20 April Saturday

ജന്മദീര്‍ഘമായ ബന്ധം

ഡോ. കെ എസ് രവികുമാര്‍Updated: Sunday Apr 2, 2017

എഴുപതുകളുടെ മധ്യം. പന്തളം എന്‍എസ്എസ് കോളേജിലെ പ്രീഡിഗ്രി വിദ്യാര്‍ഥിയാണ് ഞാന്‍. വായനാതാല്‍പ്പര്യംകൊണ്ട് പരസ്പരം അടുത്ത് പിന്നീട് ആത്മമിത്രങ്ങളായവരുടെ കൂട്ടത്തില്‍ അവിടെ അങ്ങനെ ജീവിച്ചുപോന്നു. കൂട്ടായ്മയില്‍ ഒരാളുണ്ട്. അജിത്. അയാള്‍ പിന്നീട് ഹിന്ദുവിലെയും മറ്റും പത്രപ്രവര്‍ത്തകനായി. ഒരു ദിവസം പ്രിയസുഹൃത്തായ സുരേഷ് പറഞ്ഞാണ് കവിയായ കടമ്മനിട്ട രാമകൃഷ്ണന്‍ വള്ളിക്കോട്ടുള്ള അജിത്തിന്റെ  വീടിനുസമീപം താമസമാക്കിയതായി അറിഞ്ഞത്. അക്ഷരങ്ങളിലൂടെമാത്രം മനസ്സിലാക്കിയിട്ടുള്ള കടമ്മനിട്ടയെ അടുത്തുനിന്ന് കാണാന്‍ ആഗ്രഹിക്കുന്നത് അപ്പോഴാണ്.

ഏറെ വൈകാതെ അവസരം കൈവന്നു. അജിത് പ്രസിഡന്റായ ക്ളബ്ബിന്റെ വാര്‍ഷികം. ക്ളബ്ബിനായി ഞാന്‍ ഒരു കൈയെഴുത്തുമാസിക അണിയിച്ചൊരുക്കി നല്‍കിയിരുന്നു. അതില്‍ കടമ്മനിട്ടയുടെ കവിതയുണ്ട്. ടി കെ ദിവാകരന്‍ സ്മാരക നിര്‍മാണവുമായി ബന്ധപ്പെട്ട് എം വി ദേവന്‍ കൊല്ലത്തുണ്ട്. മുഖ്യാതിഥിയായി അദ്ദേഹത്തെ ക്ഷണിച്ചു. പന്തളം കോളേജിലെ അധ്യാപകനായ കടമ്മനിട്ട വാസുദേവന്‍പിള്ളയ്ക്കും ദേവനുമൊപ്പം കാറില്‍ ഞാനും വള്ളിക്കോട്ടെത്തി. അവിടെയെത്തിയപ്പോള്‍ കടമ്മനിട്ട ജോലികഴിഞ്ഞ് എത്തിയിട്ടില്ല. കുറെ കഴിഞ്ഞപ്പോള്‍ അദ്ദേഹം വരുന്നു. കൈപ്പട്ടൂര്‍ ജങ്ഷനില്‍ ബസിറങ്ങി നടന്നാണ് വരവ്. അതായിരുന്നു ആദ്യകാഴ്ച. അന്ന് വാസുദേവന്‍പിള്ള സാറിനൊപ്പം കടമ്മനിട്ടയുടെ വീട്ടിലാണ് താമസിച്ചത്. പ്രീഡിഗ്രിക്ക് പഠിക്കുന്ന കുട്ടിയെന്ന പരിഗണനയല്ല, കേരളം മുഴുവന്‍ അറിയപ്പെട്ടുതുടങ്ങിയിരുന്ന കവി എനിക്ക് നല്‍കിയതെന്ന് ഇപ്പോഴും ഓര്‍ക്കുന്നു. ജന്മദീര്‍ഘമായ ബന്ധമായി അത് വളര്‍ന്നു. പിന്നീട് മാസത്തില്‍ ഒരിക്കലെങ്കിലും അദ്ദേഹത്തെ സന്ദര്‍ശിക്കുമായിരുന്നു. പുസ്തകങ്ങളിലും പ്രസിദ്ധീകരണങ്ങളിലുംമാത്രം കണ്ടിട്ടുള്ള നരേന്ദ്രപ്രസാദിനെയും ഡി വിനയചന്ദ്രനെയും ചുള്ളിക്കാടിനെയുംപോലെ പലരെയും അവിടെവച്ചാണ് പരിചയപ്പെട്ടത്.

