28 November Tuesday

തിരുത്തിക്കാട്ടെ പെണ്‍ പൊറാട്ട്

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2017

നാട്ടുകലാരൂപങ്ങളുടെ ശക്തിയും ഊര്‍ജവും പുതിയ രംഗാവതരണങ്ങള്‍ക്ക് ആവാഹിക്കാവുന്നതാണ്. ചിലര്‍ കാണിക്കുന്ന ആട്ടംകണ്ട് കൈയടിച്ച് എഴുന്നേറ്റുപോകുന്നവരാണ് കാണിയെന്ന യൂറോപ്യന്‍ തിയറ്റര്‍ സങ്കല്‍പ്പത്തെ പൊളിച്ചെഴുതി, കാണികൂടി നാടകത്തിന്റെ ഭാഗമാകുന്ന ഒരു നാടകവേദിയുടെ വീണ്ടെടുക്കല്‍ സാധ്യമാക്കാനും ഇത്തരം രംഗഭാഷകള്‍ക്ക് കഴിയുന്നു.

 പൊറാട്ടിന്റെയും കാക്കരശ്ശിയുടെയും വലിയ നാടകസംസ്കാരമുണ്ട് മലയാളത്തിന്. ഇതിനെ എങ്ങനെ സമകാലീനമാക്കാം എന്ന അന്വേഷണം ഇപ്പോള്‍ നടത്തേണ്ടതുണ്ട്. നാടകവേദിക്കുള്ളില്‍ത്തന്നെ നടത്തേണ്ടുന്ന ഒരു സമരത്തിന്റെ ഭാഗമാണത്. കാഴ്ചകൊണ്ടും നേരമ്പോക്കുകൊണ്ടും കാണിയെ പിടിച്ചിരുത്തുകയും ഇതാണ് നാടകമെന്ന് പഠിപ്പിക്കുകയുംചെയ്യുന്ന കാലത്തിലൂടെയാണ് മലയാളനാടകം കടന്നുപോകുന്നത്. അങ്ങേയറ്റം തെറ്റായ ഒരു നാടകസംസ്കാരം അറിഞ്ഞോ അറിയാതെയോ രൂപപ്പെടുത്തുന്നുമുണ്ട്. അതിനെ പ്രതിരോധിക്കുന്നത് അത്തരം നാടകങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാഷ്ട്രീയത്തെ പ്രതിരോധിക്കല്‍കൂടിയാണ്.

കുന്നംകുളത്തെ തിരുത്തിക്കാട് ഒരു കൊച്ചു ഗ്രാമമാണ്, ഇനിയും മാലിന്യം തീണ്ടാത്ത ഗ്രാമം. ഉത്സവവും കുതിരവേലയും അതിന്റെ ആഘോഷവും ഒക്കെയുള്ള ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ നാടകം കളിക്കുന്നുവെന്നത് നല്ല വാര്‍ത്തയാണ്. പതിമൂന്നു പെണ്‍കുട്ടികള്‍. നാല് വയസ്സുകാരിമുതല്‍ പതിനെട്ടുകാരിവരെയുള്ള അവര്‍ പറഞ്ഞതാകട്ടെ ചെറിയ കാര്യവുമല്ല. ഓരോ ചവിട്ടടിയിലും ചാടിവീഴാനൊരുങ്ങിനില്‍ക്കുന്ന പുരുഷദംഷ്ട്രകളെക്കുറിച്ചാണ് അവരുടെ നാടകം 'കുതിരപ്പൊറാട്ട്' പറഞ്ഞത്. അതിനുപയോഗിച്ചതാകട്ടെ പൊറാട്ടുനാടകത്തിന്റെ  ഭാഷയും ശീലുകളും.

