05 February Sunday

കഥയിലെ പാലക്കാടൻ കാറ്റ്

മൂണ്ടൂർ സേതുമാധവൻ/കവിത എസ് കെUpdated: Sunday Mar 27, 2022

അഞ്ച്‌ നോവലും അഞ്ഞൂറിലേറെ കഥകളും എഴുതിയ മുണ്ടൂർ സേതുമാധവന്‌ ഏപ്രിൽ പത്തിന്‌ എൺപത്‌ തികയുന്നു. കഥ വന്ന വഴികളെക്കുറിച്ച്‌ സേതുമാഷ്‌ സംസാരിക്കുന്നു

പനമ്പട്ടകൾ വീശി വരുന്ന പാലക്കാടൻ കാറ്റിന് പല ഭാവങ്ങളാണ്. അതിരാവിലെ വീശുന്ന മഞ്ഞുകലർന്ന തണുത്ത കാറ്റിൽ കദംബത്തിന്റെയും  ജമന്തിയുടെയും ഗന്ധം. ഉച്ചവെയിലിൽ കാറ്റിന് ചൂടേറും. പൊടിപാറിച്ച കാറ്റ് വൈകുന്നേരമാവുമ്പോൾ അലസയാകും.  

മൂണ്ടുരുകാരാനായ സേതുമാധവന്റെ കഥകളെ ഈ പാലക്കാടൻകാറ്റിനോട് വിശേഷിപ്പിക്കാം. അറുപതു കൊല്ലത്തോളമെത്തിയ  കഥാവഴികളിലൂടെ, ജീവിതസമരങ്ങളിലൂടെ, കാഴ്‌ചകളിലൂടെ സഞ്ചരിക്കുകയാണ് സേതുമാഷ്. 

? ഗ്രാമീണതയുടെ നന്മയും ആർദ്രതയും ദൈന്യതയുമുണ്ട്‌ കഥകളിൽ. ഒപ്പം  നഗരക്കാഴ്‌ചകളും   ഒപ്പിയെടുക്കുന്നു. ഈ രചനാ തന്ത്രം കൈവന്നതെങ്ങനെ?

=- ജീവിതം തന്ന അനുഭവങ്ങളാണ്‌  എന്നെ എഴുത്തുകാരനാക്കിയത്‌. ഗ്രാമീണത എന്നിലുള്ളതും നാഗരികത കൈയെത്തി പിടിക്കാൻ ശ്രമിച്ചതുമാണ്. ലോകെത്തെവിടെയായാലും ഞാൻ പാലക്കാട്ടുകാരനാണ്.  നഗരകാഴ്‌ചകൾ പലപ്പോഴും വിസ്‌മയപ്പെടുത്തിയിട്ടുണ്ട്.    

? സർഗാത്മകതയും, അധ്യാപനവും, രാഷ്‌ട്രീയവും കൂടിക്കലർന്ന ജീവിതത്തിൽ ഒന്ന് മറ്റൊന്നിനും മീതെയാവാതെ ഒപ്പം കൊണ്ടു നടക്കാൻ ശ്രമിച്ചതിന് കഥകളിൽ സൂചനകളുണ്ടല്ലോ.  

= എഴുത്തുകാരൻ സാധാരണ മനുഷ്യൻ തന്നെയല്ലേ. സ്വാനുഭവങ്ങളും  ചുറ്റുമുള്ളവരുടെ അനുഭവങ്ങളും ഒക്കെ നമുക്കുള്ളിൽ കോറിവരക്കപ്പെട്ടിരിക്കും. സ്വാഭാവികമായും നമ്മുടെ പരിസരങ്ങളുമായി ബന്ധപ്പെട്ട് എഴുതുമ്പോൾ ആത്മാശം കലരും. സർഗാത്മകതയും അധ്യാപനവും വേർതിരിക്കേണ്ടതില്ല. അധ്യാപനവും  സർഗപ്രക്രിയ തന്നെ. അധ്യാപക പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.  പ്രസംഗവും എഴുത്തും സമരവും നിറഞ്ഞ  കാലത്താണ് എന്റെ നോവൽ കലിയുഗം സിനിമയാകുന്നത്. ഒരുപാട് സമ്മർദം അനുഭവിച്ച  കാലം. സർഗാത്മകത സമരത്തിനു മുന്നിൽ പിൻവാങ്ങിയ ചെറിയ കാലയളവ്.

?  കഥയുടെ,  പ്രഭാഷണങ്ങളുടെ ലോകത്തേക്ക് എത്തിയ വഴികൾ.

= വായന എന്നെ അന്നുമിന്നും സ്വാധീനിച്ച  ഘടകമാണ്. വായന എന്ന സാന്ത്വനം തുടങ്ങുന്നത് ഹൈസ്‌കൂൾ കാലത്താണ്‌.  വീട്ടിലെ അരക്ഷിതാവസ്ഥയിൽനിന്ന് മോചനം കിട്ടാൻ സ്‌കൂൾ വിട്ട് വന്നയുടൻ  വായനശാലയിലേക്കോടും.  മണ്ണെണ്ണവിളക്ക് എണ്ണവറ്റി കെടും വരെ വായിക്കും.  മുണ്ടൂരിൽനിന്ന് പറളി സ്‌കൂളിലേക്കും തിരിച്ചുമുള്ള ദീർഘനടത്തത്തിന്റെ ക്ഷീണം മറന്നത് വായനയിലൂടെയാണ്. 

?കല്ലടിക്കോടൻ മലയ്‌ക്ക്‌ കൂട്ടുകാരന്റെ അല്ലെങ്കിൽ രക്ഷിതാവിന്റെ സ്ഥാനം പല കഥകളിലുമുണ്ട്. എന്തുകൊണ്ടാണ് അതിത്രത്തോളം ആണ്ടിറങ്ങിയത്?

