06 June Tuesday

ദൈവവും മതവും: മിഥ്യക്കുപിന്നാലെയുള്ള സഞ്ചാരം

ആനന്ദ് നീലകണ്ഠന്‍Updated: Sunday Sep 25, 2016

ഒരു പൂന്തോട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ അതിനടിയില്‍ സ്വര്‍ഗീയജീവികള്‍ വസിക്കുന്നുണ്ടെന്ന് വിശ്വസിക്കേണ്ടതുണ്ടോ? പ്രശസ്ത നോവലിസ്റ്റ് ഡഗ്ളസ് ആഡംസിന്റേതാണ് ചോദ്യം. ലോകമെമ്പാടും ആവര്‍ത്തിച്ച് വായിക്കപ്പെട്ടുകൊണ്ടിരിക്കുന്ന 'ദ ഗോഡ് ഡെലൂഷനില്‍' റിച്ചാര്‍ഡ് ഡോക്കിന്‍സ് ഇതേ ചോദ്യം ഉദ്ധരിക്കുന്നു. പരിണാമശാസ്ത്രജ്ഞനും എഴുത്തുകാരനുമായി ഇരുപതാംനൂറ്റാണ്ടിന്റെ പകുതിമുതല്‍ ആഗോളശ്രദ്ധ നേടിയ ഡോക്കിന്‍സ് യുക്തിപൂര്‍വം ചിന്തിച്ചും വസ്തുതകള്‍ വിലയിരുത്തിയും ദൈവമൊരു മിഥ്യയാണെന്ന് തിരിച്ചറിയാന്‍ നമ്മോട് ഈ പുസ്തകത്തില്‍ ആവശ്യപ്പെടുന്നു.

എന്തിനാണ് പ്രപഞ്ചസ്രഷ്ടാവായി ഒരു സാങ്കല്‍പ്പിക ദൈവം, അതില്ലാതെതന്നെ സൃഷ്ടിയെ സംബന്ധിച്ച സമസ്യകള്‍ നിര്‍ദ്ധാരണംചെയ്യാമെന്നിരിക്കെ. ജനങ്ങള്‍ ഒരു മിഥ്യാധാരണയിലാണെന്ന് ഡോക്കിന്‍സ് പറയുന്നു. വെറും പറച്ചിലല്ല. വസ്തുതകളുടെ പിന്‍ബലത്തോടെ സ്ഥാപിച്ചെടുക്കലാണ്. ശാസ്ത്രീയമായി ദൈവത്തിന്റെ അസാന്നിധ്യം തെളിയിക്കപ്പെട്ടിട്ടും ജനങ്ങള്‍ വെറും വിശ്വാസങ്ങളുടെ പിന്‍ബലത്തില്‍ ദൈവസാന്നിധ്യമുണ്ടെന്ന് കരുതുന്നു. ഇത് കുട്ടിക്കാലംമുതലുള്ള പരുവപ്പെടുത്തലാണ്. ഒരു കുട്ടിയുടെ വിശ്വാസം അവന്റെ അച്ഛനമ്മമാര്‍ നിശ്ചയിക്കുന്നതാണ്. വളരെ ചുരുക്കംപേര്‍ക്കുമാത്രമേ അതില്‍നിന്ന് കുതറിച്ചാടാന്‍, സ്വന്തമായ നിലപാടിലേക്കെത്താന്‍ സാധിക്കാറുള്ളൂ.

മതവിശ്വാസവും സദാചാരവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും  ഡോക്കിന്‍സ് ഇതില്‍ ചര്‍ച്ചചെയ്യുന്നു. മതം നന്മയിലേക്ക് നയിക്കുന്നു അല്ലെങ്കില്‍ നല്ലവരായിരിക്കാന്‍ മതം ആവശ്യമാണ് എന്നൊക്കെയുള്ള വാദങ്ങള്‍ ശക്തമാണ്. അവയെല്ലാം ഡോക്കിന്‍സിന്റെ പ്രതിവാദങ്ങളില്‍ കടപുഴകുന്നു. നന്മയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ ആപേക്ഷികമാണ്. ഉദാഹരണത്തിന് ചൈനക്കാരനായ ഒരു പട്ടാള ജനറല്‍ ഒരുകൂട്ടമാളുകളെ കൂട്ടക്കൊല നടത്തിയാല്‍ നമുക്കത് വലിയ പാതകമാണ്. ഇതേസംഭവം ബൈബിളിലോ മറ്റേതെങ്കിലും മതഗ്രന്ഥത്തിലോ ആണെന്നുവന്നാല്‍ അഭിപ്രായം മാറും. മനുഷ്യത്വരഹിതമായ പ്രവൃത്തിക്ക് ധാര്‍മികതയുടേതായ വ്യാഖ്യാനം പരതിക്കൊണ്ടിരിക്കും വിശ്വാസിയുടെ മനസ്സ്.

