25 April Thursday

ആരായിരുന്നു ശിവജി?

വി ബി പരമേശ്വരൻUpdated: Sunday Jan 10, 2016

സംഘപരിവാറിന് മഹാരാഷ്ട്രയുമായി നാഭീനാളബന്ധംതന്നെയുണ്ട്. കൊങ്കണ്‍മേഖലയിലെ ചിത്പാവന്‍ ബ്രാഹ്മണരുടെ സവര്‍ണതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് 1925ലെ വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് പിറന്നുവീണത് നാഗ്പുരിലായിരുന്നു. ദളിതരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ അടിച്ചമര്‍ത്തുന്നതിന് സവര്‍ണസേനയ്ക്ക് രൂപംനല്‍കുകയെന്ന ആശയം മുന്നോട്ടുവച്ച ബിഎസ് മൂന്‍ജെ, ആര്‍എസ്എസിന്റെ സ്ഥാപകനായ കേശവ് ബലിറാം ഹെഡ്ഗേവാര്‍, സംഘപരിവാറിന് ആശായടിത്തറ നല്‍കിയ ഹിന്ദുമഹാസഭാ സ്ഥാപകന്‍ സവര്‍ക്കര്‍, ആര്‍എസ്എസിന്റെ രണ്ടാമെത്തെ സര്‍സംഘ് ചാലകും ഹിന്ദുത്വ തത്വശാസ്ത്രം ശക്തമായി അവതരിപ്പിക്കുകയുംചെയ്ത മാധവസദാശിവ ഗോള്‍വാള്‍ക്കര്‍, ഗാന്ധിജിയുടെ ഘാതകനും ആര്‍എസ്എസ് പ്രവര്‍ത്തകനുമായിരുന്ന നാഥുറാം വിനായക് ഗോഡ്സെ എന്നിവരെല്ലാം മഹാരാഷ്ട്രക്കാരായിരുന്നു. മാത്രമല്ല, ആര്‍എസ്എസിന്റെ വന്ദനഗാനത്തിനും ഭഗവധ്വജത്തിനും ശിവജികാലവുമായി ബന്ധമുണ്ട്. തീവ്രഹിന്ദുത്വത്തിന്റെ മുഖമായി സംഘപരിവാറുകള്‍ സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിക്കുന്ന വ്യക്തിയാണ് അഫ്സല്‍ ഖാനെ വധിച്ച ശിവജി. മുസ്ളിങ്ങള്‍ക്കെതിരെ സന്ധിയില്ലാതെ പൊരുതിയ ചക്രവര്‍ത്തിയാണ് ശിവജിയെന്ന ചിത്രമാണ് സംഘികളും ഒരു പരിധിവരെ ഔദ്യോഗിക ചരിത്രപുസ്തകങ്ങളും നല്‍കുന്നത്. എന്നാല്‍,  ശിവജിയുടെ ഈ ഹിന്ദുത്വമുഖം വസ്തുതകള്‍ നിരത്തി പിച്ചിച്ചീന്തുകയാണ് ഗോവിന്ദ് പന്‍സാരെ. കമ്യൂണിസ്റ്റ് പാര്‍ടി നേതാവ്, പ്രഭാഷകന്‍, എഴുത്തുകാരന്‍, യുക്തിവാദി എന്നീ നിലകളിലെല്ലാം പ്രസിദ്ധനായ പന്‍സാരെ ജന്മസ്ഥലമായ കോല്‍ഹാപുരില്‍ രണ്ടു ദിവസമായി നടത്തിയ പ്രസംഗത്തിലാണ് കൃഷിക്കാരുടെയും ദളിതരുടെയും സ്ത്രീകളുടെയും സുഹൃത്തും സംരക്ഷകനുമായ ശിവജിയുടെ വ്യത്യസ്തമായ ചിത്രം വരച്ചിടുന്നത്. ഇതാണ് 114 പേജുള്ള പുസ്തകമായി ഇംഗ്ളഷില്‍ ലെഫ്റ്റ്വേര്‍ഡ് ബുക്സും മലയാളത്തില്‍ മൈത്രി ബുക്്സും പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആമുഖത്തില്‍ അനിരുദ്ധ് ദേശ്പാണ്ഡെ ശരിയായി വിലയിരുത്തുന്നതുപോലെ മധ്യകാല ഇന്ത്യാ ചരിത്രത്തെ സംബന്ധിച്ച മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടിന്റെയും ദളിത് ബഹുജന്‍ കാഴ്ചപ്പാടിന്റെയും കമനീയമായ കൂടിച്ചേരലാണ് അഞ്ച് അധ്യായങ്ങളുള്ള ഈ പുസ്തകം.

വ്യത്യസ്തനായ രാജാവ് എന്ന ആദ്യ അധ്യായത്തില്‍ എന്തുകൊണ്ടാണ് മറാത്തജനത ശിവജിയെ ആദരിച്ചതെന്ന് വിശദീകരിക്കുന്നു. തുടര്‍ന്നുള്ള അധ്യായങ്ങളില്‍ ജനങ്ങളുടെ ശിവജി സ്നേഹത്തിനുള്ള കാരണങ്ങളാണ് പന്‍സാരെ വിവരിക്കുന്നത്. ശിവജിയും കൃഷീവലന്മാരായ പ്രജകളും എന്ന അധ്യായത്തില്‍ നികുതിപിരിവുകാരുടെ കൊള്ള തടഞ്ഞതിനെക്കുറിച്ചും പ്രകൃതിക്ഷോഭകാലത്ത് നികുതി ഇളവുകള്‍ നല്‍കിയതിനെക്കുറിച്ചും സൈനികര്‍ കൃഷി നശിപ്പിക്കുന്നത് കര്‍ശനമായി തടയുന്നതിനെക്കുറിച്ചും കര്‍ഷകര്‍ക്ക് വിത്തും കന്നുകാലികളും മറ്റും നല്‍കുന്നതിനെക്കുറിച്ചും വിവരിക്കുന്നു. രാജാവ് ജനങ്ങളുടെ കാര്യങ്ങളില്‍ ശ്രദ്ധാലുവാണെങ്കില്‍ അവര്‍ രാജാവിന്റെ കാര്യങ്ങളില്‍ പത്ത് മടങ്ങ് ശ്രദ്ധാലുവായിരിക്കുമെന്നും ശിവജിയുടെ കാര്യത്തില്‍ അതാണ് സംഭവിച്ചതെന്നും ഗോവിന്ദ് പന്‍സാരെ നിരീക്ഷിക്കുന്നു.

