19 April Friday

'മലബാര്‍ കലാപം – ഒരു പുനര്‍വായന' മമ്മൂട്ടി പ്രകാശനം ചെയ്തു

സ്വന്തം ലേഖകന്‍Updated: Tuesday Dec 29, 2015

എടപ്പാള്‍ > മലബാര്‍ കലാപത്തെ പുതിയ വീക്ഷണത്തിലൂടെ അവതരിപ്പിച്ച് ഡോ. കെ ടി ജലീല്‍ എംഎല്‍എ രചിച്ച 'മലബാര്‍ കലാപം – ഒരു പുനര്‍വായന' മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. എടപ്പാള്‍ ടൌണില്‍ പ്രത്യേകം തയ്യാറാക്കിയ 'മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് നഗറി'ല്‍ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ വരയുടെ കുലപതി ആര്‍ടിസ്റ്റ് നമ്പൂതിരി പുസ്തകം ഏറ്റുവാങ്ങി. സാമ്രാജ്യത്വ വിരുദ്ധ സമരമായ മലബാര്‍ കലാപത്തെ ഇകഴ്ത്തിക്കാണിക്കാന്‍ കാലാകാലങ്ങളായി നടക്കുന്ന ശ്രമങ്ങളെ തുറന്നുകാട്ടി കലാപത്തെ വസ്തുതാപരമായി വിലയിരുത്തുന്നതാണ് 'മലബാര്‍ കലാപം – ഒരു പുനര്‍വായന'.

വായന മരിക്കുന്നു എന്ന ആശങ്ക അസ്ഥാനത്താണെന്ന് മമ്മൂട്ടി പറഞ്ഞു. ഒരു മലയാളി ഒരു വര്‍ഷം പത്രമാധ്യമങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കുമായി 17,000 രൂപ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. മറ്റൊരു ഭാഷക്കും ഇത് അവകാശപ്പെടാനാവില്ല. പുസ്തകമേളകളില്‍ വിറ്റഴിയുന്ന പുസ്തകങ്ങളുടെ എണ്ണവും മലയാളം നന്നായി വായിക്കപ്പെടുന്നു എന്നതിന് തെളിവാണ്. സാക്ഷരത എന്നത് വായനയുടെയും അറിവിന്റെയും ആരംഭമാണ്. മലബാര്‍ കലാപം പ്രമേയമാക്കിയ '1921' എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെയും മമ്മൂട്ടി സ്മരിച്ചു. ചരിത്രത്തോട് പരമാവധി നീതി പുലര്‍ത്തിയാണ് '1921' നിര്‍മിച്ചതെന്നും മമ്മൂട്ടി പറഞ്ഞു.

ചടങ്ങില്‍ കവി ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷനായി. പി സുരേന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി. ചരിത്രകാരന്‍ ഡോ. ടി ജമാല്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. 'ദേശാഭിമാനി' മലപ്പുറം യൂണിറ്റ് മാനേജര്‍ ഇ എന്‍ മോഹന്‍ദാസ്, പി ജ്യോതിഭാസ് എന്നിവര്‍ സംസാരിച്ചു. ഡോ. കെ ടി ജലീല്‍ എംഎല്‍എ മറുപടി പ്രസംഗം നടത്തി. അഡ്വ. എം ബി ഫൈസല്‍ സ്വാഗതവും സി രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.  

മലബാര്‍ കലാപം – ഒരു പുനര്‍വായന എന്നത്  കെ ടി ജലീലിന്റെ പിഎച്ച്ഡി തീസിസാണ്. ദേശസ്നേഹികളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ള്യാര്‍ എന്നിവരുടെ ജീവിതത്തിലേക്ക് പുസ്തകം വെളിച്ചംവിശുന്നു. സമരം ഹിന്ദുവിരുദ്ധമാണെന്ന ചിലരുടെ പ്രചാരണങ്ങളെ വസ്തുത നിരത്തി ഖണ്ഡിക്കുന്ന പുസ്തകം മലബാര്‍ കലാപമുണ്ടാക്കിയ തുടര്‍ചലനങ്ങളും സമരത്തോടുള്ള വിവിധ രാഷ്ട്രീയ പാര്‍ടികളുടെ നിലപാടുകളും വിശദീകരിക്കുന്നു. ചിന്ത പബ്ളിഷേഴ്സ് പുറത്തിറക്കുന്ന പുസ്തകത്തിന്റെ വില 200 രൂപയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top