തലമുറകള്‍ കണ്ണടയ്ക്കേണ്ടിവരുമോ എന്ന് സുകുമാര്‍ അഴീക്കോട് ഒരിക്കല്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ആ സംശയം അസ്ഥാനത്തല്ലതാനും. സാഹിത്യ വിമര്‍ശനശാഖയില്‍ ഇപ്പോഴും പകരംവയ്ക്കാനില്ലാത്ത 'സാഹിത്യ വാരഫലം' എന്ന പംക്തി മൂന്ന് പതിറ്റാണ്ടോളം ചിറകുവിരിച്ചുനിന്നു. കൃഷ്ണന്‍നായര്‍ രണ്ട് ശകാരമെങ്കിലും തങ്ങളുടെ എഴുത്തിനെക്കുറിച്ച് പറഞ്ഞിരുന്നുവെങ്കില്‍ എന്ന് അക്കാലത്ത് ആഗ്രഹിക്കാത്ത എഴുത്തുകാര്‍ വിരളമായിരുന്നു എന്നുതന്നെ പറയാം. ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരെപ്പോലും പലപ്പോഴും ഇളക്കിപ്രതിഷ്ഠിക്കുന്നതായിരുന്നു കൃഷ്ണന്‍നായരുടെ വിമര്‍ശനരീതി എന്നതാണ് അതിനുകാരണം.

കേവലം വിമര്‍ശനത്തില്‍മാത്രം ഒതുങ്ങുന്നതായിരുന്നില്ല കൃഷ്ണന്‍നായരുടെ വിശകലനരീതി. ഒരു രചനയെ ഉല്‍ക്കൃഷ്ടമായ വിദേശരചനകളോട് മാറ്റുരച്ച് ഇഴകീറുന്നതായിരുന്നു അദ്ദേഹത്തിന്റെ വഴി. ഇത് വായനയെ ഗൌരവത്തോടെ കണ്ട മലയാളികള്‍ക്ക് ചെയ്ത ഗുണം ചെറുതൊന്നുമല്ല. വായനയുടെ അഭൌമമായ ലോകംതന്നെയാണ് അദ്ദേഹം മലയാളിക്കുമുന്നില്‍ തുറന്നത്. വായനയുടെ പുതിയ സംസ്കാരത്തിനുതന്നെ അത് വഴിമരുന്നായി. പരിചിതമല്ലാതിരുന്ന കൃതികളെയും എഴുത്തുകാരെയും അദ്ദേഹം വായനക്കാര്‍ക്കുമുന്നില്‍ തുറന്നുവച്ചു. സാഹിത്യവിദ്യാര്‍ഥികള്‍ക്ക് കൃഷ്ണന്‍നായരുടെ പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും ഒരു സര്‍വകലാശാലയോളം ഗുണത്തില്‍ ഭവിച്ചു.

മലയാളത്തില്‍ അന്നോളം ആരും നടക്കാത്ത വഴിയാണ് എം കൃഷ്ണന്‍നായര്‍ വെട്ടിത്തുറന്നത്. സാഹിത്യസിംഹാസനത്തിലിരിക്കുന്ന എഴുത്തുകാരെ നിഷ്കരുണം വിമര്‍ശിക്കാനും പുതിയ എഴുത്തുകാരെ തലോടാനും അദ്ദേഹം തയ്യാറായി. വിമര്‍ശിച്ചതിന്റെ പേരില്‍ പലരും അദ്ദേഹത്തോട് പിണങ്ങിനടന്നിട്ടുണ്ട്. പലവിധ ഭീഷണികള്‍വരെ നേരിടേണ്ടിവന്നിട്ടുണ്ട്. എം കൃഷ്ണന്‍നായരുടെ സാഹിത്യജീവിതത്തെയും വ്യക്തിജീവിതത്തെയും അടുത്തറിയാന്‍ ശ്രമിക്കുന്ന കൃതിയാണ് ടി പി ശാസ്തമംഗലം രചിച്ച 'വാരഫലത്തിന്റെ വരപ്രസാദം'. കൃഷ്ണന്‍നായരുടെ ശിഷ്യരായിരുന്നവരും സാഹിത്യവാരഫലത്തില്‍ പരാമര്‍ശിക്കപ്പെട്ടവരും സുഹൃത്തുക്കളും എല്ലാമായിരുന്നവര്‍ കൃഷ്ണന്‍നായരെക്കുറിച്ചുള്ള അവരുടെ ഓര്‍മകള്‍ ഈ പുസ്തകത്തില്‍ പങ്കുവയ്ക്കുന്നു.

എന്‍ കൃഷ്ണപിള്ളയ്ക്ക് അക്ഷരമറിഞ്ഞുകൂട എന്ന് കടുത്ത ഭാഷയില്‍ കൃഷ്ണന്‍നായര്‍ പറഞ്ഞതിനെക്കുറിച്ച് ഡോ. കവടിയാര്‍ രാമചന്ദ്രന്‍ അദ്ദേഹത്തിന്റെ ലേഖനത്തില്‍ വിവരിക്കുന്നു. പിന്നീട് രണ്ടു ദിവസത്തിനകം കൃഷ്ണപിള്ളയുമായി അദ്ദേഹം സൌഹൃദത്തിലെത്തിയതും മരണാസന്നനായി ആശുപത്രിയില്‍ കിടന്ന കൃഷ്ണപിള്ളയ്ക്കു സമീപം നിറകണ്ണുകളോടെ നിന്ന കൃഷ്ണന്‍നായരെയും കവടിയാര്‍ രാമചന്ദ്രന്‍ അനുസ്മരിക്കുന്നു. മഹാവിജ്ഞാനങ്ങളുടെയും മാഹാസാഹിത്യശാഖകളിലെ പരിപക്വമായ സാഹിത്യഫലങ്ങളുടെയും ഗൌരവതരമായ വായന സാധ്യമാക്കിയ പ്രതിഭാശാലിയായിരുന്നു കൃഷ്ണന്‍നായര്‍ എന്ന് ജി സുധാകരന്‍ പറയുന്നു. കെ പി അപ്പന്‍, ജി എന്‍ പണിക്കര്‍, ഏഴാച്ചേരി രാമചന്ദ്രന്‍, ചന്ദ്രമതി, മണമ്പൂര്‍ രാജന്‍ബാബു തുടങ്ങിയവര്‍ കൃഷ്ണന്‍നായരെക്കുറിച്ചുള്ള വൈയക്തികവും ഇതരവുമായ ഓര്‍മകളുമായി ഈ പുസ്തകത്തില്‍ അണിനിരക്കുന്നു.

trsreeharshan@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top