=  പല പ്രതിസന്ധി ഘട്ടങ്ങളിലും, ബാല്യകൗമാരകാലങ്ങളിലും, യൗവ്വന തീക്ഷ്ണതയിലും, ഈ ഒരു ഇമേജ്  ഉള്ളിലുള്ളത്  ധൈര്യം പകരാറുണ്ട്. വീടിനുമുന്നിൽ നിന്നാൽ ദൂരെ കല്ലടിക്കോടൻ മല തലയുയർത്തി  നിൽക്കുന്നത്‌ കാണാം. അതെനിക്ക് ധൈര്യമേകാറുണ്ട്. അത് അറിയാതെ തന്നെ കഥകളിൽ പ്രതിഫലിക്കാറുണ്ട്.

? കഥാപാത്രങ്ങളിൽ സ്‌ത്രീകളും പുരുഷന്മാരും തുല്യ പ്രാധാന്യത്തോടെ വരുന്നുണ്ട്‌. ഈ സമത്വഭാവം കഥകളിൽ കൊണ്ടുവന്നതെങ്ങനെയാണ്?

= ഒറ്റ ഉത്തരമേയുള്ളൂ, അമ്മ. മരുമക്കത്തായ രീതിയുടെ എല്ലാ വശങ്ങളും കണ്ടു വളർന്നയാളാണ്‌ ഞാൻ. സാമ്പത്തികമായി പിന്നിലും ‘തറവാട്ട് മഹിമ’  യിൽ മുന്നിലും നിന്ന  കുടുംബങ്ങളിലെ അന്തഃസംഘർഷങ്ങൾ ഞങ്ങളുടെ തറവാട്ടിലും അലയടിച്ചിരുന്നു. ദാരിദ്ര്യമായിരുന്നു പലയിടത്തും പ്രതി.    കിട്ടുന്ന ഭക്ഷണം മകന്‌ മാറ്റി വെച്ച് നെല്ല് കുത്തിലേർപ്പെടുന്ന അമ്മയുടെ ചിത്രം എന്നിലേൽപ്പിച്ച വേദന ചെറുതല്ല. ആ ഭക്ഷണം കഴിക്കുമ്പോൾ എനിക്ക്  തോന്നുന്ന ആത്മനിന്ദയുണ്ട്. സ്‌ത്രീയെ അംഗീകരിക്കാൻ പഠിക്കുന്നത് അവിടെ നിന്നാണ്.  

? കച്ചോല പൂക്കൾ, ശ്രീദേവി, ഇരുട്ടിലേക്ക് പറന്നു പോയ ഒരു വെൺപ്രാവ്' എന്നീ കഥകളിലെ കഥാപാത്രങ്ങളായ സ്‌ത്രീകളെ വായനക്കാർ  പെട്ടെന്ന്‌ മറക്കില്ല.   മനോഹരമായ ആഖ്യാന ചാതുരി എങ്ങനെയാണ് സ്വായത്തമായത്?

= വായന സ്വാധീനിച്ചിരുന്നുവെങ്കിലും. എഴുത്തുശൈലി സ്വന്തമായി രൂപപ്പെട്ടു വന്നതാണ്. വിദേശ എഴുത്തുകാരുടെ കഥകൾ വായിക്കുമ്പോഴും, നമ്മുടെ സ്വന്തമായ തകഴിയെയും എം ടിയെയും പൊറ്റക്കാട്ടിനെയും കൂടാതെ  സമകാലികരായ  എല്ലാവരുടെയും രചനകൾ വായിക്കുമായിരുന്നു.  ശൈലി നവീകരിക്കുന്നതിനും  മറ്റും വിമർശനങ്ങളും സൗഹൃദ കൂട്ടായ്‌മകളും സഹായിച്ചിട്ടുണ്ട്.

 ? കഥകളുടെ ഭൂമിക മിക്കപ്പോഴും സ്വന്തം തട്ടകം തന്നെയാണ്. നാട്ടുഭാഷയുടെ പ്രയോഗങ്ങളും ധാരാളമുണ്ടെങ്കിലും  വായിക്കുന്നവർക്ക്‌ ഇതിലൊന്നും വായനക്കാരന് അന്യത്വം തോന്നാത്തത്‌ എന്തുകൊണ്ടാണ്?  

= തോമസ് ഹാർഡിയുടെ കഥകൾ നടക്കുന്നത് വെസ്‌കസിലാണ്‌.  എല്ലാ എഴുത്തുകാരും സ്വന്തം നാടിനാൽ സ്വാധീനിക്കപ്പെട്ടിരിക്കും. വായിക്കുന്ന ആൾ അതിലേക്ക് വരുമ്പോൾ അത് അവരുടെ പ്രദേശമായി തോന്നുകയും ചെയ്യും. ഗ്രാമ്യഭാഷക്ക് അന്യത്വം തോന്നാത്തത് അത് ആ സന്ദർഭത്തിൽ വരുമ്പോൾ അതിനോട് ചേർന്ന് പോവുന്നത് കൊണ്ടാണ്.

?പുതിയ കാലം, പുതിയ എഴുത്ത്. എന്താണഭിപ്രായം.

= കാലത്തിനനുസരിച്ച് എഴുത്ത് നവീകരിക്കപ്പെടണം. അത് നടക്കുന്നുണ്ട്‌. മറ്റെല്ലാ മേഖലകളിലുമെന്നപോലെ എഴുത്തും മാറുന്നു. ചിന്തകൾ മാറുന്നു കാഴ്‌ചപ്പാടുകൾ മാറുന്നു. വിമർശനം ഉൾക്കൊള്ളാൻ മടിയുള്ളവരാണ്  ഏറെയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top