29 March Friday

കഥ കാണാതായ കഥ

എസ് വി വേണുഗോപന്‍നായര്‍Updated: Sunday Mar 5, 2017

വിശാല

രാജലക്ഷ്മി

രാജലക്ഷ്മി

മായ നാലുകെട്ട്. അതിന്റെ നടുക്കായി കൂറ്റന്‍ യക്ഷിപ്പാല. ചുറ്റും പലജാതി മരങ്ങള്‍ ആകാശത്തേക്ക് ആസക്തമായി കുതിച്ചുനില്‍ക്കുന്നു. ആരെയും മദിപ്പിക്കുന്ന മണവുമായി പാലയങ്ങനെ പൂത്തുനില്‍ക്കും. സന്ധ്യ മെല്ലെ നീങ്ങി ഇരുട്ട് പടരുമ്പോള്‍ അന്തരീക്ഷം മാറുന്നു. അഭൌമം! പകലുണര്‍ന്നാലോ? അവിടെല്ലാം തുമ്പികള്‍ പാറിനടക്കും. ഇത് എന്നിലെ കഥാകൃത്തിന്റെ സങ്കല്‍പ്പമല്ല. ഞാന്‍ പഠിപ്പിച്ച ഒരു കലാലയമാണ്. ഒറ്റപ്പാലം എന്‍എസ്എസ് കോളേജ്.

ഈ മണ്ണില്‍ ചവിട്ടി എനിക്കു മുമ്പേ മറ്റൊരാള്‍ നടന്നുപോയിരുന്നു; ഒരു തുമ്പിയെപ്പോലും അലോസ്സരപ്പെടുത്താതെ, ഒരു പുല്‍ക്കൊടിയെപ്പോലും നോവിക്കാതെ. ഒരു വഴിയും കുറെ നിഴലുകളുംപോലെ നാഴികക്കല്ലായ കൃതികള്‍ കൈരളിക്ക് സമ്മാനിച്ച രാജലക്ഷ്മി. ഒറ്റപ്പാലം കോളേജില്‍ അധ്യാപികയായിരുന്ന മറ്റൊരാളെയും എനിക്ക് പരിചയമുണ്ടായിരുന്നു. മഞ്ചേരിയില്‍ ഞങ്ങള്‍ ഒന്നിച്ച് ജോലിചെയ്തിട്ടുണ്ട്. മുതിര്‍ന്ന സഹോദരിയോടെന്നപോലെ നമുക്ക് അടുപ്പം തോന്നും. നല്ല കലാബോധം. പക്ഷേ, ചെറിയ കാര്യങ്ങള്‍ക്കുപോലും വല്ലാതെ വേദനിക്കും. കരയും. അധ്യാപകസംഘടനയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. അവര്‍ ഒറ്റപ്പാലത്തേക്കും ഞാന്‍ തിരുവനന്തപുരത്തേക്കും സ്ഥലംമാറി പോയി. പിന്നീട് എകെപിസിടിഎ സംസ്ഥാന സമ്മേളനത്തില്‍വച്ച് കാണുകയുണ്ടായി. പിന്നെ കേള്‍ക്കുന്നത് അവരുടെ ആത്മഹത്യാവാര്‍ത്ത. കാരണമറിയില്ല. രാജലക്ഷ്മിയും ആ വഴിതന്നെയായിരുന്നല്ലോ തെരഞ്ഞെടുത്തത്. ഇവര്‍ ഒരിക്കലും പരസ്പരം കണ്ടിട്ടില്ല. പക്ഷേ, സ്വഭാവരീതികള്‍ക്ക് അത്ഭുതകരമായ സാമ്യം. പൊതുവായ ഇഷ്ടാനിഷ്ടങ്ങള്‍.

കുറെക്കാലം കഴിഞ്ഞ് ഞാനും ഒറ്റപ്പാലത്തെത്തി. ഈ രണ്ടുപേരെയും അടുത്തറിയാവുന്ന ഒരാളെ ഞാന്‍ പരിചയപ്പെട്ടു. സ്വാഭാവികമായും സംഭാഷണവിഷയം ആത്മഹത്യയും മറ്റുമായിരിക്കുമല്ലോ. ഇവര്‍ താമസിച്ച വീട്ടില്‍ പിന്നീട് താമസിക്കാന്‍ വന്നവര്‍ പല കഥകളും പറയുമായിരുന്നത്രേ! യുക്തിയെ വെല്ലുവിളിക്കുന്ന കഥകള്‍! പ്രമീള എന്ന കഥയെഴുതുമ്പോള്‍ ഇതൊക്കെ എന്റെ മനസ്സിലുണ്ടായിരുന്നു. ചേര്‍ത്തലയില്‍ ജോലിചെയ്യുന്ന സമയത്താണ് പ്രമീള എഴുതുന്നത്.

ഞാന്‍ മുമ്പും പറഞ്ഞിട്ടുള്ളതാണ് ഈ കഥയുമായി ബന്ധപ്പെട്ട ഒരു വിചിത്രാനുഭവം. എന്റെ മുറിയില്‍ ഒരു ചാരുകസേരയുണ്ട്. അതിലിരുന്നാണ് എഴുത്ത്. പ്രമീള എഴുതി അവിടെത്തന്നെ വച്ചിട്ടുപോയി. രാജലക്ഷ്മിയുടെ ജീവിതം ഏതാണ്ട് അങ്ങനെതന്നെ പകര്‍ത്തിവച്ചു. എഴുത്തെല്ലാം കഴിഞ്ഞ് ഞാന്‍ പതിവുപോലെ കോളേജില്‍പോയി. മടങ്ങിവന്നപ്പോള്‍ കഥ കാണാനില്ല. ഞാന്‍ വീടുമുഴുവന്‍ പരതി. മക്കളോട് ചോദിച്ചു. അവരെ വിരട്ടിനോക്കി. രക്ഷയില്ല. രണ്ടുമൂന്നാഴ്ച അങ്ങനെ പോയി. എപ്പോഴോ കഥ വീണ്ടും മനസ്സിലേക്ക് കയറിവന്നു. പക്ഷേ, അത് നേരത്തെ എഴുതിയ കഥയല്ല. രാജലക്ഷ്മിയുടെ ജീവിതം പകര്‍ത്തിവച്ചിട്ട് എന്തുകാര്യം. അത് എന്നെപ്പോലെ മറ്റുള്ളവര്‍ക്കും അറിയാവുന്നതല്ലേ? കഥ അതില്‍നിന്ന് വ്യത്യസ്തമാകണം. ആരുടെയെങ്കിലും ജീവിതമോ പ്രകൃതിയോ പകര്‍ത്തിവയ്ക്കലല്ല കലയും സാഹിത്യവും. ഇത്തരം തോന്നലോടെ കഥ മാറ്റിയെഴുതാന്‍ നിശ്ചയിച്ചു. അത്തരം ഒരു തീരുമാനമെടുത്തശേഷം നോക്കിയപ്പോള്‍ ആദ്യമെഴുതിയ കടലാസുകള്‍ വച്ചിരുന്ന അതേ സ്ഥാനത്തിരിക്കുന്നു! എന്താണ് സംഭവിച്ചതെന്ന് എനിക്കിപ്പോഴും അറിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top