28 March Thursday

കാഴ്ചയുടെ തെളിമയും വാക്കിന്റെ നേരും

ശശി മാവിന്‍മൂട്Updated: Sunday Oct 16, 2016

ചരിത്രത്തിന്റെ അടരുകളും സ്വപ്നങ്ങളും അനന്തപുരിയുടെ ആത്മാവില്‍ തൊട്ട് മിഴിതുറക്കുന്ന 20 കഥകളുടെ സമാഹാരമാണ് എം രാജീവ്കുമാറിന്റെ“'തീവിഴുങ്ങിപ്പക്ഷി'. മനുഷ്യര്‍ക്കുപുറമെ നഗരത്തില്‍ ചേക്കേറിയിരിക്കുന്ന മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഈ കഥകളിലെ കഥാപാത്രങ്ങളാണ്. മനുഷ്യബന്ധങ്ങളുടെ അവസ്ഥാന്തരത്തിനപ്പുറം മനുഷ്യാവസ്ഥയോട് സംവദിക്കുന്ന ഈ സമാഹാരത്തിലെ എല്ലാ കഥകളും രസനീയവും പാരായണക്ഷമവുമാണ്.

തലസ്ഥാനത്ത് അരങ്ങേറിയ ദേശീയ ഗെയിംസിന്റെ ‘ഭാഗ്യചിഹ്നമായ അമ്മുവേഴാമ്പല്‍ 'തീവിഴുങ്ങിപ്പക്ഷി'യായി പരിണമിക്കുന്ന ശീര്‍ഷക കഥയില്‍ കാഴ്ചയുടെ തെളിമയും വാക്കിന്റെ നേരും ഒളിഞ്ഞിരിക്കുന്നു. 'ഒന്നുമാകാതെ പട്ടിണിക്കിട്ട സ്പോര്‍ട്ട്സിനെ കൊണ്ടുപോയി തോട്ടിലെറിയാനും വേണ്ടേ നമുക്കൊരു നീരൊഴുക്ക്'’എന്ന പ്രസ്താവത്തിലൂടെ നമ്മുടെ കായികരംഗത്തെ അഴിമതിക്കഥകള്‍ സമര്‍ഥമായി അനാവരണംചെയ്തിരിക്കുന്നു.

