24 April Wednesday

ഏഴാച്ചേരിക്കവിതകളുടെ വസന്തകാലം

ശശി മാവിന്‍മൂട്Updated: Sunday Apr 17, 2016

മലയാള കവിതാസാഹിത്യത്തെ സമ്പന്നമാക്കിയ ഒന്നാംനിര കവികളില്‍ പ്രമുഖനാണ് ഏഴാച്ചേരി രാമചന്ദ്രന്‍. വൃത്തവും താളവും ഛന്ദസ്സും ഇഴചേര്‍ത്ത് വാക്കുകളില്‍ ചന്തം നിറയ്ക്കുന്നതിനപ്പുറം പുരാവൃത്തങ്ങളിലൂടെയും ബിംബസമൃദ്ധിയിലൂടെയും അദ്ദേഹം കവിതയെ അനുവാചകര്‍ക്ക് അനുഭവവേദ്യമാക്കുന്നു. നാം നിസ്സാരമെന്നുകരുതുന്ന പല മാനുഷികപ്രശ്നങ്ങളും കവിയുടെ കണ്ണുകളും മനസ്സും ഒപ്പിയെടുക്കുന്നു. 'കണ്ണുനീരിന്‍ രാസനാമം പഠിച്ചും നെടുവീര്‍പ്പുകള്‍ തന്‍ രാസപരിണാമം പകര്‍ത്തിയും രാക്ഷസന്മാരായ് മാറുന്നവരെ' കവി അകക്കണ്ണുകൊണ്ട് തിരിച്ചറിയുന്നു.

വര്‍ത്തമാനകാല ജീവിതത്തിന്റെ വൈവിധ്യങ്ങള്‍ ഭാവതീവ്രതയോടെ അനുഭവിപ്പിക്കുന്ന ഏഴാച്ചേരിയുടെ ഏറ്റവും പുതിയ കവിതാസമാഹാരമാണ് 'ബാബിലോണിയന്‍ ഗിത്താര്‍'. കവിയുടെ കാവ്യജീവിതത്തിലെ വഴിത്തിരിവായി മാറുന്നതാണ് ഇതിലെ 51 കവിതകളും. വിശ്വസാഹിത്യകാരന്മാരെ ഓര്‍മിച്ചുകൊണ്ട് വായനയുടെ അനിവാര്യത ബോധ്യപ്പെടുത്തുന്ന 'ഇബ്നു ബത്തൂത്തയും രാവണപുത്രിയും' മുതല്‍ നാട്ടുമണങ്ങള്‍ പങ്കിട്ട് ലോകത്തെവിടെയും തളിര്‍ക്കുന്ന സ്വന്തം നാട്ടുകാരെക്കുറിച്ചുള്ള 'രാമപുരം മുതല്‍ സീനായ് മല വരെ' വരെ എല്ലാ കവിതകളും വായനയുടെ നിത്യവസന്തമായി വര്‍ത്തിക്കുന്നു. അസ്ഥിയില്‍ പ്രണയാഗ്നി പടര്‍ത്തുന്ന ഗോവയിലെ കാഴ്ചകളും അനുഭവങ്ങളും ചുരത്തിയ കാവ്യാമൃതബിന്ദുക്കളാണ് ശീര്‍ഷക കവിതയായ 'ബാബിലോണിയന്‍ ഗിത്താര്‍', 'ഗോവ' എന്നിവ. ഗോവയിലെ കാതറീനാപ്പള്ളിയിലെ ജൂതകാമുകിയുടെ ഓര്‍മകളില്‍ ഒഴുകിപ്പരക്കുന്നതാണ് നതോന്നതയില്‍ പിറന്നുവീണ 'ഗോവ' എന്ന കവിത. മാസിഡോണിയന്‍ രാഗതീവ്രതയോടെ ചെമ്പുനിറമാര്‍ന്ന  ക്ളിയോപാട്ര, രജപുത്രവധു, നന്മേലിയ, ഋതുക്കളെ വസ്ത്രമാക്കിയവള്‍, ചില കള്ളങ്ങള്‍, സ്നേഹം നടാനൊരു ഞാറ്റുവേല എന്നിവയെല്ലാം പ്രണയരാഗമുണര്‍ത്തുന്നവയാണ്.

