25 April Thursday

അധിനിവേശത്തെക്കുറിച്ചുള്ള കുറിപ്പുകള്‍

ഡോ. ഹുസൈന്‍ രണ്ടത്താണിUpdated: Sunday Oct 16, 2016

ഇസ്ളാമിക രാഷ്ട്രങ്ങളുടെ സ്വാസ്ഥ്യം തകര്‍ത്തുകൊണ്ട് സംഹാരവ്യഗ്രതയോടെ സാമ്രാജ്യത്വ കൊടുങ്കാറ്റ് ചുഴറ്റിയടിക്കാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. നേരിട്ടുള്ള അധിനിവേശത്തിലൂടെയോ പാവഭരണകൂടങ്ങള്‍വഴിയോ തങ്ങളുടെ രാഷ്ട്രീയാധിപത്യം ഉറപ്പാക്കി സാമ്പത്തികമായി ചൂഷണംചെയ്യുന്ന സാമ്രാജ്യത്വപദ്ധതി ഇപ്പോള്‍ ഇസ്ളാമികലോകത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഈ വിഷയത്തില്‍ ഒരു പുസ്തകം രചിക്കുന്നതിനായുള്ള ഗവേഷണങ്ങള്‍ക്കിടയിലാണ് എന്‍വര്‍ മസൂദിന്റെ 'വാര്‍ ഓണ്‍ ഇസ്ളാം' ശ്രദ്ധയില്‍പെടുന്നത്. 1991 മുതല്‍ 2010 വരെ വാഷിങ്ടണ്‍ പോസ്റ്റടക്കമുള്ള പ്രധാനപ്പെട്ട അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിലൂടെ എന്‍വര്‍ മസൂദ് നടത്തിയ പ്രതികരണങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിട്ടുള്ളത്. മൊത്തം നൂറ്റമ്പതില്‍പരം കുറിപ്പുകള്‍ വന്നേക്കും. ദീര്‍ഘലേഖനങ്ങളല്ല, ഒന്നും. പക്ഷേ, പ്രതിപാദ്യത്തിലെ സമാന സ്വഭാവം മൂലം പുസ്തകം ഒട്ടൊക്കെ സമഗ്രമാണെന്നുപറയാം.

ഭീകരതയെ സാമ്രാജ്യത്വം എങ്ങനെ പാലൂട്ടിവളര്‍ത്തിയെന്നും ഇന്തോനേഷ്യ, സുഡാന്‍, ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുന്നതിനായി ആഭ്യന്തരഭിന്നതകള്‍ രൂക്ഷമാക്കാന്‍ അമേരിക്ക നടത്തിയ ഇടപെടലുകളെന്തെന്നും എന്‍വര്‍ വ്യക്തമാക്കിത്തരുന്നു. ആഗോളഭീകരപ്രവര്‍ത്തനങ്ങളില്‍ ഇസ്രയേലിന്റെ പങ്ക് അദ്ദേഹം മനസ്സിലാക്കിത്തരുന്നു. 'ഭീകരതയ്ക്കെതിരായ യുദ്ധം' എന്ന പേരില്‍ അമേരിക്കന്‍ ഭരണകൂടം മനുഷ്യാവകാശലംഘനങ്ങള്‍ നിത്യസംഭവങ്ങളും നിയമാനുസൃതവുമാക്കിത്തീര്‍ത്തു. This War on Terrorism is Bogus എന്ന തലക്കെട്ടിലുള്ള കുറിപ്പ് ഈ വിഷയമാണ് കൈകാര്യംചെയ്യുന്നത്. 2001 സെപ്തംബര്‍ 11ലെ സംഭവങ്ങള്‍ക്കുശേഷം അമേരിക്ക കുപ്രസിദ്ധമായ 'ദേശസ്നേഹനിയമം' (Patriot Act) tപാസാക്കി. ഇതേത്തുടര്‍ന്ന് അയ്യായിരത്തോളം വിദേശികളെ യാതൊരു തെളിവോ കാരണമോ കൂടാതെ കരുതല്‍ തടങ്കലിലാക്കുകയുണ്ടായി. ഇതേ അമേരിക്കതന്നെ അന്താരാഷ്ട്രവേദികളില്‍ മനുഷ്യാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും സംരക്ഷകരായി നടിക്കുകയും ചെയ്യും.