അധികാരകേന്ദ്രങ്ങളോട് കലഹിക്കുന്ന കഥകളാണ് ഈ സമാഹാരത്തില്‍. തിരുവനന്തപുരം മൃഗശാലയിലെ അന്തേവാസികള്‍ ഈ കഥകളില്‍ പ്രതീകാത്മക കഥാപാത്രങ്ങളായി വരുന്നു. ഇതിലൂടെ കഥാകൃത്ത് വര്‍ത്തമാനകാലത്തിന്റെ ആസുരതകളാണ് വരച്ചുകാട്ടുന്നത്. കറുത്ത പ്രണയത്തിന്റെ വന്യതകള്‍ നിറച്ചെടുത്ത 'അനക്കോണ്ട' എന്ന കഥയില്‍ 'നഗരം മുഴുവന്‍ അനക്കോണ്ടകള്‍ വളരുമ്പോള്‍ തന്റെ മകള്‍ വളരരുതേ' എന്ന അരുന്ധതിയുടെ ആഗ്രഹം ഒരു നീറ്റലായി വായനക്കാരിലേക്കും പടരുന്നതാണ്. ഈ കഥകളുടെ ഭ്രമാത്മകതലങ്ങളിലൂടെ മുങ്ങിയും പൊങ്ങിയും സഞ്ചരിക്കുന്ന അനുവാചകന്‍ ഒടുവില്‍ കൂപ്പുകുത്തി വീഴുന്നത് പൊള്ളുന്ന യാഥാര്‍ഥ്യങ്ങളിലേക്കാണ്. ഒന്നായിരിക്കുന്നതിനേക്കാള്‍ വലിയൊരു പൂജ്യമായിരിക്കുന്ന ഗോപന്റെ കഥ പറയുന്ന 'ആഞ്ജലോ മീനാക്ഷി' എന്ന കഥ ധനാര്‍ഥിയുടെ അതിരുകളില്ലാത്ത ആകാശമാണ് തുറന്നിടുന്നത്. 'ഖദറിന്റെ അറവ്' എന്ന കഥയിലൂടെ രാഷ്ട്രീയത്തിലെ കപടനാടകങ്ങള്‍ തുറന്നുകാട്ടുന്നു. ഹജൂര്‍കച്ചേരിയും ഖദറിട്ട നേതാക്കന്മാരുമെല്ലാം നമുക്ക് സുപരിചിതമെങ്കിലും ഖദറിന്റെ അറവ് എന്ന പ്രയോഗത്തിലൂടെ അപചയത്തിന്റെ തീവ്രത അനുഭവിപ്പിക്കുന്നു. നഗരത്തിന്റെ പല ഭാഗത്തും മുളച്ചുപൊന്തുന്ന 'കായംകുളം വാള്‍' കൊണ്ട് അനീതിക്കെതിരെ പോരാടാനുള്ള ആഹ്വാനവുമുണ്ട്. 'പാദങ്ങളെ ചുംബിക്കുന്ന പന്ത്' എന്ന കഥയില്‍ കാറ്റ് നിറച്ചൊരു പന്തിനോടാണ് സ്ത്രീയെ ചേര്‍ത്തുവയ്ക്കുന്നത്. അത് തട്ടാം, ഉരുട്ടാം, കാല്‍ക്കീഴിലിട്ട് വട്ടം കറക്കാം. ഇതിലധികം ഹൃദയസ്പൃക്കായി ഒരെഴുത്തുകാരന് എങ്ങനെയാണ് മനസ്സ് തുറന്നുകാട്ടാനാവുക? നവ ഉദാരീകരണത്തിന്റെ ആസുരതകള്‍ പങ്കുവയ്ക്കുകയാണ് 'സാമുവല്‍ ബക്കറ്റ്’എന്ന കഥ. 'ഇനി ഒരു കുടം കൊണ്ടുവാ, ഉടയ്ക്കെന്റെ നെറുകയില്‍... ' എന്ന വാക്കുകള്‍ ഭാരതത്തിലെ സാധാരണക്കാരന്റേതാണ്. എല്ലാം കാണ്ടാമൃഗങ്ങളാകുന്ന നഗരത്തില്‍ മനുഷ്യത്വം നശിക്കുകയും മൃഗത്വം ഉണരുകയും ചെയ്യുന്ന കാഴ്ചയാണ് 'സൂ സ്റ്റോറി' പറയുന്നത്. കാണ്ടാമൃഗത്തിന്റെ ഒഴിഞ്ഞ കൂട്ടില്‍ സ്വപ്നംകാണാന്‍ ശേഷിയുള്ള ഒരു മൃഗത്തെ അതിഥിയാക്കി എത്തിച്ചുകൊണ്ട് മനുഷ്യത്വമില്ലായ്മയെ ചോദ്യംചെയ്യുകയാണ് സൂ സ്റ്റോറി. 'ആറുമുഖനും ആറു നയങ്ങളും' മനഃസാക്ഷി നഷ്ടപ്പെട്ട സമൂഹത്തിന്റെ മൃതമായ ആത്മാവ് കാട്ടിത്തരുന്നു. മനുഷ്യന്റെ ആര്‍ത്തിയുടെ ആഴമളക്കുന്ന ഉപഹാസകഥയാണ് 'മണിയെണ്ണന്‍'. പെണ്‍ജീവിതത്തിന്റെ നിമ്നോന്നതങ്ങളെ ഒരു ചിത്രകാരന്റെ കരവിരുതോടെ വരച്ചുകാട്ടുന്ന കഥയാണ് 'കടല്‍ വന്നു വിളിച്ചാല്‍ കരയോളം വരുമെന്ന് ഞാന്‍ പറയും'. ജനനമരണങ്ങള്‍ക്കിടയിലെ ജീവിതം പ്രണയത്തിന്റെ നൂലിഴയില്‍ കോര്‍ത്തെടുത്തതാണ് ഈ കഥ. മുംബൈ നഗരത്തിലെ കാണാക്കാഴ്ചകള്‍ പകര്‍ത്തുന്ന 'രാത്റാണി', ഭരണസിരാകേന്ദ്രമായ ഹജൂര്‍ കച്ചേരിയുടെ അന്തരംഗങ്ങളിലേക്ക് മിഴിതുറക്കുന്ന 'സര്‍പ്പസത്രം' എന്നിവയെല്ലാം എഴുത്തുകാരന്‍ വായനക്കാരിലേക്ക് പകരുന്ന അസ്വസ്ഥതകളാണ്.

വിഷയസ്വീകരണത്തിലും ആഖ്യാനത്തിലും അസാധാരണമായ പുതുമ പുലര്‍ത്തുന്നവയാണ് എല്ലാ കഥകളും. ഉപഹാസത്തിന്റെ കയ്പും മധുരവും ഈ കഥകളില്‍നിന്ന് രസനയിലേക്ക് തുളുമ്പി വീഴും. കഥാകൃത്തിന്റെ ഇച്ഛാനുസാരം ഈ കഥകള്‍ സഞ്ചരിക്കുമ്പോഴും വാക്കുകളില്‍നിന്നുതിരുന്ന നേര്‍വെളിച്ചം മുന്നിലെ വഴികളെ സുതാര്യമാക്കുന്നു. ഭട്ടതിരിയുടെ കവര്‍ഡിസൈന്‍ ആകര്‍ഷകം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top