04 June Sunday

സമാധാനത്തിന്റെ സരോവരങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Feb 27, 2019

ഇരുപതാം നൂറ്റാണ്ടിലെ രണ്ട് മഹാപ്രതിഭകൾ മുഖാമുഖം കാണുന്നതിന്റെയും പരസ്പരം അറിയുന്നതിന്റെയും നേർ സാക്ഷ്യമാണ് Bridging East and West: Rabindranath Tagore and Romain Rolland Correspondance (1919-1940) എന്ന പുസ്‌തകം. 1919നും 1940നും ഇടയിലായി രവീന്ദ്രനാഥ ടാഗോറും റൊമൈൻ റോളന്റും നടത്തിയ കത്തിടപാടുകളുടെ സമാഹാരമാണ്  കൃതി. കൽക്കട്ട സർവകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകനായ ചിൻമോയ് ഗുഹയാണ് എഡിറ്റർ. 

ലോകത്തുടനീളം ദേശീയതകൾ ഉയർന്നുവന്ന കാലമായിരുന്നു അത്. ദേശീയതയെ പുരസ്കരിച്ച് വളർന്നുവന്ന തീവ്രവാദങ്ങളെ വളരെ ആശങ്കയോടുകൂടിയാണ് ഇരുവരും കണ്ടത്. യുദ്ധത്തിനും തീവ്രദേശീയതയ‌്ക്കുമെതിരെ കിഴക്കുനിന്ന് ടാഗോറും പടിഞ്ഞാറുനിന്ന് റൊമൈൻ റോളന്റും ശക്തമായി പ്രതികരിച്ചു. തങ്ങളുടെ പ്രതികരണങ്ങളിലൂടെ അവർ മാനവികതയിലേക്ക് ഒരുവലിയ പാലം തീർക്കുകയായിരുന്നു. ഈ മഹാസേതുവിനെക്കുറിച്ച് ഓർമിപ്പിക്കുന്ന പുസ്തകമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഫ്രഞ്ച് നാടകകൃത്ത്, നോവലിസ്റ്റ്, ജീവചരിത്രകാരൻ, പ്രബന്ധകാരൻ, സംഗീതവിശാരദൻ എന്നീ നിലകളിലെല്ലാം റോളന്റ് ശ്രദ്ധേയനാണ്. ശ്രീരാമകൃഷ്ണ പരമഹംസന്റെയും വിവേകാനന്ദന്റെയും ജീവചരിത്രങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

ആപത്തിന്റെ കാലത്ത്  ബദല്‍ ലോകത്തെ  ഭാവന ചെയ്യാന്‍ സഹായിക്കുന്നവയാണ് ടാഗോറിന്റെയും റൊമൈന്‍ റോളന്റിന്റെയും കത്തുകള്‍. സങ്കുചിത ദേശീയതയ‌്ക്കപ്പുറം മാനവമൈത്രി സ്വപ്നംകണ്ട രണ്ട് ദേശാടനപ്പക്ഷികള്‍ പരസ്പരം കൈമാറിയ സ്വപ്നങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം

രവീന്ദ്രനാഥ ടാഗോറിനെപ്പോലെ റോളന്റിനും സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുകയുണ്ടായി. ആപത്തിന്റെ കാലത്ത് ഒരു ബദൽ ലോകത്തെ ഭാവന ചെയ്യാൻ നമ്മെ സഹായിക്കുന്നവയാണ് ടാഗോറിന്റെയും റൊമൈൻ റോളന്റിന്റെയും കത്തുകൾ എന്ന് ചിൻമോയ് ഗുഹ ആമുഖത്തിൽ അഭിപ്രായപ്പെടുന്നുണ്ട്. സ്വിറ്റ്സർലൻഡിലെ വില്ലിനോവിൽവച്ച് റൊഡോൾഫ് ഷ്ളമ്മർ എടുത്ത പ്രശസ്തമായ ഫോട്ടോയാണ് പുസ്തകത്തിന്റെ പുറംചട്ടയിൽ കൊടുത്തിരിക്കുന്നത്. നാൽപ്പത്താറ് കത്തും ഏതാനും ടെലഗ്രാഫുകളുമാണ് മേൽപ്പറഞ്ഞ കാലത്തിനിടയിൽ ഇവർ കൈമാറിയത്. 1961ൽ ടാഗോറിന്റെ ജൻമശതാബ്ദിവേളയിൽ റൊമൈൻ റോളന്റിന്റെ രണ്ടാം ഭാര്യ മാഡം മേരി റോളന്റ് അവർക്കിടയിലെ കത്തിടപാടുകൾ ഫ്രഞ്ച് ഭാഷയിൽ പ്രസിദ്ധീകരിച്ചു. അതിന്റെ ഇംഗ്ലീഷ് തർജമയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം. ചിൻമോയ് ഗുഹ തന്നെയാണ് ഫ്രഞ്ചിൽനിന്ന് ഇതിന്റെ തർജമ നിർവഹിച്ചിരിക്കുന്നത്. 

ഫ്രാൻസിൽ ദേശീയവികാരം ഉജ്വലമാകുകയും യുദ്ധോദ്യുക്തമാകുകയും ചെയ്തവേളയിൽ റൊമൈൻ റോളന്റ് സ്വിറ്റ്സർലൻഡിലേക്ക് താമസം മാറ്റി. ദേശീയതകൾക്ക് പുറത്ത്, സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യർക്കിടയിൽ, ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഈ സന്ദർഭത്തിൽ റോളന്റ് പറയുന്നുണ്ട്. വിദ്യാർഥിയായിരിക്കുന്ന കാലംമുതൽ അദ്ദേഹം ഇന്ത്യയെക്കുറിച്ച് മനസ്സിലാക്കിയിരുന്നു. ഭഗവത്ഗീതയുടെ ഫ്രഞ്ച് വിവർത്തനത്തിൽനിന്നുള്ള ചില ഭാഗങ്ങൾ അദ്ദേഹം തന്റെ ഡാന്റൺ എന്ന നാടകത്തിന്റെ കൈയെഴുത്ത് പ്രതിയിൽ പകർത്തിവച്ചതായി ജീവചരിത്രകാരൻമാർ രേഖപ്പെടുത്തുന്നു. ബുദ്ധന്റെ കൃതികൾ വായിച്ച് കുറിപ്പെടുത്ത ഒരു നോട്ട് പുസ്തകം അദ്ദേഹം എല്ലായിപ്പോഴും സൂക്ഷിച്ചിരുന്നു. എന്നാൽ, ഒന്നാം ലോകമഹായുദ്ധത്തോടെ റോളന്റിന് യൂറോപ്പിലുള്ള വിശ്വാസം പൂർണമായി തകരുകയും അദ്ദേഹം ഇന്ത്യയെ പ്രതീക്ഷയോടെ കാണാൻ ആരംഭിക്കുകയും ചെയ്തു. ഗീതാഞ്ജലിയുടെ ഫ്രഞ്ച് വിവർത്തനം (ആന്ദ്രേ ഗൈഡ്സ് നിർവഹിച്ചത്) വായിച്ച റോളന്റ് തനിക്കുണ്ടായ ആനന്ദാതിരേകം സോഫിയ ബർത്തോളിനിക്കെഴുതിയ കത്തിൽ സൂചിപ്പിക്കുന്നുണ്ട്. 
 