കടമ്മനിട്ടയുടെ അനവധി കവിതകള്‍ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് അദ്ദേഹം ചൊല്ലി കേള്‍ക്കാന്‍ അവസരം കിട്ടി. ചില കവിതകള്‍ പിന്നീട് പരിഷ്കരിച്ചശേഷമാണ് വായനക്കാരിലേക്കെത്തിയത്. ഒരു വരിയെഴുതിയാല്‍ അത് ചൊല്ലിത്തീരുമ്പോഴേ കടമ്മനിട്ടയുടെ രചനാസംഘര്‍ഷം മാറുമായിരുന്നുള്ളൂ. കവിതകള്‍ കുറെ എഴുതിയിട്ടും സമാഹാരമായി പുറത്തിറങ്ങുന്നത് അല്‍പ്പം വൈകിയാണ്. പിന്നെ അവാര്‍ഡുകളായി. സ്വീകരണങ്ങളായി. കടമ്മനിട്ട കേരളത്തില്‍ ആഘോഷിക്കപ്പെട്ടു.

ഡോ. കെ എസ് രവികുമാര്‍

ഡോ. കെ എസ് രവികുമാര്‍

 'കൊച്ചാട്ട' എന്നാണ് ഞങ്ങളെല്ലാം കവിയെ വിളിച്ചിരുന്നത്. പുരോഗമന കലാസാഹിത്യസംഘം ഭാരവാഹിയായും ഗ്രന്ഥശാലാസംഘം പ്രസിഡന്റായും 1996ല്‍ നിയമസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ട് ജനകീയ ഇടപെടലിന്റെ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോഴേക്കും കവിതയുടെ ഒഴുക്ക് കുറഞ്ഞതായി പലരും സംശയമുന്നയിച്ചു. മദ്യപാനശീലം നിര്‍ത്തിയതോടെയാണ് എഴുത്ത് കുറഞ്ഞതെന്നായിരുന്നു മറ്റൊരു കൂട്ടരുടെ അഭിപ്രായം. ഞാന്‍ നേരിട്ടുതന്നെ ചോദിച്ചു. പൂര്‍ണബോധത്തോടെയും ധ്യാനത്തോടെയുമല്ലാതെ ഒരു വരിപോലും താന്‍ എഴുതിയിട്ടില്ലെന്ന് മറുപടി. എഴുതാനുള്ള വിഷയങ്ങള്‍ പലതും തിക്കിത്തിരക്കി മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു. അസ്വാസ്ഥ്യജനകമായ ആശയങ്ങളെ കവിതയാക്കി മാറ്റുന്ന മാനസികപ്രവര്‍ത്തനത്തിന്റെ സംഘര്‍ഷം താങ്ങാനാകാത്തതുകൊണ്ട് എഴുതാതിരുന്നു. പലപ്പോഴും ചില വരികള്‍മാത്രം എഴുതി. അക്കൂട്ടത്തിലാണ് ഗംഗ എന്ന പേരില്‍ എഴുതാന്‍ ഉദ്ദേശിച്ചിരുന്ന ദീര്‍ഘകാവ്യം. 'ഗംഗയില്‍ പൂവിന് ചാവുഗന്ധം' എന്നു തുടങ്ങുന്ന കുറെ വരികള്‍ ഒരിക്കല്‍ ചൊല്ലി കേള്‍പ്പിച്ചതോര്‍ക്കുന്നു. എങ്കിലും ഞാനും കിളിയും, ജാതകം തുടങ്ങി നല്ല കവിതകള്‍ ഇക്കാലത്തുണ്ടായത് വിസ്മരിക്കുന്നില്ല. പല കവിതകളും എഴുതിയിരുന്ന ദിവസങ്ങളില്‍ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നുവെന്ന് ശാന്തച്ചേച്ചിതന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ, എഴുതുന്നതിന്റെ  സംഘര്‍ഷവും വേദനയും അതിജീവിച്ചിരുന്നത് കവിത ചൊല്ലുന്നതിലൂടെയായിരുന്നു. താല്‍പ്പര്യമുള്ളവര്‍ക്കുമുമ്പില്‍ കവിത ചൊല്ലാന്‍ അദ്ദേഹത്തിന് ഒരു മടിയുമില്ലായിരുന്നു. 1960കളില്‍ മദിരാശിയില്‍ ജോലി ചെയ്യുന്ന കാലത്തെ ഒരു അനുഭവം സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്ന നിരൂപകന്‍ എം ഗംഗാധരന്‍ പറഞ്ഞിട്ടുണ്ട്. തിരക്കുള്ള സിറ്റി ബസില്‍ കമ്പിയില്‍ തൂങ്ങി യാത്ര ചെയ്യുന്നതിനിടയിലായിരിക്കും ചിലപ്പോള്‍ കടമ്മനിട്ട പോക്കറ്റില്‍നിന്ന് ഒരുതുണ്ട് കടലാസെടുത്ത് തലേദിവസം എഴുതിയ കവിത ചൊല്ലിക്കൊടുക്കുന്നത്. 1970കളുടെ തുടക്കത്തില്‍ ഡല്‍ഹിയില്‍ തന്റെ ഓഫീസില്‍ വന്ന് കടമ്മനിട്ട പരിചയപ്പെട്ടപ്പോള്‍ 'കാട്ടാളന്‍' എന്ന കവിത ചൊല്ലിക്കേട്ടതിന്റെ അനുഭവം ഒ വി വിജയന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ഗാത്മകതയുടെ സമുദ്രിമയായാണ് അത് അനുഭവപ്പെട്ടതെന്നാണ് വിജയന്‍ പറഞ്ഞത്.

