26 April Friday

വെളിച്ചത്തിന് എന്തൊരു വെളിച്ചം

എം ഡി രത്നമ്മUpdated: Sunday Dec 27, 2015

"കുഞ്ഞുപാത്തുമ്മാ!''
ആരോ വിളിക്കുന്നു. ആരാണത്? അവള്‍ കണ്ണുതുറന്നു. അവളുടെ ഉള്ള് ആളിപ്പോയി. നിസാര്‍ അഹമ്മദിന്റെ ബാപ്പ! മുറിയില്‍വന്ന് നില്‍ക്കുകയാണ്. അദ്ദേഹം പറഞ്ഞു:
"ഇതില്‍ കാറ്റും വെളിച്ചവും കടക്കണം. ആ ജനല്‍ അടച്ചിട്ടിരിക്കുന്നതെന്തിന്?''
അദ്ദേഹം ജനല്‍ തുറന്നു. കാറ്റും വെളിച്ചവും അകത്തുകടക്കുകയാണ്. വെളിച്ചത്തിന് എന്തൊരു വെളിച്ചം!

കൌമാരത്തില്‍ എന്റെ ഉള്ളിലേക്ക് ഇടിമിന്നല്‍പോലെ വന്നുവീണ വാക്കുകളാണിത്. വെളിച്ചത്തിന് എന്തൊരു വെളിച്ചം!
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നി'ലെ കുഞ്ഞുപാത്തുമ്മയായിരുന്നില്ല ഞാന്‍. എന്റെ അച്ഛന്‍ പൊന്‍കുന്നം ദാമോദരനും അമ്മ കുഞ്ഞുക്കുട്ടിയമ്മയും കമ്യൂണിസ്റ്റുകാരായിരുന്നു. മിഠായിപ്പൊതികള്‍ക്കുപകരം പുസ്തകങ്ങള്‍ വാങ്ങിത്തരുന്ന അച്ഛനും അദ്ദേഹത്തോടൊപ്പമിരുന്ന് പാര്‍ടിയുടെ ആദര്‍ശങ്ങള്‍ വിളിച്ചോതുന്ന നാടകങ്ങളും പാട്ടുകളുമെഴുതുന്ന അമ്മയും. രാഷ്ട്രീയപരിപാടികളില്‍ ഞങ്ങളെല്ലാം ഒന്നിച്ച് പങ്കെടുത്തു. അങ്ങനെ വെളിച്ചത്തില്‍ വളര്‍ന്നിട്ടും കുഞ്ഞുപാത്തുമ്മ കണ്ട വെളിച്ചത്തിന്റെ തീവ്രത എനിക്കും അനുഭവിക്കാനായി.

