09 May Thursday

രാഹുലന്‍ വന്ന വഴി

വെബ് ഡെസ്‌ക്‌Updated: Sunday Jun 18, 2017

അമ്പത്തിനാല് കലാലയവര്‍ഷം!! ക്യാമ്പസിന്റെ ചൂടും ചൂരും പ്രണയവും കലഹവും ചിരിയും ചിന്തയും ഹൃദയത്തിലേറ്റുവാങ്ങി ഞാന്‍ ജീവിച്ചത് അരനൂറ്റാണ്ടിനുമപ്പുറം. ഇരുപത്തൊന്നാം വയസ്സില്‍, ആവേശത്തിന്റെ കടലിരമ്പങ്ങള്‍ ഉച്ചസ്ഥായിയിലാകുന്ന യൌവനത്തില്‍, ഞാന്‍ കോളേജധ്യാപകനായി. വിദ്യാര്‍ഥിയുടെ കുപ്പായം അഴിച്ചുവയ്ക്കുംമുമ്പേ അധ്യാപകന്‍.

ജീവിതത്തിന്റെ പല ഭാവങ്ങള്‍ ഞാന്‍ കണ്ടു. അതില്‍ ചിലതൊക്കെ പകര്‍ത്തിവയ്ക്കാനുമായി. എങ്കിലും എഴുത്തുകാരന്‍ എപ്പോഴും അസ്വസ്ഥനും അസംതൃപ്തനുമായിരിക്കുമല്ലോ. കണ്ടറിഞ്ഞതിനും കേട്ടുപഴകിയതിനും തൊട്ടനുഭവിച്ചതിനുമപ്പുറം ജീവിതസാഗരം മനസ്സെത്താദൂരങ്ങളിലേക്ക് പരന്നുകിടക്കുന്നതായി അവനറിയാമല്ലോ. അതില്‍ നങ്കൂരമില്ലാത്ത നൌകയില്‍ നിത്യസഞ്ചാരിയാകാന്‍ കൊതിക്കുന്ന എഴുത്തുകാരന്‍ എങ്ങനെയാണ് തീരമണയുക?

പതിനാല് നോവലുകള്‍ ഇതിനോടകം എഴുതി. ഇതിലെല്ലാം ഞാന്‍ ജീവിതത്തെ സങ്കല്‍പ്പനംചെയ്യുന്നത് ഒരു വ്യക്തിയുടെ അനുഭവ വഴിയിലൂടെയാണ്. ആ വ്യക്തി നമ്മള്‍തന്നെയാകാം. അല്ലെങ്കില്‍ നാം മനസ്സിലാക്കിയ മറ്റൊരാള്‍.

മലയാളത്തിലെ പ്രഥമ ക്യാമ്പസ് നോവലെന്ന് വിശേഷിപ്പിക്കാവുന്ന 'ഉള്‍ക്കടലി'ലെ കഥാപാത്രങ്ങള്‍ യഥാര്‍ഥത്തില്‍ പൂര്‍ണമായും ഭാവനാസൃഷ്ടികളല്ല. മുഖ്യകഥാപാത്രമായ രാഹുലന്റെ ജീവിതത്തിലെ മൂന്ന് പ്രണയഭാവങ്ങള്‍ മൂന്നുഘട്ടങ്ങളായി അടയാളപ്പെടുത്തുകയാണിതില്‍. ബാല്യകാലത്ത് തുളസി, കൌമാരത്തില്‍ റീന, യൌവനത്തില്‍ മീര എന്നിവരിലൂടെ രാഹുലനെ നാം അറിയുന്നു. ആരാണീ രാഹുലന്‍? എന്റെ ഉള്ളിലിരുന്ന് ആരോ അതിന് മറുപടി നല്‍കുന്നു: 'അവന്‍ നീ തന്നെ. നീ തന്നെ.' തകര്‍ന്നുപോയ രണ്ട് പ്രണയങ്ങളുടെ ശവപ്പറമ്പായിരുന്നു അവന്റെ മനസ്സ്. ആത്മാര്‍ഥമായിരുന്നു അവന്റെ പ്രണയങ്ങളെല്ലാം. കളിക്കൂട്ടുകാരിയായിരുന്ന തുളസി പുഴയില്‍ മുങ്ങിമരിച്ചു; അപമൃത്യു. പിന്നീട് ജീവിതത്തിലേക്ക് വന്ന റീനയും രാഹുലന് നഷ്ടമായി. ഒടുവില്‍ മീരയെത്തി. മുറിവുകളില്‍ ആശ്വാസമായി.

