30 May Tuesday

തത്വജ്ഞാനം സഹസ്രദലം വിരിയിക്കുമ്പോള്‍

പി കെ ഗോപിUpdated: Sunday Jan 3, 2016

വാചകം പ്രവാചകം എന്നത് നിരവധി നിര്‍വചനങ്ങളിലേക്ക് പടര്‍ന്നുപന്തലിക്കേണ്ട ജ്ഞാനത്തിന്റെ വിത്താണ്. എവിടെ വീണാലാണ് അത് മുളയ്ക്കുക എന്ന് പറയുകവയ്യ. അവിചാരിതമായി നനവേറ്റാല്‍ ചിലത് മുളപൊട്ടും. പൊടുന്നനെ ഇടിമുഴങ്ങിയാല്‍ പ്രകനമ്പംകൊണ്ട് ഉള്ളിളക്കം സംഭവിച്ച് കവചങ്ങള്‍ ഇളകിപ്പോയി മൌനത്തില്‍നിന്ന് ചിലതിന് പൊട്ടിമുളയ്ക്കാം. അറിവായതും പൊരുളായതും ദാര്‍ശനിക ജാലകത്തിലൂടെ അകത്തേക്കുതന്നെ വളരുന്നു. അകത്ത് ആല്‍മരവും ആകാശവും സൃഷ്ടിക്കുന്ന മൌലികജ്ഞാനത്തിന്റെ മാനവികചിന്തയെന്നോ വേദാന്തചിന്തയുടെ ജലാത്മകതയെന്നോ എം കെ ഹരികുമാറിന്റെ 'ശ്രീനാരായണായ' എന്ന കൃതിയെ വിശേഷിപ്പിക്കാം. 15 എഴുത്തുകാര്‍ അവരവര്‍ തിരിച്ചറിഞ്ഞ ഗുരുവിലൂടെ സഞ്ചരിക്കുന്നു. മനസ്സും ശരീരവും ധര്‍മവും നീതിയും ഐക്യപ്പെടുകയും അകന്നുമാറുകയും വീണ്ടും ഒന്നാവുകയും ചെയ്യുന്നു. ശ്രീനാരായണഗുരുവിന്റെ ജനനംമുതല്‍ മരണംവരെയുള്ള കാലഗണന പട്ടിക വികാര വിക്ഷുബ്ധതയുടെ പൊലിപ്പോടെ കഥയായി അവതരിപ്പിക്കുകയല്ല എഴുത്തുകാരന്റെ ലക്ഷ്യം.

ആധ്യാത്മികതയുടെ അതിരുകളില്‍ മനുഷ്യഹൃദയങ്ങള്‍ നട്ടുവളര്‍ത്തിയ വിശ്വദര്‍ശനത്തിന്റെ മഹാസൌന്ദര്യം പിഴവുകളില്ലാതെ പീലിവിരിക്കുകയാണ് ഇതിലെ ഓരോ അധ്യായത്തിലും. ഗുരു ഒരുപനിഷത്ത് സൃഷ്ടിച്ചു. അതിനെ ജീവിതോപനിഷത്ത് എന്ന് ഞാന്‍ വിളിക്കുന്നു. അടിയാളരോദനത്തിന്റെ ആഴങ്ങളില്‍നിന്ന് ഹൃദയകാന്തി ചിതറി ഗുരുവിന്റെ മുഖമാണ് ഇരുളിനെ മാറ്റാന്‍ പ്രത്യക്ഷമാകുന്നത്. ആ മുഖത്തിന്റെ ഭാവകല്‍പ്പന കല്ലായും മരമായും വിളക്കായും കണ്ണാടിയായും കവിതയായും പിറന്നിട്ടുണ്ട്.
ബാഹ്യമായ മാര്‍ഗങ്ങളില്‍ യാത്രചെയ്ത് പോരടിച്ച ഗുരുവിനെ നാം കണ്ടിട്ടുണ്ട്. ആന്തരികമായ പ്രക്ഷുബ്ധതയില്‍ മുങ്ങിനിവര്‍ന്ന് അനാദിയായ ശിവമുദ്ര കൈവശമാക്കി മണ്ണിനും മനുഷ്യനും സമര്‍പ്പിക്കുന്ന ഗുരുവിനെയാണ് ഹരികുമാര്‍ നിര്‍വചിക്കുന്നത്. ശിവം ഒരനുഭൂതിയാണ്. സ്വന്തം ജനുസ്സിന്റെ തപസ്യയില്‍ ഒരു പവിത്രധാരയിലെന്നപോലെ ലയാനുഭൂതിയില്‍ മുഴുകാന്‍ ഹരികുമാറിന് കഴിഞ്ഞിരിക്കണം. എഴുത്തും ജീവിതവും അഥവാ വാക്കും പ്രവൃത്തിയും ഗുരുവിലൊന്നായി ലയംപ്രാപിച്ചിരുന്നു. അധികാരഗര്‍വങ്ങളെ ഗുരു അറിവുകൊണ്ട് നിരാകരിക്കുകയോ നിര്‍വീര്യമാക്കുകയോ ചെയ്തു.

