19 April Friday

മാനവികതയുടെ നീലാകാശത്ത് പക്ഷിയെപ്പോലെ

ശുഭാമണിUpdated: Sunday Feb 14, 2016

മലാല ഒരു പക്ഷിയെപ്പോലെ സ്വതന്ത്രയാണ്... അവള്‍ക്ക് ഇത്ര കരുത്തുണ്ടാകാന്‍ ഞാനെന്തൊക്കെ ചെയ്തു എന്ന് ചോദിച്ചാല്‍, പറയാന്‍ ഒന്നേയുള്ളൂ. ഞാന്‍ അവളുടെ ചിറകുകള്‍ അരിഞ്ഞില്ല...’ചെറുപ്രായത്തില്‍ത്തന്നെ ധീരമായ നിലപാടുകളിലൂടെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകാന്‍ കഴിഞ്ഞ മലാലയെക്കുറിച്ച് അച്ഛന്‍ സിയാവുദീന്‍ യൂസഫ്സായിയുടെ വാക്കുകളാണിത്. ആണ്‍കോയ്മ ആഴത്തില്‍ നടമാടുന്നൊരു സമൂഹത്തില്‍ സിയാവുദീന്റെ– ഒരച്ഛന്റെ വാക്കുകള്‍ക്ക് സവിശേഷമായ അര്‍ഥതലങ്ങളുണ്ട്; തന്റെ അഞ്ചു സഹോദരിമാരില്‍ ഒരാള്‍പോലും സ്കൂളില്‍ പോയിട്ടില്ല എന്ന വസ്തുതയോട് മനസ്സ് ചേര്‍ത്തുവയ്ക്കുമ്പോള്‍ പ്രത്യേകിച്ചും. പാകിസ്ഥാന്‍പോലുള്ള മതാധിഷ്ഠിതസമൂഹത്തില്‍ ദരിദ്രസാഹചര്യങ്ങളില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ സ്കൂളില്‍ ചേര്‍ക്കുക എന്നതുതന്നെ അവളുടെ വ്യക്തിത്വത്തെ അംഗീകരിക്കലാണെന്ന് വിദ്യാഭ്യാസപ്രവര്‍ത്തകനും കവിയുമായ സിയാവുദീന്‍ യൂസഫ് സായിക്ക് മറ്റാരേക്കാളും നന്നായി അറിയുമായിരുന്നു. അതുകൊണ്ടുതന്നെയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുംവേണ്ടി പോരാടുന്ന ഇന്നത്തെ മലാലയെ രൂപപ്പെടുത്തിയതില്‍ പുരോഗമനവാദിയായ ആ അച്ഛന്റെ പങ്ക് നിസ്തുലവും മഹത്തരവുമാണെന്ന് ലോകം തിരിച്ചറിയുന്നതും.

മലാല യൂസഫ് സായിക്ക്് താലിബാന്‍ ഭീകരരുടെ വെടിയുണ്ടയേല്‍ക്കുമ്പോള്‍ 15 വയസ്സുമാത്രമായിരുന്നു. മറ്റേതൊരു കൌമാരക്കാരിയേയുംപോലെ സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയ മലാലയില്‍ ഉറങ്ങിക്കിടന്നിരുന്ന അഗ്നി ആളിക്കത്തിച്ചത് അനിസ്ളാമികമെന്ന കാരണത്താല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ട് താലിബാന്‍ പുറപ്പെടുവിച്ച കല്‍പ്പനയാണ്. ഇസ്ളാംമൂല്യങ്ങള്‍ക്ക് തെറ്റായ വ്യാഖ്യാനം നല്‍കിയും നിരക്ഷരരും അജ്ഞരുമായ ജനസാമാന്യത്തിന്റെ മതവികാരത്തെ ആളിക്കത്തിച്ചും അവര്‍ നടത്തിയ സമാന്തരഭരണത്തിന്റെ ഭീകരതയിലമര്‍ന്നുപോയ സ്വാത്തില്‍ ആശയപ്രചാരണത്തിലൂടെ തന്റെ പോരാട്ടങ്ങള്‍ക്ക് തുടക്കംകുറിച്ചു മലാല. അങ്ങനെയാണ് താലിബാന്റെ കണ്ണിലെ കരടായി മലാല മാറിയത്.

ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ് ലഭിക്കുമ്പോള്‍ മലാലയ്ക്ക് പ്രായം 12. പതിനേഴാം വയസ്സില്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം. വിദ്യാഭ്യാസത്തിനും മനുഷ്യാവകാശത്തിനും സമാധാനത്തിനുംവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനകംതന്നെ മുപ്പതിലേറെ അവാര്‍ഡുകള്‍. ലോകത്തിനാകെ പ്രത്യാശയുടെ പുതുവെളിച്ചം പകരാന്‍ ഈ പതിനെട്ടുകാരി പെണ്‍കുട്ടിക്ക് എങ്ങനെ കഴിഞ്ഞു? സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള ‘മലാലയുടെ കഥയിലൂടെ വിസ്മയഭരിതമായ ആ കഥ പറഞ്ഞുതരുകയാണ് കെ എം ലെനിന്‍. കുട്ടികളില്‍ കൌതുകമുണര്‍ത്തുന്ന തരത്തില്‍ ഹൃദ്യമായ ഭാഷയില്‍ എഴുതപ്പെട്ട ഈ കൃതി മലാലയുടെ സവിശേഷവ്യക്തിത്വത്തെ അടുത്തറിയാന്‍ നമ്മെ സഹായിക്കുന്നു. സ്ത്രീസമൂഹത്തിനാകെ കരുത്തും ആവേശവും ആത്മവിശ്വാസവും പകരുന്ന മലാലയുടെ ജീവിതം അതിനനുസൃതമായ ചായക്കൂട്ടുകള്‍ ചാലിച്ചാണ് വരച്ചുകാട്ടിയിട്ടുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top