28 March Thursday

ഭൂതകാലം ആവര്‍ത്തിക്കുന്ന ജീവിതധന്യത

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2016

'ദി തിയറി ഓഫ് എറ്റേണല്‍ റിട്ടേണ്‍സ്' എന്നൊരു സങ്കല്‍പ്പം അവതരിപ്പിച്ച് നീഷെ തന്റെ സമകാലികരായ തത്വചിന്തകരെ ഞെട്ടിച്ചിരുന്നത്രെ. മേല്‍പ്പറഞ്ഞ സങ്കല്‍പ്പനപ്രകാരം ഒരു മനുഷ്യന്റെ ജീവിതയാത്രയില്‍ ഭൂതകാലം അയാളിലേക്ക് നിരന്തരം തിരിച്ചുവരികതന്നെ ചെയ്യണം– സ്വയം തിരുത്താനും നവീകരിക്കാനും മാറ്റിപ്പണിയാനും അവസരം നല്‍കിക്കൊണ്ട്– നീഷെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പുനര്‍നിര്‍മിതിക്കായി  ഇങ്ങനെ ഭൂതകാലം അനുവദിക്കപ്പെടുന്ന ജീവിതത്തിന് മാത്രമേ അര്‍ഥവ്യാപ്തിയുണ്ടാകൂ എന്നാണ്. ഒരു നിമിഷത്തിന് ഒരൊറ്റ അവസരം മാത്രം നല്‍കിക്കൊണ്ട് തിരോഭവിച്ചുപോകുന്ന ജീവിതം (വ്യാവഹാരിക അര്‍ഥത്തില്‍ നമ്മുടെയെല്ലാം ജീവിതം അങ്ങനെയാണ്). ആ ഒറ്റക്കാരണത്താല്‍ അപ്രസക്തമായിപ്പോകുകയാണത്രെ. എത്ര വലിയ മഹാത്മാവിന്റേതായാലും യോദ്ധാവിന്റേതായാലും വിപ്ളവകാരിയുടേതായാലും ശരി, വീണ്ടുമൊന്ന് മാറ്റിപ്പണിയാന്‍ സാധിക്കാത്ത ആയുസ്സിന്റെ തന്മാത്രകള്‍ ദിശയില്ലാതെ പറക്കുന്ന ധൂളീപടലങ്ങളെപ്പോലെയാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

ആര്‍ക്കും കഴിഞ്ഞ നിമിഷങ്ങളെ തിരുത്തിയെടുക്കാന്‍ കഴിയാത്തതിനാല്‍ എല്ലാവരുടെയും ജീവിതങ്ങള്‍ ലക്ഷ്യരഹിതമായ പാളിച്ചകള്‍തന്നെയായി ഒടുങ്ങുന്നില്ലേയെന്ന് ചോദിക്കാം. ആണ്. പോയകാലങ്ങളെ സ്മരണകളിലൂടെ നാം തിരിച്ചുപിടിച്ച് അവയുടെ അസംഖ്യം സാധ്യതകള്‍ പരിഗണിക്കാന്‍ പഠിക്കാതിരുന്നാല്‍ അത് ധൂളീസമാനംതന്നെ. എന്നാല്‍, സ്വാമി അവ്യയാനന്ദയുടെ എന്റെ ബാല്യം എന്ന പുസ്തകം ജീവിതത്തെ പതിരാകാന്‍ സമ്മതിക്കാതെ തിരിച്ചുപിടിക്കുന്നതിന്റെ അത്ഭുതകരമായ സര്‍ഗപ്രവൃത്തിയാണ്. ദി തിയറി ഓഫ് എറ്റേണല്‍ റിട്ടേണ്‍സില്‍ നീഷെ പറയുന്നപോലെ ഭൂതകാലം വീണ്ടും വീണ്ടും തിരിച്ചുവരുന്നത് ആ ഓര്‍മക്കുറിപ്പുകളില്‍ വായനക്കാരന് തീര്‍ച്ചയായും അനുഭവിച്ചറിയാം.
നോക്കൂ–

'വര്‍ഷങ്ങള്‍ക്കുശേഷം ഞാനെന്റെ വീട്ടിലേക്ക് മടങ്ങിവരികയാണ്... ബസിറങ്ങി ജനിച്ചുവളര്‍ന്ന മണ്ണില്‍ കാലുകുത്തിയപ്പോള്‍ ഞാന്‍ മറ്റൊരു ലോകത്തിലാണ് എത്തിപ്പെട്ടിരിക്കുന്നത് എന്നുതോന്നി. ഈ സ്ഥലം എനിക്ക് പരിചയമുള്ളതല്ല. ഒരുപാട് മാറിയിരിക്കുന്നു. എന്നാലും പഴയ ഭൂപ്രകൃതിയുടെ അടയാളങ്ങളായി ചില വൃക്ഷങ്ങളിവിടെയുണ്ട്. പാടവരമ്പുകളുടെ ശേഷിപ്പുകളുണ്ട്. മ

