02 October Monday

സോളമന്റെ തേനീച്ചകള്‍

ഡോ. ബി ഉമാദത്തൻUpdated: Sunday Feb 21, 2016

ജസ്റ്റിസ് കെ ടി തോമസുമായി എനിക്ക്  പതിറ്റാണ്ടുകള്‍നീണ്ട ബന്ധമുണ്ട്.  അദ്ദേഹത്തിന്റെ ആത്മകഥ  Honeybees of Solomon പ്രിയമായിത്തീരാന്‍ അതല്ല കാരണമെങ്കിലും രചയിതാവിനോടും ഇതില്‍ പരാമര്‍ശിക്കുന്ന  വിഷയങ്ങളോടും ഏറിയും കുറഞ്ഞുമുള്ള ബന്ധം വായനയെ കൂടുതല്‍ ആസ്വാദ്യ മാക്കിയിട്ടുണ്ടെന്ന് സമ്മതിച്ചേ തീരൂ

നീതിമാന്‍മാരില്‍ നീതിമാനായിരുന്നു സോളമന്‍ രാജാവ്. പോരാത്തതിന് അതിബുദ്ധിമാനും. അദ്ദേഹത്തെ അളക്കാന്‍ ബാത്ത്ഷേബാ ഒരിക്കല്‍ രണ്ട് പൂക്കൂടകള്‍ കൊടുത്തുവിട്ട കഥ പ്രസിദ്ധമാണല്ലോ. ഒന്നില്‍ യഥാര്‍ഥ പൂക്കള്‍. മറ്റൊന്നില്‍ കൃത്രിമപുഷ്പങ്ങള്‍. രണ്ടും തമ്മില്‍ വേര്‍തിരിച്ചറിയുക അസാധ്യം. അതിനെന്താണുവഴി. സോളമന്‍ രാജാവ് വലിയ ജനാലകള്‍ തുറന്നിട്ടു. അതിലൂടെ മൂളക്കത്തോടെ തേനീച്ചകള്‍ പാറിവന്നു. അവയ്ക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. ഒരു പൂക്കൂടയ്ക്കുചുറ്റും തേനീച്ചകള്‍ വട്ടമിട്ടു. മെല്ലെ അതിനുള്ളിലെ പൂക്കളെ സ്പര്‍ശിച്ചു.


സത്യം കണ്ടെത്താനുള്ള സോളമന്റെ മാര്‍ഗമായിരുന്നു തേനീച്ചകള്‍. ബുദ്ധിമാന്‍മാരായ ന്യായാധിപന്മാര്‍ തങ്ങളുടെ മുന്നിലെത്തുന്ന സങ്കീര്‍ണമായ കേസുകളിലെ യഥാര്‍ഥ സത്യം കണ്ടെത്താന്‍ ഇങ്ങനെ പല മാര്‍ഗങ്ങളും തേടാറുണ്ട്. അതുകൊണ്ടുതന്നെ പ്രശസ്ത ന്യായാധിപനായ ജസ്റ്റിസ് കെ ടി തോമസിന്റെ ആത്മകഥ ആദ്യം കൈയില്‍കിട്ടിയപ്പോള്‍ത്തന്നെ അതിന്റെ തലക്കെട്ട് എന്നെ ഹഠാദാകര്‍ഷിച്ചിരുന്നു. ഒീില്യയലല ീള ടീഹീാീി. പിന്നീടത് മലയാളത്തില്‍ വിവര്‍ത്തനം ചെയ്തുവന്നു, സോളമന്റെ തേനീച്ചകളെന്നപേരില്‍.
ജസ്റ്റിസ് കെ ടി തോമസുമായി എനിക്ക് പതിറ്റാണ്ടുകള്‍നീണ്ട ബന്ധമുണ്ട്. ഈ പുസ്തകം പ്രിയമായിത്തീരാന്‍ അതല്ല കാരണമെങ്കിലും രചയിതാവിനോടും ഇതില്‍ പരാമര്‍ശിക്കുന്ന വിഷയങ്ങളോടും ഏറിയും കുറഞ്ഞുമുള്ള ബന്ധം വായനയെ കൂടുതല്‍ ആസ്വാദ്യമാക്കിയിട്ടുണ്ടെന്ന് സമ്മതിച്ചേ തീരൂ.


