06 July Wednesday

ഒരു ദേശത്തിന്റെ കഥ–എന്റെയും നിങ്ങളുടെയും

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2016

മലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട്.'

പ്രശസ്ത കവി പി ഭാസ്കരന്റെ പാട്ടില്‍ നിലനില്‍ക്കുന്ന നാടിനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍. മലയാളികള്‍ ദേശബന്ധിതരാണ്. മലയാളസാഹിത്യവും ദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു. തകഴിയുടെ 'കയര്‍', ഒ വി വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം', ഉറൂബ് എന്ന പി സി കുട്ടിക്കൃഷ്ണന്റെ 'ഉമ്മാച്ചു', എം ടി വാസുദേവന്‍നായരുടെ 'നാലുകെട്ട്' തുടങ്ങിയ നോവലുകളിലെല്ലാം ദേശം കഥാപ്രപഞ്ചത്തില്‍ നിറഞ്ഞുനിന്നിരുന്ന കഥാപാത്രമാണ്.

ആ കാലത്ത് തകര്‍ന്നടിഞ്ഞ തറവാടുകളില്‍നിന്ന് ജീവിതസമരത്തിലെ പോരാളികളായ മലയാളികള്‍ നാടും വീടും ഉപേക്ഷിച്ചുപോയി ദൂരദേശങ്ങളില്‍ ചെന്ന് മരതകപ്പട്ടുടുത്ത നാടിനെ സ്വപ്നംകണ്ടിരുന്നു. ആ സ്വപ്നങ്ങളും നിരാശകളും പ്രണയങ്ങളും ഗൃഹാതുരത്വവും എല്ലാം ഒരുകാലത്ത് മലയാള നോവലുകളിലൂടെ പ്രതിഫലിച്ചിരുന്നു.

ഈ ജനുസ്സില്‍ എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു നോവലാണ് എസ് കെ പൊറ്റെക്കാട്ടിന്റെ 'ഒരു ദേശത്തിന്റെ കഥ'. അദ്ദേഹം പല ദേശങ്ങളിലും ചുറ്റിത്തിരിഞ്ഞ് അവസാനം സ്വന്തം ദേശമെന്ന് വിചാരിക്കുന്ന അതിരാണിപ്പാടത്ത് എത്തുകയാണ്. തന്റെ നോവലില്‍ ശ്രീധരന്‍ (അത് എസ് കെതന്നെയാകാം). ജനിക്കുന്നതുമുതല്‍ ഇരുപതുവയസ്സാകുന്നതുവരെയാണ് കഥയുടെ ഒരു ഭാഗം. നൂറില്‍പരം കഥാപാത്രങ്ങള്‍ ഈ നോവലിലുണ്ട്. സാധാരണക്കാരില്‍ സാധാരണക്കാരായ ഇവരില്‍ സകലരുടെയും വ്യക്തിത്വത്തെയാണ് കഥാകാരന്‍ വരച്ചുവയ്ക്കുന്നത്.

നാരായണിയുമായുള്ള ശ്രീധരന്റെ നിശ്ശബ്ദപ്രേമത്തെക്കുറിച്ച് അവള്‍ എഴുതിയ ഒരു മനോഹരമായ കവിത നാരായണി മരിച്ച് എത്രയോ കാലംകഴിഞ്ഞ് ശ്രീധരന്റെ തിരിച്ചുവരവിലാണ് അയാളുടെ കൈയില്‍ കിട്ടുന്നത്. അയത്നലളിതമായ ഭാഷയിലൂടെ പൊറ്റെക്കാട്ട് അതിരാണിപ്പാടത്തെയും അവിടത്തെ ആളുകളെയും പരിചയപ്പെടുത്തുമ്പോള്‍ വായനക്കാരായ നാം എത്രനേരമാണ് തരിച്ചിരിക്കുന്നത്.

