27 April Saturday

കഥയുടെ പിന്നാമ്പുറങ്ങള്‍

സുസ്‌മേഷ് ചന്ത്രോത്ത്Updated: Sunday Apr 23, 2017

മിക്ക തെരുവിനും കാണും അതിന്റേതായ ഒരു ഭ്രാന്തനോ ഭ്രാന്തിയോ. 'മറ്റൊരാള്‍ വരുന്നത് ഒളിച്ചുനിന്ന് നോക്കുമ്പോള്‍' എന്ന കഥയില്‍ ഞാന്‍ മുഖ്യകഥാപാത്രമാക്കിയിട്ടുള്ളത് ഇത്തരംഒരു സ്ത്രീയെയാണ്. സമൂഹത്തിന്റെ സ്വഭാവം പ്രകടമായി വരുന്ന മറ്റൊരു കഥ അടുത്തകാലത്ത് എഴുതുകയുണ്ടായി. 'ഇത്തിക്കളി' എന്നാണതിന്റെ പേര്

എന്താണ് ഭ്രാന്ത്? ഉന്മാദത്തിന്റെ ചിറകുകളില്‍ പരിമിതികളില്ലാത്ത സ്വാതന്ത്യ്രം അനുഭവിച്ച് നമ്മുടെ തെരുവുകളില്‍ ആഘോഷമാകുന്നവര്‍ യഥാര്‍ഥത്തില്‍ ചിത്തഭ്രമം ബാധിച്ചവരാണോ? ഭ്രാന്ത് അവര്‍ സ്വയം എടുത്തണിയുന്ന സുരക്ഷാകവചമാണോ? അതോ ചുറ്റുമുള്ളവര്‍ അവരില്‍ ആരോപിക്കുന്നതോ?

എന്നെ സദാ മഥിക്കുന്ന സന്ദേഹങ്ങളാണിവ. ഒരാള്‍ സ്വയം ഭ്രാന്തനായി അഭിനയിക്കുമ്പോള്‍ അയാള്‍ സുരക്ഷിതനായിത്തീരുന്നു. പിന്നെ അയാളുടെ പ്രവൃത്തികളെയെല്ലാം മനോനില തെറ്റിയവന്റെ വിഭ്രാന്തികളായി സമൂഹം കണ്ടുകൊള്ളും. അതേസമയം, ഒരുവനില്‍ നാം ഭ്രാന്ത് ആരോപിക്കുമ്പോള്‍ നമ്മളാണ് സുരക്ഷിതരാകുന്നത്. അവന്‍ വിളിച്ചുപറയുന്ന സത്യങ്ങള്‍ ഭ്രാന്തന്റെ പുലമ്പലുകളായേ പരിഗണിക്കപ്പെടൂ!

'മറ്റൊരാള്‍ വരുന്നത് ഒളിച്ചുനിന്ന് നോക്കുമ്പോള്‍' എന്ന കഥയില്‍ ഞാന്‍ മുഖ്യകഥാപാത്രമാക്കിയിട്ടുള്ളത് ഇത്തരം ഒരു സ്ത്രീയെയാണ്. അവര്‍ തെരുവില്‍ ജീവിക്കുന്നു. മിക്ക തെരുവിനും കാണും അതിന്റേതായ ഒരു ഭ്രാന്തനോ ഭ്രാന്തിയോ. ഇവര്‍ ആരില്‍നിന്നോ ഗര്‍ഭം ധരിക്കുന്നു. നാളുകള്‍ കഴിയുമ്പോള്‍ ഇത് പൊതുസമൂഹത്തിനു മുന്നില്‍ വെളിപ്പെട്ടുവരുന്നു. അവള്‍ക്ക് വരുന്ന ശാരീരിക രൂപഭാവങ്ങളെ, ക്ളേശങ്ങളെ, സമൂഹം നിരീക്ഷിക്കുകയാണ്; നിഗൂഢമായ ഒരാനന്ദത്തോടെ. അങ്ങനെയിരിക്കെ രണ്ടുപേര്‍ക്ക് ഇവളുടെ പ്രസവം നേരിട്ട് കാണണമെന്ന് ആഗ്രഹം. സ്വന്തം ഭാര്യയുടെ പ്രസവം കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കാനാകാത്ത ഈ പുരുഷന്മാര്‍ പൊതുസമൂഹത്തിന്റെ പ്രതിനിധികളാണ്.

നിലാവ് പെയ്യുന്ന ഒരു രാത്രിയില്‍ അവള്‍ പ്രസവിച്ചു; വെളിമ്പ്രദേശത്ത് ആരുടെയും സഹായമില്ലാതെ. അതുവരെ കാണിച്ചുവന്ന ഭ്രാന്തിന്റെ യാതൊരു ചേഷ്ടകളും അപ്പോളവള്‍ കാണിക്കുന്നില്ല. സ്ത്രീയുടെ സ്വാഭാവികജ്ഞാനത്തോടെയും ധൈര്യത്തോടെയും പ്രസവിക്കുന്ന ഈ ഭ്രാന്തി എഴുതിത്തീര്‍ന്നിട്ടും എന്നെ വിടാതെ ഒപ്പമുണ്ട്.

