16 September Tuesday

ഹൃദയത്തിലേറ്റി ‘യൗവനത്തിന്റെ പുസ്തകം'

വെബ് ഡെസ്‌ക്‌Updated: Wednesday Apr 13, 2022


തിരുവനന്തപുരം
പ്രകാശിതമാവുംമുമ്പ്‌ കേരളം ഹൃദയത്തിലേറ്റി ‘യൗവനത്തിന്റെ പുസ്തകം'. പുസ്‌തകം പുറത്തിറങ്ങുംമുമ്പ്‌ പ്രീ ബുക്കിങ്ങിലൂടെ 25000 കോപ്പി വഴി 75 ലക്ഷം രൂപ സമാഹരിച്ചു. മലയാള പുസ്തക പ്രസാധന ചരിത്രത്തിൽ റെക്കോഡിട്ട ‘യൗവനത്തിന്റെ പുസ്തകം’ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പ്രകാശിപ്പിച്ചു.


 

സ്‌റ്റുഡന്റ്‌സ്‌ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ആദ്യ പ്രതി ഏറ്റുവാങ്ങി. പ്രളയകാലത്തും മഹാമാരിയുടെ കാലത്തും നാടിനായി കൈകോർത്ത ഡിവൈഎഫ്‌ഐ യൗവനത്തിന്റെ പുസ്‌തകത്തിലൂടെ അറിവിന്റെ പ്രകാശമാണ്‌ പുതുതലമുറയ്‌ക്കായി പ്രസരിപ്പിക്കുന്നതെന്ന്‌ എം എ ബേബി പറഞ്ഞു. പി ബിജുവിന്റെ ഓർമയ്‌ക്കായി ഒരു ആരോഗ്യസേവനകേന്ദ്രം നിർമിക്കുന്നത്‌ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്‌ഐ ഇതിന്‌മുമ്പ്‌ ആവിഷ്‌കരിച്ച മാതൃകാ പദ്ധതികളുടെ സാർഥകമായ തുടർച്ചയാണ്‌ ‘യൗവനത്തിന്റെ പുസ്‌തക’ത്തിലൂടെ പണം കണ്ടെത്തി പി ബിജു ഓർമ മന്ദിരം നിർമിക്കുന്നതെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു.

ഡിവൈഎഫ്‌ഐ നേതാവ്‌ പി ബിജുവിന്റെ ഓർമയ്‌ക്കായി ജില്ലാ കമ്മിറ്റിയാണ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌.  തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം റെഡ് കെയർ -പി ബിജു ഓർമ മന്ദിര നിർമാണത്തിന് പണം കണ്ടെത്താനാണ്‌ ‘യൗവനത്തിന്റെ പുസ്തകം' എന്ന് പേരിട്ട പ്രശസ്ത വ്യക്തികളുടെ ഓർമകളുടെ സമാഹാരം പുറത്തിറക്കിയത്‌. ജില്ലയിലെ ഡിവൈഎഫ്ഐ ബ്ലോക്ക്, -മേഖല, -യൂണിറ്റുതല പ്രവർത്തകർ വായനക്കാരുടെ വീടുകളിലെത്തിയാണ്. ഒരു മാസംനീണ്ട പ്രീബുക്കിങ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.

സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. ജെ എസ് ഷിജൂഖാനാണ് പുസ്തകത്തിന്റെ എഡിറ്റർ. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്, ജില്ലാ പ്രസിഡന്റ് വി വിനീത്, ജെ എസ്‌ ഷിജൂഖാൻ, ജി എസ്‌ പ്രദീപ്‌, ഡോ.എം എ സിദ്ദിഖ്‌, എസ്‌ കവിത എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top