ഞാന്‍ വ്യക്തിപരമായും അഭിരുചിപരമായും ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്ന എഴുത്തുകാരന്‍ കടമ്മനിട്ട രാമകൃഷ്ണനാണ്. എഴുപതുകളില്‍ എന്റെ സാഹിത്യതാല്‍പ്പര്യവും സാംസ്കാരിക പ്രവര്‍ത്തനവും വികസിച്ചുവന്ന നാളുകളില്‍ കടമ്മനിട്ട മലയാളസാഹിത്യത്തിലെ വലിയ ഒരു പ്രഭാവമായിരുന്നു. അദ്ദേഹത്തിന്റെ കവിതചൊല്ലല്‍ ആ കാലഘട്ടത്തിലെ ഏറ്റവും ശക്തമായ സാംസ്കാരിക അനുഭവമായിരുന്നു. പടയണിയുടെ താളക്കെട്ടുകളും ഗ്രാമീണമായ വിമോചനബിംബങ്ങളും വിപ്ളവപ്രതീക്ഷയുടെ ഊഷ്മാവും നിറഞ്ഞ ആ കവിതകള്‍ ആ കാലത്തെത്തന്നെ വൈദ്യുതീകരിച്ചവയാണ്. ആ കാലഘട്ടത്തിന്റെ സാംസ്കാരിക സ്മൃതിചിത്രങ്ങളാണ് കടമ്മനിട്ടക്കാലം എന്ന പുസ്തകത്തില്‍ ഞാന്‍ രേഖപ്പെടുത്തിയത്. അദ്ദേഹം കാലത്തിനപ്പുറത്തേക്ക് കടന്നുപോയെങ്കിലും ആ പരുക്കന്‍ കൈകള്‍ ഇന്നും എന്നെ തൊടുന്നു. ആ സ്പര്‍ശത്തില്‍ ഞാന്‍ സ്നേഹവും വാത്സല്യവും അനുഭവിക്കുന്നു.

(2008 മാര്‍ച്ച് 31നാണ് കടമ്മനിട്ട അന്തരിച്ചത്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top