20 May Friday

ക്രിസ്തു: ചരിത്രത്തിലും ജീവിതത്തിലും

വെബ് ഡെസ്‌ക്‌Updated: Monday Apr 30, 2018

 മനുഷ്യജീവിതത്തില്‍ ഇന്നും വലിയ സ്വാധീനശക്തിയായി നില്‍ക്കാന്‍ മതങ്ങള്‍ക്കു കഴിയുന്നുണ്ട്. മതത്തിന്റെ അജയ്യതയും അപ്രതിരോധ്യതയുമായി ഇതിനെ വ്യാഖ്യാനിക്കുമെങ്കിലും സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാണ് അവയുടെ നിലനില്‍പ്പ‌് സാധ്യമാക്കുന്നത്.  കാലങ്ങളിലൂടെ പല പരിണാമങ്ങള്‍ക്കും വിധേയമായാണ് അവ ഇന്നത്തെ നിലയിലെത്തിയത്.  അധികാര വ്യവസ്ഥയുടെ കരസ്പര്‍ശമില്ലാതെ ഒരു മതവും നിലനിന്നിട്ടില്ല. അതിനെ വസ്തുനിഷ്ഠമായി വിലയിരുത്താനോ വിശകലനം ചെയ്യാനോ അനുവദിക്കാതെ  ദിവ്യത്വത്തിന്റെ മൂടുപടമണിയിച്ച് നിക്ഷിപ‌്ത താൽപ്പര്യക്കാര്‍ അതിന് കവചമൊരുക്കി.  

വേദഗ്രന്ഥങ്ങള്‍ മൊഴിമാറ്റാനോ വിമര്‍ശനാത്മകമായി പഠിക്കാനോ മുന്‍കാലങ്ങളില്‍ അനുവദിച്ചിരുന്നില്ല. ക്രിസ്തുമതം അതിന് കൊടിയ ശിക്ഷ നല്‍കി. നവോത്ഥാനചിന്തകളും മതനവീകരണ പ്രസ്ഥാനങ്ങളും ശക്തിയാര്‍ജിച്ച ശേഷമാണ് പുതുവെളിച്ചം കടന്നുചെന്നത്. മാര്‍ട്ടിന്‍ ലൂഥറുടെ മതനവീകരണ പ്രസ്ഥാനവും ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളും പുതുസാമൂഹിക ചിന്തകളും മാറ്റത്തിനു വഴിയൊരുക്കി. ലോകത്തെ പ്രബല മതമെന്ന നിലയ‌്ക്ക‌് ക്രിസ്തുമതത്തെക്കുറിച്ച് അക്കാദമിക് തലത്തിലും പുറത്തും നിരവധി പഠനങ്ങളും വിശകലനങ്ങളും ഉണ്ടായി. ഈ മേഖലയിൽ മലയാളത്തില്‍ അധികം സംഭാവനകള്‍ ഈ രംഗത്ത് ഇല്ലെന്ന് ഓര്‍മിപ്പിക്കുന്നു കെ സി വര്‍ഗീസിന്റെ ക്രിസ്തുമതം: ചരിത്രവും ദര്‍ശനവും എന്ന പുസ്തകം.
 
പാശ്ചാത്യ ചരിത്രത്തിന്റെ വിപുലമായ പശ്ചാത്തലത്തില്‍ ക്രിസ്തുമതത്തിന്റെ നാൾവഴികളിലേക്കും ദൈവശാസ്ത്രത്തിലേക്കുമുള്ള വസ്തുനിഷ്ഠവും സമഗ്രവുമായ അന്വേഷണമാണിത‌്.  പിടിമുറുക്കുന്ന പൗരോഹിത്യവും ക്രൈസ്തവ ദൈവശാസ്ത്രത്തിലെ വഴിപിണക്കങ്ങളും എന്ന ഒന്നാം അധ്യായത്തില്‍ത്തന്നെ ഗ്രന്ഥകർത്താവിന്റെ വീക്ഷണവും നിലപാടും വ്യക്തം. 'പുതിയ നിയമത്തിലെ 29 പുസ്തകങ്ങളില്‍ ഉള്‍പ്പെട്ട 14 എണ്ണത്തിന്റെയും കര്‍ത്താവ് വിശുദ്ധ പൗലോസ് അഥവാ സെന്റ‌്പോളെന്ന പ്രഗത്ഭനായ ഒറ്റയാന്‍ ആയിരുന്നു. പൗലോസിന്റെ മസ്തിഷ്ക്കോല്‍പ്പന്നമാണ് അഭിനവ ക്രൈസ്തവ സഭയെന്ന നിഗമനം  ഇന്ന് വ്യാപകമാകുന്നു. യേശുവിനെ ഒരിക്കലും കണ്ടിട്ടില്ലാത്ത പൗലോസിന്റെ സ്വാധീനം മറ്റു പുസ്തകങ്ങളുടെ രചനയിലുമുണ്ട‌്.
 
