26 April Friday

അതിശയിപ്പിച്ച സംവിധായകന്‍

ശങ്കര്‍ മോഹന്‍Updated: Sunday Feb 19, 2017

മലമടക്കുകളില്‍നിന്ന് മഞ്ഞിറങ്ങിവന്ന് നൈനിറ്റാള്‍ തടാകത്തെ പുതപ്പിച്ചു. ഹൃദയത്തെ ശാന്തമാക്കുന്ന പ്രകൃതിയുടെ ആ അത്ഭുതം എന്നിലും പ്രവര്‍ത്തിച്ചുതുടങ്ങി. എം ടി വാസുദേവന്‍നായരെന്ന മഹാമനുഷ്യന്റെ മനസ്സിലെ സുധീര്‍ മിശ്രയായി മാറാന്‍ എനിക്കാകുമോ എന്ന ആശങ്കയുടെ ചൂട് കുറഞ്ഞുവന്നു.

എങ്ങനെയാണ് എം ടി എന്നെ കണ്ടെത്തിയത്. അറിയില്ല. മഞ്ഞിനുപകരം മറ്റൊരു സിനിമ ചെയ്യാനായിരുന്നു അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. അമൃതാപ്രീതത്തിന്റെ നോവല്‍. എന്തോ അത് ഉദ്ദേശിച്ചപോലെ മുന്നോട്ടുപോയില്ല. അങ്ങനെയാണ് എം ടി മഞ്ഞ് ചെയ്യാന്‍ തുനിഞ്ഞത്. 1964ല്‍തന്നെ മഞ്ഞ് പുസ്തകരൂപത്തില്‍ പുറത്തുവന്നിരുന്നു. പക്ഷേ സിനിമയാകുന്നത് എണ്‍പത്തിമൂന്നിലും. അത്ര ദീര്‍ഘമായ നോവലല്ലല്ലോ അത്. നീണ്ടകഥ എന്നുപറയാം. പത്തുപതിനെട്ടുവര്‍ഷത്തെ ഇടവേളയില്‍ എഴുത്തുകാരന്‍ പിന്നെയും കഥാപാത്രങ്ങളെ കൂടുതല്‍ വളര്‍ത്തിയെടുത്തിട്ടുണ്ടാകണം.

എം ടി വാസുദേവന്‍നായര്‍

എം ടി വാസുദേവന്‍നായര്‍

സിനിമയ്ക്കുവേണ്ടിയാണ് മഞ്ഞ് വായിച്ചത്. എംടിയുടെ നോവലുകള്‍ പലതും നേരത്തെ എന്നെ കീഴടക്കിയിരുന്നെങ്കിലും ഇതിലേക്ക് എത്തിയിരുന്നില്ല. നോവലുകള്‍ വെറുതെ വായിക്കുകയായിരുന്നില്ല എന്നും പറയേണ്ടതുണ്ട്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്നവര്‍ അവസാനവര്‍ഷം സ്വന്തമായി ഒരു പ്രോജക്ട് ചെയ്യേണ്ടതുണ്ട്. തിരക്കഥാരചനയിലും സംവിധാനത്തിലുമുള്ള താല്‍പ്പര്യംമൂലം ദില്ലി സര്‍വകലാശാലയില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ഓണേഴ്സ് ബിരുദം നേടിയശേഷം സ്വന്തം ഇഷ്ടപ്രകാരം ചലച്ചിത്രമേഖലയിലേക്ക് തിരിയുകയായിരുന്നു. അച്ഛന്‍ ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമൊക്കെയായി പ്രവര്‍ത്തിച്ചിരുന്നെങ്കിലും എന്റെ മേഖല മറ്റെന്തെങ്കിലുമാകുന്നതാകും നല്ലതെന്ന് അച്ഛനുമമ്മയ്ക്കും അഭിപ്രായമുണ്ടായിരുന്നു. പക്ഷേ, ഞാന്‍ ഗൌരവപൂര്‍വമാണ് സിനിമയെ സമീപിക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലായി. അങ്ങനെ പുണെയിലെത്തി. അവസാനവര്‍ഷ തിരക്കഥാ പ്രോജക്ടിനുവേണ്ടിയുള്ള അന്വേഷണം എം ടിയുടെ നാലുകെട്ടിലെത്തിച്ചു. നാലുകെട്ടിന്റെ തിരക്കഥയുമായി കോഴിക്കോട് മാതൃഭൂമി ഓഫീസിലെത്തി. അദ്ദേഹത്തെ കണ്ടു. സന്തുഷ്ടനായിരുന്നു അദ്ദേഹം. ആ കഥയൊക്കെ കഥകളുടെ തമ്പുരാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ ആവോ?