നോവലുകള്‍ക്ക് ക്യാമ്പസ് പശ്ചാത്തലം മാത്രമായിരുന്നതില്‍നിന്ന് വ്യത്യസ്തമായി ഉള്‍ക്കടലില്‍ ക്യാമ്പസിനെ കഥാപാത്രത്തിന്റെ തലത്തിലേക്കുയര്‍ത്താന്‍ ഞാന്‍ ശ്രമിച്ചു. ഇതിലെ റീനയും മീരയും എനിക്ക് നേരിട്ടറിയാവുന്ന പെണ്‍കുട്ടിയാണ്. ഇവര്‍ രണ്ടുപേരല്ല. ഒരാളിന്റെതന്നെ രണ്ട് മുഖങ്ങള്‍ മാത്രം. നാലുപതിറ്റാണ്ടായി, ഇപ്പോഴും രാഹുലന്‍ മലയാളിയുടെ മനസ്സിലുണ്ട് എന്നറിയുമ്പോള്‍ സ്വാഭാവികമായും സന്തോഷമുണ്ട്. കെ ജി ജോര്‍ജിന്റെ സംവിധാനത്തില്‍ അത് മലയാളത്തിലെ മികച്ച ചലച്ചിത്രങ്ങളിലൊന്നായി. പ്രണയാതുരരായ കാമുകന്മാര്‍ ഉള്‍ക്കടലിലെ വേണുനാഗവള്ളിയെ അനുകരിക്കുകപോലുമുണ്ടായി. വേണുവിനല്ലാതെ മറ്റൊരാള്‍ക്കും രാഹുലനാകാനാകില്ല എന്നുപോലും നിരവധിപേര്‍ അഭിപ്രായപ്പെട്ടു.

ഉള്‍ക്കടല്‍ സിനിമയാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ പൂര്‍ണമായും ഒപ്പമുണ്ടായിരുന്നു. പത്മരാജനാണ് വേണുവിനെ നിര്‍ദേശിക്കുന്നത്. ഇരുവരും ആകാശവാണിയില്‍ സഹപ്രവര്‍ത്തകര്‍. ഒരുദിവസം ഫോണ്‍ചെയ്ത് 'ഞാന്‍ നിങ്ങളുടെ രാഹുലനെ അങ്ങോട്ടയക്കുന്നു'' എന്നുപറഞ്ഞു. കിഴക്കേകോട്ടയിലെ ഒരു ഹോട്ടലില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരായ ഞങ്ങള്‍ ജോര്‍ജും ബാലുമഹേന്ദ്രയും ഞാനും ഒന്നിച്ചിരിക്കുമ്പോള്‍ മഴ നിര്‍ത്താതെപെയ്ത ഒരു സായാഹ്നത്തില്‍ മഴക്കോട്ടുപോലും ഊരിമാറ്റാതെ അയാള്‍ മുറിയിലേക്ക് കയറിവന്നു. ആ യുവാവിനെ കണ്ടയുടന്‍ ആരെന്നുപോലുമറിയാതെ ബാലുമഹേന്ദ്ര ഉറക്കെ വിളിച്ചുപറഞ്ഞു: 'ഹിയര്‍ ഈസ് രാഹുലന്‍!''
തിരുവനന്തപുരം മാര്‍ ഇവാനിയോസ്, മഹാത്മാഗാന്ധി കോളേജുകളിലായി ഉള്‍ക്കടല്‍ ചിത്രീകരിച്ചു. ചിത്രത്തില്‍ കോളേജ് പ്രിന്‍സിപ്പലിന്റെ വേഷം ചെയ്തത് എംജി കോളേജ് പ്രിന്‍സിപ്പല്‍ കളത്തില്‍ ഗോപാലകൃഷ്ണന്‍നായര്‍തന്നെയാണെന്നത് മറ്റൊരു കൌതുകം.

