20 April Saturday

മഹാകവി പന്തളം കേരളവർമ്മ കവിതാപുരസ്കാരം കെ ജയകുമാറിന്

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023

പത്തനംതിട്ട> ഈ വർഷത്തെ മഹാകവി പന്തളം കേരള വർമ്മ സ്മാരക കവിതാ പുരസ്കാരം  കെ. ജയകുമാറിന്റെ പിംഗളകേശിനി എന്ന കവിതാസമാഹാരത്തിന്. ഇരുപത്തിയയ്യായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ജനുവരി 29 ന് വൈകിട്ട് അഞ്ചിന് പന്തളം ലയൺസ് ക്ലബ്ബ് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ സ്മാരക സമിതി അദ്ധ്യക്ഷൻ ഡോ.കെ എസ് രവികുമാർ പുരസ്കാരം സമ്മാനിക്കും. പന്തളം കൊട്ടാരം നിർവ്വാഹക സമിതി പ്രസിഡന്റ് പി ജി ശശികുമാര വർമ്മ അദ്ധ്യക്ഷനാകും. കവി കെ രാജഗോപാൽ
മുഖ്യപ്രഭാഷണം നടത്തും.

കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന ഐഎഎസ്  ഉദ്യോഗസ്ഥനാണ്‌ കെ. ജയകുമാർ . കേരളസംസ്ഥാനത്തിലെ ചീഫ് സെക്രട്ടറിയായിയിരുന്ന ഇദ്ദേഹം തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയുടെ വൈസ് ചാൻസലറായിരുന്നു.  നിലവിൽ കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഡയറക്ടറായി പ്രവർത്തിക്കുന്നു.

 ചലച്ചിത്രസം‌വിധായകനായ എം. കൃഷ്ണൻ നായരുടെയും സുലോചനയുടെയും മകനാണ്. കവിതാസമാഹാരങ്ങൾ, വിവർത്തനങ്ങൾ, ജീവചരിത്രം,ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർദ്ധവൃത്തങ്ങൾ, രാത്രിയുടെ സാദ്ധ്യതകൾ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങൾ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീൽ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളുടെയും പരിഭാഷകൾ ഇദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളിൽ പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top