17 June Monday

രാത്രിയില്‍ ഉമ്മ തനിച്ച് പുറത്തുനിന്നു...

റഫീക്ക് അഹമ്മദ്Updated: Sunday Mar 19, 2017

മുമ്പേ ആലോചിച്ചുറപ്പിച്ച് ചിന്തിച്ച് എഴുതപ്പെട്ടവയല്ല എന്റെ കവിതകള്‍. ഒരു ഇടിത്തീനാളംപോലെ അപ്രതീക്ഷിതമായി മനസ്സില്‍ വന്നുവീഴുന്നവയാണ്. ഒരു കാഴ്ചയാകാം, ഒരു ചിത്രമാകാം, പൊടുന്നനെ വെളിപ്പെടുന്ന ഒരു വാക്കാകാം, ഒരു ഗന്ധമാകാം, വായനയിലോ യാത്രയിലോ ഉള്ളില്‍ തറയുന്ന ഒരു മുള്ളാകാം. അതെ, മുള്ള്. അതാണ് ശരി. ആ മുള്ള് ഊരിക്കളയണം. അത് വേദനാജനകമായ ഒരു കാര്യമാണ്. പക്ഷേ, അത് കഴിയുമ്പോള്‍ ഒരു സുഖമുണ്ടാകും. ഒറ്റയിരിപ്പിന് എഴുതിയാലേ പറ്റൂ. പകുതി എഴുതി പിന്നീട് മുഴുമിപ്പിക്കാമെന്ന് വിചാരിച്ചാല്‍ നടക്കില്ല. പക്ഷേ, ഒറ്റയിരിപ്പിന് എഴുതിയതല്ല വായനക്കാരനിലേക്ക് എത്തുന്നത്. വന്ന കവിത പിന്നീട് പലകുറി മാറ്റിയും മറിച്ചും വൃത്തിയാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും, ഒരിക്കലും പൂര്‍ണതൃപ്തി ആകില്ലെങ്കിലും.

മനസ്സിനെ മഥിച്ച പലതുമുണ്ട്. വ്യക്തിപരമാകാം, സാമൂഹികമാകാം, രാഷ്ട്രീയമാകാം. പക്ഷേ, കവിത പൊട്ടിമുളയ്ക്കുന്നതിന് മറ്റെന്തൊക്കെയോ കാര്യങ്ങളുണ്ട്. അത് മുഴുവനും എനിക്കുതന്നെ നിശ്ചയമില്ല. തോരാമഴ എന്ന കവിതതന്നെ എടുക്കാം. പത്തിരുപതു വര്‍ഷംമുമ്പ് നേരിട്ട് കേട്ടറിഞ്ഞ ഒരു സംഭവമാണത്. അതിലെ കഥാപാത്രമായ ഉമ്മുക്കുലുസുവിനെ എനിക്ക് അറിയാമായിരുന്നു. ആ കുട്ടി മരിച്ചുപോയി. ഓര്‍മയില്‍നിന്ന് ആ മുഖവും ഏറെക്കുറെ മാഞ്ഞു. അങ്ങനെയിരിക്കെ, ഒരു വെളുപ്പാന്‍കാലത്ത് പത്രവുമെടുത്ത് ഉമ്മറത്തങ്ങനെ ഇരിക്കുമ്പോഴാണ് മനസ്സിലേക്ക് ആ മിന്നല്‍പ്പിണര്‍ വന്നുവീഴുന്നത്. ഉമ്മുക്കുലുസു മരിച്ചന്ന് രാത്രിയില്‍ ഉമ്മ തനിച്ച് പുറത്തുനിന്നു... അതെ ഈയൊരു വരിതന്നെയാണ് വന്നത്. അത് എവിടെനിന്ന് എങ്ങനെ വന്നു എന്നു പറയാനാകില്ല. ഉടനെതന്നെ പേനയും കടലാസുമെടുത്ത് എഴുതാനിരുന്നു. ഒറ്റവീര്‍പ്പിന് കവിത എഴുതി പൂര്‍ത്തിയാക്കി. എന്തുകൊണ്ടോ എഴുതിക്കഴിഞ്ഞപ്പോള്‍ ഒട്ടും ഇഷ്ടം തോന്നിയില്ല. ആഴം കുറഞ്ഞുപോയി, സെന്റിമെന്റലായി എന്നും മറ്റുമൊക്കെയാണ് എനിക്ക് തോന്നിയത്. പക്ഷേ, അതീവ ഗൌരവമുള്ളത് എന്നു ഞാന്‍ വിചാരിച്ചിരുന്നതും അങ്ങനെ പരിഗണിക്കപ്പെടുമെന്ന് ഞാന്‍ സ്വയം കരുതിയിരുന്നതുമായ കവിതകള്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയും ഈ കവിത ആവശ്യത്തിലേറെ ശ്രദ്ധിക്കപ്പെടുകയുമാണുണ്ടായത്. കവിതകള്‍ക്കും ചില ഭാഗ്യനിര്‍ഭാഗ്യങ്ങളുണ്ടെന്ന് വേണം വിചാരിക്കാന്‍.