ബഷീറിന്റെ എല്ലാ കൃതികളും പ്രിയപ്പെട്ടതായിരിക്കുമ്പോള്‍ ത്തന്നെ 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു' വീണ്ടും വീണ്ടും വായിക്കുകയും ഓരോ തവണയും ഈ വാചകത്തോടുള്ള പ്രണയം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയുംചെയ്തു. അതൊരുപക്ഷേ മനസ്സിന്റെ സന്തോഷംകൊണ്ടാകണം. കാരണം കുഞ്ഞുപാത്തുമ്മയെന്ന നിഷ്കളങ്കരില്‍ നിഷ്കളങ്കയായ പെണ്‍കുട്ടി മന്ത്രവാദത്തിന്റെ ഇരുട്ടില്‍ അടയ്ക്കപ്പെടുകയും അതില്‍നിന്ന് അവള്‍ മോചിപ്പിക്കപ്പെടുകയുംചെയ്യുന്ന സന്ദര്‍ഭത്തിലാണ് ബഷീര്‍ ഇങ്ങനെ എഴുതുന്നത്.
സമ്പന്നതയുടെ മടിത്തട്ടിലാണ് കുഞ്ഞുപാത്തുമ്മ പിറന്നുവീണത്. ഓടിട്ട വലിയ വീട്. കഴുത്തിലും കാതിലും കൈയിലും സ്വര്‍ണാഭരണങ്ങള്‍. ഉടുക്കാന്‍ പട്ടുമുണ്ട്. ഇടാന്‍ പട്ടുകുപ്പായം. തലമറച്ച് കസവുതട്ടം. എന്നാല്‍, ഈ ആര്‍ഭാടങ്ങളില്‍ അവള്‍ തനിച്ചായിരുന്നു. വീടിന്റെ നാലുചുവരുകള്‍ക്കപ്പുറം അവള്‍ക്ക് ലോകമുണ്ടായില്ല. പക്ഷേ കേസില്‍പെട്ട് ബാപ്പയുടെ സ്വത്തെല്ലാം പോയി. കുഞ്ഞുപാത്തുമ്മയ്ക്കപ്പോള്‍ ഇരുപത്തിയൊന്നു വയസ്സ്. അവളുടെയും ഉമ്മയുടെയും പൊന്‍പണ്ടങ്ങളെല്ലാം ബാപ്പ അഴിച്ചുവാങ്ങി. ഒടുവില്‍ അവരുടെ വീടും നഷ്ടമായി. പിന്നീട് താമസിക്കുന്നത് ഒരു കുടിലിലാണ്. ആ ആപത്തിലും കുഞ്ഞുപാത്തുമ്മ സന്തോഷിക്കുന്നു. വലിയ വീട്ടിലില്ലാത്ത പലതും കൊച്ചുകുടിലില്‍ അവള്‍ക്ക് കിട്ടി. ശുദ്ധവായുവും സൂര്യപ്രകാശവും. ഇവിടെ നിലാവെളിച്ചത്തില്‍ മുങ്ങാം. ഓടാം, ചാടാം, പാട്ടുപാടാം. തൊട്ടടുത്ത് മറ്റൊരല്‍ഭുതം! മനോഹരമായ ആമ്പല്‍പൊയ്ക! ആദ്യമായാണ് അവള്‍ ആമ്പല്‍പൊയ്ക കാണുന്നത്.
അതിനിടെ അവള്‍ ഒരു വാര്‍ത്തയറിഞ്ഞു. തന്റെ കല്യാണം. അവള്‍ നടുങ്ങിപ്പോയി. ബോധം കെട്ടു. ചികിത്സിക്കാന്‍ വരുന്നത് മന്ത്രവാദി. അവളെ ഷൈത്താന്‍ ബാധിച്ചതാണ്, ഒഴിപ്പിക്കണം. ചൂരലാണ് ചികിത്സ. അങ്ങനെ ഇരുട്ടുമുറിയിലടയ്ക്കപ്പെട്ട അവളുടെമുന്നില്‍ അയല്‍വാസിയായ യുവാവ് നിസാര്‍ അഹമ്മദിന്റെ ബാപ്പ പ്രത്യക്ഷപ്പെടുന്നു.
നിസാര്‍ അഹമ്മദിന്റെ കുടുംബം ഉല്‍പതിഷ്ണുക്കളാണ്. അയാളുടെ സഹോദരി ആയിഷയ്ക്ക് വിദ്യാഭ്യാസമുണ്ട്. ആയിഷ കുഞ്ഞുപാത്തുമ്മയെ രഹസ്യമായി അക്ഷരം പഠിപ്പിക്കുന്ന സന്ദര്‍ഭം വളരെ രസകരമായി ബഷീര്‍ അവതരിപ്പിക്കുന്നു.