ക്യാമ്പസിനെപ്പോലെ സ്വന്തം മണ്ണും അവിടത്തെ മനുഷ്യരും എന്റെ ഭൂമികയായി. കൂത്താട്ടുകുളം രക്തസാക്ഷികളുടെ മണ്ണാണ്. അവര്‍ നാലുപേര്‍. ചരിത്രത്തിലെ ആവേശം. സി പിയുടെ ദുര്‍ഭരണത്തിനെതിരെ പോരാടി പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട ചെള്ളമ്പേല്‍ പിള്ള സി ജെ തോമസിന്റെ ജ്യേഷ്ഠന്‍ സി ജെ ജോസഫ്, പറവൂര്‍ ടി കെ നാരായണപിള്ളയുടെ പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയ തിരുമാറാടി രാമകൃഷ്ണന്‍, മണ്ണത്തൂര്‍ വര്‍ഗീസ്, പാമ്പാക്കുട അയ്യപ്പന്‍. കൂത്താട്ടുകുളത്തിന്റെ ആകാശത്തെ നിത്യരക്തതാരകങ്ങള്‍! നിരവധി കമ്യൂണിസ്റ്റ് പോരാളികള്‍ക്ക് കൂത്താട്ടുകുളവും ഇടയാറും ഓണക്കൂറും ജന്മംനല്‍കി.

എന്റെ അമ്മയുടെ സഹോദരന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സജീവപ്രവര്‍ത്തകനായിരുന്നു, അന്തരിച്ച മുന്‍മന്ത്രി സഖാവ് ടി കെ രാമകൃഷ്ണന്റെ സുഹൃത്തും. രക്തസാക്ഷി പാമ്പാക്കുട അയ്യപ്പന്‍ ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഉയര്‍ന്ന ക്ളാസില്‍ ഉണ്ടായിരുന്നു. അയ്യപ്പന്റെ ജ്യേഷ്ഠന്‍ ശങ്കരനും ഉശിരന്‍ പ്രവര്‍ത്തകനായിരുന്നു. പൊലീസ് നോട്ടമിട്ടത് ശങ്കരനെയായിരുന്നെങ്കിലും കിട്ടിയില്ല. അങ്ങനെ നേരിട്ടല്ലെങ്കിലും പുരോഗമപ്രസ്ഥാനങ്ങളോട് തോളുരുമ്മി വളര്‍ന്നതുകൊണ്ടാകാം 'ഇല്ലം' പോലുള്ള രചനകളില്‍ ജന്മിത്താനന്തര പശ്ചാത്തലത്തില്‍ മുതലാളിത്തരൂപങ്ങള്‍ വളര്‍ന്നുവരുന്നത് വ്യക്തമാക്കാന്‍ എനിക്ക് സാധിച്ചത്. നാം നേരിട്ടിടപഴകുന്ന കാര്യങ്ങള്‍ മാത്രമല്ല, നമ്മോടൊപ്പമുള്ള ചരിത്രസംഭവങ്ങളും വ്യക്തികളും ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ സഹായിക്കും.

ഇല്ലത്തില്‍ കേന്ദ്രസ്ഥാനത്തുള്ള ഭദ്രന്‍ സാമൂഹ്യമാറ്റത്തിനായി പ്രവര്‍ത്തിക്കുന്നു. അയാളുടെ അമ്മാവന്‍ ഫ്യൂഡലിസത്തിനുശേഷം ഉയര്‍ന്നുവന്ന മുതലാളിത്തത്തെ പ്രതിനിധാനംചെയ്യുന്നു. യുവത്വത്തിന്റെ അഗ്നി അയാളിലുണ്ട്. ബ്രാഹ്മണസമുദായത്തില്‍പ്പെട്ട ആര്‍ദ്രയെ അയാള്‍ പ്രണയിക്കുകയും ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയുമാണ്. അക്കാലത്ത് അത് സാമൂഹ്യമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. നായര്‍ക്ക് നമ്പൂതിരിസ്ത്രീ പാടില്ല. തിരിച്ചാകാം. ആര്‍ദ്ര എനിക്ക് പരിചയമുള്ള, സുഹൃത്തായ ശ്രീദേവിയാണ്. ജീവിതദുരിതങ്ങളില്‍ തളരാതെ മുന്നോട്ടുവരുന്ന, എന്നാല്‍, അസാധാരണത്വങ്ങളൊന്നുമില്ലാത്ത ഒരു കുട്ടി.

എല്ലാ എഴുത്തുകാര്‍ക്കും അവരുടേതായ ഒരു ഭൂമികയുണ്ട്. സൂക്ഷ്മഗ്രാഹിയായ വായനക്കാരന് അത് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. ഞാന്‍ നോവലെഴുതുകമാത്രമല്ല നോവലിനെപ്പറ്റി പഠിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ ഗവേഷണവിഷയംതന്നെ മലയാള നോവലിലെ നായകസങ്കല്‍പ്പം എന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top