05 December Tuesday

കടല്‍ മുന്തിരികളും കൊടുങ്കാറ്റുകളും

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2017

കരീബിയന്‍ സാഹിത്യത്തിലെ  കടലാഴമാണ്  മാര്‍ച്ച് 17ന് കഥാവശേഷനായ ഡെറക് വാല്‍ക്കോട്ട്

കവിതയില്‍ കടലിരമ്പം കേള്‍ക്കണോ? കരീബിയന്‍ കവിയായ ഡെറക് വാല്‍ക്കോട്ടിനെ വായിക്കുക. ബിംബങ്ങളുടെ നൌകകളില്‍ നമുക്ക് അകലങ്ങളിലേക്ക് പോകാം. ആശയങ്ങളുടെ ചക്രവാളങ്ങളിലേക്ക് സാഹസികസഞ്ചാരിയാകാം. ആകാശത്ത് അപ്പോള്‍ കൊടുങ്കാറ്റുകള്‍ കൂടുകൂട്ടുന്നുണ്ടാകാം. വാല്‍ക്കോട്ട് പറയും. 'ഭയപ്പെടേണ്ട. കൊടുങ്കാറ്റിനുപിന്നിലായി പുതിയൊരു വെളിച്ചം വരവുണ്ടേ' എന്ന്.

കരീബിയന്‍ സാഹിത്യത്തിലെ കടലാഴമാണ് ഡെറക് വാല്‍ക്കോട്ട്. കരീബിയന്‍ സാഹിത്യമെന്ന് പറഞ്ഞാല്‍ പ്രധാനമായും കൊളോണിയല്‍ ആധിപത്യത്തിലായിരുന്ന കുറെ പ്രദേശങ്ങളുടെ പൊതുവായ സാംസ്കാരികസ്വത്താണ്. ഗയാന, ജമൈക്ക, സെന്റ് മാര്‍ട്ടിന്‍, സെന്റ് കിറ്റ്സ്, സെന്റ് ലൂസിയ, സെന്റ് വിന്‍സന്റ്, ബഹാമാസ്, ആന്‍ഗ്വില്ല, ഡൊമിനിക്ക, ഗ്രനാഡ, ട്രിനിഡാഡ് തുടങ്ങി ഒട്ടേറെ സ്ഥലങ്ങള്‍ ഇതില്‍പ്പെടും. ഇവയില്‍ മിക്കതും തൊള്ളായിരത്തി അറുപതുകളോടെ സ്വതന്ത്രരാജ്യങ്ങളായി. ഇവിടങ്ങളിലെ സാഹിത്യ മുഖ്യധാര വികസിച്ചുവന്നത് പ്രധാനമായും ഇംഗ്ളീഷ് ഭാഷയിലാണെങ്കിലും ഫ്രഞ്ച്, സ്പാനിഷ്, ഡച്ച് ഭാഷകളിലൊക്കെയായി പരന്നുകിടക്കുന്ന രചനകളെ പരിഗണിക്കാതിരിക്കാനാകില്ല. വി എസ് നായ്പാള്‍മുതല്‍ മാര്‍ലോണ്‍ ജയിംസ്വരെ കരീബിയന്‍ അഥവാ വെസ്റ്റ് ഇന്ത്യന്‍ എന്ന് വിളിക്കപ്പെടുന്ന ഈ വിഭാഗത്തില്‍ ലോകശ്രദ്ധ നേടിയവരായുണ്ട്.

അവരുടെയെല്ലാം തലതൊട്ടപ്പനായി ഡെറക് വാല്‍ക്കോട്ടിനെ പരിഗണിക്കുന്നത് അദ്ദേഹം നൊബേല്‍ സമ്മാനം നേടുന്ന പ്രഥമ കരീബിയന്‍ എഴുത്തുകാരനായതുകൊണ്ടല്ല. ബഹുദേശീയതാ സമ്പന്നമായ ഒരു സര്‍ഗാന്തരീക്ഷത്തില്‍ കൊളോണിയല്‍ ചരിത്രകാരന്മാര്‍ അറിഞ്ഞോ അറിയാതെയോ വിട്ടുകളഞ്ഞ കണ്ണികളെ സാഹിത്യത്തില്‍ വിളക്കിച്ചേര്‍ത്ത് ശൂന്യതകളെ നിറച്ചതുകൊണ്ടാണ്. കരീബിയന്‍ പ്രകൃതിയുടെ വന്യലാവണ്യങ്ങളെ എങ്ങും പുനഃസൃഷ്ടിച്ചുകൊണ്ട് ലോകമെങ്ങുമുള്ള വായനക്കാര്‍ക്ക് ആ നാട്ടിടങ്ങളെ പ്രിയങ്കരമാക്കിയതുകൊണ്ടാണ്. സെന്റ് ലൂസിയയുടെ തലസ്ഥാനനഗരമായ കാസ്ട്രീസിലാണ് ജനിച്ചതെങ്കിലും തനിക്ക് സ്വന്തമായൊരു രാജ്യമില്ലെന്ന്’കവിതയില്‍ അദ്ദേഹം പ്രഖ്യാപിക്കുന്നുണ്ട്.