പുരാവൃത്തങ്ങളും നാട്ടുമൊഴിവഴക്കങ്ങളും പ്രതീകാത്മകമായി എല്ലാ കവിതകളിലും ഇഴചേര്‍ന്നിരിക്കുന്നു. 'ഒറ്റച്ചിരിയിലൊരായിരം സൂര്യന്റെ കാവുതീണ്ടും സ്കന്ദഷഷ്ഠിയായ്' (സ്നേഹം നടാനൊരു ഞാറ്റുവേല), 'ഞാന്‍ മൃച്ഛകടികത്തിനുള്ളില്‍ കുടുങ്ങിയ ചാരുദത്തന്‍' (പേരു ചോദിക്കാന്‍ മറന്നു) തുടങ്ങി എത്രയെത്ര പുരാവൃത്തങ്ങളാണ് വായനയ്ക്കിടയില്‍ കടന്നുവരുന്നത്. 'എണ്ണവറ്റിയ പാവം പെണ്‍തിരിയിന്മേല്‍ നുള്ളും നൊമ്പരക്കുശലങ്ങളുടെ' ഭാവതീവ്രമായ ആവിഷ്കാരങ്ങളാണ് 'ഋതുക്കളെ വസ്ത്രമാക്കിയവള്‍', 'ശാലിനിയും രാഹുലനും' എന്നീ കവിതകള്‍. 'പുഷ്പകം പറക്കുന്ന മേഘമാര്‍ഗത്തില്‍ നൂറു പക്ഷിസങ്കേതം പെണ്ണിന്‍ ചിറകു മുറിക്കാനായ്' എന്നു കവി വ്യാകുലപ്പെടുകയും ചെയ്യുന്നു. പവിത്രമായ പ്രണയത്തെ ചൂഷണംചെയ്യുന്നവര്‍ തിരസ്കരിക്കപ്പെടുമെന്ന സന്ദേശമാണ് 'കുമ്പസാരപ്പരസ്യങ്ങള്‍' വിളംബരംചെയ്യുന്നത്. ലോകത്തെവിടെയും വിരഹികളുടെ നൊമ്പരപ്പാട്ടുകള്‍ക്ക് ഏകതാനമായ രാഗവും താളവുമാണെന്ന് 'കദനകുതൂഹലം' പറയുമ്പോള്‍ അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തിന്റെ മഹത്വമാണ് 'തടി കയറ്റുന്നവര്‍' പറയുന്നത്.

ഉപഹാസകവിതകളിലൂടെ അനീതിക്കെതിരെ എന്നും പോരാടുന്ന ഏഴാച്ചേരി 'നരകവീടുകള്‍ വിട്ടു  പ്രേതങ്ങള്‍ ഉടലറുത്തു പരസ്പരം തിന്നതും, തുടലഴിഞ്ഞ പെരുമലയക്ഷികള്‍ ശിലകളില്‍ നിന്നുയിര്‍ത്തെഴുന്നേറ്റതും' തിരിച്ചറിയുന്നു. ഒരു താളം വീണക്കയച്ച കത്തുകള്‍, രമാകാന്തനും ശശാങ്കനും, നേര്‍ച്ചമുട്ടനും തീവണ്ടിയും, സജിതയുടെ സത്യപ്രതിജ്ഞ, കണ്ടു കണ്ടങ്ങിരിക്കും മൃഗത്തിനെ എന്നിവയെല്ലാം ശലാകകള്‍ പൊഴിയുന്ന ഉപഹാസകവിതകളാണ്. 'പൊട്ടിയൊലിക്കും വ്രണങ്ങള്‍ നക്കിത്തുടച്ച് നഗ്നത വില്‍ക്കുന്ന' നഗരക്കാഴ്ചകളും (നഗരക്കിറുക്കുകള്‍) 'ഗ്രാമത്തെച്ചിതന്‍ ചുണ്ടില്‍ പ്രണയസ്മിതം പൂക്കുന്ന' ഗ്രാമക്കാഴ്ചകളും (ചിറ്റൂരെ ശിശിരപ്പുലരി) കാട്ടിത്തരുന്നു. ഒപ്പം 'ഒക്കെ ദര്‍ശനഗരിമയാകാം, മുഴു ഭ്രാന്താകാം, വെച്ചുനീട്ടുമൊരൂന്നുവടിയോടനിഷ്ടം വേണ്ട' എന്ന പ്രത്യാശയും കവി പങ്കുവയ്ക്കുന്നു. കാവിലെ ചാത്തോത്തെ കുഞ്ഞിക്കൊങ്കിയിലൂടെ വടകരയിലെ ഒഞ്ചിയവും വര്‍ത്തമാനകാല സമസ്യകളും പ്രതീകാത്മകമായി ഇതള്‍ വിരിയുന്ന കവിതയാണ് 'നേരായും ഞാന്‍ വരും നിന്നെക്കാണാന്‍'. അഗ്രഹാരത്തെരുവുകളില്‍നിന്ന് മതതീവ്രവാദത്തിലേക്ക് വഴുതിവീഴുന്ന യുവത്വവും (ചീനു), തലമുറകളിലെ അഭിരുചികളുടെ സംഘര്‍ഷവും (ഭാരതീപുരം ബസ്), കവി മുല്ലനേഴിയുടെ ജ്വലിക്കുന്ന സ്മരണകളും (നീലകണ്ഠന്‍) ഈ കൃതിയില്‍ തെളിച്ചമായി നില്‍ക്കുന്നു.

ഈ കവിതകളുടെ ഓരോ വായനയും അനുവാചകരുടെ രസനകളിലേക്ക് തേന്‍കണങ്ങള്‍ ഇറ്റിച്ചുകൊണ്ടിരിക്കും. ഇതിലൂടെ കടന്നുപോകുന്ന ഓരോ വായനക്കാരനും ഏഴാച്ചേരിക്കവിതകളുടെ വസന്തകാലത്തിന്റെ സൌരഭം നുകരും. ഡോ. എന്‍ മുകുന്ദന്റെ അവതാരികയും നേമം പുഷ്പരാജിന്റെ കവര്‍ ഡിസൈനും ഈശ്വരന്‍ നമ്പൂതിരിയുടെ രേഖാചിത്രങ്ങളും ഈ കൃതിയെ അനന്യമാക്കുന്നു.

mavinmoodusasi@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top