12 June Wednesday

ആണ്‍ കണ്മണികളുടെ ഇന്ത്യ

ഡോ. മീന ടി പിള്ളUpdated: Sunday Dec 27, 2015

ഇന്ത്യ എന്ന പ്രഹേളികയുടെ സ്വപ്നങ്ങളും നൈരാശ്യങ്ങളും വെന്നിക്കൊടികളും പാപ്പരത്തങ്ങളും എല്ലാം എന്നും തന്റെ തൂലികത്തുമ്പിലൂടെ തുറന്നുവിട്ട ആളാണ് പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനും എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ദി കണ്‍ട്രി ഓഫ് ഫസ്റ്റ് ബോയ്സ് (ഠവല ഇീൌിൃ്യ ീള എശൃ ആീ്യ). ഇതിന്റെ അവതാരികയില്‍ സെന്‍ പറയുന്നത് ഈ പുസ്തകത്തിന്റെ നൈരന്തര്യം അഥവാ ആശയങ്ങളെ കൊരുത്തെടുത്തിരിക്കുന്ന ചരട് വിഭാഗീയതയ്ക്കതീതമായ ഇന്ത്യയാണെന്നാണ്.

ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ ആദ്യത്തെ കണ്മണി ആണാകണം എന്നാശിക്കുന്ന ഭൂരിഭാഗം ഇന്ത്യക്കാരും പുരുഷജന്മത്തിനുള്ള ആ പ്രഥമഗണന ജീവിതകാലം മുഴുവന്‍ നിലനിര്‍ത്തുന്നവരാണ്. തങ്ങളുടെ ആണ്‍കുട്ടികള്‍ ക്ളാസുകളില്‍ ഒന്നാമതാകണം, അവര്‍ ജീവിതത്തില്‍ മുന്നേറണം തുടങ്ങിയ ആന്തരിക അഭിലാഷങ്ങള്‍ നമ്മെ കൊണ്ടെത്തിക്കുന്നത് അപകടകരമായ ചില സാമൂഹിക സ്ഥിതിവിവര കണക്കുകളിലാണ്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളായ ചൈനയും തായ്ലന്‍ഡും ഇന്തോനേഷ്യയും മലേഷ്യയും സ്ത്രീകളുടെ പ്രതീക്ഷിത ജീവിതദൈര്‍ഘ്യത്തിലും സ്ത്രീസാക്ഷരതയിലും സ്ത്രീകളുടെ ആരോഗ്യത്തിലും മറ്റും ഇന്ത്യയേക്കാള്‍ വളരെ മുന്‍പില്‍ നില്‍ക്കുന്നു എന്നാണ്. ഇത് ഒരു സമൂഹത്തില്‍ വളരെ ആഴത്തില്‍ വേരൂന്നിയ ചില വിപത്തുകളെ, മാനസികവൈകൃതങ്ങളെ, മുന്‍വിധികളെ ഒക്കെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഒരു രാഷ്ട്രത്തിന്റെ അമ്പതുശതമാനത്തിലേറെ വരുന്ന മനുഷ്യരോട് ലിംഗാടിസ്ഥാനത്തില്‍ വിവേചനം കാട്ടുകയും അതോടൊപ്പം ജാതിയും മതവും കൂടിച്ചേരുകയുംചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന വന്‍ സാമൂഹിക പ്രാന്തവല്‍ക്കരണം ആലോചിക്കാവുന്നതേയുള്ളൂ. ഇന്നിന്റെ പൊരുള്‍ അറിയാനും നാളെയെ കാര്യക്ഷമമായി നിര്‍വചിക്കാനും ഇന്ത്യാചരിത്രത്തിലൂടെ സെന്‍ നടത്തുന്ന ഒരു യാത്രകൂടിയാണ് ഈ കൃതി.
പലതരം പഞ്ചാംഗങ്ങളും കലണ്ടറുകളും പിന്തുടരുന്ന ഇന്ത്യക്കാര്‍ക്ക് മനസ്സിലാകാതെപോകുന്ന ഒരു കാര്യം അത് അവരുടെ ചരിത്രത്തിന്റെയും വിജ്ഞാനത്തിന്റെയും വൈവിധ്യത്തെയാണ് സൂചിപ്പിക്കുന്നത് എന്നാണ്. ഈ നാനാത്വം ആണ് ഇന്ന് നമ്മള്‍ നഷ്ടപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്ന് ഇന്ത്യ കലണ്ടറുകളിലൂടെ എന്ന ആദ്യത്തെ ലേഖനത്തില്‍ സെന്‍ തികഞ്ഞ പാണ്ഡിത്യത്തോടെ സമര്‍ഥിക്കുന്നു.