പൊറാട്ടുനാടകത്തില്‍ ആണുതന്നെയാണ് പെണ്‍വേഷം കെട്ടാറുള്ളത്. എന്നാല്‍, തിരുത്തിക്കാട്ടെ പെണ്‍പൊറാട്ട് പതിവുരീതികളെ ഭേദിക്കുന്നു. പതിവുപോലെ ചെറുമനും  ചെറുമിയും പറയുന്ന കഥയും പായാരവുംതന്നെയാണ് കഥാബീജം. എന്നാല്‍, പറഞ്ഞുപറഞ്ഞ് കഥ കാര്യമാകുന്നു. അക്കഥയെ സമകാലീന സമൂഹത്തിലെ പലതുമായി തൊട്ടുവായിക്കാം. അക്കാലത്തുനിന്ന് ഇക്കാലത്തേക്ക് വരുമ്പോഴും പെണ്ണ് വെറും പെണ്ണുതന്നെയായിരിക്കുകയും അവള്‍ക്കുമേലുള്ള ആക്രമണം തുടരുകയും ചെയ്യുന്നുവെന്ന് നാടകം പറയുന്നു. പണ്ട് കാളിയെന്ന പുലയിപെണ്‍കുട്ടിയെ തമ്പുരാന്‍ കൊതിച്ചതും ഒടുക്കം അവളുടെ മൃതദേഹം ചേറില്‍പൂണ്ട് കിടന്നതുമാണ് കഥ. എന്നാല്‍, അവിടെ ഒടുങ്ങുന്നില്ല കുതിരപൊറാട്ട്. എക്കാലത്തും തമ്പുരാന്മാര്‍ ഇങ്ങനെ നിലകൊള്ളുന്നു. പെണ്ണിനുമേലുള്ള അധികാരസ്ഥാപനത്തിന് ജന്മിത്തമെന്നും ജനാധിപത്യമെന്നും മാറ്റമില്ല. വിലാപമല്ല മറിച്ച് ചെറുത്തു നില്‍പ്പാണ് വേണ്ടതെന്ന ആഹ്വാനത്തോടെ നാടകം അവസാനിക്കുന്നു. തിരുത്തിക്കാട് കുതിരവേലയോടനുബന്ധിച്ചാണ് നാടകം ഒരുക്കിയത്. നാടകാന്ത്യത്തില്‍ പെണ്ണിനെതിരെയുള്ള സകല നീചശക്തികളോടും ചെറുമി അങ്കത്തിന് പുറപ്പെടുന്നത് ഈ കുതിരപ്പുറത്തേറിയാണ്.

പ്രമുഖ നാടകപ്രവര്‍ത്തകനായ സോബി സൂര്യഗ്രാമമാണ് നാടകം രൂപപ്പെടുത്തിയതും സംവിധാനംചെയ്തതും. നാടകം എന്നതിനേക്കാള്‍ പ്രതിരോധത്തിന്റെ ചില നാമ്പുകള്‍ പെണ്‍കുട്ടികളിലേക്ക് പകരാനും അവരുടെ ആത്മവിശ്വാസം ഉണര്‍ത്താനും കഴിഞ്ഞുവെന്നതാണ് ഈ അവതരണത്തിന്റെ നേട്ടം. നാടകത്തിന് പ്രത്യേക വെളിച്ചസംവിധാനങ്ങളില്ല. തെളിഞ്ഞ വെളിച്ചത്തില്‍ ആടയാഭരണങ്ങളില്ലാതെയായിരുന്നു അവതരണം. സംഗീതം ഒരുക്കിയത് ധനുകൃഷ്ണ, വിഘ്നേഷ്, പ്രഷ്യസ് എന്നീ കുട്ടികളാണ്. കല്യാണി, ഗോപിക, മൃദു, കാവ്യ, പ്രവീണ, നന്ദ, അതുല്യ, വിസ്മയ, നവ്യ, ദേവിക, കൃഷ്ണേന്ദു, നന്ദു കൃഷ്ണ എന്നിവരാണ് അരങ്ങിലെത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top