25 April Thursday

സിനിമാനന്തരം മജീദും സുഹറയും

വെബ് ഡെസ്‌ക്‌Updated: Monday Apr 30, 2018

 ഓരോ സിനിമയും മനസ്സിലൂടെ ഒഴുകി നീങ്ങുമ്പോള്‍ ചില ഫ്രെയ‌്‌മുകൾ മന്ദഗതിയിലാകും. ചിലത് നിശ്ചമാകും.  ചിലത് ചിന്നിച്ചിതറും. അപ്പോൾ അവയ്ക്കുള്ളില്‍നിന്ന‌് അക്ഷരങ്ങൾ പൊഴിഞ്ഞു വീഴും.ആ അക്ഷരങ്ങള്‍ ഞാൻ കണ്ട സിനിമയെ വേറിട്ട വഴികളിലൂടെ കൊണ്ടുപോയി. സിനിമയ്ക്കുള്ളില്‍ മറഞ്ഞിരുന്ന സ്ത്രീവിരുദ്ധതയിലേക്കും താരാധിപത്യത്തിലേക്കും കാണാച്ചുഴികളിലേക്കും കാണാക്കാഴ്ചകളിലേക്കും ജാലകങ്ങള്‍ തുറന്നിട്ടു. അത്തരം വ്യത്യസ്തമായ എഴുത്തുകളുമായി 2016ല്‍ വായനക്കാരുമായി ഇടപെട്ടിരുന്നു. ഒരു ആനുകാലികത്തിലെ  പംക്തിയിലൂടെ ഈ സിനിമാക്കഥകള്‍ പലതും വായനക്കാരിലേക്കെത്തിയത്. ഈ ഗണത്തില്‍പ്പെട്ട ചില കഥകള്‍ വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ പുറത്തുവന്നു. പിന്നീട് നെല്ല് ഓൺലൈന്‍ മാസിക ഈ കഥകള്‍ പുനഃപ്രസിദ്ധീകരിച്ചു. 

താരാധിപത്യത്തിനു മുന്നില്‍  ഫ്രാന്‍സിസ് പുണ്യാളനെപ്പോലും അടിയാളനാക്കി മാറ്റിയ രീതിയെ ചോദ്യംചെയ്യുകയാണ് പ്രാഞ്ചിയേട്ടന്‍ ആന്റ‌് ദി  സെയിന്റ‌് എന്ന കഥ. വിഖ്യാതനായ വൈക്കം മുഹമ്മദ് ബഷീര്‍ ബാല്യകാല സഖി എന്ന സിനിമ കണ്ടിറങ്ങുമ്പോള്‍, അനാഥനായി മഴനനഞ്ഞു നില്‍ക്കുന്ന തന്റെ   കഥാപാത്രങ്ങളായ സുഹറയെയും മജീദിനെയുംകാണുന്നു. താരാധിപത്യത്തില്‍ സ്വത്വംനഷ്ടപ്പെട്ടുപോയ കഥാപാത്രങ്ങളുമായി കഥാകൃത്ത് മഴയിലൂടെ നടന്നുപോകുന്ന കാഴ്ചയില്‍ ബാല്യകാലസഖി എന്ന കഥ അവസാനിക്കുന്നു. 
 
സിനിമ ഫാന്‍ ഫിക്‌ഷന്‍ എന്നാണ‌് ഈ രചനാരീതിയെ വിളിക്കുകയെന്ന് ഈ കഥകള്‍ തുടക്കംമുതലേ വായിക്കുന്ന ഒരു വായനക്കാരനില്‍നിന്ന് അറിയാന്‍ കഴിഞ്ഞു. ഇത്തരം ഒരു രചനാരീതിയെക്കുറിച്ചൊന്നും എനിക്കറിവില്ലായിരുന്നു. കണ്ടിറങ്ങുമ്പോഴും ഉള്ളിലോടിക്കൊണ്ടിരിക്കുന്ന ചില സിനിമകളോടുള്ള കലഹങ്ങളായിരുന്നു ഇത്തരം എഴുത്തിലേക്ക് എന്നെ നയിച്ചത്. സിനിമയുടെ ചതുരക്കൂടുകള്‍ പൊളിച്ച് കഥാപാത്രങ്ങള്‍ എന്‍റെ കുടെപ്പോന്നു, കഥകളുടെ പുതിയി മേച്ചില്‍പ്പുറങ്ങളിലേക്ക്. 
 