കോട്ടയത്തെ പ്രഗത്ഭനായ അഭിഭാഷകനായി നിറഞ്ഞുനില്‍ക്കുന്നകാലത്താണ് ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്. പതിനായിരങ്ങള്‍തന്നെ അന്ന് അദ്ദേഹത്തിന് പ്രതിഫലം ലഭിച്ചിരുന്നു. അങ്ങനെയിരിക്കെ കൊല്ലത്ത് സെഷന്‍സ് ജഡ്ജിയായി തോമസിന് നിയമം ലഭിച്ചു. അപ്പോള്‍ ലഭിച്ചുകൊണ്ടിരുന്ന വരുമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ ശമ്പളം വളരെ കുറവ്. ഒരു ചെറിയ ആശയക്കുഴപ്പമുണ്ടായി. പക്ഷേ, അതധികം നീണ്ടില്ല. ജുഡീഷ്യറിയില്‍ തന്നെക്കൊണ്ടാവുന്ന സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു.


ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒട്ടനവധി കേസുകളെപ്പറ്റി സോളമന്റെ തേനീച്ചകളിലുണ്ട്. ചാത്തന്നൂരിലെ 'ബുദ്ധന്‍ കൊലക്കേസു'പോലെ ചിലതില്‍ ഞാന്‍കൂടി ഇടപെട്ടിട്ടുള്ളതുമാണ്. ബുദ്ധനെന്നയാളെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയതാണ് കേസ്. പുത്തൂര്‍ ഗോപാലകൃഷ്ണന്‍ പ്രതിഭാഗം വക്കീല്‍. എന്നെ സാക്ഷിയായി വിസ്തരിക്കുന്നവേളയിലുടനീളം ബുദ്ധന്റെ തലയോട് ജഡ്ജിയുടെ മേശപ്പുറത്തുവച്ചു. പ്രതികളുടെ നേരെ മുഖം വരത്തക്കവിധം. തലയോട്ടിയുമായി ഫോട്ടോ സാമ്യപ്പെടുത്തി ആ വ്യക്തിയുടെ തലയോട്ടിതന്നെയാണോ എന്ന് തീര്‍ച്ചപ്പെടുത്തുന്ന ഫോട്ടോ ഇംപോസിഷന്‍ രീതിയാണ് ഞാനാകേസില്‍ ഉപയോഗിച്ചത്. അതുമായി ബന്ധപ്പെട്ട വിചാരണയായതിനാല്‍ തലയോട്ടിയുടെ സാന്നിധ്യം സംഗതമായിരുന്നുതാനും.


ക്രിമിനല്‍കേസുകളുമായി ബന്ധപ്പെട്ട ഇത്തരം പിന്നാമ്പുറകാര്യങ്ങള്‍ സാധാരണ വായനക്കാര്‍ക്കും താല്‍പ്പര്യമുണ്ടാക്കും.
സോളമന്റെ തേനീച്ചകള്‍ക്കൊപ്പം ഞാന്‍ താല്‍പ്പര്യപൂര്‍വം പരിഗണിക്കുന്ന മറ്റൊരു പുസ്തകം ഡോ. വല്ലത്ത് ബാലകൃഷ്ണന്റെ ഫയര്‍ ഇന്‍ മൈ ബെല്ലി. ജഠരാഗ്നിജ്വാലകള്‍ എന്ന തലക്കെട്ടില്‍ ഞാനത് വിവര്‍ത്തനംചെയ്ത് ഖണ്ഡശഃ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. ഇന്ത്യയിലാദ്യമായി ഗാസ്ട്രോ എന്‍ട്രോളജിയില്‍ ഡിഎം ബിരുദം നേടിയ രണ്ടുപേരിലൊരാളാണ് ഡോ. ബാലകൃഷ്ണന്‍. കേരളത്തില്‍ ഗാസ്ട്രോ എന്‍ട്രോളജിയുടെ തുടക്കക്കാരന്‍. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ആദ്യമായി ഈ ഡിപ്പാര്‍ട്മെന്റ് തുടങ്ങിയത് അദ്ദേഹമാണ്. തന്റെ ജീവിതവുമായി ബന്ധപ്പെടുത്തി കേരളത്തിലെ ആരോഗ്യമേഖലയുടെ ചരിത്രവും പ്രശ്നങ്ങളും ഡോ. ബാലകൃഷ്ണന്‍ വിവരിക്കുന്നു. സൈനിക ഡോക്ടറായി സേവനമനുഷ്ഠിക്കാന്‍ ലഭിച്ച അവസരവും അവിടെനിന്ന് ലഭിച്ച ഹൃദ്യമായ യാത്രയയപ്പും ഇതില്‍ അനുസ്മരിക്കുന്നുണ്ട്. മികച്ച വായനാനുഭവം പകരുന്ന ഫയര്‍ ഇന്‍ ദ ബെല്ലി വായിച്ച ഉടന്‍തന്നെ ഗ്രന്ഥകാരനെ വിളിച്ച് വിവര്‍ത്തനാനുവാദം വാങ്ങുകയായിരുന്നു ഞാന്‍. സന്തോഷത്തോടെ അതനുവദിച്ച ഡോ. ബാലകൃഷ്ണന് നന്ദി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top