25 April Thursday

വിശ്വസാഹിത്യത്തിലെ ദുരന്തജീവിതം

എ ശ്യാംUpdated: Sunday Apr 2, 2017

വിശ്വസാഹിത്യ ഇതിഹാസം ലിയോ ടോള്‍സ്റ്റോയിയുടെ കൃതികളെ റഷ്യന്‍വിപ്ളവത്തിന്റെ കണ്ണാടി എന്നാണ് ലെനിന്‍ വിശേഷിപ്പിച്ചത്. ക്രിസ്ത്യന്‍ അരാജകവാദിയായി അറിയപ്പെട്ട ടോള്‍സ്റ്റോയി ക്രിസ്തുമതത്തില്‍നിന്ന് പുറന്തള്ളപ്പെട്ട് ഒരുമതംതന്നെ സ്ഥാപിച്ചു. റഷ്യന്‍ ചക്രവര്‍ത്തിക്കും ഭീഷണിയായിരുന്നു അദ്ദേഹം വായനക്കാരിലുണ്ടാക്കിയ സ്വാധീനം. ഗാന്ധിജിയടക്കം പലരുടെയും ആത്മീയാന്വേഷണങ്ങള്‍ക്ക് ഒരുവേള ഉത്തരമേകിയ ആ മഹാമനീഷിയുടെ ജീവിതം പക്ഷേ, ഒരു ദുരന്തമായാണ് അവസാനിച്ചത്. ഭാര്യക്കും ശിഷ്യനുമിടയില്‍ വീര്‍പ്പുമുട്ടി യാസ്നായ പോള്യാനയിലെ കൊട്ടാരസദൃശമായ വസതിവിട്ടിറങ്ങി ഒരു റെയില്‍വേസ്റ്റേഷനില്‍ വീണ് സാവധാനം മരണത്തിന്റെ കരങ്ങളിലമര്‍ന്ന ടോള്‍സ്റ്റോയിയുടെ ജീവിതമാണ് വേണു വി ദേശം രചിച്ച 'പ്രിയപ്പെട്ട ലിയോ' എന്ന നോവലില്‍ ആവിഷ്കരിച്ചിട്ടുള്ളത്.

ടോള്‍സ്റ്റോയിയുടെ മരണവേളയില്‍ ഭാര്യ സോഫിയ ആന്ദ്രേവ്നയുടെയും അദ്ദേഹത്തിന്റെ ശിഷ്യനായി അടുത്തുകൂടി വിശ്വസ്തനായി മാറിയ വ്ളാദിമിര്‍ ചെര്‍ത്കോവിന്റെയും മറ്റും മനോവിചാരങ്ങളിലൂടെയാണ് നോവല്‍ സഞ്ചരിക്കുന്നത്. റഷ്യയിലെ അലക്സാണ്ടര്‍ രണ്ടാമന്‍ ചക്രവര്‍ത്തിയുടെ ജാരസന്തതിയായാണ് ചെര്‍ത്കോവ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. ടോള്‍സ്റ്റോയിയുടെ 13 മക്കളെ പെറ്റുവളര്‍ത്തുകയും അവസാനയാത്രയ്ക്ക് അദ്ദേഹം വീടുവിട്ടിറങ്ങുന്നതുവരെ തുണയാവുകയും ചെയ്തിട്ടും മരണാനന്തരം ക്രൂരവിമര്‍ശങ്ങളാല്‍ ക്രൂശിക്കപ്പെട്ട ഭാര്യയുടെ ദുഃഖകരമായ ജീവിതംകൂടിയാണ് പ്രിയപ്പെട്ട ലിയോയില്‍ ആവിഷ്കരിക്കുന്നത്.

യുദ്ധവും സമാധാനവും, ഉയിര്‍ത്തെഴുന്നേല്‍പ്പ്, അന്നാകരെനീന തുടങ്ങിയ നോവലുകളുടെ രചയിതാവായ, നമുക്ക് പരിചിതനായ ഒരു ടോള്‍സ്റ്റോയിയേയല്ല ഈ നോവലില്‍ കാണുക. അന്നാകരെനീനയുടെ രചനയ്ക്കുശേഷം ആത്മീയമായ ഒരു പരിണാമത്തിലൂടെ ടോള്‍സ്റ്റോയി കടന്നുപോകുന്നുണ്ട്. ഭൌതികമായതെല്ലാം ത്യജിച്ച് ഒരു സന്യാസിയുടേതുപോലുള്ള ജീവിതമായിരുന്നു പിന്നീടുള്ള 30 വര്‍ഷം. തന്റെ കൃതികളുടെ പകര്‍പ്പവകാശം ജനതയ്ക്ക് വിട്ടുകൊടുക്കുന്നുവെന്ന ടോള്‍സ്റ്റോയിയുടെ പ്രഖ്യാപനം അദ്ദേഹത്തെ ഭാര്യയില്‍നിന്ന് കൂടുതല്‍ അകറ്റി.

കപടനാട്യക്കാരനായ ചെര്‍ത്കോവിന്റെ ദുഷ്പ്രേരണയ്ക്ക് വഴങ്ങിയാണ് ടോള്‍സ്റ്റോയിയുടെ പല തീരുമാനങ്ങളുമെന്ന് സോഫിയക്ക് ഉറപ്പുണ്ടായിരുന്നു. സോഫിയ അറിയാതെ ചെര്‍ത്കോവ് ടോള്‍സ്റ്റോയിയെക്കൊണ്ട് തനിക്കനുകൂലമായി ഒരു മരണപത്രം പോലും എഴുതിച്ചു. ടോള്‍സ്റ്റോയിക്കും ശിഷ്യന്‍ ചെര്‍ത്കോവിനുമിടയില്‍ സ്വവര്‍ഗാനുരാഗമുണ്ടോ എന്നുപോലും സോഫിയക്ക് സംശയമുളവാക്കുന്നത്രയായിരുന്നു അയാള്‍ക്ക് 'ഗുരു'വിലുണ്ടായ സ്വാധീനം. പ്രിയതമന്‍ മരണാസന്നനായി കിടക്കുന്നതറിഞ്ഞ് എത്തിയ സോഫിയയെ ടോള്‍സ്റ്റോയിയെ കാണുന്നതിനുപോലും ചെര്‍ത്കോവിന്റെ കിങ്കരന്മാര്‍ അനുവദിച്ചില്ല.

ലോകത്തിന്റെ ഗുരുവാകാന്‍ ആഗ്രഹിച്ചപ്പോഴും ഒരു കുടുംബനാഥന്‍ എന്ന നിലയില്‍ വന്‍ പരാജയമായിരുന്നു ടോള്‍സ്റ്റോയി എന്നാണ് സോഫിയയിലൂടെ നോവലിസ്റ്റ് പറയുന്നത്. ഗ്രീന്‍ ബുക്സാണ് പ്രസാധകര്‍. കവിയും വിവര്‍ത്തകനുമായ വേണു വി ദേശത്തിന്റെ രണ്ടാമത്തെ നോവലാണ് 'പ്രിയപ്പെട്ട ലിയോ'. തന്റെ പ്രിയ സാഹിത്യകാരനായ ദസ്തയേവ്സ്കിയുടെ ജീവിതകഥ പറഞ്ഞ 'റഷ്യന്‍ ക്രിസ്തു'വായിരുന്നു ആദ്യ നോവല്‍.

shyamachuth@rediffmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top