18 April Thursday

വരികൾക്കിടയിൽ രാഷ്‌ട്രീയത്തിന്റെ വെടിമരുന്നുഗന്ധം

പത്മനാഭൻ കാവുമ്പായിUpdated: Sunday Mar 27, 2022

വർത്തമാനകാലത്തിൽ ഭൂതകാലമെന്നപോലെതന്നെ പൂർവകാലത്തിൽ ഉൾച്ചേർന്ന വർത്തമാനത്തെയും കണ്ടെടുക്കാൻ ഇന്ന് കവിത പ്രാപ്തമാണ്‌. സൂക്ഷ്‌മതലത്തിൽ നോക്കിയാൽ വർത്തമാനകാല രാഷ്‌ട്രീയത്തിന്റെയും സാംസ്‌കാരികധാരകളുടെയും സാമൂഹിക ഇടപെടലുകളുടെയും താവഴി ചെന്നുകേറുന്നത് അതീതഭൂതകാലത്തിലാണ് എന്നുകാണാം. ആ വഴിയിലുള്ള ഒരാളാകട്ടെ, മനുഷ്യരും സസ്യജന്തുജാലങ്ങളും വീണടിഞ്ഞ മണ്ണിൽ ചവിട്ടിയാണ് മുന്നോട്ട് നടന്നുകയറുന്നത്. ഇത് വായനാ വഴിയിലാകുമ്പോൾ ചരിത്രപരമായ പ്രവർത്തനമായി വായനയെ അയാൾ പരിശീലിക്കുകയാണ്. അനുഭവങ്ങളുടെ അനന്യതകൊണ്ടും പതിവുകളുടെ നിരാകരണംകൊണ്ടും ഭാഷയുടെ തെളിച്ചംകൊണ്ടും വായനയുടെ ഗൗരവം മാറുമ്പോൾ എഴുത്ത് അതിന്റെ വൈചിത്ര്യം വെളിവാക്കിത്തുടങ്ങും. അങ്ങനെ അപൂർവകാന്തി വഴിയുന്നതും അനുഭൂതിയോടൊപ്പം ആവേശം സൂക്ഷിക്കുന്നതുമാണ് വി അബ്‌ദുൾ ലത്തീഫിന്റെ കവിതകൾ; "മാതളത്തോട്ടത്തിന്റെ  ഉപമയിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം’ എന്ന കാവ്യസമാഹാരം. 

മനുഷ്യസമുദായത്തിന്റെ രാഷ്‌ട്രീയചരിത്രമാണ് ലത്തീഫിന്റെ കവിതകളിലെ ലോകം. നാളിതുവരെയുള്ള ചേതനപ്രകൃതിയും അചേതനപ്രകൃതിയും നിറയുന്ന ഭൂപടം ആണതിൽ നിവരുന്നത്. അതിലേക്ക് ഏത് എയർപോർട്ടിൽനിന്നും കയറാം. ഏത് റെയിൽവേ സ്റ്റേഷനിൽ നിന്നുമാകാം. ചിലപ്പോൾ ഏത് ബസ്‌ സ്റ്റോപ്പ്, ഏത് വഴി എന്നില്ലാതെ എവിടെനിന്നുമാകാം. ഒരില പഴുത്തടർന്ന് മണ്ണിലേക്കു വേരിനെ തിരഞ്ഞു വരുന്നതുപോലെ കവിതയിലെ വാക്കുകൾ ചരിത്രത്തിൽ ചെന്നുചേരുന്നത് കാണാം. മൈൻഡ് സ്‌കേപ്പ് എന്ന കവിതയിൽ പറയുന്നതു നോക്കുക.

"ഇത്തവണ 

യാത്ര പോയപ്പോൾ 

വീട് മടക്കി ബാഗിൽ വച്ചിരുന്നില്ല.

അതുകൊണ്ട്

വഴിയിൽക്കണ്ട പൂക്കളൊന്നും ചെമ്പരത്തിയായി തോന്നിയില്ല.