ഒരു പെണ്‍കുട്ടിയുടെ സ്കൂളിലേക്കുള്ള യാത്ര അവളുടെ ജീവിതത്തെയാണ് നിര്‍ണയിക്കുന്നത്. അവള്‍ ക്ളാസുകളില്‍ പഠിക്കുക മാത്രമല്ല, സ്കൂളിലേക്കുള്ള ആത്മധൈര്യത്തോടുള്ള ആ യാത്ര താന്‍ എന്ന വ്യക്തിയെ സധൈര്യം സമൂഹത്തില്‍ എങ്ങനെ പ്രതിഷ്ഠിക്കുന്നുവെന്നും തന്റെ ചരിത്രത്തെയും വ്യക്തിത്വത്തെയും എങ്ങനെ സ്വന്തം കൈകളാല്‍ വാര്‍ത്തെടുക്കുന്നുവെന്നും അടയാളപ്പെടുത്തുകയും നിര്‍വചിക്കുകയുംചെയ്യും. സങ്കോചവും ലജ്ജയും ആശങ്കയും ആത്മവിശ്വാസമില്ലായ്മയും സഞ്ചിയില്‍നിറച്ച് നാം സ്കൂളിലേക്ക് വിടുന്ന പെണ്‍കുട്ടി ജീവിതത്തില്‍ എന്ത് നേടും എന്നതാണ് പുസ്തകം ഉയര്‍ത്തുന്ന കാതലായ ചോദ്യം.  
സമ്പന്നവര്‍ഗത്തിലെ കുട്ടികള്‍ക്കായി നമ്മള്‍ വിദ്യാഭ്യാസം അഴിച്ചുപണിഞ്ഞ് അണിയിച്ചൊരുക്കുമ്പോള്‍, ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള കുട്ടികളുടെ സാമാന്യ വിദ്യാഭ്യാസത്തിന്റെ നിലവാരം പോലും മെച്ചപ്പെടുത്താനോ അത് എല്ലാവര്‍ക്കും ഉറപ്പുവരുത്താനോ നമ്മള്‍ക്ക് കഴിയുന്നില്ല എന്നാണ് സെന്‍ പറയുന്നത്. അസമത്വങ്ങള്‍ ദൃഢീകരിച്ചുവരുന്ന പശ്ചാത്തലത്തില്‍ നാളെ ഇന്ത്യയില്‍ പിറക്കാന്‍പോകുന്ന കുഞ്ഞുങ്ങള്‍ക്ക് എങ്ങനെ സാമ്പത്തികവും സാമൂഹികവുമായ സമത്വങ്ങള്‍, തുല്യ അവസരങ്ങള്‍, തുല്യ പങ്കാളിത്തങ്ങള്‍ ഒക്കെ ഉറപ്പാകും എന്ന ഒരന്വേഷണംകൂടിയാണ് ഈ കൃതി. 

ഇതിലെ പല ആശയങ്ങളും നമ്മള്‍ കേട്ട് പഴകിയതാണെങ്കിലും ഇന്ന് ഇന്ത്യയില്‍, ചില കാര്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കേണ്ടതിന്റെ ആവശ്യകത നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഈ പുസ്തകം വായിക്കപ്പെടേണ്ടതാണ്. ഏറെക്കാലമായി ലിറ്റില്‍ മാഗസിന്‍ എന്ന മാസികയില്‍ വന്നുകൊണ്ടിരുന്ന ഡോ. സെന്നിന്റെ ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഓക്സ്ഫോര്‍ഡ് യൂണിവേര്‍സിറ്റി പ്രസ് ആണ് പ്രസാധകര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top