എന്നാല്‍, സംഘപരിവാറിനെ ഏറ്റവും ചൊടിപ്പിച്ചിട്ടുണ്ടാകുക ശിവജിയും മതവും എന്ന അധ്യായമായിരിക്കും. ശിവജി മുസ്ളിംവിരുദ്ധനായ, ഹിന്ദുക്കളെ സംരക്ഷിച്ച ഭരണാധികാരിയാണെന്ന സംഘപരിവാറിന്റെ വാദമുഖങ്ങളെ പന്‍സാരെ ഈ അധ്യായത്തിലാണ് പൊളിച്ചടുക്കുന്നത്. ശിവജിയുടെ നാവികസേനമുതല്‍ രഹസ്യാന്വേഷണവിഭാഗംവരെ നയിച്ചിരുന്നത് മുസ്ളിങ്ങളായിരുന്നുവെന്ന് പന്‍സാരെ വെളിപ്പെടുത്തുന്നു. ഉന്നതസ്ഥാനത്തുള്ള 13 കമാന്‍ഡര്‍മാര്‍ മുസ്ളിങ്ങളാണ്.  ശിവജി മതത്തോടുള്ള കൂറിനായിരുന്നില്ല, മറിച്ച് ഭരണകൂടത്തോട്, യജമാനനോടുള്ള കൂറിനാണ് പ്രാധാന്യം കല്‍പ്പിച്ചിരുന്നത്. മുഗള്‍ചക്രവര്‍ത്തിക്കുവേണ്ടി രാജാജയ്സിങ്ങും ഒരു സംഘം ഹിന്ദു രാജാക്കന്മാരും ശിവജിക്കെതിരെ അണിനിരന്നതിനെക്കുറിച്ചും വിവരിച്ചുകൊണ്ട് ഈ നിരീക്ഷണത്തെ പന്‍സാര സമര്‍ഥിക്കുന്നു. ഒരൊറ്റ മുസ്ളിംപള്ളിയും ശിവജി കൊള്ളയടിച്ചില്ലെന്നും ചരിത്രവസ്തുതകള്‍ നിരത്തി സമര്‍ഥിക്കുന്നു. ശിവജി ഹിന്ദുമതവിശ്വാസിയായിരുന്നു. ഹിന്ദുവായതില്‍ അദ്ദേഹം അഭിമാനിച്ചിരുന്നു. എന്നാല്‍, തന്റെ മതത്തെക്കുറിച്ചുള്ള അഭിമാനം അന്യമതവിദ്വേഷത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. മുസ്ളിങ്ങളെ വെറുത്തില്ലെങ്കില്‍ മഹാനായ ഹിന്ദുവായിരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ഒരിക്കലും ചിന്തിച്ചിരുന്നില്ല. മധ്യകാലഘട്ടത്തില്‍പ്പോലും അദ്ദേഹത്തിന്റെ വിശ്വാസം യുക്തിഭദ്രമായിരുന്നു– ശിവജിയെക്കുറിച്ചുള്ള പന്‍സാരെയുടെ വിലയിരുത്തലാണിത്. ശിവജി ബ്രാഹ്മണരുടെ സംരക്ഷകനായിരുന്നുവെന്ന വാദത്തെ ബ്രാഹ്മണര്‍ അദ്ദേഹത്തിനെതിരെ യജ്ഞം നടത്തിയതും ചക്രവര്‍ത്തിയായി സ്ഥാനാരോഹണം ചെയ്യാന്‍ മറാത്ത ബ്രാഹ്മണര്‍ വിസമ്മതിച്ചതും ചൂണ്ടിക്കാട്ടി പന്‍സാരെ ഖണ്ഡിക്കുന്നു. പന്‍സാരെയുടെ മേല്‍പ്പറഞ്ഞ നിരീക്ഷണങ്ങള്‍ സംഘപരിവാര്‍ ഇതുവരെയായി ശിവജിയെക്കുറിച്ച് കെട്ടിപ്പൊക്കിയ എല്ലാ പരികല്‍പ്പനകെളെയും അട്ടിമറിക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെയാണ് ഹിന്ദുത്വ വര്‍ഗീയവാദികള്‍ ധബോല്‍ക്കര്‍ക്ക് പിന്നാലെ അദ്ദേഹത്തെയും വധിച്ചത്. പന്‍സാരെയെ എന്തുകൊണ്ട് ഹിന്ദുത്വവാദികള്‍ വധിച്ചുവെന്ന് അന്വേഷിക്കുന്ന ഏതൊരാളും, ശിവജിയെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.  ജി വിജയകുമാര്‍, പി എസ് പൂഴനാട്, കെ ആര്‍ മായ എന്നിവരാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top