26 April Friday

എം ടിയിലേക്ക് ഒരു വാതില്‍

ബി അബുരാജ്Updated: Sunday Apr 16, 2017

ചില മനുഷ്യര്‍ ഒരു കാലഘട്ടത്തിന്റെ സാംസ്കാരിക പ്രതീകങ്ങളായി തീരാറുണ്ട്. കേവലഭാഗ്യത്തിനപ്പുറം ചരിത്രപരമായ നിര്‍മിതിയാണത്. കഴിഞ്ഞ ആറുപതിറ്റാണ്ടിലേറെയായി മലയാളത്തില്‍ എം ടി വാസുദേവന്‍നായര്‍ എങ്ങനെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്ന് പരിശോധിച്ചാല്‍ ഇത് എളുപ്പത്തില്‍ മനസ്സിലാകും.

ബഹുമുഖപ്രതിഭ എന്ന വാക്കിന്റെ പര്യായമാണ് എം ടി. ചെറുകഥാകൃത്തായി രംഗപ്രവേശംചെയ്ത അദ്ദേഹം നോവല്‍, തിരക്കഥ, നാടകം, സാഹിത്യപഠനം, ലേഖനങ്ങള്‍, ഓര്‍മക്കുറിപ്പ്, യാത്രാവിവരണം തുടങ്ങിയ സംഭാവനകള്‍ നല്‍കി. നാലുകെട്ടും രണ്ടാമൂഴവും കാലവുംപോലുള്ള നോവലുകള്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടിന്നോളവും വായനക്കാര്‍ ആവേശത്തോടെ തേടിച്ചെല്ലുന്നു. മനുഷ്യര്‍ നിഴലുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, വന്‍കടലിലെ തുഴവള്ളക്കാര്‍ എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങളും ഗോപുരനടയില്‍ എന്ന നാടകവും അദ്ദേഹത്തിന്റേതായുണ്ട്.

ചലച്ചിത്രമേഖലയ്ക്ക് എം ടിയെന്ന പ്രതിഭാസൂര്യന്‍ ഊര്‍ജത്തിന്റെ നിത്യസ്രോതസ്സായി. അറുപതോളം തിരക്കഥകള്‍ എഴുതി. അതില്‍ മോശമെന്നുപറയാന്‍ ഏതുണ്ട്? എന്നുമാത്രമല്ല, ഏറ്റവും മികച്ചതെന്ന സ്ഥാനത്തിനുവേണ്ടി അവയെല്ലാം പരസ്പരം മത്സരിക്കുകയും ചെയ്യുന്നു!

എം ടി സാഹിത്യത്തെപ്പറ്റി എത്രയെത്ര പഠനങ്ങള്‍ പുറത്തുവന്നിരിക്കുന്നു, ഇതിനോടകം. സര്‍വകലാശാലാ ഗവേഷണ പ്രബന്ധങ്ങളടക്കം. എന്നാല്‍, എം ടി എന്ന പ്രതിഭയുടെ ഭിന്നതലങ്ങളെ സാധാരണ വായനക്കാരന് പരിചയപ്പെടുത്തുകയും കൂടുതല്‍ ആഴത്തില്‍ എം ടി കൃതികളെ പുനര്‍വായിക്കാന്‍ പിന്തുണ നല്‍കുകയും ചെയ്യുന്ന വ്യത്യസ്തമായ പുസ്തകമാണ് 'എം ടി അക്ഷരശില്‍പ്പി'.

ചെറുകഥ എന്ന സാഹിത്യരൂപത്തിന്റെ ഘടനാപരവും ഉള്ളടക്കസംബന്ധിയുമായ സൂക്ഷ്മപഠനങ്ങളിലൂടെ മലയാളനിരൂപണത്തില്‍ സ്ഥാനമുറപ്പിച്ച രവികുമാര്‍ തന്റെ മുന്‍കാലകൃതികളിലും എം ടിയെ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആധുനികതയുടെ അപാവരണങ്ങളില്‍ (2014, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം) എം ടിയുടെ നാലുകെട്ടിനെ 'സാമൂഹ്യപരിണാമരേഖ'യായി തിരിച്ചറിയുന്ന ഒരു ലേഖനമുണ്ട്. 2015ല്‍ പ്രസിദ്ധീകരിച്ച കഥയുടെ വാര്‍ഷികവലയങ്ങളില്‍ 'സ്മൃതിയും യാഥാര്‍ഥ്യവും എം ടിയുടെ കഥകളില്‍' എന്ന പഠനം ഉള്‍പ്പെടുത്തിയിരുന്നു. ചെറുകഥയുടെ സൌന്ദര്യശാസ്ത്രം വിശകലനംചെയ്യുന്ന രവികുമാറിന്റെ നിരവധി പ്രബന്ധങ്ങളിലും കുറിപ്പുകളിലും എം ടി തുടര്‍ച്ചയായി കടന്നുവരുന്നു. എന്നാല്‍, 'എം ടി അക്ഷരശില്‍പ്പി'യാകട്ടെ എം ടിയെന്ന സര്‍ഗസാഗരത്തിലൂടെ ആഴത്തിലും പരപ്പിലുമുള്ള ഏകാന്തസഞ്ചാരമാണ്.