'ബ' എന്ന് മണ്ണിലെഴുതിയശേഷം ആയിഷ ആ അക്ഷരത്തില്‍ തുടങ്ങുന്ന ഒരു വാക്ക് പറയാന്‍ പാത്തുമ്മയോട് ആവശ്യപ്പെട്ടു.
"ബയി'' – കുഞ്ഞുപാത്തുമ്മയുടെ മറുപടി. വഴി എന്ന് തിരുത്തിയശേഷം ആയിഷ മറ്റൊരു വാക്ക് ചോദിച്ചു.
"ബയിതനങ്ങ'' എന്ന് മറുപടി.
കുഞ്ഞുപാത്തുമ്മ അങ്ങനെ അക്ഷരം പഠിച്ചുതുടങ്ങി. അന്ധവിശ്വാസത്തില്‍നിന്ന് ഒരു കുടുംബത്തെ മോചിപ്പിക്കുന്നതിന്റെ കഥയാണ് ബഷീര്‍ പറയുന്നത്.
ചിലര്‍ ചോദിച്ചേക്കാം ഇതൊരു പഴയ കഥയല്ലേയെന്ന്. ആണോ? ഉന്നതബിരുദങ്ങള്‍ നേടിയവര്‍പോലും അന്ധവിശ്വാസങ്ങളിലേക്ക് തിരിയുകയും ആള്‍ദൈവങ്ങളെ പുണരുകയും ചെയ്യുന്ന ഇക്കാലത്തിന്റെകൂടി കഥയല്ലേ ഇത്.

നിസാര്‍ അഹമ്മദിനെപ്പോലുള്ള ചെറുപ്പക്കാരുടെ നിരയെ നമ്മുടെ കാലം ആവശ്യപ്പെടുന്നില്ലേ? മതസംഘടനകളുടെ കൊടിക്കീഴിലേക്ക് നടക്കുന്ന ചെറുപ്പക്കാര്‍ ബഷീറിനെ വായിക്കണം. കൊച്ചുകുട്ടികള്‍പോലും പര്‍ദയ്ക്കുള്ളിലാകുന്നു. നിസാര്‍ അഹമ്മദിന്റെ സഹോദരി കുഞ്ഞുപാത്തുമ്മയെ പാവാട ഉടുപ്പിക്കുന്നു. പച്ചസാരി ചുറ്റിക്കുന്നു. മുടി കെട്ടിവച്ച് പൂവ് ചൂടിക്കുന്നു. വേഷത്തെ ബഷീര്‍ വെളിച്ചമാക്കുന്നു. ഈ കാലഘട്ടത്തില്‍ നമുക്ക് ആ വെളിച്ചം കൂടുതല്‍ ആവശ്യമാണ്.
ബഷീറിന് എന്റെ കുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്നു. നീലവെളിച്ചം എന്ന കഥ അദ്ദേഹമെഴുതിയത് ഞങ്ങളുടെ തൃശൂരിലെ വീട്ടിലിരുന്നാണെന്ന് കേട്ടറിവുണ്ട്. ഞാനന്ന് കുട്ടിയാണ്. മറ്റുപല എഴുത്തുകാരുമായും അച്ഛന്‍ അടുപ്പം പുലര്‍ത്തി. വള്ളത്തോളിന്റെ വീട്ടില്‍ പോയിട്ടുണ്ട്. എംഎയ്ക്ക് പഠിക്കുമ്പോള്‍ ലോക്കല്‍ ഗാര്‍ഡിയന്‍ മഹാകവി ജി ശങ്കരക്കുറുപ്പായിരുന്നു. അങ്ങനെയൊക്കെയുള്ള ചുറ്റുപാടുകള്‍ അക്ഷരങ്ങളുടെ ലോകത്ത് കൂടുതല്‍ അടുക്കാന്‍ സഹായിച്ചിട്ടുണ്ടാകണം. ഇപ്പോഴും പുതിയ എഴുത്തുകാരെയെല്ലാം വായിക്കാറുണ്ട്. കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങളും കഥയും മലയാളത്തില്‍ ഉണ്ടാകുന്നതുകണ്ട് സന്തോഷിക്കാറുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top