പ്രസ്ഥാനത്തിന്റെ മഹത്വം പ്രതിഷ്ഠപോലെ നിശ്ചലമല്ല; പ്രവൃത്തിപോലെ ചലനാത്മകമാണ്. അതുകൊണ്ടാണ് നവോത്ഥാനത്തിന്റെ തീവ്രവേദന ഗുരു അനുഭവിച്ചത്. ചരിത്രത്തെ പുതുക്കിപ്പണിയുക എന്ന കഠിനയത്നത്തില്‍ ഗുരുവിന് നേരിടേണ്ടിവന്ന ആക്ഷേപങ്ങളുടെ അലര്‍ച്ചയും മുരള്‍ച്ചയും കെട്ടടങ്ങിയിട്ടില്ല ഇപ്പോഴും. അനുകമ്പയുടെ ആ ഉറവിടത്തില്‍ വിഷം നിക്ഷേപിച്ചവരുടെ പുനര്‍ജന്മം നടമാടുന്നുണ്ട് ഇപ്പോഴും. എഴുതപ്പെടാത്ത ചരിത്രവും പറയപ്പെടാത്ത വാക്കും ചേര്‍ത്തുവച്ചുമാത്രമേ സമ്പൂര്‍ണമായ ജീവിതം സാധ്യമാവുകയുള്ളൂ എന്ന് ഹരികുമാറിനറിയാം. വാക്കുകളുടെ പക്ഷിക്കൂട്ടം മേഘങ്ങളെ മറയ്ക്കുകയല്ല മേഘങ്ങള്‍ പക്ഷിക്കൂട്ടങ്ങളെ പറഞ്ഞയക്കുകയാണെന്ന് അദ്ദേഹം നിരൂപിക്കുന്നു. ഗുരുവചനങ്ങളില്‍ കൂടുകൂട്ടിയ സാഗരഹംസംപോലെ അനന്തതീരം പിന്നിടുന്ന ചിന്തയുടെ ചിറകുകളെ അകലെയിരുന്ന് ഞാന്‍ മാനിക്കുന്നു, ധ്യാനിക്കുന്നു.

മനസ്സ് അശുദ്ധമാക്കുന്ന വായന എനിക്കിഷ്ടമല്ല. അതിരുകള്‍ ചുരുക്കിച്ചുരുക്കി അശാന്തസങ്കോചങ്ങളുടെ അരാജകമാലിന്യത്തില്‍ തെന്നിവീഴാന്‍ എനിക്ക് താല്‍പ്പര്യമില്ല. അദൃശ്യലോകത്തിന്റെ അന്തര്‍ജ്ഞാനത്തെ സത്യസാരാംശങ്ങളുടെ വിശ്വലോകംപോലെ അവതരിപ്പിക്കാന്‍ എഴുത്തുകാരന് കഴിയുമെങ്കില്‍ എന്നിലെ വായനക്കാരന്‍ തൃപ്തനാകും. ജീവന്റെ നിഷ്കളങ്കതയെ തിണച്ചുമുറുക്കി അജ്ഞാതബന്ധങ്ങളിലേക്ക് വലിച്ചെറിയുമ്പോള്‍ അഴിച്ചെടുത്ത് അഭയം നല്‍കാന്‍ കഴിയുന്ന വിമോചകനാണ് എനിക്ക് ഗുരു. ആ ഗുരുവിനെക്കുറിച്ച് ഇത്രയും ഏകാഗ്രതയോടെ ഒരാള്‍ എഴുതുമ്പോള്‍ ഞാന്‍ അത് വായിക്കണം. കാലത്തിന്റെ പുകപിടിക്കാത്ത കണ്ണാടിക്കുമുമ്പില്‍ ശ്രീനാരായണായ എന്ന ബൃഹദ്ഗ്രന്ഥവുമായി എം കെ ഹരികുമാര്‍ നില്‍ക്കുന്നു. തത്വജ്ഞാനം സര്‍ഗാത്മകമായി സഹസ്രദലം വിരിയിക്കുന്നതെങ്ങനെയെന്ന് ഇപ്പോള്‍ എനിക്കും തിരിച്ചറിയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top