എനിക്ക് മികച്ച കൊളോണിയല്‍ വിദ്യാഭ്യാസം കിട്ടി.
എന്നാല്‍ എന്നില്‍ ഡച്ചും കാപ്പിരിയും ഇംഗ്ളീഷുകാരനുമുണ്ട്.
അല്ലെങ്കില്‍ ഞാനാരുമല്ല അഥവാ ഞാന്‍ ഒരു രാഷ്ട്രം.

കവിതയ്ക്കായി ജനിച്ചവന്‍

എഴുത്തുകാരനാകാന്‍മാത്രം ജനിച്ചയാളാണ് ഡെറക് വാല്‍ക്കോട്ട്. ഭാവനയില്‍ കണ്ട കാഴ്ചകള്‍ കുട്ടിക്കാലത്തുതന്നെ കടലാസിലേക്ക് വാര്‍ന്നുവീണു തുടങ്ങി. 16 വയസ്സായതോടെ കവിതയ്ക്കുപുറമെ നാടകങ്ങളും എഴുതാനാരംഭിച്ചു. സെന്റ് ലൂസിയയിലെ മിക്കവാറും കുടുംബങ്ങള്‍ ഫ്രഞ്ച് സംസാരിക്കുന്ന കത്തോലിക്കരായിരുന്നെങ്കില്‍ വാല്‍ക്കോട്ടിന്റേത് ഇംഗ്ളീഷ് സംസാരിക്കുന്ന മെതെഡിസ്റ്റ് വിശ്വാസക്കാരായിരുന്നു. 1948ല്‍ 18ാംവയസ്സില്‍തന്നെ ആദ്യസമാഹാരം പുറത്തിറക്കി 25 കവിതകളുടെ സമാഹാരം. 1962ല്‍ പ്രസിദ്ധീകരിച്ച ഒരു ഹരിതരാത്രിയില്‍ (കി മ ഏൃലലി ചശഴവ) അദ്ദേഹത്തെ പ്രശസ്തിയിലേക്കുയര്‍ത്തി. അതിനിടെ ജീവിതത്തില്‍ പലതും സംഭവിച്ചുകഴിഞ്ഞിരുന്നു. ജമൈക്കയില്‍ വെസ്റ്റിന്‍ഡീസ് സര്‍വകലാശാലയില്‍നിന്ന് ഇംഗ്ളീഷിലും ഫ്രഞ്ചിലും ലാറ്റിനിലും ബിരുദം, ട്രിനിഡാഡിലേക്കുള്ള കൂടുമാറ്റം, ഫയേ മോയ്സ്റ്റണുമായുള്ള വിവാഹവും വേര്‍പിരിയലും... അങ്ങനെ പലതും. അതിനിടെ നാടകകല വിമര്‍ശകനായി ചില ഇടപെടലുകള്‍ വേറെയും.

ആത്മാംശം നിറയുമ്പോള്‍

കവിതകളിലെല്ലാം കവിയുണ്ട്; പ്രമേയം എന്തായാലും. അത് പ്രണയമോ ചരിത്രമോ ഏകാന്തതയോ എന്തുമായിക്കൊള്ളട്ടെ. എഴുപതുകളില്‍ അദ്ദേഹമെഴുതിയ പ്രധാന കവിതയാണ് മറ്റൊരു ജീവിതം (അിീവേലൃ ഹശളല). സത്യം ഏകമുഖമല്ലെന്ന് ഉദ്ഘോഷിക്കുന്ന ഈ കവിതയില്‍ കവിയുടെ കലയും പ്രണയവും ഭാഷയും നാടും കലഹവുമുണ്ട്.