1916 ജൂണിൽ ടോക്യോവിലെ ഇംപീരിയൽ സർവകലാശാലയിൽ ടാഗോർ നടത്തിയ പ്രഭാഷണമാണ് റോളന്റിനെ ഏറെ ആകർഷിച്ചത്. ‘ഇന്റെ’ എന്ന പേരിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പിൽ ഈ പ്രഭാഷണത്തെക്കുറിച്ച് ആവേശപൂർവം എഴുതിയിട്ടുണ്ട്. 1919 ലാണ് റൊമൈൻ റോളന്റ് ആദ്യമായി ടാഗോറിനെഴുതുന്നത്. ലോകസമാധാനത്തിനായി സ്വതന്ത്രചിന്തകരുടെ കൂട്ടായ്മ രൂപപ്പെടുത്തുന്നതിന്  ടാഗോറിന്റെ പിന്തുണ അഭ്യർഥിച്ചുകൊണ്ട് റോളന്റ് എഴുതിയ കത്തായിരുന്നു അത്. ഈ അഭ്യർഥന ഒരു പ്രമേയമായി കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചിന്താസ്വാതന്ത്ര്യത്തെ ബുദ്ധിജീവികൾ പണയപ്പെടുത്തരുതെന്ന അഭിപ്രായം റോളന്റ് മുന്നോട്ടുവയ‌്ക്കുന്നുണ്ട്. 
 
ആദ്യകാലത്ത് ടാഗോറും റോളന്റും ‘സർ’ എന്നാണ് കത്തുകളിൽ പരസ്പരം അഭിസംബോധന ചെയ്തിരുന്നത്. എന്നാൽ, അവർക്കിടയിലെ ബന്ധം ഊഷ്മളമാകുന്നതോടെ ‘ഡിയർ റൊമൈൻ റോളന്റ്’എന്നും ‘മൈ ഡിയർ ഫ്രന്റ്’ എന്നും മറ്റുമായി സംബോധനകൾ. 1925ൽ ഇറ്റലിയിലെത്തിയ ടാഗോറിന് ശാരീരികാസ്വാസ്ഥ്യംമൂലം റോളന്റിനെ സന്ദർശിക്കാൻ കഴിഞ്ഞില്ല. ഇതിലുള്ള പ്രയാസം രേഖപ്പെടുത്തുന്ന കത്തിൽ തെക്കേ അമേരിക്ക സന്ദർശിച്ചപ്പോൾ തനിക്കുണ്ടായ അനുഭവങ്ങൾ ടാഗോർ ചുരുക്കി വിവരിക്കുന്നുണ്ട്. ‘തെക്കേ അമേരിക്കയിൽ മനുഷ്യരെല്ലാം സമ്പത്തിന്റെ പിന്നാലെ ഓടുകയാണ്. അവർ ആത്മാവിനുവേണ്ടി ഒന്നും ചെയ്യുന്നില്ല. എല്ലാറ്റിനും അവർ യൂറോപ്പിനെ ആശ്രയിക്കുന്നു. അവർ യൂറോപ്യൻമാരെ അനുകരിച്ച് പല ചേഷ്ടകളും കാണിക്കുന്നു. ഒരിക്കൽ എല്ലാ സമ്പത്തും അവസാനിക്കുമ്പോൾ അവരുടെ മനസ്സ് എത്ര ശൂന്യമാണെന്ന കാര്യം വെളിപ്പെടും.’ ഒരു ജനതയ‌്ക്ക് സംസ്കാരം എത്ര പ്രധാനപ്പെട്ടതാണെന്ന് ഓർമിപ്പിക്കുന്നതാണ് ഈ നിരീക്ഷണം.
 