ഡോ. ഹുസൈന്‍ രണ്ടത്താണി

ഡോ. ഹുസൈന്‍ രണ്ടത്താണി

വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട ആക്രമണസിദ്ധാന്തം ഇതിനോടകംതന്നെ ചോദ്യംചെയ്യപ്പെട്ടു കഴിഞ്ഞു. സെപ്തംബര്‍ 11 സംഭവം സംബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് ടെക്നോളജി (NIST) തയ്യാറാക്കിയ അന്വേഷണറിപ്പോര്‍ട്ടിലെ നിഗമനങ്ങളോട് വിയോജിച്ചുകൊണ്ട് മൂന്നോ നാലോ കുറിപ്പുകളുണ്ട് എന്‍വറിന്റെ പുസ്തകത്തില്‍. അറബ് ലോകത്തെ യുവസമൂഹത്തിനിടയില്‍ വളര്‍ന്നുവന്നുകൊണ്ടിരുന്ന പ്രവണതകള്‍ അദ്ദേഹം മുന്‍കൂട്ടി കാണുന്നു. മുല്ലപ്പൂവിപ്ളവംപോലെ പില്‍ക്കാലത്ത് യാഥാര്‍ഥ്യമായ കാര്യങ്ങളെക്കുറിച്ചുള്ള സൂചനകള്‍ എന്‍വര്‍ മസൂദിന്റെ കുറിപ്പുകളില്‍ വായിക്കാം.
അദ്ദേഹത്തിന് ചില ചോദ്യങ്ങളുണ്ട്. ഇറാഖിനെതിരായ യുദ്ധത്തെ നീതിക്കുവേണ്ടിയുള്ള പോരാട്ടമെന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്. അവര്‍ പുതിയ ഹിറ്റ്ലറെയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതത്രേ! അങ്ങനെയെങ്കില്‍ 1990 ആഗസ്തുവരെ ഈ ഹിറ്റ്ലര്‍ അവരുടെ സുഹൃത്തായിരുന്നില്ലേ? കുവൈത്തിനെ ഇറാഖ് കൈയടക്കിയപ്പോള്‍ യുദ്ധത്തിനൊരുങ്ങിയ അമേരിക്ക പതിറ്റാണ്ടുകളായി ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങളെപ്പറ്റി മൌനംപാലിക്കുന്നതെന്തുകൊണ്ട്? നിഷ്പക്ഷത പാലിക്കുന്നതില്‍ പലപ്പോഴും പരാജയപ്പെട്ടുപോകുന്നുവെന്ന് ഐക്യരാഷ്ട്രസഭ ആക്ഷേപിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് യുണൈറ്റഡ് നേഷന്‍സ് (UN)  യുണൈറ്റഡ് നേഷന്‍സ് ഓഫ് അമേരിക്കയാണോ എന്ന സംശയം എന്‍വര്‍ ഉന്നയിക്കുന്നത്.

ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന എന്‍വര്‍ മസൂദിന്റെ മാതാപിതാക്കള്‍ ദേശീയ പ്രസ്ഥാനത്തിലെ നേതാക്കന്മാരുമായി അടുത്ത ബന്ധമുള്ളവരായിരുന്നു. ഇന്ത്യയിലും വിദേശത്തുമായി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം എന്‍ജിനിയറിങ്– മാനേജ്മെന്റ് കണ്‍സള്‍ട്ടന്റാണ്. ഇസ്ളാമികപക്ഷത്തുനിന്നുകൊണ്ട് ആഗോളരാഷ്ട്രീയ സംഭവങ്ങളോടുള്ള പ്രതികരണമാണ് എന്‍വര്‍ മസൂദ് നടത്തുന്നത്. നിഷ്പക്ഷതയ്ക്കായി യാതൊരു ശ്രമവും എഴുത്തുകാരന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന് പറയേണ്ടതുണ്ട്. ഇതിനോടകം പുസ്തകത്തിന്റെ അഞ്ചുപതിപ്പുകളായി. രണ്ടുലക്ഷത്തോളംപേര്‍ ഇന്റര്‍നെറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്തുകഴിഞ്ഞു.

ബിരുദതലംവരെ ശാസ്ത്രവിഷയങ്ങള്‍ പഠിച്ച ഞാന്‍ ചരിത്രത്തെ ഗൌരവപൂര്‍വം വായിച്ചുതുടങ്ങുന്നത് അലിഗഡ് മുസ്ളിം സര്‍വകലാശാലയിലെത്തിയശേഷമാണ്. അവിടെ പ്രൊഫ. ഇര്‍ഫാന്‍ ഹബീബിന്റെ വിദ്യാര്‍ഥിയായി. എന്റെ വീക്ഷണത്തെതന്നെ സ്വാധീനിച്ചു അദ്ദേഹം. അറിവിന്റെ ഖനികളായാണ് അദ്ദേഹത്തിന്റെ ക്ളാസുകള്‍ അനുഭവപ്പെട്ടത്.

വായനയ്ക്ക് ദിശാബോധമുണ്ടാകുന്നതും അവിടെവച്ചുതന്നെ. പരന്ന വായനയല്ല എന്റേത്; വിഷയകേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ ലോകത്ത് നടക്കുന്ന എല്ലാത്തിനെപ്പറ്റിയും അഭിപ്രായം പറയാന്‍ സാധിക്കാറുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top