മഞ്ഞിന്റെ ലൊക്കേഷന്‍ അനുഭവങ്ങള്‍ ഇന്നും മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു. നോവല്‍ വായിച്ചെങ്കിലും തിരക്കഥ പൂര്‍ണമായി കിട്ടിയില്ല. ഓരോ സീനും അപ്പോള്‍ പറഞ്ഞുതരികയായിരുന്നു പതിവ്. എം ടി അധികം സംസാരിക്കില്ല. അത്രതന്നെയില്ല ക്യാമറാമാന്‍ ഷാജി എന്‍ കരുണ്‍. ആദ്യം സന്ദര്‍ഭം വിശദീകരിക്കും. ഷാജിയുടെ നേതൃത്വത്തില്‍ സെറ്റ് സജ്ജമാക്കി ലൈറ്റിങ് ഒക്കെ നടത്തും. നടീനടന്മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ പിന്നാലെ ഉണ്ടാകും. ഒന്നുരണ്ട് റിഹേഴ്സലുകള്‍. സംവിധായകന് തൃപ്തിയായാല്‍ പിന്നെ ടേക്കിലേക്ക്. ഇങ്ങനെ തീര്‍ത്തും ശാന്തമായി ഷൂട്ടിങ് പൂര്‍ത്തിയാക്കി. ഒരിക്കലും എം ടി ക്ഷുഭിതനായി കണ്ടിട്ടില്ല. നടീനടന്മാരോട് അല്‍പ്പംപോലും ശബ്ദമുയര്‍ത്തില്ല. അവരെ വളരെ തന്മയത്വത്തോടെ കൈകാര്യംചെയ്ത് അവരില്‍നിന്ന് തനിക്കാവശ്യമുള്ളത് നേടിയെടുക്കുന്ന സാമര്‍ഥ്യം എന്നെ അതിശയിപ്പിച്ചു. പുണെയിലെ വിഖ്യാതമായ ചലച്ചിത്രകലാലയത്തില്‍നിന്ന് കിട്ടിയതിനേക്കാള്‍ എത്രയോ വലിയ അറിവുകള്‍ മഞ്ഞിന്റെ ലൊക്കേഷന്‍ എനിക്ക് സമ്മാനിച്ചു. ഒരു സംവിധായകന്‍ എങ്ങനെ കലാകാരന്മാരെ പ്രചോദിപ്പിക്കണമെന്ന് എം ടി കാണിച്ചുതന്നു. 45 ദിവസം 45 നിമിഷമായി തോന്നി. അത് ഒരു യാത്രയായിരുന്നു. ലെജന്‍ഡിനോടൊപ്പമുള്ള യാത്ര.

വിമലാദേവിയുടെ പ്രണയിയായ സുധീര്‍മിശ്ര എവിടേക്കോ മറഞ്ഞുപോകുകയാണല്ലോ. മഞ്ഞിലേക്ക് മറഞ്ഞ കാമുകന്‍. കുറെക്കാലത്തിനുശേഷം ഒരുകൂട്ടര്‍ എന്നെ സമീപിച്ചു, മഞ്ഞിന്റെ രണ്ടാംഭാഗം സൃഷ്ടിക്കാന്‍. സുധീര്‍മിശ്രയ്ക്കെന്ത് സംഭവിച്ചു? സുധീര്‍മിശ്രയുടെ മടങ്ങിവരവാണ് അതില്‍ അവര്‍ ഉദ്ദേശിച്ചിരുന്നത്. എം ടിയുമായി സംസാരിച്ചുവെന്നൊക്കെ അവര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സമ്മതമില്ലാതെ സഹകരിക്കാനാകില്ലെന്ന് ഞാന്‍ വ്യക്തമാക്കി. എന്തായാലും പിന്നീടവര്‍ വന്നില്ല.
മഞ്ഞിനുശേഷവും എം ടിയെ പലതവണ കണ്ടു. എന്റെ താമസം ഡല്‍ഹിയിലാണല്ലോ. അവിടെ വരുമ്പോള്‍ അദ്ദേഹം ഫോണ്‍ ചെയ്യും. കാണും.

എം ടിയുടെ പല സിനിമകളും എനിക്ക് പ്രിയപ്പെട്ടതാണ്. ബോക്സോഫീസ് വിജയം നേടിയ ഒട്ടേറെ ചിത്രങ്ങള്‍ ഞാന്‍ കണ്ടു. അതിലെല്ലാം രണ്ട് പ്രത്യേകതകള്‍ ഉണ്ട്. ഒന്ന് എം ടിയിലെ വിഷനറി അദ്ദേഹത്തിന്റെ ഏത് സൃഷ്ടിയിലും പ്രകടമാണ്. ജീവിതത്തിന്റെ പല മുഖങ്ങളാണതില്‍ അദ്ദേഹം കാട്ടിത്തരുന്നത്. ഓരോരുത്തരുടെയും ജീവിതത്തിലെ സാക്ഷിയാണ് എം ടി എന്ന എഴുത്തുകാരന്‍ അല്ലെങ്കില്‍ ചലച്ചിത്രകാരന്‍.

മറ്റൊന്ന് കഥാപാത്രങ്ങളുടെ പൂര്‍ണതയാണ്. നിമിഷനേരംമാത്രം മിന്നിമറഞ്ഞുപോകുന്ന കഥാപാത്രങ്ങള്‍പോലും പൂര്‍ണമാണ്. ഫുള്‍നെസ് എന്ന ഇംഗ്ളീഷ് വാക്കാണ് ഞാന്‍ ഉപയോഗിക്കുന്നത്. ആ കഥാപാത്രമില്ലെങ്കില്‍ ആ രംഗത്ത് ഒരു വിടവ് തോന്നും. ഒരാളെയും ഒഴിവാക്കാനാകില്ല. അത്ര സമഗ്രവും സൂക്ഷ്മവുമാണ് എം ടിയുടെ തിരക്കഥകള്‍.

(എം ടി വാസുദേവന്‍നായര്‍ സംവിധാനംചെയ്ത 'മഞ്ഞ്' എന്ന സിനിമയിലെ നായകനാണ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടറായ ശങ്കര്‍ മോഹന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top