20 April Saturday

കേരളീയതയുടെ വരപ്രസാദം

എന്‍ കെ ദേശംUpdated: Sunday Aug 14, 2016

കേരളീയതയുടെ വരപ്രസാദമാണ് വൈലോപ്പിള്ളിയുടെ കവിതകള്‍. വികസനത്തിന്റെ കുത്തൊഴുക്കില്‍ നാട്ടുനന്മകള്‍ പലതും ഒലിച്ചുപോയിട്ടും മലയാളിയുടെ മനസ്സിലെവിടെയോ പാടവും പച്ചക്കുതിരയും പാടുന്ന തത്തയും പുഴയും പൂക്കളുമെല്ലാം ഇന്നും നിറഞ്ഞുനില്‍ക്കുന്നു. വൈലോപ്പിള്ളിയുടെ കവിതകള്‍ ആ കേരളത്തെ നമുക്ക് തിരിച്ചുനല്‍കുന്നു. പാടവും കൊയ്ത്തും മാമ്പഴവും തുലാവര്‍ഷവും ചിങ്ങമാസവും നല്ലോണപ്പാട്ടുകളും കയ്പവല്ലരിയും കൊന്നപ്പൂക്കളും ആവര്‍ത്തിച്ച് കടന്നുവരുമ്പോള്‍ വായനക്കാരന്‍ അവന്റെതന്നെ സ്വത്വത്തെ തിരിച്ചറിയുകയാണല്ലോ ചെയ്യുന്നത്.

വൈലോപ്പിള്ളിയുടെ ആദ്യകാല കൃതികളാണ് എനിക്ക് കൂടുതല്‍ പ്രിയം. പ്രത്യേകിച്ച് ആദ്യകൃതിയായ കന്നിക്കൊയ്ത്ത്. 1947 ജൂണില്‍ ഇതിന്റെ പ്രഥമ പതിപ്പ് പുറത്തുവന്നു. അന്ന് കവിക്ക് പ്രായം 36.

പൊന്നുഷസ്സിന്റെ കൊയ്ത്തില്‍ നിന്നൂരി–
ചിന്നിയ കതിര്‍ ചുറ്റും കിടക്കെ,
മേവി കൊയ്ത്തുകാര്‍ പുഞ്ചയില്‍,
ഗ്രാമജീവിതകഥാനാടകഭൂവില്‍

എന്ന മനോഹര കല്‍പ്പനയോടെ കന്നിക്കൊയ്ത്ത് തുടങ്ങുന്നു. പ്രഭാതരശ്മികള്‍ നെല്‍ക്കതിര്‍പോലെ ചിതറിക്കിടക്കുന്നു എന്നാണ് കവിഭാവന. ജീവതത്തെയും മരണത്തെയും കുറിച്ചുള്ള ദര്‍ശനം ഇതില്‍ വ്യക്തമാണ്.

കന്നിനാളിലെ കൊയ്ത്തിനുവേണ്ടി
മന്നിലാദിയില്‍ നട്ട വിത്തെല്ലാം
പൊന്നലയലച്ചെത്തുന്നു നോക്കൂ
പിന്നെയത്രയോ കൊയ്ത്തുപാടത്തില്‍.
ജീവിതം നശ്വരമാണെങ്കിലും അനശ്വരമായ ചിലത് അവന്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് കവി ചോദിക്കുന്നു.
ഹാ, വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍?

സഹ്യന്റെ മകന്‍, ആസാം പണിക്കാര്‍, മാമ്പഴം തുടങ്ങി വൈലോപ്പിള്ളിക്ക് കാവ്യചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുക്കുന്ന ഒരുപിടി രചനകള്‍ കന്നിക്കൊയ്ത്തിലുണ്ട്.
രണ്ടാമതായി പ്രസിദ്ധീകരിച്ച സമാഹാരമാണ് ശ്രീരേഖ. ചെറിയ പുസ്തകമാണത്. അമ്പതുകളുടെ അവസാനമെത്തിയ കടല്‍ക്കാക്കകളും എനിക്ക് വളരെ ഇഷ്ടമാണ്. പുരോഗമനപരമായ ആശയങ്ങള്‍ അതില്‍ കാണാം. അയിത്തവും ശുദ്ധവുമൊക്കെ നോക്കുന്ന തികച്ചും യാഥാസ്ഥിതികനായ ഒരു വൃദ്ധന്‍ വൈക്കത്തഷ്ടമിക്ക് പോകുന്നതാണ് പ്രമേയം. കവിത അവസാനിക്കുന്നതാകട്ടെ അയിത്തമില്ലാത്ത തീണ്ടല്‍ തൊടീലില്ലാത്ത വലിയ ലോകത്തിന്റെ ചിത്രംവരച്ചുകൊണ്ടും.