ഒരിക്കല്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനം മുറിച്ചുകടക്കവെ കണ്ട കാഴ്ചയാണ് പിന്നീട് ശിവകാമി എന്ന കവിതയായി മാറിയത്. ഒരു വലിയ മുളങ്കമ്പിന്റെ അറ്റത്ത് ബാലന്‍സ് ചെയ്യുന്ന ഒരു കൊച്ചു തമിഴ്ബാലിക. ഒരു വൃദ്ധന്റെ ചുമലിലാണ് ആ മുളങ്കമ്പ്. നിസ്സംഗരായി ആ കാഴ്ച കണ്ട് നടന്നുപോകുന്ന മനുഷ്യര്‍. ഞാനും അവരിലൊരാള്‍. ഞങ്ങള്‍ക്ക് എന്തൊക്കെയോ ആനക്കാര്യങ്ങള്‍ ചെയ്യാനുണ്ട്. എല്ലാവരും തിരക്കിലാണ്. വടക്കുംനാഥന്റെ നടയില്‍ ഉയരത്തിലുള്ള ആ മുളങ്കമ്പിന്റെ മുകളിലിരുന്ന് ആ കുഞ്ഞ് അവളെ ഞാന്‍ ശിവകാമിയെന്ന് വിളിച്ചു താഴേക്ക് നോക്കുന്നത്, അവളുടെ വിശപ്പും കഷ്ടപ്പാടും നിറഞ്ഞ ആ നോട്ടത്തില്‍ താഴെയുള്ള നമ്മുടെ എല്ലാ പൊള്ളവലിപ്പങ്ങളും ചെറുതായിപ്പോകുന്നത്, നമ്മള്‍ കെട്ടിപ്പൊക്കിയ ഗ്രന്ഥശാലകളും വ്യാപാരകേന്ദ്രങ്ങളും ഭരണസ്ഥാപനങ്ങളുമെല്ലാം വളരെ വളരെ ചെറുതായിപ്പോകുന്നത് ഒരു ഉള്‍ക്കിടിലംപോലെ ഉള്ളില്‍ പിടഞ്ഞു. ആ കാഴ്ച ഉള്ളില്‍ക്കിടന്ന് നീറിയിട്ടാണ് ശിവകാമി എന്ന കവിത ജനിക്കുന്നത്. പക്ഷേ, അത് അച്ചടിച്ചുവന്ന കാലത്തൊന്നും ആരും ശ്രദ്ധിക്കുകയുണ്ടായില്ല.

മരണമെത്തുന്ന നേരത്ത് എന്ന കവിത എങ്ങനെയാണ് ഉണ്ടാ യതെന്ന് എനിക്കൊരു വ്യക്തതയുമില്ല. അഗാധമായ പ്രണയത്തിന്റെ ചുഴികളില്‍പ്പെട്ടുലഞ്ഞാണ് ആ കവിത ഉണ്ടായതെന്ന് വിശ്വസിക്കുന്നവരാണ് അധികവും. അത് ആരെ മനസ്സിലോര്‍ത്ത് എഴുതിയതാണെന്ന് പലരും എന്നോട് ചോദിക്കാറുമുണ്ട്. അറിഞ്ഞുകൂടാ എന്നുമാത്രമേ അതിന് ഉത്തരമായി പറയാനാവുകയുള്ളൂ. ഭാഷാപോഷിണിയില്‍ അച്ചടിച്ചുവന്ന ആ കവിതയും വളരെ കുറച്ചുപേര്‍മാത്രമേ ശ്രദ്ധിക്കുകയുണ്ടായുള്ളൂ. പക്ഷേ, ആ കവിത രഞ്ജിത് തന്റെ സ്പിരിറ്റ് എന്ന സിനിമയ്ക്കുവേണ്ടി എടുത്തു. ഷഹബാസ് അമന്റെ സംഗീതവും ഉണ്ണിമേനോന്റെ ആലാപനവും കൂടിച്ചേര്‍ന്നതോടെ ഒരുപാട് പേരുടെ ഹൃദയഗാനമായി അത് മാറി.
കവിത ഉരുവംകൊള്ളുന്നതിന്റെ, അത് അക്ഷരങ്ങളായി മൂര്‍ത്തമാകുന്നതിന്റെ രസതന്ത്രം വിശദീകരിക്കുവാന്‍ പ്രയാസമാണ്. ശൂന്യമായി വെള്ളക്കടലാസുപോലെ പലപ്പോഴുമിരിക്കുന്ന മനസ്സില്‍, ഇനിയൊരു വരി എനിക്ക് എഴുതാനാകുമോ എന്ന ആശങ്ക അലട്ടുമ്പോള്‍ത്തന്നെ അപ്രതീക്ഷിതമായി അവള്‍ കവിത, വരും. അതിന്റെ അപ്രതീക്ഷിതത്വത്തിലും ആകസ്മികതയിലും വേദനയിലും ആശ്വാസത്തിലുമെല്ലാമാണ് എന്റെ എളിയ ഈ മനുഷ്യജീവിതത്തിന്റെ അര്‍ഥം കുടികൊള്ളുന്നതും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top