ഡോക്കിന്‍സിന്റെ ഈ വാദം ചില ക്ളാസുകള്‍ എടുക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. ടിബറ്റന്‍ ജനത താമസിക്കുന്ന ഒരു വനപ്രദേശം കൈയേറി അവരെയൊക്കെ കൊന്നൊടുക്കി ചൈനീസ് ഭരണകൂടം നഗരം സ്ഥാപിച്ചു എന്നൊരു സാങ്കല്‍പ്പിക കഥയുണ്ടാക്കി പറയുമ്പോള്‍ കേള്‍വിക്കാര്‍ ചൈനയ്ക്കെതിരായ പ്രതിഷേധസ്വരം ഉയര്‍ത്തും. അധാര്‍മികത അധാര്‍മികത എന്ന് പ്രതികരിക്കും. പക്ഷേ മഹാഭാരതത്തിലെ ഇന്ദ്രപ്രസ്ഥം സ്ഥാപിച്ച കഥ ഇതുതന്നെ എന്ന് വിശദീകരിച്ചാല്‍ പ്രതികരണത്തിന്റെ സ്വഭാവം മാറി.

എല്ലാവരും അവിശ്വാസികളാണെന്ന് ഡോക്കിന്‍സ് പറയുന്നു. ഒരു മതത്തില്‍ വിശ്വസിക്കുന്നവര്‍ മറ്റെല്ലാ മതങ്ങളെയും അവിശ്വസിക്കുന്നു. നിരീശ്വരവാദിയും വിശ്വാസിയും തമ്മിലുള്ള വ്യത്യാസമെന്താണ്. നിരീശ്വരവാദി എല്ലാ മതങ്ങളെയും അവിശ്വസിക്കുമ്പോള്‍ വിശ്വാസി തന്റേതുമാത്രം വിശ്വസിക്കുകയും മറ്റെല്ലാം അവിശ്വസിക്കുകയും ചെയ്യുന്നു.

ഈ പുസ്തകത്തില്‍ എന്തെങ്കിലും ന്യൂനത കണ്ടെത്താമെങ്കില്‍ അത് സെമിറ്റിക് മതങ്ങളെ മാത്രം വിമര്‍ശനവിധേയമാക്കുന്നു എന്നതാണ്. ഇന്ത്യന്‍ മതങ്ങളെ ഡോക്കിന്‍സ് ഒഴിവാക്കുന്നത് ഒരുപക്ഷേ അവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണാപരിമിതികൊണ്ടാകാം.

ഇന്ത്യന്‍ മതങ്ങളെ സംബന്ധിച്ച് ഇത്തരമൊരു പുസ്തകം വന്നുകാണാന്‍ ഞാനാഗ്രഹിക്കുന്നു. ഏതെങ്കിലും പ്രമുഖരായ ശാസ്ത്രജ്ഞരോ മറ്റോ അത്തരമൊരുദ്യമത്തിന് തുനിഞ്ഞാല്‍ നന്നായിരുന്നു.

ഡോക്കിന്‍സിന്റെ പുസ്തകത്തെപ്പറ്റി ഞാന്‍ മനസ്സിലാക്കുന്നത് ഒരു ക്ളാസിനിടയിലാണ്. 'അസുര' പുറത്തിറങ്ങി ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞു. ഇന്‍ഡോര്‍ ഐഐഎമ്മില്‍ പ്രഭാഷണത്തിനുശേഷമുള്ള ചോദ്യോത്തരവേളയില്‍ ഒരു വിദ്യാര്‍ഥി നിങ്ങളുടെ  ഫിലോസഫിയില്‍ ഡോക്കിന്‍സിന്റെ പുസ്തകത്തിന്റെ സ്വാധീനമുണ്ടല്ലോ എന്ന് അഭിപ്രായപ്പെട്ടു. അതിനുശേഷം ഞാന്‍ പുസ്തകം വാങ്ങി വായിച്ചു. അവര്‍ പറഞ്ഞതില്‍ വളരെയധികം ശരിയുണ്ടായിരുന്നു.

പരുഷമായ പ്രയോഗങ്ങള്‍ ഡോക്കിന്‍സ് നടത്തുന്നുണ്ട്. അത് പക്ഷേ കണ്ണടച്ചിരുട്ടാക്കുന്നവരുടെ കണ്ണുതുറപ്പിക്കാന്‍ ഉപകരിക്കുമെന്നാണെന്റെ പക്ഷം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top