പൗലോസിനെ യേശു ശിഷ്യന്മാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്ത ബര്‍ണബാസ‌് പിന്‍നിരയിലേക്ക് തള്ളപ്പെട്ടു. പൗലോസ് രൂപപ്പെടുത്തിയ വ്യാഖ്യാനങ്ങളും ഉപദേശങ്ങളും യേശുദര്‍ശനമെന്നപേരില്‍  പ്രചരിച്ചു. കുരിശുമരണത്തെ തെറ്റായി വ്യാഖ്യാനിച്ച് മനുഷ്യരെ മുഴുവന്‍ പാപികളാക്കൽ,  ബലി സങ്കല്‍പ്പം ദൃഢമാക്കൽ, ഹീബ്രു പാരമ്പര്യങ്ങളോടും സെമിറ്റിക് പുരാണങ്ങളോടും തെറ്റായ സമീപനം, ക്രൈസ്തവ‐ഇസ്ലാം ബന്ധങ്ങളിലെ വിള്ളല്‍ എല്ലാമായിരുന്നു അനന്തരഫലം. 'കസന്‍ദ്സാക്കിസ്,  ദസ‌്തയേവ‌്സ‌്കി, സരമാഗോ തുടങ്ങിയവരുടെ രചനകളുമായി പരിചയമുള്ളവര്‍ക്ക് പൗലോസിന്റെ ഇടപെടലുകള്‍ സൃഷ്ടിച്ച പ്രതിസന്ധിയുടെ ആഴമറിയാം.'രാഷ്ട്രീയാധികാരവും മതപൗരോഹിത്യവും കൈകോര്‍ത്തു നടത്തിയ അധര്‍മത്തിനെതിരെ രോഷമുയര്‍ത്തിയ പഴയനിയമത്തിലെ പ്രവാചക പാരമ്പര്യങ്ങളെയെല്ലാം  തള്ളിയാണ് യേശുവിന്റെ അത്ഭുതജനനം, വിചിത്രമരണം, ലോകരക്ഷാസിദ്ധാന്തം എന്നിവ പില്‍ക്കാല ക്രൈസ്തവ അക്കാദമിക് പാണ്ഡിത്യം ഉറപ്പിച്ചെടുത്തത്.  സ്നാപക യോഹന്നാന്റെ പാഠങ്ങളെയും തള്ളി. ഈ പൗരോഹിത്യ മതത്തിനെതിരെയാണ് അകത്തുനിന്നുതന്നെ പ്രവാചക മതം ഉയര്‍ന്നുവന്നതെന്നും വര്‍ഗീസ് രേഖപ്പെടുത്തുന്നു. 
 
ബൈബിളിലെ ദൈവസങ്കല്‍പ്പത്തെക്കുറിച്ച് പറയുന്ന രണ്ടാം അധ്യായത്തില്‍ മനുഷ്യന്‍, ദൈവം, പാപം, നീതി, സ്വാതന്ത്ര്യം തുടങ്ങിയ പ്രമേയങ്ങള്‍ ചര്‍ച്ചചെയ്യുന്നു. തുടര്‍ന്ന് ഗ്രീക്ക്റോമന്‍ ദര്‍ശനം, മിത്തുകള്‍, സാഹിത്യം എന്നിവയുമായുള്ള ബന്ധത്തെക്കുറിച്ച്. മിശിഹാക്കായുള്ള കാത്തിരിപ്പും ചരിത്രത്തിലേക്കുള്ള ഇറങ്ങിവരവുമെന്ന് ഏഴാം അധ്യായത്തില്‍ പുരോഹിത വ്യാഖ്യാനങ്ങളിലോ പള്ളിമതത്തിലോ കാണാത്ത വിമോചകനായ ദൈവമെന്ന സങ്കല്‍പ്പത്തെ മനോഹരമായി വിശദീകരിക്കുന്നു.   
 
ബൈബിള്‍ വിജ്ഞാനീയത്തിനുപുറമെ ചരിത്രം, രാഷ്ട്രീയം, സാഹിത്യം എന്നിവ ഉപയുക്തമാക്കി മതത്തെയും ക്രിസ്തുദര്‍ശനത്തെയും വിശകലനം ചെയ്യുന്നുവെന്നതാണ് ഗ്രന്ഥത്തിന്റെ സവിശേഷത. വിമോചന ദൈവശാസ്ത്രവും സ്ത്രീപക്ഷ ചിന്തയും നല്‍കുന്ന ഉള്‍ക്കാഴ്ച നിരീക്ഷണങ്ങളെ നൂതനമാക്കുന്നുണ്ട്. മനുഷ്യത്വവിരുദ്ധമായ വിഭാഗീയതകളോടും ആഗോളമേധാവിത്ത രാഷ്ട്രീയത്തോടുമുള്ള വിയോജിപ്പ് അന്വേഷണങ്ങളുടെ അടിത്തറയായി നില്‍ക്കുന്നു. വംശീയവും വര്‍ഗീയവുമായ രാഷ്ട്രീയത്തിനെതിരെ മതേതരത്വത്തിനും മാനവികതയ്ക്കുമായുള്ള പോരാട്ടത്തിന് ഈ ഗ്രന്ദഥം കരുത്തുപകരും.

 

sureshabhay@gmail.com

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top