ഈ കത്തിനുള്ള മറുപടിയിൽ (27 മാർച്ച് 1925) ഇന്ത്യ എത്തിച്ചേർന്നിരിക്കുന്ന സാമൂഹ്യ ദുരന്തത്തെക്കുറിച്ച് റോളന്റ് സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ ചിരകാല ലക്ഷ്യങ്ങളിൽനിന്നും അതിന്റെ ഉന്നതാദർശങ്ങളിൽനിന്നും ആ രാജ്യം ഏറെ പിറകോട്ടു പോയിരിക്കുന്നു. പക്ഷേ, ഇത് ലോകത്തിന്റെ ഒരു പൊതുഗതിയാണെന്ന് വന്നിരിക്കുന്നു. ക്ഷമയോടെ കാത്തിരിക്കുക എന്നത് മാത്രമാണ് വഴി. എല്ലാ രാജ്യങ്ങളിലും നമ്മെപ്പോലുള്ളവർ ഏകാകികളാണ്. ലോകത്തെ മനുഷ്യരെല്ലാം വെറുപ്പോടെയാണ് അപരജനതയെ കാണുന്നത്. അനശ്വരതയുടെ ബോധിവൃക്ഷത്തിൽ കൂടൊരുക്കേണ്ടവർ ചെറിയ വ്യാമോഹങ്ങളിൽക്കുരുങ്ങി ജീവിതം വ്യർഥമാക്കുകയാണ്. ഇക്കൂട്ടത്തിൽ നമ്മെപ്പോലെ ചിന്തിക്കുന്നവർ ഏറെ വിരളമാണ്. നമുക്കെല്ലാം പരസ്പരം അറിയാനും പങ്കുവയ‌്ക്കാനും കഴിഞ്ഞിരുന്നെങ്കിൽ അത് കൂടുതൽ കരുത്തുനൽകുമായിരുന്നു. റോളന്റ് എഴുതിയ ദീർഘിച്ച കത്തുകളിലൊന്നാണിത്. 
 
ടാഗോർ റോളന്റിന് അവസാനമെഴുതിയ കത്ത് 1940 ഏപ്രിൽ 10ന്റേതാണ്. തൊട്ടടുത്ത വർഷം (1941) ടാഗോറും ദിവംഗതനായി. രണ്ടു ദിവസത്തിനുശേഷം റേഡിയോ സംപ്രേഷണത്തിലാണ് റോളന്റ് ഇക്കാര്യം അറിയുന്നത്. ഇരുണ്ട കാലത്ത് പ്രതീക്ഷയുടെ അവസാനകിരണവും പൊലിഞ്ഞുപോയി എന്നാണ് ഏറെ സങ്കടപ്പെട്ട് റോളന്റ് പ്രതികരിച്ചത്. റോളന്റിന്റെ ശയനമുറിയിൽ അദ്ദേഹം തൂക്കിയിട്ടിരുന്ന ഏക ചിത്രം ടാഗോറിന്റേതായിരുന്നു.
 
കത്തുകളുടെ ഈ സമാഹാരത്തിന് അനുബന്ധമായി ടാഗോറും റോളന്റും നടത്തിയ ചില സംഭാഷണങ്ങളും ചേർത്തിട്ടുണ്ട്. ദേശീയവാദത്തെ പൂർണമായി നിരാകരിക്കുന്ന ടാഗോറിന് ഗാന്ധിജിയോട് സർവാത്മനാ യോജിക്കാൻ കഴിയുമായിരുന്നില്ല. സാർവലൗകികതയിൽ അടിത്തറപണിതാണ് ടാഗോർ വിശ്വഭാരതിക്ക് രൂപംനൽകിയത്. അതേവിധം ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണ സംരംഭത്തിന് റോളന്റും തുടക്കമിട്ടു. എന്നാൽ, സാമ്പത്തിക പ്രതിസന്ധിമൂലം ആ ആശയം പിൽക്കാലത്ത് റോളന്റ് ഉപേക്ഷിച്ചു. 
 
ഏറെക്കാലത്തെ ഗവേഷണത്തിനുശേഷമാണ് ചിൻമോയ് ഗുഹ ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുള്ളത്. സങ്കുചിത ദേശീയതയ‌്ക്കപ്പുറം മാനവമൈത്രി സ്വപ്നംകണ്ട രണ്ട് ദേശാടനപ്പക്ഷികൾ പരസ്പരം കൈമാറിയ സ്വപ്നങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. പുൽവാമയുടെ ചോരയിറ്റുന്ന വഴികൾ നമ്മെ തീർച്ചയായും ഈ സമാധാനപ്രേമികളിലേക്ക് കൊണ്ടുപോകുകതന്നെ ചെയ്യും. ഇന്ത്യൻ ദേശീയതയെക്കുറിച്ചും ലോകസാഹിത്യത്തെക്കുറിച്ചും പഠിക്കുന്നവർ ഈ പുസ്തകം കാണാതെ പോകരുത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top