ണി പതിനൊന്ന് കഴിഞ്ഞു. നല്ല വെയിലുണ്ടായിരുന്നു. ഓരോട്ടോ പിടിച്ചാലോ എന്ന് ആദ്യം തോന്നി. വീട്ടിലേക്ക് കുറച്ച് ദൂരമുണ്ട്. പിന്നെ വിചാരിച്ചു. നടക്കാം. കുടയുണ്ടല്ലോ. ഇതെന്റെ ഓര്‍മകളിലൂടെയുള്ള യാത്രയല്ലേ? ഇതെന്റെ കുട്ടിക്കാലത്തിലൂടെയുള്ള, കൌമാരത്തിന്റെ കൌതുകങ്ങളിലൂടെയുള്ള യാത്രയല്ലേ?

പുസ്തകത്തിന്റെ ആദ്യത്തെ അധ്യായത്തില്‍ത്തന്നെ നീഷെയുടെ തിയറിയില്‍ പറയുന്നപോലെ ഭൂതകാലം സ്വാമി അവ്യയാനന്ദയിലേക്ക് മടങ്ങിവരികയാണ്. അതായത് അദ്ദേഹം സ്വന്തം ജീവിതത്തെ പതിരുപോലെ പറത്താതെ കനമുള്ള നെല്‍ക്കതിരുകളായി ഭൂമിയില്‍ വിളയിക്കുകയാണ്. ദശാബ്ദങ്ങള്‍ക്ക് ശേഷമുള്ള സ്വാമിയുടെ വീട്ടുമടക്കത്തില്‍ ശൈശവവും കൌമാരവുമെല്ലാം പുതിയകാലവുമായി സന്ധിക്കുന്ന ഇന്ദ്രജാലം സംഭവിക്കുകയാണ്.

സ്വാമി അവ്യയാനന്ദ തന്റെ പൂര്‍വാശ്രമത്തിലേക്ക് തിരിച്ചുവരുന്നതിന്റെ പ്രധാനലക്ഷ്യം പഴയ കമ്യൂണിസ്റ്റുകാരനായ ഇളേച്ഛനെ കാണാന്‍ വേണ്ടിയായിരുന്നു. പഴയകാലത്തെ ഇരുണ്ട സാമൂഹ്യവ്യവസ്ഥയെക്കുറിച്ചുള്ള ചിത്രങ്ങള്‍ സ്വാമിക്ക് കിട്ടിയിരുന്നത് അച്ഛനില്‍നിന്നല്ല, ഇളേച്ഛനില്‍നിന്നായിരുന്നു. താണ ജാതിക്കാര്‍ക്ക് അന്ന് അയിത്തമുണ്ടായിരുന്നു. അതുകൊണ്ട് ചേര്‍ത്തല സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഈഴവന് പ്രവേശനമില്ല. വക്കീലന്മാരെ കേസുകള്‍ ഏല്‍പ്പിച്ച് സ്വാമിയുടെ അച്ഛന്‍ ഓഫീസിന് മുന്നിലുള്ള ചെമ്പകച്ചുവട്ടില്‍ നില്‍ക്കുകയാണ് പതിവ്. ശിപായിമാര്‍ അവിടെവന്ന് ആധാരങ്ങള്‍ നടത്തിക്കൊടുക്കും.

പൂര്‍വാശ്രമം സന്ദര്‍ശിക്കാനായി എത്തുന്ന അവ്യയാനന്ദ, അതായത് പഴയ അടിവാക്കക്കാരന്‍ ചെറുക്കന്‍, പോയകാലം നോക്കിക്കാണുന്നത് ഇളേച്ഛന്റെ ഇമ ചിമ്മാത്ത ആനക്കണ്ണുകളിലൂടെയാണ്. കാരണം ചരിത്രത്തിന്റെ തുറുകണ്ണാണ് പിതൃവ്യന്റെ ആ മിഴികളെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ഇളേച്ഛന്‍ ചിരിക്കുന്നത് താന്‍ ഒരിക്കലും കണ്ടിട്ടില്ല. എപ്പോഴും വലിയ ഗൌരവമായിരുന്നു മുഖത്ത്. പടിഞ്ഞാറെ കരിനിലത്ത് കൊയ്ത്ത് കഴിഞ്ഞാല്‍ എല്ലാവരുംകൂടി വീട്ടിലേക്കൊരു വരവുണ്ട്. തൊഴിലാളികള്‍ക്കൊപ്പം കൊയ്ത്ത് വട്ടിയില്‍ കറ്റ നിറച്ച് ഇളേച്ഛനും ചുമക്കുമായിരുന്നു. അതിനുശേഷം രക്തഹാരങ്ങളണിഞ്ഞ് വിയര്‍ത്തുകുളിച്ച് സഖാക്കളുടെ ജയജയാരവങ്ങളോടെ അടിവാക്കല്‍ വീടിന്റെ പടി കടന്നെത്തുന്ന ഇളേച്ഛനെയാണ് സ്വാമിക്ക് ഓര്‍മ.