രണ്ടുവിധത്തില്‍ 'എം ടി അക്ഷരശില്‍പ്പി' പ്രയോജനപ്പെടുന്നു. സാധാരണക്കാരായ വായനക്കാര്‍ക്ക് എം ടിയെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും സാമാന്യവിവരം ഇതിലൂടെ ലഭിക്കുന്നു. ആമുഖം, ഒരു കഥാകൃത്ത് ജനിക്കുന്നു തുടങ്ങിയ അധ്യായങ്ങളെ ഈ ഗണത്തില്‍പ്പെടുത്താം. ഗൌരവപൂര്‍വമുള്ള ഗവേഷണപഠനങ്ങളിലേക്ക് തുറക്കുന്ന വാതിലുകളായും ഇതിലെ ലേഖനങ്ങള്‍ മാറുന്നു. പ്രമേയ വൈവിധ്യങ്ങളിലേക്കും ഘടനാപരമായ സൂക്ഷ്മതകളിലേക്കും കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകളിലേക്കും അവ വിരല്‍ചൂണ്ടുന്നു. ബാലമനസ്സുകളെ കേന്ദ്രീകരിച്ച് എം ടി രചിച്ച കഥകളെക്കുറിച്ചുള്ള പഠനം ഉദാഹരണം. ഇത്തരം കഥകളെ മുഴുവന്‍ പരിശോധിച്ച് അവയെ കുട്ടികളുടെ അനുഭവലോകത്തിന്റെ നേരിട്ടുള്ള അവതരണം, മുതിര്‍ന്നശേഷമുള്ള കുട്ടിക്കാല ഓര്‍മകള്‍ എന്നിങ്ങനെ അദ്ദേഹം വേര്‍തിരിക്കുന്നു. ഭഗ്നപ്രണയങ്ങള്‍, ശിഥില ദാമ്പത്യങ്ങള്‍, മാതൃ-പിതൃബന്ധങ്ങള്‍, തിരസ്കരിക്കപ്പെട്ട ജീവിതങ്ങള്‍, മരണം, സാമൂഹ്യയാഥാര്‍ഥ്യങ്ങള്‍ തുടങ്ങി എം ടിയുടെ പ്രമേയങ്ങളോരോന്നായി എടുത്ത് പരിശോധിക്കുന്നു.

കെ എസ് രവികുമാറിന്റെ ഏറ്റവും വലിയ പ്രത്യേകത എഴുത്തിലെ ലാളിത്യമാണ്. ആശയങ്ങളെ നിഗൂഢവല്‍ക്കരിച്ച്  അവതരിപ്പിക്കുന്ന കൃത്രിമത്വത്തില്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ ആയാസമില്ലാതെ ഇതിലെ ലേഖനങ്ങള്‍ വായിച്ചുപോകാം. ഭാഷയുടെ പ്രസാദാത്മകത നമുക്കിതില്‍ കാണാം.

എം ടി എഴുത്തുകാരനെന്നപ്പോലെ മികച്ച എഴുത്തുകാരെ സൃഷ്ടിച്ച പത്രാധിപരായും കീര്‍ത്തികേട്ടു. മികച്ച പത്രാധിപരാകാന്‍ കഥാകൃത്തിനെ പ്രാപ്തമാക്കിയ ഘടകങ്ങള്‍ അനുബന്ധലേഖനത്തില്‍ വിശകലനംചെയ്യുന്നു.

തലമുറകളെ ആരാധകരാക്കി മാറ്റിയ, അഭിമാനകരമാംവിധം വായിക്കപ്പെട്ട എം ടിയെ എങ്ങനെയൊക്കെ വായിക്കാമെന്നതിന്റെ മാതൃകകൂടിയാണ് രവികുമാറിന്റെ പുസ്തകം.

aburaj@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top