വ്യക്തിപരമായ അടുപ്പം കവിയുമായി സൂക്ഷിക്കാനായത് എന്റെ ജീവിതപുണ്യം. അദ്ദേഹത്തെ കവിസമ്മേളനങ്ങള്‍ക്കും സാംസ്കാരിക പരിപാടികള്‍ക്കും ക്ഷണിക്കാന്‍ പോയാണ് തുടക്കം. പെട്ടെന്നൊന്നും ആ വാതില്‍ തുറന്നുകിട്ടില്ല. ഞാന്‍ പുറത്തും മാഷ് അകത്തുംനിന്ന് സംസാരിക്കും. കുറെക്കഴിഞ്ഞ് 'നിങ്ങളെന്താ അകത്തേക്ക് കയറാത്തത്' എന്ന് ചോദിക്കും. 'മാഷ് വാതില്‍ തുറന്നുതന്നില്ലല്ലോ' എന്ന് ഞാന്‍. 'എന്റെ വീടിന്റെ വാതിലേ പൂട്ടാറുള്ളൂ; മനസ്സിന്റെ വാതില്‍ പൂട്ടാറില്ല' എന്ന് ഒരിക്കല്‍ പറയുകയുണ്ടായി. അത് സത്യമായിരുന്നു. വിഷ്ണുനാരായണന്‍നമ്പൂതിരിയും ലീലാവതി ടീച്ചറും മുല്ലനേഴിയും മറ്റും അവിടെ നിത്യസന്ദര്‍ശകരായിരുന്നു. തൃശൂര്‍ഭാഗത്ത് പരിപാടിക്കെത്തുന്ന സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും വൈലോപ്പിള്ളിയെ കാണാതെ മടങ്ങാറില്ല.

കവിയുടെ ആത്മകഥാപരമായ കുറിപ്പുകള്‍ ദേശാഭിമാനി വാരിക പ്രസിദ്ധീകരിച്ചു, കാവ്യലോക സ്മരണകള്‍ എന്ന പേരില്‍. വാരികാ പത്രാധിപര്‍ എം എന്‍ കുറുപ്പിന്റെ ഉത്സാഹവും സമ്മര്‍ദവുംകൊണ്ടുമാത്രമാണ് ആ കുറിപ്പുകള്‍ എഴുതിയത്. കുറുപ്പ് കവിയുടെ വീട്ടില്‍വന്ന് നിര്‍ബന്ധിക്കുമ്പോള്‍ ക്ഷോഭത്തോടെ ആട്ടിപ്പായിക്കാനാകും ആദ്യശ്രമം. പക്ഷേ, പത്രാധിപര്‍ വിടില്ല. എല്ലാ ശകാരവും കേട്ടുനില്‍ക്കും.

വിചിത്രമായ ഒരു അനുഭവംകൂടി പറയാം. ചിലപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് അദ്ദേഹം എഴുന്നേല്‍ക്കും. ഒറ്റക്കാലില്‍നിന്നുകൊണ്ട് ഏതെങ്കിലും തിരുവാതിരപ്പാട്ടിന്റെ ഈരടി ചൊല്ലി ഒന്ന് വട്ടംചുറ്റും. ഉടന്‍ ഇരിക്കും. ധാരാളം തിരുവാതിരപ്പാട്ടുകള്‍ വൈലോപ്പിള്ളിക്ക് ഹൃദിസ്ഥമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top