പ്രേമം, കളിമണ്ണ്, അച്ഛനുറങ്ങാത്ത വീട്, ബാല്യകാലസഖി, ഫോര്‍ ദ പീപ്പിള്‍, അന്നയും റസൂലും, 22 ഫീമെയില്‍ കോട്ടയം തുടങ്ങി പന്ത്രണ്ടോളം സിനിമകള്‍ പുതിയ കഥകളിലേക്ക് പൊളിച്ചെഴുതപ്പെട്ടു. ഒരു ന്യൂജെന്‍ തലമുറക്കാരന്‍ സൃഷ്ടിക്കുന്ന ദൃശ്യമാണ്‌ ദൃശ്യമെന്ന സിനിമയുടെ മൂലപ്പേര്. പൊലീസ് സ്റ്റേഷനില്‍ കുഴിച്ചുമൂടപ്പെട്ട അവനില്‍നിന്നാണ് എന്റെ അക്ഷരങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. പുതുതലമുറയെ ഗ്രസിക്കുന്ന അരാഷ്ട്രീയതയുടെയും സാങ്കേതിക വിദ്യകളുടെയും കാണാക്കെണികളും അരാജകത്വത്തിന്റെ ആഴങ്ങളും കഥയില്‍ തുറന്നു കാണിക്കുന്നു. സംവിധായകന്റെ ജോലി തിരശ്ശീലയില്‍ തീരുന്നു. പിന്നെ സിനിമയോടുന്നത് കാഴ്ചക്കാരന്‍റെ ഉള്ളകങ്ങളിലാണ്. സംവിധായകന്‍ പറഞ്ഞുവച്ചതിലും അപ്പുറത്തേക്ക് ആ കാഴ്ചകള്‍ കടന്നുപോകുന്നു. അതുകൊണ്ടാണ് കഥയില്‍ ടെസ്സ കെ അബ്രഹാം(22 ഫീമെയില്‍ കോട്ടയം) ഒരു ചോദ്യം സംവിധായകനുനേരെ ഉയര്‍ത്തുന്നത്. 
'പ്രതികാര ശേഷം ടെസ്സ ജീവിക്കേണ്ടത് ഈ മണ്ണിലാണ്.
 
ഇവിടത്തെ സ്ത്രീകള്‍ക്കിടയില്‍, സിറിലുമാര്‍ക്ക് പേടിസ്വപ്നമായി...! അവളെ ഭീരുവിനെപ്പോലെ ഒളിച്ചോടിപ്പിക്കരുതേ...'
ടെസ്സയെപ്പോലെ പ്രേമത്തിലെ മലര്‍ എന്ന കഥാപാത്രവയും ചില സത്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. എന്‍റെ കഥയിലൂടെ ജോര്‍ജ് എന്ന കഥാപാത്രത്തെ എന്തിന് ഉപേക്ഷിച്ചു എന്നു മലര്‍ തുറന്നു പറയുന്നു. 
കാഴ്ചയ്ക്കിടയില്‍ അസ്വാരസ്യങ്ങളുയര്‍ത്തിയ സിനിമകളുടെ സിഡികള്‍ എടുത്ത് അത് നിരവധി തവണ കണ്ടശേഷമാണ് ഈ എഴുത്തുകളെല്ലാം പൂര്‍ത്തീകരിക്കുന്നത്. സിനിമയുടെ അതിരുകള്‍ക്ക് പുറത്തുള്ള ഇത്തരം എഴുത്തുകള്‍ പലപ്പോഴും എഴുത്തുകാരന്‍റെ സ്വാതന്ത്ര്യത്തിന് വിലങ്ങുതടി ആകാറുണ്ട്. അതുകൊണ്ട് ഇത്തരം എഴുത്തുരീതികളില്‍നിന്ന് ഇപ്പോള്‍ പിന്‍വാങ്ങിയിരിക്കയാണ്. 
 
ആനുകാലികങ്ങളിലൂടെ ഈ കഥകള്‍ പുറത്തുകൊണ്ടുവരാന്‍ ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടിവന്നു. മലയാളം വാരിക വളരെ പ്രാധാന്യത്തോടെ ഇവയെ വായനക്കാരിലെത്തിച്ചു. പ്രേമം, ദൃശ്യം, പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് എന്നിവ മലയാള സിനിമകള്‍ പൊളിച്ചെഴുതിയ കഥകള്‍ എന്ന പേരില്‍ പുസ്തകമാക്കാനുള്ള ശ്രമങ്ങള്‍ രണ്ടുവര്‍ഷമായി തുടരുന്നു. ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചപ്പോള്‍ വായനക്കാരില്‍നിന്ന് ലഭിച്ച നല്ല അഭിപ്രായങ്ങളുടെ മധുരം നിറഞ്ഞ ഓര്‍മകള്‍ ഈ പുസ്തകവും കൊണ്ടുവരുമെന്ന പ്രതീക്ഷയുണ്ട്. ഈ കഥകളെ സ്നേഹിക്കുന്ന വായനക്കാരന്‍ ഇടയ്ക്കെല്ലാം അന്വേഷിക്കും, എന്നാണ് ഇതൊരു പുസ്തകമായി പുറത്തിറങ്ങുക എന്ന്. പോരാട്ടങ്ങള്‍ തുടരുന്നുവെന്ന് ഞാന്‍ മെസഞ്ചറില്‍ മറുപടി കുറിക്കും. ഈയിടെ അദ്ദേഹത്തിന്റെ ഒരു സന്ദേശം ഇങ്ങനെയായിരുന്നു. 
 
'ഈ ജനുസ്സില്‍പ്പെട്ട ആദ്യത്തെ പുസ്തകം(താങ്കളാണ് മലയാളത്തില്‍ സിനിമ ഫാന്‍ ഫിക്‌ഷന് തുടക്കമിട്ടതെങ്കിലും) അടുത്ത കാലത്തിറങ്ങിയിരിക്കുന്നു. പാതി മുറിഞ്ഞ ടിക്കറ്റുകള്‍ എന്നാണ് ആ പുസ്തകത്തിന്റെ പേര്...’ കഥകള്‍ പ്രസിദ്ധികരിച്ചപ്പോള്‍ എന്നിലേക്ക് പെയ്തിറങ്ങിയ നല്ല ഓര്‍മകളുമായി പുസ്തകത്തിനായി കാത്തിരിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top