പല ദിക്കിലായി ജീവിക്കുന്ന ഒരാളെന്ന നിലയില്‍ ഒട്ടേറെ നാടുകളില്‍ ഞാന്‍ തെരുവ് ഭ്രാന്തന്മാരെയും ഭ്രാന്തികളെയും കണ്ടിട്ടുണ്ട്. പലതരം സംഘര്‍ഷങ്ങളെ, ഉന്മാദങ്ങളെ, കപടസദാചാരത്തിന്റെ വിഴുപ്പുകളെ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവര്‍. ഇവിടെത്തന്നെ ഒമ്പതുമാസം തന്റെ ഗര്‍ഭത്തെ കരുതലോടെ കൊണ്ടുനടന്ന് കുട്ടിക്ക് ജന്മംനല്‍കാന്‍ കഴിയുന്ന ഒരു സ്ത്രീയെ ഭ്രാന്തിയെന്ന് വിളിക്കാമോ എന്ന് ഞാന്‍ സംശയിക്കുന്നു. ഒമ്പത് എന്ന നോവലില്‍ ഭ്രാന്തിന്റെ മറ്റൊരു ഭാവം വരുന്നുണ്ട്.

സമൂഹത്തിന്റെ സ്വഭാവം പ്രകടമായി വരുന്ന മറ്റൊരു കഥ അടുത്തകാലത്ത് എഴുതുകയുണ്ടായി. 'ഇത്തിക്കളി' എന്നാണതിന്റെ പേര്. ആ കഥ എന്നിലേക്ക് ആകസ്മികമായി വന്നതല്ല. വാട്സാപ്, ഫെയ്സ് ബുക്ക് തുടങ്ങി സമൂഹമാധ്യമങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ശരാശരി മലയാളിയുടെ അനുഭവങ്ങളില്‍ വരാവുന്ന ആളാണ് ഇതിലെ നായകന്‍. കേരളത്തിനു പുറത്ത് ജീവിക്കുന്ന എഴുത്തുകാരന്‍. സാമാന്യം പ്രശസ്തനായ അദ്ദേഹം ജന്മനാട്ടിലേക്ക് മടങ്ങിവരുന്നു. പക്ഷേ, തന്റെ വേരുകളും ശാഖകളും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എറണാകുളത്ത് ഒരപ്പാര്‍ട്ട്മെന്റില്‍ രഹസ്യമായി താമസിച്ച് കേരളസമൂഹത്തില്‍ അയാള്‍ ഇടപഴകുന്നു. ആള്‍ക്കൂട്ടങ്ങളിലൂടെ സഞ്ചരിക്കുന്നു. കഥകളി സദസ്സുകളിലെത്തുന്നു. കളി ആസ്വദിക്കുന്നു.

കഥകളി അവതരണങ്ങളെപ്പറ്റി അജ്ഞാതവാസം നടത്തുന്ന എഴുത്തുകാരന് വിവരങ്ങള്‍ നല്‍കുന്നത് സുഹൃത്തായ ഫിലോമിനയാണ്. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചെങ്കിലും ക്ഷേത്രകലയായ കഥകളിയോട് വലിയ കമ്പം പുലര്‍ത്തുന്ന ഫിലോമിന.

തന്റെ ജന്മനാട്ടില്‍ തിരിച്ചെത്തി സമൂഹവുമായി ഇടപഴകുമ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ കാപട്യങ്ങള്‍ അയാള്‍ തിരിച്ചറിയുന്നു. തന്റെ യഥാര്‍ഥ മുഖവുമായി ഇത്തരമൊരു സമൂഹത്തിലേക്ക് ചെല്ലാന്‍ കഴിയില്ല എന്ന തോന്നലാകാം അയാളെ വേഷപ്രച്ഛന്നനായി സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒടുവില്‍ ഫിലോമിന അംഗമായ കഥകളിപ്രിയരുടെ വാട്സാപ് ഗ്രൂപ്പിലേക്ക് ഇയാളുടെ മൊബൈല്‍ നമ്പര്‍ ചോര്‍ന്നുപോയി. ഇതോടെ ആളെപ്പറ്റി അന്വേഷണങ്ങളായി. ഈ പ്രശസ്തനായ വ്യക്തി നമ്മുടെ ഇടയിലുണ്ടോ? അങ്ങനെയെങ്കില്‍ ഞങ്ങളുടെ ഒരു പരിപാടിക്ക് അതിഥിയായി കിട്ടുമോ? ഒപ്പം ഡിന്നര്‍ കഴിക്കാനാകുമോ? ഇത് ശരാശരി മലയാളിയുടെ മാനസികാവസ്ഥയായി മാറിയിരിക്കുന്നു. പൊതുസമൂഹത്തിന്റെ ആഹ്ളാദാരവങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്ന, ഏകാഗ്രതയോടെ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള കാര്യങ്ങള്‍ ചെയ്യാനിഷ്ടപ്പെടുന്ന പലരും സമൂഹത്തിലുണ്ട്. അവര്‍ പക്ഷേ, അറിയാതെ ഇങ്ങനെ പെട്ടുപോകാറുണ്ട്. ഒരു വാട്സാപ് ഗ്രൂപ്പിലേക്ക് ചേര്‍ക്കപ്പെടുമ്പോള്‍ നമുക്ക് വേണ്ടതും വേണ്ടാത്തതും അറിയണമെന്നാഗ്രഹിക്കാത്തതുമെല്ലാം നമ്മിലേക്ക് വന്നുപെടുന്നു. നവമാധ്യമങ്ങള്‍ മനുഷ്യന്റെ സ്വകാര്യതയെയും ഏകാഗ്രതയെയും തകര്‍ത്തുകളയുന്നു.