“'ഒരാള്‍ ജീവിതത്തിന്റെ പകുതി ജീവിക്കുന്നു.
രണ്ടാംപകുതി സ്മരണകളാണ്.'’
എന്ന് ഇതില്‍ അദ്ദേഹം നിരീക്ഷിക്കുന്നു. ലോകത്തെക്കുറിച്ചുള്ള വീക്ഷണവും ഈ ആദ്യകാല കവിതയില്‍ പ്രകടമാണ്. മൂല്യവത്തും സ്നേഹമസൃണവുമായ ഒരു ലോകത്തിലേക്ക് തുറക്കുന്ന വാതിലാണ് ഇതിലെ വരികള്‍.
'കല്ലുപോലെ കടുത്തതാണ്
ജീവിതമെന്നെന്നോട് പറയണ്ട
ലോകത്തെ അതൊരു പൂവായിരുന്ന
കാലംതൊട്ടേ എനിക്കറിയാം.
വംശ സമൃദ്ധിക്കുള്ള കരുത്തു കാട്ടിയ
പ്രതിരോധത്തിന്റെ വാഗ്ദാനം പകര്‍ന്ന
ആ പൂവിനെ എനിക്കറിയാം.'

“'ബ്രൂക്ക്ലിനില്‍നിന്നൊരു കത്ത്' ഇത്തരത്തില്‍പ്പെട്ട മറ്റൊരു രചനയാണ്. ഇതില്‍ തന്റെ അച്ഛന്റെ മിഴിവുറ്റ ചിത്രം കവി വരച്ചിടുന്നു.
വാല്‍ക്കോട്ടിന്റെ നിരവധി കവിതകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ബിംബങ്ങള്‍ കടന്നുവരുന്നത് കൌതുകകരമാണ്. ബനാറസിനെപ്പറ്റിയും ഇന്ത്യന്‍ അരയാലിനെപ്പറ്റിയും ഇന്ത്യന്‍ ഗാനങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നത് ചില ചരിത്രാന്വേഷണങ്ങളുടെ ഇടയിലാണ്. വെസ്റ്റിന്‍ഡീസിലേക്ക് തെളിച്ചുകൊണ്ടുവരപ്പെട്ട അടിമപ്പണിക്കാരുടെ വേരുകള്‍ തേടുമ്പോള്‍ ഇത്തരം ബിംബങ്ങള്‍ കാണാം.”'പഴയ രാമായണത്താളുപോലെയെന്‍ കൈകള്‍ ദ്രവിച്ച് പൊടിയുന്നു'’എന്ന് ഒരു കരീബിയന്‍ കവിതയില്‍ വായിക്കുമ്പോള്‍ നമുക്ക് ആ കവിയോട് ഹൃദയൈക്യം വരാതിരിക്കുമോ. കടല്‍മുന്തിരിക്ക് ചവര്‍പ്പാണ്, മധുരമല്ല. മനോഹരമായ അലിഗറിയിലൂടെ ഉത്തരവാദിത്തങ്ങളും ആസക്തികളും സമന്വയിക്കുന്ന ജീവിതച്ചവര്‍പ്പ് വാല്‍ക്കോട്ട് കടല്‍മുന്തിരി എന്ന ചെറുകവിതയില്‍ അനുഭവിപ്പിക്കുന്നു.

വാല്‍ക്കോട്ടിന്റെ ഇതിഹാസകാവ്യമാണ് ഒമറോസ്. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറിലാണത് പുറത്തുവരുന്നത്. ഗ്രീക്ക് ദൈവങ്ങളും യുദ്ധവീരന്മാരുമൊക്കെ അതില്‍ കഥാപാത്രങ്ങളാകുന്നു. അതുപക്ഷേ കരീബിയന്‍ മത്സ്യത്തൊഴിലാളികളും മറ്റുമായാണെന്നുമാത്രം. കടലുമായി ബന്ധപ്പെട്ട ഇമേജുകള്‍ എന്നും വാല്‍ക്കോട്ടിന് പ്രിയപ്പെട്ടതായിരുന്നു. ജന്മസ്ഥലമായ സെന്റ് ലൂസിയയിലാണ് പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. അദ്ദേഹം അധ്യാപകനായി പ്രവര്‍ത്തിച്ച മസാച്ചുസെറ്റ്സും ഒമറോസില്‍ കാണാം.

ഇരുപതിലധികം നാടകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. താന്‍ നേതൃത്വം കൊടുത്ത ട്രിനിഡാഡ് തിയറ്റര്‍ വര്‍ക്ഷോപ്പാണ് ഇതില്‍ മിക്കതും അരങ്ങത്ത് അവതരിപ്പിച്ചത്.

ജീവിതം കടലാണെങ്കില്‍ അതില്‍ നൌകയിലെ ഏകാന്തസഞ്ചാരിയാകുന്നു വാല്‍ക്കോട്ട്. ചരിത്രത്തിലേക്ക് ആ നാവികന്‍ തുഴഞ്ഞുനീങ്ങിക്കഴിഞ്ഞു. ചെറുകാറ്റില്‍പ്പോലും ആര്‍ത്തിരമ്പുന്ന കവിതയുടെ തിരമാലകള്‍ ബാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top