25 April Thursday

ജരാനരകളില്ലാതെ സുന്ദരിമാരും സുന്ദരന്മാരും

ശ്രീകുമാരന്‍ തമ്പിUpdated: Sunday Aug 28, 2016

ഖേദപൂര്‍വം പറയട്ടെ, അടുത്തകാലത്തായി വായന കുറഞ്ഞു. ആവേശത്തോടെ പുസ്തകങ്ങളെ സമീപിച്ചിരുന്നകാലം എന്നില്‍നിന്ന് ഇപ്പോള്‍ വളരെ വിദൂരത്താണ്. വായനയുടെ യൌവനാസക്തികളിലേക്ക് മടങ്ങിയാല്‍ ഞാന്‍ ഉറൂബിലെത്തും, എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സുന്ദരികളെയും സുന്ദരന്മാരെയും സ്പര്‍ശിക്കും. ഹൃദയംകൊണ്ടെഴുതി ഹൃദയങ്ങളെ വശീകരിക്കുന്നതാണ് മഹത്തായ സാഹിത്യമെങ്കില്‍ ഉറൂബിനെ വെല്ലാന്‍ മലയാളത്തില്‍ മറ്റാരുണ്ട്?

ഒരു കാലഘട്ടത്തിന്റെ കഥയാണ് 'സുന്ദരികളും സുന്ദരന്മാരും'. അത് ഹൃദയങ്ങളുടെ കഥയാണ്. അനേക മനസ്സുകളുടെ കഥയാണ്. ഈ പുസ്തകം വായിക്കുമ്പോള്‍ ജീവിതസമുദ്രത്തിലെ എല്ലാത്തിരകളും നമ്മില്‍ അലയടിച്ചുയരും. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലെ മലബാറിന്റെ പശ്ചാത്തലത്തില്‍ ഒട്ടനവധി മനുഷ്യരുടെ ജീവിതങ്ങള്‍ ചേര്‍ത്തുവയ്ക്കുകയാണ് ഉറൂബ്. ഒട്ടേറെ ചരിത്രസംഭവങ്ങള്‍ നോവലില്‍ കടന്നുവരുന്നു. സ്വാതന്ത്യ്രസമരം, ഖിലാഫത്ത് പ്രസ്ഥാനം, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയവ. മൌലികമായ സാമൂഹ്യപരിവര്‍ത്തനങ്ങളുടെ അടയാളപ്പെടുത്തലുകളും ഇതിലുണ്ട് എന്നുകരുതി സുന്ദരികളും സുന്ദരന്മാരും ചരിത്രനോവലാണെന്നൊന്നും ധരിക്കേണ്ടതില്ല. മസ്തിഷ്ക പ്രക്ഷാളനത്തിന്റെ ഉല്‍പ്പന്നവുമല്ലിത്.

"ഒരു കഥ പറയാനുണ്ടായിരുന്നു; അത് പറഞ്ഞ് വായനക്കാരെ കുറച്ചെങ്കിലും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുവെങ്കില്‍, പിന്നെ ഏത് വകുപ്പില്‍പെട്ടാലും എനിക്ക് സന്തോഷമാണ്. തീരെ രസിപ്പിക്കുന്നില്ലെന്ന് ഉറപ്പായാല്‍ ഞാന്‍ ഈ പുസ്തകം തളച്ചിടാന്‍ ഒരു വകുപ്പ് കണ്ടുപിടിക്കും''. ഉറൂബ് നോവലിന്റെ ആമുഖത്തില്‍ ഇങ്ങനെ കുറിക്കുന്നു.
1954 മാര്‍ച്ചില്‍ സുന്ദരികളും സുന്ദരന്മാരും എഴുതിത്തുടങ്ങി. ഓരോ ആഴ്ച ഓരോ അധ്യായം. ഒക്ടോബറില്‍ രചന പൂര്‍ത്തിയായി. 1958ല്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങി. ആറ് ദശാബ്ദം കഴിഞ്ഞിട്ടും ലോകത്തിലെ എല്ലാ സുന്ദരികള്‍ക്കും സുന്ദരന്മാര്‍ക്കുമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന നോവലിന്റെ വശ്യതയ്ക്ക് തെല്ലുമില്ല കുറവ്.

ഇതിനൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന മറ്റൊരു കൃതിയാണ് എം ടി വാസുദേവന്‍നായരുടെ 'അസുരവിത്ത്'. ഹിന്ദുമതത്തില്‍നിന്ന് ഇസ്ളാമിലേക്കുള്ള പരിവര്‍ത്തനം രണ്ട് നോവലുകളിലും വിഷയമാകുന്നു. മതപരിവര്‍ത്തനത്തെ ഇന്ന് നാം കാണുന്നതുപോലെയല്ല ഉറൂബും എംടിയും കണ്ടത്. മതസങ്കുചിതത്വങ്ങളുടെ കണ്ണടകള്‍ അവര്‍ക്ക് പാകമായിരുന്നില്ല.
തത്വചിന്താപരമായ ആഴങ്ങളുള്ള കൃതികളെഴുതിയ ഉറൂബിനെ നാം അര്‍ഹിക്കുംവിധം അംഗീകരിച്ചിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്. എത്രയോ കാലമായി അദ്ദേഹം തമസ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അജ്ഞതകൊണ്ടാണോ അതോ മനഃപൂര്‍വമോ? അറിയില്ല.

ഏറ്റവുമൊടുവില്‍ ഞാന്‍ വായിച്ച, വായിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട എന്നതാവും കൂടുതല്‍ ശരി, ഒരു പുസ്തകത്തെക്കുറിച്ചുകൂടി ഏതാനും വരികള്‍. നവാഗതയായ ഷെമിയുടെ 'നടവഴിയിലെ നേരുകള്‍'. ഈ വര്‍ഷത്തെ നൂറനാട് ഹനീഫ് സ്മാരക പുരസ്കാരം നേടിയ കൃതി. പുരസ്കാരനിര്‍ണയസമിതിയില്‍ ഞാനുമുണ്ടായിരുന്നു. അതുകൊണ്ടാണ് വായിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നു പറഞ്ഞത്. ആത്മകഥാപരമായ ഒരു രചന. അച്ഛനും അമ്മയും ഉണ്ടായിട്ടും അനാഥാലയത്തില്‍ വളരാനിടയായ മുസ്ളിം പെണ്‍കുട്ടിയാണ് മുഖ്യകഥാപാത്രം. പുതിയ എഴുത്തുകാര്‍ പ്രകടനപരതയില്‍ അഭിരമിക്കുമ്പോള്‍ ആ വഴിയില്‍നിന്ന് ഷെമി മാറിനടക്കുന്നു. എഴുത്തില്‍ ബുദ്ധിജീവിനാട്യമില്ല. നേരായും നിഷ്കളങ്കമായും കഥപറയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അനാഥാലയങ്ങളുടെ അകത്തളങ്ങളിലേക്ക് ഷെമി നമ്മെ കൊണ്ടുപോകുകയും തെരുവില്‍ അനാഥമാക്കപ്പെടുന്നവര്‍ നാലുചുവരുകള്‍ക്കുള്ളില്‍ അതേ അവസ്ഥയില്‍ തുടരുന്നുവെന്ന് കാട്ടിത്തരുകയും ചെയ്യുന്നു. ഇതില്‍ ഭാവനയുടെ അംശം കുറവാണ്, അനുഭവമാണ് കൂടുതല്‍. തുറന്നുപറച്ചിലിന്റെ ധീരത നടവഴിയിലെ നേരുകള്‍ക്ക് വരുംകാലങ്ങളിലും പ്രസക്തി വര്‍ധിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top