സര്‍വസംഗപരിത്യാഗിയാകേണ്ട സന്യാസി തന്റെ ഭൂതകാലം നോക്കിക്കാണുന്നത് ജീവിതസ്നേഹിയായ വിപ്ളവകാരിയിലൂടെയാണ് എന്നതിന് വലിയ അര്‍ഥമാനങ്ങളുണ്ട്. സത്യത്തില്‍ സന്യാസവും മറ്റ് ആധ്യാത്മകാന്വേഷണ പദ്ധതികളും സംസാരമാം സാഗരത്തില്‍ കഴുത്തറ്റം മുങ്ങിപ്പോകാതെ ഈശ്വരനെ തേടാനേ പറയുന്നുള്ളൂ. വാഴ്വെന്ന അനുഗ്രഹത്തെ പൂര്‍ണമായി തള്ളിക്കളയാന്‍ നിര്‍ദേശിക്കുന്നില്ല. കഴുത്തറ്റം മുങ്ങാതെ സന്തുലിതമായ ആത്മനിയന്ത്രണത്തില്‍ തുഴയുമ്പോള്‍ കൂടുതല്‍ നിര്‍മമരസത്തോടെ ജീവിതത്തെ അനുഭവിക്കാന്‍ കഴിയുന്നു. പതിനാറായിരത്തെട്ട് ഭാര്യമാരുണ്ടായിരുന്ന ശ്രീകൃഷ്ണനിലാണല്ലോ ശരിയായ ബ്രഹ്മചാരിയെ ഭീഷ്മാചാര്യര്‍ കണ്ടെത്തിയത്. ദൈവികമായ ആ സാരസ്വതരഹസ്യജ്ഞാനത്താലാകണം ലൌകികലോകത്തെ എന്നപോലെ ആത്മീയലോകത്തെയും സ്വാമി അവ്യയാനന്ദയ്ക്ക് ഒരേപോലെ വിമര്‍ശിക്കാന്‍ സാധിക്കുന്നത്.

'അടിമയായിരിക്കാനുള്ള ആന്തരികചോദനയാണ് എവിടെയും മനുഷ്യനെ തോല്‍പ്പിക്കുന്നത്. സ്നേഹത്തിനായി നമുക്ക് എന്നുമൊരു വിശുദ്ധദാഹമുണ്ട്. കാമുകര്‍മുതല്‍ ദൈവങ്ങള്‍വരെ ചൂഷണംചെയ്തുകൊണ്ടിരിക്കുന്നത് ഇതിനെയാണ്.'

സ്വാമി വെട്ടിത്തുറന്ന് പറയുന്നത് കേള്‍ക്കുക.

സ്വാമി അവ്യയാനന്ദയുമായി പരിചയപ്പെടുന്നത് ശിവഗിരിയിലെ പ്രസിദ്ധമായ സാഹിത്യസമ്മേളനത്തിന് അദ്ദേഹം എന്നെ ക്ഷണിച്ചപ്പോഴാണ്. നേരില്‍ കണ്ടപ്പോഴേ ആ മട്ടിലും മാതിരിയിലും എന്തെന്നില്ലാത്ത ആകര്‍ഷണശക്തി ഞാന്‍ അനുഭവിച്ചു. സ്വാമി എന്നെ സമ്മേളനത്തിന് വിളിച്ചതും എന്റെ എഴുത്തിലെ ചില സവിശേഷതകള്‍ ശ്രദ്ധിച്ചാണത്രേ. പിന്നീടാണ് അറിയുന്നത് ഞാനും  സ്വാമി അവ്യയാനന്ദയും ജനിച്ചത് 1955ല്‍ ആണെന്ന്. എല്ലാ മനുഷ്യരിലും സാക്ഷാല്‍ക്കരിക്കാതെപോയ ജീവിതസാധ്യതകളുണ്ടെന്ന് ലോക പ്രശസ്ത നോവലിസ്റ്റ് മിലാന്‍ കുന്ദേര നിരീക്ഷിക്കുന്നുണ്ട്. സാക്ഷാല്‍ക്കരിക്കാതെപോയ എന്റെ പരിവ്രാജക ജീവിതമാണോ സ്വാമി അവ്യയാനന്ദ? അതുകൊണ്ടാണോ അദ്ദേഹത്തിന്റെ ബാല്യകാലസ്മരണകള്‍ സ്വന്തത്തില്‍ സ്വന്തമായി എനിക്ക് തോന്നുന്നത്.
kpramanunni@yahoo.com



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top