ഇതെഴുതുമ്പോള്‍ ഞാന്‍ എന്ന എഴുത്തുകാരന്‍ മനസ്സിലുണ്ടായിരുന്നില്ല. വാട്സാപ് എന്ന പുതിയ സമൂഹമാധ്യമത്തെ സംബന്ധിച്ച ചിന്തമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ കഥയിലെ എഴുത്തുകാരനെപ്പോലെ നല്ല കഥകളിതാല്‍പ്പര്യമുള്ളയാളാണ് ഞാന്‍. നിരവധി കഥകളി നടന്മാരും ഗായകന്മാരുമായി ബന്ധമുണ്ട്. അവരുടെ ജീവിതത്തിലെ സ്വസ്ഥത സമൂഹമാധ്യമങ്ങള്‍ നഷ്ടപ്പെടുത്തിയതായി പറഞ്ഞുകേട്ടിട്ടുണ്ട്. ഇതില്‍നിന്ന് വിട്ടുപോകാന്‍ സ്വാതന്ത്യ്രമുണ്ടെങ്കിലും മിക്കവര്‍ക്കും അത് സാധിക്കില്ല. ഒരെഴുത്തുകാരന്‍ സാമൂഹ്യജീവിയെന്ന നിലയില്‍ നില്‍ക്കുമ്പോള്‍ത്തന്നെ ഇത്തരം മാധ്യമങ്ങള്‍ അവനെ അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു. ഇത് സര്‍ഗാത്മകതയെ ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, പ്രവാസികളായ കലാകാരന്മാര്‍ക്ക് അവരുടെ പൂര്‍വാപരബന്ധങ്ങള്‍ തിരയാനുള്ള ഉപാധിയായി ഇവ മാറുന്നു എന്നത് ഞാന്‍ നിഷേധിക്കുന്നില്ല. എങ്കിലും നവോത്ഥാനപ്രസ്ഥാനവും ദേശീയപ്രസ്ഥാനവും തുടര്‍ന്ന് ഇടതുപക്ഷ ചിന്താധാരയും മുന്നോട്ടുവച്ച പുരോഗമനമൂല്യങ്ങളെ പിന്നോട്ടടിക്കുംവിധം അലസമായ മധ്യവര്‍ഗം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ പിടിമുറുക്കുന്നു എന്ന യാഥാര്‍ഥ്യം നാം കണ്ടില്ലെന്ന് നടിച്ചുകൂടാ. സമൂഹമാധ്യമങ്ങളില്‍മാത്രം പ്രതികരിക്കുന്ന ഇക്കൂട്ടര്‍ക്കൊപ്പം പോകാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം അത്ര സന്തോഷകരമല്ല. ഇത്തിക്കളി എഴുതുമ്പോള്‍ ഇതൊക്കെ മനസ്സിലുണ്ടായിരുന്നു.

ആത്മഛായ എന്ന നോവലില്‍ മുഖ്യകഥാപാത്രം മഹാനായ ഒരു ശില്‍പ്പിയാണ്. അയാളുടെ ശില്‍പ്പങ്ങളില്‍ ജീവന്‍തുടിക്കും. വെറും ശിലയ്ക്കുള്ളില്‍ ആത്മാവിന്റെ സാന്നിധ്യം കാണുന്നവന് അനുഭവപ്പെടും. അത്തരമൊരു പൂര്‍ണതവരാത്ത ശില്‍പ്പങ്ങള്‍ അയാള്‍ തകര്‍ത്തുകളയുകയാണ് പതിവ്. പൂര്‍ണതയെത്തുവോളം പുതുക്കുക്കൊണ്ടേയിരിക്കും. ഇത് കലാകാരന് മാത്രം സാധ്യമായ സ്വാതന്ത്യ്രമാണ്. എന്നിലും അത്തരം ഒരു കലാകാരനുണ്ടോ? ഉണ്ടാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top