1930കളിലെ മലബാര്‍ ലഹളയും നിസ്സഹകരണപ്രസ്ഥാനവും ഉയര്‍ത്തിയ അവതരണങ്ങള്‍ അതിരാണിപ്പാടത്ത് എത്തുന്നുണ്ട്. അതിരാണിപ്പാടത്തെ കുറിച്ചെഴുതുമ്പോള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ ജനിച്ചുവളര്‍ന്ന അന്നത്തെ വള്ളുവനാട്ടിലെ ഒറ്റപ്പാലത്തെയും അവിടത്തെ അന്നത്തെ നിഷ്കളങ്കരായ ഗ്രാമീണരെയും  ഞാന്‍ ഓര്‍ക്കുന്നു.

ഞാന്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയായിരിക്കുമ്പോഴാണ് ആദ്യമായി എസ് കെ പൊറ്റെക്കാട്ട് എന്ന ഒരാളെ പറ്റി കേള്‍ക്കുന്നത്. ഞങ്ങളുടെ സ്കൂള്‍ ലൈബ്രറിയില്‍നിന്ന് അദ്ദേഹത്തിന്റെ 'പുള്ളിമാന്‍' എന്ന പുസ്തകം വായിച്ചപ്പോള്‍. അന്നദ്ദേഹം ആരാണെന്നോ എന്താണെന്നോ അറിയാത്ത കാലം.

കാലം കടന്നുപോകുമ്പോള്‍ നമ്മള്‍ക്കും മാറ്റം വരുന്നു. പിന്നീടദ്ദേഹത്തെ നേരില്‍ കാണുന്നത് പവനനും ഞാനുമായുള്ള വിവാഹവേളയിലാണ്, വരന്റെ പാര്‍ടിയില്‍ ആകെ നാലുപേര്‍ മാത്രമുണ്ടായിരുന്നതില്‍ ഒരാള്‍ എസ് കെ പൊറ്റെക്കാട്ടായിരുന്നു. അദ്ദേഹത്തെ നേരില്‍ കണ്ട വിസ്മയം ഇന്നും ഞാനോര്‍ക്കുന്നു.

പിന്നീട് എത്രയോതവണ ഞാന്‍ കണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ തമാശകള്‍കേട്ട് ഞാന്‍ പൊട്ടിച്ചിരിച്ചിരിക്കുന്നു. തിരുവനന്തപുരത്ത് ആദ്യകാലങ്ങളില്‍ അദ്ദേഹം വരുമ്പോള്‍ ഞങ്ങളുടെ വീട്ടിലായിരുന്നു താമസം.

അദ്ദേഹത്തിന്റെ പ്രത്യേകതകള്‍ ഞാന്‍ ശ്രദ്ധിച്ചിരിക്കാറുമുണ്ടായിരുന്നു. അഞ്ചുമിനിറ്റ് കൂടുമ്പോള്‍ മുഖത്ത് പൌഡറിടും. മൂന്നുനേരവും വസ്ത്രങ്ങള്‍ മാറ്റും. അദ്ദേഹത്തിന്റെ ഭാര്യ ജയവല്ലിയുമായും എനിക്ക് അടുപ്പമുണ്ടായിരുന്നു.

അദ്ദേഹം എല്ലാംമറന്ന് ചിരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഏറെ പ്രിയപ്പെട്ട ജയവല്ലിയുടെ അകാലചരമത്തോടെ അദ്ദേഹം തകര്‍ന്നു. ഇന്നദ്ദേഹത്തിന്റെ ദേശത്തിന്റെ കഥ വായിച്ചിരുന്നപ്പോള്‍, അതേ പറ്റി എഴുതുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ എന്റെമുന്നില്‍ കാണുന്നു.

ഇന്നു തകഴിയില്ല, എസ് കെ പൊറ്റെക്കാട്ട് ഇല്ല, ജീവിച്ചിരിപ്പുള്ളത് എം ടി വാസുദേവന്‍നായര്‍ മാത്രം. ഇവരെയെല്ലാം പരിചയപ്പെടുത്തിത്തന്ന എന്റെ ജീവിതസഖാവായ പവനനുമില്ല. ഇവര്‍ കാണിച്ചുതന്ന വഴികളിലൂടെ പുതിയ തലമുറ ഉണരട്ടെ. എഴുതട്ടെ. ഈ മഹത്തുക്കള്‍ മരിക്കാത്ത മനീഷികളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top