18 April Thursday

ജീവിതത്തിന്റെ അകംപൊരുള്‍

ശശി മാവിൻമൂട്Updated: Sunday Sep 4, 2016

മഹാകവി കുമാരനാശാന്റെ 'കരുണ' എന്ന ഖണ്ഡകാവ്യം മലയാളികളുടെ ചുണ്ടിലും മനസ്സിലും എക്കാലവും നിറഞ്ഞുനില്‍ക്കുന്നതാണ്. വാസവദത്ത എന്ന ഗണികയുടെ കഥ പറയുന്ന കരുണ ജീവിതത്തിന്റെ അകംപൊരുള്‍ നമുക്ക് കാട്ടിത്തരുന്നു. 1923ല്‍ കുമാരനാശാന്‍ എഴുതിയ ഈ കൃതിക്ക് നിരവധി വ്യാഖ്യാനങ്ങളും പുനരാഖ്യാനങ്ങളുമുണ്ടായി. നാടകമായും നൃത്തശില്‍പ്പമായും ചലച്ചിത്രമായും ഇത് അരങ്ങിലെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത കഥാപാത്രങ്ങളാണ് വാസവദത്തയും ഉപഗുപ്തനും.

കരുണയെ അവലംബമാക്കി സജില്‍ ശ്രീധര്‍ എഴുതിയ  നോവലാണ് 'വാസവദത്ത'. ഒരു ഖണ്ഡകാവ്യത്തിന്റെ കേവല ഗദ്യരൂപം എന്നതിനപ്പുറം സൃഷ്ടിപരതയുടെ തനതു വ്യക്തിത്വം പുലര്‍ത്താന്‍ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.

സങ്കീര്‍ണതകളില്ലാത്ത ലളിതവും സുന്ദരവുമായ ഭാഷയാണ് ഈ നോവലിന്റെ സവിശേഷത. ആദ്യവസാനം കരുണയിലെ കഥാതന്തുവിനെ യുക്തിഭദ്രമായി നിലനിര്‍ത്തിക്കൊണ്ടാണ് വാസവദത്തയുടെ കാണാത്ത മുഖം നോവലിസ്റ്റ് കാട്ടിത്തരുന്നത്. ഒരു ഗണികയായി അനുവാചകമനസ്സില്‍ വെറുപ്പിന്റെ പ്രതിരൂപമാര്‍ന്ന വാസവദത്തയെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മനസ്സുള്ള പ്രായോഗികമതിയായ ഒരു സ്ത്രീരത്നമായി നോവല്‍ അവതരിപ്പിക്കുന്നു. മൂലകഥയില്‍ ഉള്ളവരും ഇല്ലാത്തവരുമായ കഥാപാത്രങ്ങള്‍ക്ക് മിഴിവേകുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്. 'ആരറിവൂ നിയതിതന്‍ ത്രാസു പൊങ്ങുന്നതും താനേ താണുപോവതും' എന്ന വരികളില്‍ മഹാകവി ഒളിപ്പിച്ചുവച്ചിരിക്കുന്ന ജീവിതതത്വം ഉച്ചൈസ്തരം ഈ നോവല്‍ വിളംബരംചെയ്യുന്നു. നഗ്നമായ ബാഹ്യസൌന്ദര്യത്തിനപ്പുറം ആന്തരികസൌന്ദര്യത്തിന്റെ ആഴം കണ്ടെത്തുന്ന മനുഷ്യാവസ്ഥയാണ് ഈ കൃതി വരച്ചിടുന്നത്. വിശ്വമാനവസങ്കല്‍പ്പം ഉയര്‍ത്തിപ്പിടിക്കുന്ന ഉപഗുപ്തനിലൂടെ വാസവദത്തയുടെ കഥ സാര്‍വലൌകികതയിലേക്ക് മിഴിതുറക്കുന്നു. അതുകൊണ്ടാണ് മതത്തിനതീതമായ ആത്മീയത പ്രകടിപ്പിക്കുന്ന ഉപഗുപ്തന്‍ വാസവദത്തയ്ക്ക് പ്രാര്‍ഥിക്കാന്‍ കണ്ണാടി നീട്ടുന്നത്.

ദാര്‍ശനികമായ നിരവധി തലങ്ങള്‍ തുറന്നുകാട്ടുന്ന ഈ നോവല്‍ ജീവിതത്തിന്റെ അര്‍ഥവും അനര്‍ഥവുമറിഞ്ഞ വാസവദത്തയിലൂടെ, എല്ലാം ഒന്നാണെന്ന അദ്വൈതവചനം തിരിച്ചറിയുന്നവരാണ് ജീവിതവിജയം നേടുന്നതെന്ന മഹദ്സന്ദേശം പകര്‍ന്നുതരുന്നു. പ്രചുരപ്രചാരം നേടിയ ഒരു ഖണ്ഡകാവ്യം നോവല്‍ രൂപമാക്കുമ്പോഴുണ്ടാകുന്ന പരീക്ഷണങ്ങളോ പരിമിതികളോ ഈ കൃതി പ്രകടിപ്പിക്കുന്നില്ല. മികച്ച പാരായണക്ഷമതയുള്ള ഈ നോവല്‍ ഇടവേളകളില്ലാതെ തുടക്കംമുതല്‍ ഒടുക്കംവരെ വായിക്കാനാകും. കഥാസന്ദര്‍ഭം തൊട്ടറിഞ്ഞ എന്‍ ജി സുരേഷ്കുമാറിന്റെ ചിത്രങ്ങള്‍ നോവലിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top