ഒരു പെണ്ണും കാമുകിയെ ഓർമിപ്പിച്ചില്ല.

റ്ഹൈൻ

റ്ഹൈനായി ഒഴുകി.

ആൽപ്‌സ്‌ ആൽപ്‌സായി നിന്നു.

തിരിച്ചെത്തിയപ്പോൾ

നാട്

ഒന്നു നിന്ന്,

തിരിഞ്ഞു നടക്കാവുന്ന ഭൂപടച്ചായമായി മാറി.’

 ബാഗ്‌ദാദിൽ നിന്നുള്ള കത്ത് ആ രാജ്യത്തിന്റെ പൗരാണികതയോടൊപ്പം വരികൾക്കിടയിൽ രാഷ്‌ട്രീയത്തിന്റെ വെടിമരുന്നുഗന്ധം സൂക്ഷിക്കുന്നു. ഒന്നാം ഗൾഫ് യുദ്ധകാലത്ത് അച്ഛന്റെ കൈപ്പടയിൽ നാട്ടിലെ ചായക്കടവിലാസത്തിൽ തന്നെ തിരഞ്ഞുവന്ന "ബാഗ്‌ദാദിൽ നിന്നു വന്ന കത്തിൽ’ 

അറബിയും പേർഷ്യനും 

ഖുർദിഷും 

സുന്നിയും ഷിയായും 

യസീദികളുമുള്ള ടൈഗ്രീസ് 

ഇപ്പോൾ കലങ്ങിനിൽപ്പാണ്.

ആത്മഹത്യ ചെയ്‌ത

സ്‌ത്രീകളുടെ ദുഃഖങ്ങൾ വെള്ളത്തിന്റെ 

വെളിച്ചം കെടുത്തുന്നുണ്ട്. "യാങ്കി ഭീകരതയുടെ ഇരുൾ വിഴുങ്ങിയ തുറസ്സുകളെ വെളിച്ചപ്പെടുത്തുമ്പോൾത്തന്നെ മധ്യകാലഘട്ടജീവിതങ്ങളുടെ ഉള്ളടക്കങ്ങളെയും കവി ഓർമിപ്പിക്കുന്നു. ഒട്ടകപ്പുറത്ത് ബാഗ്‌ദാദിലേക്കു നീങ്ങുന്ന കറുപ്പും വെളുപ്പും ചിത്രം ചരിത്രത്തിന്റെ  ഛായാചിത്രമാകുന്നു. 

 വർത്തമാന ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ നെഞ്ചിൽ നെരിപ്പോടൂതുന്ന കവിതയാണ് "വിഡ്ഢികളേ... ’ എന്ന തലക്കെട്ടിലുള്ളത്.

"ഹിമാലയവും താഴ്‌വരകളും

അതിന്റെ ഞരമ്പുകളായ മഹാനദികളും വാരിക്കുഴികളാണ് ഒരുക്കിവച്ചിരിക്കുന്നത്.

ഞങ്ങളതിൽ വീഴില്ല.

ഞങ്ങൾ ബ്രഹ്മപുത്രയിൽ നീന്താൻ പഠിച്ചവരാണ്

തലപ്പാവു വെച്ചും

കുടുമ കെട്ടിയും നടന്നു പഠിച്ചവരാണ്. നിങ്ങൾ പെരുച്ചാഴികൾ

പക്ഷേ, അതിൽ വീഴും.

വിഡ്ഢികളേ,

ഈ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നാണ്,

രത്നം എന്നർത്ഥം.’ 

 നൂറ്റി എൺപത്തിയെട്ടു പേജിലായി അമ്പത്തിയഞ്ച് കവിത ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാള കവിതയുടെ പ്രസിദ്ധീകരണ വഴിയിൽത്തന്നെ പുതുമ സൃഷ്ടിച്ചുകൊണ്ട് ഡോ.ആർ രാജശ്രീ പുസ്‌തകത്തിന്റെ എഡിറ്റിങ്‌ നിർവഹിച്ചിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top